ഈ താഴ്‌വാരത്തിലെ മുറവിളികള്‍ക്ക്‌ മറുവിളിയുണ്ടാവാറില്ല
handwara_election_JK_PTI_650 കശ്‌മീരിലെ കുപ്‌വാര ജില്ലയിലെ കൂനന്‍ എന്ന ഗ്രാമമാണ്‌ രംഗം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്‌ വോട്ട്‌ രേഖപ്പെടുത്താന്‍ പോളിങ്ങ്‌ ബൂത്തായ ഗവണ്‍മെന്റ്‌ ഹൈസ്‌കൂളിന്‌ മുന്നിലെത്തിയവര്‍ തുരുമ്പ്‌ പിടിച്ച ഗെയ്‌റ്റിന്‌ മുന്നില്‍ പെട്ടെന്ന്‌ നിന്നു. പോളിങ്ങ്‌ ബൂത്തിലേക്കുള്ള വഴി തടസ്സപെടുത്തി പത്തുപതിനഞ്ച്‌ സ്‌ത്രീകള്‍ ചെറുവടികളും കരിങ്കൊടികളുമായി നില്‍ക്കുന്നു. വെറുപ്പ്‌ നിറഞ്ഞ സ്വരത്തില്‍ അവര്‍ വോട്ടര്‍മാരോട്‌ കയര്‍ക്കുകയാണ്‌. നാടിന്റെ വികസനത്തിനും രാഷ്‌ട്രീയ സ്ഥിരതക്കും വേണ്ടി വോട്ട്‌ ചെയ്യാനെത്തിയവരാണ്‌ ഗ്രാമീണര്‍. അവരെ തടഞ്ഞു നിര്‍ത്തിയവരുടെ ആവശ്യം നീതി ലഭ്യമാവണമെന്നതും. നീതിയില്ലാത്ത നാളെയെക്കുറിച്ച്‌ അവര്‍ക്ക്‌ ചിന്തിക്കാനാവുന്നില്ല. ഭരണകൂടത്തിന്‌ നീതി പുലര്‍ത്താനാവുന്നില്ലെങ്കില്‍ വോട്ടെടുപ്പ്‌ ബഹിഷ്‌കരിച്ച്‌ നാട്ടുകാരെങ്കിലും തങ്ങളോട്‌ നീതി കാണിക്കണമെന്നാണ്‌ ഇവരുടെ പക്ഷം. ഇരുട്ടിന്റെ മറവില്‍ വീട്ടുവാതില്‍ തള്ളിത്തുറന്ന്‌ അകത്ത്‌ കയറിയ സൈനികര്‍ നടത്തിയ പീഢനങ്ങളുടെ ഓര്‍മകള്‍ ഇപ്പോഴും തന്നെ വേട്ടയാടുന്നുവെന്ന്‌ സംഘത്തിന്‌ മുന്നില്‍ നില്‍ക്കുന്ന ജന്തി ബീഗം പറയുന്നു. വിളക്കുകള്‍ തല്ലിക്കെടുത്തിയ സൈനികര്‍ ഇവരുടെ അഭിമാനം പിച്ചിച്ചീന്തി. അടുത്തടുത്തുള്ള വീടുകളില്‍ നിന്ന്‌ ആ രാത്രി തീരുവോളം രോദനങ്ങള്‍ ഉയര്‍ന്നു കേട്ടു. ചോരയൊലിക്കുന്ന ശരീരവും ചീന്തിയെറിയപ്പെട്ട വസ്‌ത്രങ്ങളും.. ജീവിതത്തിന്റെ വലിയൊരു ഭാഗം മുന്നില്‍ നില്‍ക്കെ ജീവനോടെ കുഴിച്ചു മൂടപ്പെട്ടവരെപ്പോലെയായി ഈ സ്‌ത്രീ ജീവിതങ്ങള്‍. “ഞാനന്ന്‌ ഇരുപത്തിയൊന്നുകാരിയായിരുന്നു. ഇപ്പോള്‍ പ്രായം നാല്‍പത്തിയഞ്ചായി. എന്നിലെ നിഷ്‌കളങ്കയായ പെണ്‍കുട്ടി അന്നേ മരിച്ചു പോയിരുന്നു. ഇനിയെനിക്കൊന്നും നഷ്‌ടപ്പെടാനില്ല.”ജന്തി ബീഗം പറയുന്നു. “അനീതിയില്‍ കുളിച്ചു നില്‍ക്കുന്ന ഈ ജനാധിപത്യത്തില്‍ എനിക്ക്‌ വിശ്വാസമില്ല. എന്തിന്‌ തെരഞ്ഞെടുപ്പുകള്‍ ബഹിഷ്‌കരിക്കണമെന്ന്‌ നാട്ടുകാരെ ഓര്‍മപ്പെടുത്തല്‍ മാത്രമാണ്‌ ഞങ്ങളുടെ ദൗത്യം. വടക്കന്‍ കാശ്‌മീരിലെ കുപ്‌വാര ജില്ലയില്‍ സ്ഥിതിയെയ്യുന്ന കൂനന്‍ ഗ്രമവും അയല്‍ദേശമായ പുഷ്‌പോറയും പുറത്ത്‌ അത്രയൊന്നും അറിയപ്പെടാത്ത രണ്ട്‌ ഉള്‍നാടന്‍ ഗ്രമാങ്ങളായിരുന്നു: ഇരുപത്തിനാല്‌ വര്‍ഷം മുമ്പ്‌ അവിടെ സ്‌ത്രീകള്‍ സൈനികരാല്‍ കൂട്ടബലാത്സംഗത്തിനിരയാക്കപ്പെട്ടു എന്ന വാര്‍ത്ത പുറത്തുവരുന്നതു വരെ. തണുപ്പ്‌ മാറിത്തുടങ്ങിയതോടെ കൂടുതലാളുകള്‍ വോട്ട്‌ ചെയ്യാനെത്തിക്കൊണ്ടിരുന്നു. മധ്യവയസ്‌കരായ ഈ സ്‌ത്രീകള്‍ മാത്രം പുറത്ത്‌ മുദ്രാവാക്യവും പ്രതിഷേധവുമായി നിരന്നു നിന്നു. സൈന്യത്തിനെതിരെയും അബ്‌ദുല്ലമാര്‍ക്കെതിരെയും മുഫ്‌തിക്കെതിരെയും ഇന്ത്യക്കെതിരെയും നിയമ സംവിധാനത്തിനെതിരെയും അവരുടെ ശബ്‌ദം ഉയര്‍ന്നുകൊണ്ടിരുന്നു. പ്രതിഷേധം കാരണം പോലീസ്‌ സ്‌കൂളിന്റെ പിന്‍വശത്ത്‌ വോട്ടര്‍മാര്‍ക്ക്‌ കടന്നുവരാന്‍ പ്രത്യേകം മറ്റൊരു വഴി തയ്യാറാക്കിയിരുന്നു. അതിലൂടെ നിരവധിയാളുകള്‍ വോട്ട്‌ ചെയ്യാനെത്തി. ഇവരില്‍ പലരും അതൃപ്‌തിയോടെയാണ്‌ പ്രതിഷേധക്കാരെ കുറിച്ച്‌ സംസാരിച്ചത്‌. ``അവര്‍ ഞങ്ങളുടെ ഗ്രാമത്തെ നാണം കെടുത്തി. അവരെ കുറിച്ച്‌ ഞങ്ങളെന്ത്‌ പറയാന്‍.'' മിക്കയാളുകളുടെയും പ്രതികരണം ഈ വഴിക്കായിരുന്നു. 1991 ഫെബ്രുവരി ഇരുപത്തിമൂന്നിന്‌ രാത്രിയാണ്‌ ഈ കോലാഹലങ്ങള്‍ക്കാസ്‌പദമായ സംഭവം നടക്കുന്നത്‌. സൈനിക പരിശോധനക്കായി വീട്ടിലെ പുരുഷന്‍മാരെ ഗ്രാമത്തിന്റെ മറ്റൊരു ഭാഗത്തേക്ക്‌ കൊണ്ട്‌ പോയതായിരുന്നു. ആ രാത്രി മുഴുവന്‍ വീട്ടില്‍ ഒറ്റക്കായിപ്പോയ സ്‌ത്രീകള്‍ സൈനികരാല്‍ കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കപ്പെട്ടു. INDIA-PAKISTAN-KASHMIR-ELECTION സംഭവ സ്ഥലത്ത്‌ ആദ്യം അന്വേഷണത്തിനെത്തിയ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ എസ്‌.എം യാസീന്‍ സൈനികര്‍ `നിലതെറ്റിയ മൃഗങ്ങളെപ്പോലെ പെരുമാറിയെന്ന്‌' മേലുദ്യോഗസ്ഥര്‍ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കി. സംഭവസ്ഥലത്ത്‌ ശ്രദ്ധയില്‍ പെട്ട പീഢനങ്ങളുടെ ആഴം എത്രത്തോളമാണെന്ന്‌ എഴുതിച്ചേര്‍ക്കാന്‍ തനിക്ക്‌ ലജ്ജ തോന്നുന്നുവെന്ന്‌ റിപ്പോര്‍ട്ടില്‍ അദ്ദേഹം കുറിച്ചുവെച്ചിരുന്നു. എന്നാല്‍ സൈന്യവും സര്‍ക്കാറും ആരോപണം അപ്പാടെ തള്ളിക്കളഞ്ഞു. പ്രസ്‌ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യയുടെ ഒരു പ്രതിനിധി സംഘം സംഭവം തീവ്രവാദികളും അവരോട്‌ ആഭിമുഖ്യം പുലര്‍ത്തുന്നവരും ചേര്‍ന്ന്‌ തയ്യാറാക്കിയ തിരക്കഥയാണെന്ന്‌ പ്രഖ്യാപിച്ചു. എന്നാല്‍ ആ സംഘം ഒരിക്കലെങ്കിലും ഗ്രാമം സന്ദര്‍ശിക്കുകയോ തങ്ങളോട്‌ സംസാരിക്കുകയോ ചെയ്‌തിട്ടില്ലെന്നാണ്‌ ഗ്രമാവാസകിള്‍ പറയുന്നത്‌. നീതിക്കു വേണ്ടിയുള്ള ഈ സ്‌ത്രീകളുടെ പോരാട്ടം അവര്‍ക്ക്‌ തന്നെ വലിയൊരു ദുരന്തമായി. സംഭവം വാര്‍ത്തയായ ശേഷം അധികമാരും ഈ ഗ്രാമങ്ങളിലേക്ക്‌ വിവാഹിതരാവാന്‍ തയ്യാറായില്ല. രൂക്ഷമായ കളിയാക്കലുകള്‍ കാരണം ഇവരുടെ മക്കള്‍ക്ക്‌ സ്‌കൂളിന്റെ പടി കയറാനാവാതെ വന്നു. ജീവിതം ദുരന്തമായി മാറിയ ഇവര്‍ മറ്റുള്ളവര്‍ക്ക്‌ പരിഹാസ കഥാപാത്രങ്ങളായി. ഉച്ച തിരിഞ്ഞതോടെ കൂടുതല്‍ ആളുകള്‍ വോട്ട്‌ ചെയ്യാനെത്തി. പരസ്‌പരം പിറുപിറുത്തും സംസാരിച്ചും ഇവരെ കുറിച്ച്‌ തമാശകള്‍ പൊട്ടിച്ചും പ്രതിഷേധക്കാര്‍ക്ക്‌ ചുറ്റും അപ്പോഴേക്കും ചെറിയ ആള്‍കൂട്ടങ്ങള്‍ രൂപപ്പെട്ടുവന്നിരുന്നു. ഓരോരുത്തര്‍ക്കും വോട്ട്‌ ചെയ്യാനും ചെയ്യാതിരിക്കാനും തങ്ങളുടേതായ കാരണം കാണും. ഈ സ്‌ത്രീകള്‍ എന്തിനാണ്‌ അതിന്റെ പേരില്‍ മുറവിളി കൂട്ടുന്നത്‌. ആരോ പണം കൊടുത്ത്‌ പ്രീണിപ്പിച്ചതാവണം.'' അഭിപ്രായ പ്രകടനങ്ങള്‍ ഇങ്ങനെ പോയി. പീഢനത്തിനിരയായവര്‍ കഴിഞ്ഞ രണ്ട്‌ ദശാബ്‌ദങ്ങളായി ജനങ്ങളുടെ ഈ മനോഭാവത്തോട്‌ നിരന്തരം ഏറ്റുമുട്ടുന്നു. കടുപ്പമേറിയ അനുഭവമായിരുന്നു അത്‌. ``സൈനികരാല്‍ വധിക്കപ്പെട്ട കശ്‌മീരി യുവാക്കളെ രക്തസാക്ഷികള്‍ എന്നാണ്‌ എല്ലാവരും വിളിക്കുന്നത്‌. പിന്നെ എന്തിനാണ്‌ ഞങ്ങളെ മാത്രം മാറ്റി നിര്‍ത്തുന്നത്‌. ഈ പോരാട്ടത്തില്‍ പലതും നഷ്‌ടപ്പെട്ടിട്ടും എന്തിനാണ്‌ എല്ലാവരും ഞങ്ങളെ പുച്ഛിക്കുകയും അവജ്ഞയോടെ തള്ളിക്കളയുകയും ചെയ്യുന്നത്‌.'' കൂട്ടത്തിലുള്ള ജവാഹിറ ബീഗം ചോദിക്കുന്നു. മൂന്ന്‌ വര്‍ഷം മുമ്പ്‌ ശ്രീനഗറില്‍ നിന്നുള്ള വനിതാ പ്രഫഷണലുകളും വിദ്യാര്‍ഥിനികളുമടങ്ങുന്ന ഒരു സംഘം ഈ സ്‌ത്രീകളെ സന്ദര്‍ശിക്കുകയും തുടര്‍ന്ന്‌ ഹൈകോടതിയില്‍ ഹരജി സമര്‍പ്പിക്കുകയും ചെയ്‌തിരുന്നു. കുപ്‌വാരയിലെ ചിഫ്‌ ജുഡിഷ്യല്‍ മജിസ്‌ട്രേട്ടിന്‌ മുമ്പാകെ വിഷയം അവതരിപ്പിക്കാനായിരുന്നു കോടതി നിര്‍ദേശം. ഈ സംഘം സ്‌ത്രീകള്‍ക്ക്‌ മുന്നോട്ട്‌ പോവാനുള്ള ഊര്‍ജം പകര്‍ന്നു. “നിങ്ങളുടെ വലിയമ്മയുടെ പ്രായം വരുന്ന ഒരു സ്‌ത്രീ മുന്നില്‍ വന്ന്‌ പൊട്ടിക്കരഞ്ഞ്‌ ബലാത്സംഗത്തിനിരയായതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍ നിങ്ങള്‍ക്കെങ്ങനെ നിഷ്‌ക്രിയനായി ഇരിക്കാനാവും.” സംഘത്തിലുള്ള ഇഫ്ര ഭട്ട്‌ ചോദിക്കുന്നു. “തെരഞ്ഞെടുപ്പുകള്‍ ഇനിയും വരും. രാഷ്‌ട്രീയക്കാര്‍ മോഹന വാഗ്‌ദാനങ്ങളുമായി സമീപിപ്പിക്കുകയും അതേപടി അവ വിസമരിക്കുകയും ചെയ്യും. ഇരകള്‍ക്കറിയാം എന്ത്‌ ചെയ്യണമെന്ന്‌. നീതിക്ക്‌ വേണ്ടിയുള്ള പോരാട്ടത്തില്‍ അവര്‍ മുന്നോട്ട്‌ പോവും.” തെരഞ്ഞെടുപ്പ്‌ ദിവസം വൈകിട്ട്‌ നിരാശയായി വീട്ടിലിരിക്കെ പീഢനത്തിനിരയായ സ്‌ത്രീയുടെ മകനെന്ന്‌ പരിചയപ്പെടുത്തിയ ഒരാള്‍ ഭട്ടിനെ ഫോണില്‍ വിളിച്ചു. “സമരങ്ങള്‍ വെറുതെയാവില്ല. സംഭവിച്ചതെന്താണെന്ന്‌ അവ കൂടെക്കൂടെ ഞങ്ങളെ ഓര്‍മപ്പെടുത്തുന്നു. റോഡും ജോലിയും വൈദ്യുതിയുമില്ലാതെ ജീവിക്കാം. പെറ്റ ഉമ്മയുടെ അഭിമാനത്തിനപ്പുറം മൂല്യമുള്ളതായി ഒന്നുമില്ല.'' ഈ വാക്കുകില്‍ ഭട്ട്‌ മുന്നോട്ടു പോവാനുള്ള ഊര്‍ജം കണ്ടെത്തുന്നു.   കടപ്പാട്: സണ്‍ഡെ മാഗസിന്‍, ദി ഹിന്ദു പരിഭാഷ: സുഹൈല്‍ വിളയില്‍  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter