ഹോക്കിങ് തത്ത്വങ്ങളുടെ ഖുര്‍ആനിക വായന
വിസ്മയാവഹമാണ് ഈ വിശ്വവും അതിലെ സംഭവങ്ങളും. പ്രപഞ്ച രഹസ്യം തേടിയുള്ള സാഹസിക യാത്ര മുന്നേറുമ്പോള്‍ ജിജ്ഞാസയുടെ ആഴം വര്‍ധിച്ചു കൊണ്ടിരിക്കുന്നു. അറ്റമില്ലാത്ത ഈ അത്ഭുതങ്ങള്‍ കണ്ട് അന്ധാളിച്ച് പോയവര്‍ ഏറെയുണ്ടങ്കിലും ഒട്ടും നിസംഗരാവാതെ പ്രതികൂല കാലാവസ്ഥകളോട് മല്ലിട്ട് അന്വഷണങ്ങളുടെ തീര്‍ത്ഥയാത്ര നിയോഗ ദൗത്യമാക്കി മാറ്റിയവരും കുറവല്ല. കേംബ്രിഡ്ജിലെ പ്രശസ്തമായ ലുക്കോസിയന്‍ പ്രഫസര്‍ ഓഫ് മാത്തമാറ്റിക്‌സ് എന്ന പദവിയില്‍ നിന്ന് കൊണ്ട് പ്രപഞ്ച വിജ്ഞാനീയത്തിലെ ഒരു കൂട്ടം സമസ്യകള്‍ക്ക് ഉത്തരം കണ്ടെത്താനായി കഠിന പരിശ്രമം നടത്തിയ സ്റ്റീഫന്‍ ഹോക്കിങ് ഈ ഗണത്തില്‍ പ്രധാനിയാണ്. ജനീവയിലെ സേണ്‍ ലബോറട്ടറിയില്‍ വെച്ച് നടത്തുന്ന പരീക്ഷണങ്ങള്‍ മനുഷ്യന്റെ തണുത്തുറഞ്ഞ അന്വേഷണ പരതയെ സജീവമാക്കി. പ്രപഞ്ചോല്‍പത്തിയെക്കുറിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും ഇന്നും നിര്‍ബാധം തുടരുന്നു. മനുഷ്യന് അജ്ഞാനമായതിനെ പഠിപ്പിച്ചു കൊടുത്തുവെന്ന്1 വിളംബരം ചെയ്ത വിശുദ്ധ ഖുര്‍ആനില്‍ പ്രപഞ്ചോല്‍പത്തിയുടെ രഹസ്യവും അതിന്റെ നിലനില്‍പും അവസാനവുമെല്ലാം ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. ഖുര്‍ആനിന്റെ പ്രഖ്യാപിത ലക്ഷ്യം ശാസ്ത്ര സത്യങ്ങള്‍ വിശദീകരിക്കലല്ലാത്തതിനാല്‍ ഇത്തരം വിഷയങ്ങളിലേക്കുള്ള സൂചന മാത്രമാണ് നല്‍കുന്നത്. പ്രവാചകനും അവിടത്തെ അനുചരന്മാരും നമുക്കത് വിശദീകരിച്ച് തന്നു. അംഗവൈകല്യം സംഭവിച്ച് ദേഹമാസകലം തളര്‍ന്നിട്ടും തളരാത്ത മനസ്സും തലച്ചോറുമായി വര്‍ഷങ്ങളായി പഠനം നടത്തുന്ന സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ പ്രപഞ്ച സൃഷ്ടിപ്പിനെ പറ്റിയുള്ള ശാസ്ത്രീയ വിശകലനങ്ങള്‍ മുന്‍കാല പണ്ഡിതന്‍മാര്‍ ഖുര്‍ആനിക സൂക്തങ്ങള്‍ക്ക് നല്‍കിയ വിശദീകരണങ്ങളുമായി ഏറിയ കൂറും പൊരുത്തപ്പെടുന്നു എന്നത് സ്വാഭാവികമെന്നതിനപ്പുറം കൗതുകമുണര്‍ത്തുന്നതാണ്. അദ്ദേഹത്തിന്റെ The Brief history of time എന്ന ഗ്രന്ഥത്തിലെ പല സിദ്ധാന്തങ്ങളും എട്ട് നൂറ്റാണ്ട് മുമ്പ് മരണപ്പെട്ട ഇമാം റാസിയുടെ (മരണം 1210 എ.ഡി) തഫ്‌സീറുല്‍ കബീറിലെ വ്യാഖ്യാനങ്ങളുമായി സാമ്യത പുലര്‍ത്തുന്നു. ചലിക്കുന്ന പ്രപഞ്ചം ലോകത്തെ സര്‍വചരാചരങ്ങളും നിരന്തരം ചലിച്ചുകൊണ്ടിരിക്കുകയാണെന്ന ന്യൂട്ടന്റെ സിദ്ധാന്തം ഭൗതിക ലോകത്ത് വിപ്ലവങ്ങള്‍ സൃഷ്ടിച്ച കണ്ടെത്തലായിരുന്നു. പരിപൂര്‍ണ വിരാമാവസ്ഥ (Absolute Rest) ഈ ഭൂമിയില്‍ ഒരിക്കലും ഉണ്ടാവുന്നില്ലെന്ന് ന്യൂട്ടണ്‍ തെളിയിച്ചു. സമ്പൂര്‍ണമായ വിരാമാവസ്ഥ ഇല്ലെങ്കില്‍ രണ്ട് വ്യത്യസ്ത സമയങ്ങളില്‍ സ്ഥലങ്ങളില്‍ നടക്കുന്ന സംഭവങ്ങള്‍ ഒരേ സ്ഥലത്ത് വെച്ച് തന്നെയാണോ നടന്നത് എന്ന് നിര്‍ണയിക്കാനാവില്ല. ഉദാഹരണ സഹിതം സ്റ്റീഫന്‍ ഹോക്കിങ് ഇത് സമര്‍ത്ഥിക്കുന്നു. ഓടുന്ന ട്രെയ്‌നിനുള്ളില്‍ ഒരു പന്ത് നിലത്ത് രണ്ട്‌വട്ടം ഒരേ സ്ഥലത്ത് തുള്ളിച്ചാല്‍ ട്രെയ്‌നിലെ യാത്രക്കാരനെ സംബന്ധിച്ചിടത്തോളം ഒരേ സ്ഥലത്താണ് പന്ത് രണ്ട് പ്രാവശ്യവും പതിച്ചത്. ട്രെയ്‌നിന് വെളിയില്‍ നില്‍ക്കുന്നവനെ സംബന്ധിച്ചിടത്തോളം ഒന്നാമത്തെ സ്ഥലത്ത് നിന്ന് വളരെ അകലെയാണ് രണ്ടാമത്തെ പ്രാവശ്യം പന്ത് പതിച്ചത്. ട്രെയിന്‍ വേഗതയില്‍ ചലിച്ചുകൊണ്ടിരിക്കുകയാണല്ലോ…2 ഇതിന് സമാനമാണ് ഈ ഭൂമിയും. ‘പര്‍വതങ്ങളെ നീ കാണുമ്പോള്‍ അവ ഉറച്ച് നില്‍ക്കുന്നതാണെന്ന് നീ ധരിച്ചുപോകും. എന്നാല്‍ അവ മേഘങ്ങള്‍ ചലിക്കുന്ന പോലെ ചലിക്കുന്നതാണ്3’ ഖുര്‍ആനിലെ ഈ സൂക്തത്തിനും പണ്ഡിതന്‍മാര്‍ ഇതേ വ്യാഖ്യാനമാണ് നല്‍കിയത്. ശഅ്‌റാവി ഈ സൂക്തത്തെ വിശദീകരിക്കുന്നതിപ്രകാരം: ‘ഭൂമിയോട് അനുബന്ധിച്ച് പര്‍വതങ്ങളും ചലിക്കുന്നു. നാം ഇരിക്കുന്ന മസ്ജിദ് ഒരു ഹാന്‍ഡ്മില്‍ ആയി പരിഗണിച്ചാല്‍ അതിന്റെ ചലനം നാം അനുഭവിക്കുകയില്ല. കാരണം നാം നമ്മുടെ സ്ഥലത്ത് ഉറച്ചിരിക്കുകയാണ്. ജനലോ വാതിലോ തുറന്ന് നോക്കിയാല്‍ മാത്രമേ നമുക്ക് നാം ചലിക്കുന്നതായി തോന്നുകയുള്ളൂ. അത് കൊണ്ട് ഭൂമി ചലിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും നാം അത് തിരിച്ചറിയുന്നില്ല.’4 നക്ഷത്ര ചലനങ്ങളെക്കുറിച്ച് ഹോക്കിങ് എഴുതുന്നു: We live in a galaxy that is about one hundred thousand light years across and is slowly returning, the stars in its spiral army orbit around its centre about one every several hundred million years. 5 ഖുര്‍ആനിലെ ‘ഓരോന്നും നിശ്ചിത ഭ്രമണപഥത്തില്‍ നീന്തിക്കൊണ്ടിരിക്കുകയാണെ’ന്ന6 സൂറത്ത് യാസീനിലെ നാല്‍പതാം സൂക്തത്തിനെ ഇമാം റാസി വിശദീകരിക്കുന്നതിങ്ങനെ: ‘നക്ഷത്രങ്ങളെല്ലാം വ്യത്യസ്ത രീതിയില്‍ ചലിച്ചുകൊണ്ടിരിക്കുന്നു. കിഴക്ക് നിന്ന് പടിഞ്ഞാറ് വരെയുള്ള സൂര്യന്റെ ദൈനംദിന ചലനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.’ പ്രപഞ്ചോത്പത്തി പെന്റോസ് എന്ന ഗണിത ശാസ്ത്രജ്ഞന്റെ പ്രഭാഷണമാണ് പ്രപഞ്ചോത്പത്തി, സ്ഥലം, കാലം എന്നിവയെ കുറിച്ച് വേറിട്ടൊരു രീതിയില്‍ ചിന്തിക്കാന്‍ ഹോക്കിങ്ങിനെ പ്രേരിപ്പിച്ചത്. പെന്റോസിന്റെ പഠനഫലങ്ങളില്‍ നിന്ന് വലിപ്പമേറിയ നക്ഷത്രത്തിലെ പരിണാമത്തിലെ ഒരിനമായ ബ്ലാക്ക് ഹോള്‍ എന്ന അവസ്ഥയില്‍ സിംഗുലാരിറ്റി അഥവാ ഏകത്വം ഉടലെടുക്കും എന്നനുമാനിച്ചു. സ്ഥലം, കാലം എന്നിവയുടെ നിര്‍വചനം അസാധുവാക്കുന്ന അനന്തമായ ഗുരുത്വാകര്‍ഷണവും സാന്ദ്രതയുമുള്ള ഒരിടമാണത്. ഇതേകുറിച്ച് ആഴത്തില്‍ ചിന്തിച്ച ഹോക്കിങ് ഇതേ ആശയം പ്രപഞ്ചത്തിന്റെ ഉത്ഭവാവസ്ഥയിലുപയോഗിച്ച് പഠനം നടത്തി. ഐന്‍സ്‌റ്റൈന്റെ സാമാന്യ ആപേക്ഷികതയുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ പ്രപഞ്ചം തുടങ്ങിയത് ഒരു സിംഗുലാരിറ്റിയില്‍ നിന്നാകാന്‍ ഇടയുണ്ട്/ഇന്ന് അനുസ്യൂതം ത്വരണം ചെയ്ത് വികസിച്ചു വരുന്ന പ്രപഞ്ചം പണ്ട് അനന്തമായ സാന്ദ്രതയുള്ള ഒരു സ്ഥലത്ത് നിന്നായിരിക്കും ഉത്ഭവിച്ചത്. കഴിഞ്ഞനൂറ്റാണ്ടിന്റെ രണ്ടാം ദശകത്തില്‍ പ്രപഞ്ചം വികസിക്കുന്നു എന്ന അറിവ് ഭൗതിക ശാസ്ത്രജ്ഞര്‍ക്കും സ്വായത്തമായി. പ്രപഞ്ചത്തിന്റെ ചരിത്രത്തിലൂടെ പിറകോട്ട് സഞ്ചരിച്ചാല്‍, അതായത് പ്രപഞ്ചം സങ്കോചിക്കുന്നു എന്ന സങ്കല്‍പിച്ചാല്‍ ഗ്യാലക്‌സികള്‍ ഒന്നിനുമീതെ ഒന്നായി നിലനിന്നിരുന്ന അതിസാന്ദ്രമായ അവസ്ഥയിലെത്താം. ഇത് ബിഗ്ബാഗ് എന്ന പെട്ടി അറയിലൂടെ വേര്‍പെട്ടാണ് ഇന്ന് കാണുന്ന സ്ഥിതിയില്‍ പ്രപഞ്ചം രൂപപ്പെട്ടത്. ഹോക്കിങ് പഠനങ്ങളുടെ സംക്ഷിപ്ത രൂപം ഖുര്‍ആന്‍ പരമാര്‍ശിക്കുന്നുണ്ട്: ‘ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും എന്നിട്ട് നാമവയെ വേര്‍പ്പെടുത്തുകയാണെന്നും സത്യനിഷേധികള്‍ കാണുന്നില്ലേ?’.. ഈ സൂക്തത്തെ വ്യാഖ്യാനിച്ചുകൊണ്ട് ഇമാം റാസി പറയുന്നത് ഇപ്രകാരം: ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ ‘ഫത്ഖ്’ ‘റത്ഖ്’ എന്നീ വാക്കുകളുടെ അര്‍ത്ഥത്തില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നു. പ്രബലാഭിപ്രായ പ്രകാരം ആകാശവും ഭൂമിയും ഒട്ടിപ്പിടിച്ചിരിക്കുന്നൊരു പദാര്‍ത്ഥമായിരുന്നു. പിന്നീട് അല്ലാഹു ഭൂമിയെ യഥാസ്ഥാനത്ത് നിലനിറുത്തുകയും ആകാശത്തെ മുകളിലേക്കുയര്‍ത്തുകയും ചെയ്തു. ഈ അഭിപ്രായ പ്രകാരം ഭൂമി ആകാശത്തെ മുകളിലേക്കുയര്‍ത്തിയതുമാണെന്നു വരുന്നു. കഅ്ബ് (റ) പറയുന്നു: ‘ഒരു കാറ്റ് വന്ന് പിളര്‍ത്തുന്നത് വരെ ആകാശ ഭൂമികള്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന ഒരു പദാര്‍ത്ഥമായിരുന്നു’9 ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: ‘അതിനുപുറമെ അവന്‍ ആകാശത്തിന് തിരിഞ്ഞു. അത് ഒരു പുകയായിരുന്നു.’10 ഈ സൂക്തത്തെ വ്യാഖ്യാനിച്ച് ഇമാം റാസി പറയുന്നു: ‘അല്ലാഹു ആകാശങ്ങളെയും സൂര്യനെയും ചന്ദ്രനെയും സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചപ്പോള്‍ അത് ഒരു കറുത്ത വസ്തുവായിരുന്നു. ഇതിനെ ‘പുക’ എന്ന് വിശേഷിപ്പിച്ചത് തീര്‍ത്തും അനുയോജ്യമാണ്. കാരണം അത് ഉരുണ്ട് വേര്‍പ്പെട്ട് കിടക്കുകയായിരുന്നു.’ റാസിയുടെ ഈ വിശദീകരണം പെന്റോസിന്റെ ‘ബ്ലാക്ക് ഹോള്‍’ എന്ന ആശയം പ്രപഞ്ചത്തിന്റെ ഉത്ഭവാവസ്ഥയിലും പ്രയോഗിച്ച് പഠനം നടത്താനുള്ള ഹോക്കിങ്ങിന്റെ തീരുമാനത്തിന് ബലം നല്‍കുന്നു. സൂര്യന്റെ മാസിനേക്കാള്‍ മൂന്നിരട്ടി കൂടുതല്‍ മാസുള്ള നക്ഷത്രങ്ങള്‍ നിശ്ചിത കാലഘട്ടത്തിന് ശേഷം ചുരുങ്ങി അത്യധികം ഗുരുത്വാകര്‍ഷണബലമുള്ള ഒരു ചുരുണ്ട ഗോളമായി മാറുന്നു. ഇതാണ് ‘ബ്ലാക്ക് ഹോള്‍.’ അഗോചരമായ ഇവയുടെ നിറം പൂര്‍ണമായി കറുപ്പല്ലെങ്കിലും അതിന് സമാനമാണ്. ഇതര ഗ്രഹങ്ങളിലെജൈവ സാന്നിധ്യം പ്രപഞ്ചത്തിന്റെ പ്രധാന നിഗൂഡതകളിലൊന്നായ അന്യഗ്രഹങ്ങളില്‍ ജീവികളുണ്ടെന്ന് ഡിസ്‌കവറി ചാനലിന്റെ ഡോക്യുമെന്ററി പരമ്പരയില്‍ ഹോക്കിങ് അഭിപ്രായപ്പെട്ടതാണ് ശാസ്ത്ര ലോകത്ത് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. പ്രാപഞ്ചിക വിജ്ഞാനത്തിന്റെ ശൈശവ ദശയിലുള്ള ഭൗതിക ശാസ്ത്രത്തിന് അനന്ത കോടി ഗോളങ്ങളിലേക്കും സ്‌പേസിന്റെ അഗാധതയിലേക്കും കണ്ണുകള്‍ എത്തിക്കാന്‍ ഏതായാലും ഉടനെയൊന്നും സാധിക്കില്ല. എന്തായാലും ഭൂമിക്ക് പുറത്ത് ജീവനുണ്ടെന്നും അവയോട് ബന്ധം പുലര്‍ത്താതിരിക്കുന്നതാവും മനുഷ്യന് നല്ലതെന്നും ഹോക്കിങ് പറയുന്നു. പ്രപഞ്ചത്തില്‍ ഒരിടത്തല്ല ഒരുപാടിടങ്ങളില്‍ ജീവനു സമാനമായ പ്രതിഭാസങ്ങള്‍ ഉണ്ടാവാമെന്നും ഹോക്കിങ് വാദിക്കുന്നു. കാരണം ലളിതമാണ്. പ്രപഞ്ചത്തില്‍ നൂറു ബില്യണ്‍ കണക്കിന് ഗ്യാലക്‌സികളെങ്കിലും ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇങ്ങനെയുള്ള അണ്ഡ കടാഹത്തില്‍ ഭൂമിയില്‍ മാത്രം ജീവന്‍ ഉടലെടുത്തിരിക്കാം എന്ന് പറയുന്നതില്‍ യുക്തിയില്ല. ഗ്രഹങ്ങളില്‍ മാത്രമാണ് ജീവനുണ്ടാവുകയെന്ന് ധരിക്കേണ്ടതില്ല. നക്ഷത്രങ്ങള്‍ക്കുള്ളിലും ഗോളങ്ങള്‍ക്കിടയിലും സ്‌പേസിലുമെല്ലാം ജീവന്റെ സാന്നിധ്യം കണ്ടെത്താം. എന്നാല്‍ ഭൂമിക്ക് പുറത്തുള്ള ജീവന്റെ രൂപഭാവങ്ങള്‍ ഊഹിക്കുക ദുഷ്‌കരമാണ്. മനുഷ്യനേക്കാള്‍ ബുദ്ധിവികാസവും അപാര കഴിവുള്ളതുമായ ജീവികളുണ്ടാവാം. ഇങ്ങനെ പോകുന്നു ഹോക്കിങ്ങിന്റെ വാദമുഖങ്ങള്‍… ഹോക്കിങ്ങിന്റെ ഈ വാദം അത്ഭുതപ്പെടുത്തുന്നതാണെങ്കിലും ഖുര്‍ആന്‍ ഇതിലേക്ക് സൂചന നല്‍കിയതും റാസി ഇമാം വ്യാഖ്യാനിച്ച് സ്ഥിരപ്പെടുത്തിയതുമാണ്. ഖുര്‍ആനില്‍ പറയുന്നു: ‘ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചതും അവ രണ്ടിലും ജീവജാലങ്ങളെ വ്യാപിപ്പിച്ചതും അവന്റെ ദൃഷ്ടാന്തങ്ങളില്‍പ്പെട്ടതത്രെ.’12 ആകാശങ്ങളിലെ ജീവജാലങ്ങള്‍ എന്നു പറഞ്ഞതു കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് മലക്കുകളാണെന്ന് പറയപ്പെടുന്നുവെങ്കിലും ഭൂമിയിലെ ജീവികള്‍ക്ക് സമാനമായവയാണെന്ന് തെളിവുകളില്‍ നിന്ന് മനസ്സിലാക്കാം. കാരണം പ്രത്യുത സൂക്തത്തില്‍ കൂടാതെ ‘ദാബ്ബത്’ എന്ന പദം പതിമൂന്നു തവണ ആവര്‍ത്തിച്ചിരിക്കുന്നു. ഇവിടങ്ങളിലെല്ലാം ഭൂമിയിലെ ജീവിവര്‍ഗത്തെ സൂചിപ്പിക്കാനാണ് ഉപയോഗിച്ചത് എന്ന് വ്യക്തം. അതിലുപരി സൂറത്തുന്നഹ്‌ലിലെ നാല്‍പത്തിയൊമ്പതാം സൂക്തത്തില്‍ പറയുന്നു: ‘ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമായ ഏതൊരു ജീവിയും അല്ലാഹുവിന് സുജൂദ് ചെയ്യുന്നു. മലക്കുകളും (സുജൂദ് ചെയ്യുന്നു) അവര്‍ അഹങ്കാരം നടിക്കുന്നില്ല.’13 പ്രത്യുത സൂറത്തില്‍ ‘ദാബ്ബതി’നെയും മലക്കിനെയും പ്രത്യേകം വേര്‍തിരിച്ച് പറയുന്നതിനാല്‍ ‘ദാബ്ബതി’ല്‍ മലക്ക് പെടുന്നില്ലെന്ന് വ്യക്തം. ഇമാം റാസി ഈ സൂക്തത്തിന് നല്‍കിയ വിശദീകരണത്തില്‍ ആകാശങ്ങളില്‍ മനുഷ്യര്‍ക്ക് സമാനമായ ജീവികളെ സൃഷ്ടിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ലെന്ന്14 പറഞ്ഞത് ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമാണ്. വികസിക്കുന്ന പ്രപഞ്ചം ഹോക്കിങ്ങിന്റെ The brief history of time എന്ന ഗ്രന്ഥത്തിന്റെ മൂന്നാം അധ്യായത്തില്‍ പ്രപഞ്ചം ഓരോ നിമിഷത്തിലും വികസിച്ചു കൊണ്ടിരിക്കുകയാണെന്ന് തെളിവു സഹിതം സമര്‍ത്ഥിക്കുന്നു. ‘The discovery of that the universe is expanding was one of the great intellectual revolution of the 20th century. with hindisight it is easy to wonder why no one had thought of it before… however, if it was expanding at more than a creation critical rate, gravity would never be strong enough to stop it and the universe would continue to expand for ever.’15 ഖുര്‍ആന്‍ ഇത് ‘ആകാശമാകട്ടെ നാം അതിനെ കരങ്ങളാല്‍ നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു’16 എന്ന ഒറ്റവാചകത്തില്‍ ഒതുക്കിയിരിക്കുന്നു. പതിനാല് നൂറ്റാണ്ട് മുമ്പ് ഖുര്‍ആന്‍ പറഞ്ഞതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലാക്കാന്‍ കഴിഞ്ഞ നൂറ്റാണ്ട് വരെ കാത്തിരിക്കേണ്ടി വന്നത് ഖേദകരമാണ്. ഭൂരിപക്ഷം ഖുര്‍ആന്‍ വ്യാഖ്യാതാക്കളും വിശാലമായ അര്‍ത്ഥത്തില്‍ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടു എന്ന അര്‍ത്ഥമാണ് ഇതിന് നല്‍കിയിരിക്കുന്നത്. ‘വ ഇന്നാ ല മൂസിഊന്‍’ എന്നതിന് വര്‍ത്തമാന കാലക്രിയയുടെ അര്‍ത്ഥം നല്‍കി ഇന്നും പ്രപഞ്ചം വികസിക്കുന്നു എന്ന് നമുക്ക് തീര്‍ത്തുപറയാം. മൗറിസ് ബുക്കായ് എഴുതുന്നു. ‘ആധുനിക ജ്യോതിശാസ്ത്രത്തിന് ഏറ്റവും ഗാംഭീരമാര്‍ന്ന കണ്ടുപിടത്തമാണ് പ്രപഞ്ചത്തിന്റെ വികാസം എന്നത് ദൃഢമായി അംഗീകരിക്കപ്പെട്ട യാഥാര്‍ത്ഥ്യമാണ്. അത് നടക്കുന്ന രീതിയെ ചുറ്റിപ്പറ്റി മാത്രമാണ് ആകെയുള്ള വിവാദം. ആദ്യം അത് മുന്നോട്ട് വെക്കപ്പെട്ടത് ആപേക്ഷികതയുടെ പൊതുതത്ത്വത്തിലായിരുന്നു. താരാപഥം വര്‍ണരാജിയുടെ ചുവന്ന ഭാഗത്തേക്കുള്ള ക്രമാനുഗതമായ ചലനത്തെ, ഒരു ഗ്യാലക്‌സിയുടെ മറ്റൊരു ഗ്യാലക്‌സിയില്‍ നിന്നുള്ള അകല്‍ച്ച കൊണ്ട് വിശദീകരിക്കാവുന്നതാണ്. അങ്ങനെ പ്രപഞ്ചത്തിന്റെ വലിപ്പം വര്‍ധിച്ചിച്ചുകൊണ്ടിരിക്കുന്നു. ഈ വര്‍ധനവ് ഗ്യാലക്‌സികള്‍ തമ്മില്‍ അകലുന്തോറും കൂട്ടുകയും ചെയ്തുകൊണ്ടിരിക്കുന്നു.’17 പുറം കാഴ്ചകള്‍ ഉണര്‍ത്തുന്ന ജിജ്ഞാസയും അടങ്ങാത്ത അന്വേഷണം വാഞ്ചയും മനുഷ്യമനസ്സുകളെ ഉയരങ്ങളിലേക്ക് കൈപിടിച്ചുകൊണ്ടുപോവുകയാണ്. പ്രപഞ്ചത്തിനപ്പുറത്തേക്കുള്ള മനുഷ്യന്റെ അന്വേഷണങ്ങള്‍ യഥാവിധി ലക്ഷ്യത്തിലെത്തുമെന്ന് പ്രത്യാശിക്കാം. ആഴങ്ങളിലേക്കിറങ്ങുമ്പോള്‍ ഓരോ ശാസ്ത്രജ്ഞനും ദൈവത്തിന്റെ അദൃശ്യകരം വ്യക്തമായി ദര്‍ശിക്കാന്‍ സാധിക്കുന്നുണ്ട്. കൂടുതല്‍ പഠിക്കുന്തോറും ഒരു ദൈവിക കരത്തിന്റെ സാന്നിധ്യം ദൃശ്യമാകുന്നുവെന്ന് പറഞ്ഞ ഐസക് ന്യൂട്ടനും Science is blind എന്ന് പറഞ്ഞ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും An expanding universe does not preclude a creator18 എന്നു പറഞ്ഞ സ്റ്റീഫന്‍ ഹോക്കിങ്ങും ഒരു ദൈവത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷേ, അത് ഏകനായ ഇലാഹാണെന്ന് മനസ്സിലാക്കുന്നില്ലെന്ന് മാത്രം. ‘ആകാശങ്ങളിലും ഭൂമിയിലും എത്രയെത്ര ദൃഷ്ടാന്തങ്ങള്‍! അവയെ അവഗണിച്ചുകൊണ്ട് അവര്‍ അവയുടെ അടുത്തുകൂടി കടന്നുപോകുന്നു’.19 അനന്തവും അജ്ഞാതവുമായ ഈ പ്രപഞ്ചത്തിന്റെ ഉള്ളിലേക്കിറങ്ങിച്ചെന്ന് സൃഷ്ടിവൈഭവത്തിന്റെ രഹസ്യം മനസ്സിലാക്കിയിട്ടും അവ സൃഷ്ടിച്ച ഏകനായ ഇലാഹിനെ തിരിച്ചറിയാനും വണങ്ങാനും തയ്യാറാകാത്ത ഇത്തരം ശാസ്ത്രകുതുകികള്‍ക്കുള്ള മുന്നറിയിപ്പാണ് ഈ സൂക്തം. എന്ത് തന്നെയായാലും അല്ലാഹു അവനുദ്ദേശിച്ചവര്‍ക്കല്ലേ സന്‍മാര്‍ഗം പ്രാപിക്കാനുള്ള അവസരം നല്‍കുകയുള്ളൂ. ‘തീര്‍ച്ചയായും നിനക്കിഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷേ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു’20. റഫറന്‍സ് 1. സൂറഃ അലഖ് 96:5 2. The Brief history of time, p:18 3. സൂറഃ നംല് (27:88) 4. തഫ്‌സീര്‍ ശഅ്‌റാവി 5. The Brief history of time, p:39 6. സൂറഃ അന്‍ബിയാഅ് 21:33 7. തഫ്‌സീറുല്‍ കബീര്‍ ഭാഗം:22, പേ:166 8. സൂറഃ ഫുസ്സ്വിലത്ത് 41:11 9. സുറഃ ശൂറാ 42:29 10. സൂറഃ നഹ്‌ല് 16:49 11. തഫ്‌സീറുല്‍ കബീര്‍ ഭാഗം:27, പേ:171 12. The Brief history of time, p:42 13. സൂറഃ ദാരിയാത്ത് 51:47 14. ബൈബിള്‍,ഖുര്‍ആന്‍, ശാസ്ത്രം പേ:160,161 15. The Brief history of time, p:10 16. സൂറഃ യൂസുഫ് 12:105 17. സൂറഃ ഖസ്വസ് 28:56 18. തഫ്‌സീറുല്‍ കബീര്‍ ഭാഗം:27, പേ:107

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter