ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകിയിരിക്കേണ്ട മാസം

ഖുര്‍ആന്‍ ഇറക്കപ്പെട്ട റമദാന്‍ മാസം" എന്നാണ് വിശുദ്ധ മാസത്തിന് അല്ലാഹു പറഞ്ഞ വിശേഷണം.  അതു തന്നെയാണ് റമദാനിന്റെ ഏറ്റവും പ്രധാന പ്രത്യേകതയും.   അവതരിച്ചു എന്നതാണ് റമദാനിനെ മാസങ്ങളുടെ തലവനാക്കിയതെങ്കില്‍, അതവതരിച്ച രാത്രിയായ ലൈലത്തുല്‍ ഖദ്ര്‍ മുപ്പതിനായിരം രാത്രിയേക്കാല്‍ ശ്രേഷ്ഠപ്പെടാനുണ്ടായ കാരണവും മറ്റൊന്നല്ല.  അങ്ങനെയെങ്കില്‍, ഈ ഖുര്‍ആന്‍ റമദാന്‍ പാരസ്പര്യം വിശ്വാസികളോട് വിളിച്ചുപറയുന്നതെന്തെന്നു അധികം പറഞ്ഞു സമര്‍ത്ഥിക്കേണ്ടതില്ല.  റമദാന്‍ മാസത്തില്‍ ഖുര്‍ആനിനോടു കൂടുതല്‍ കൂടുതല്‍ അടുത്തു നില്ക്കൂ എന്ന് തന്നെ.

ഖുര്‍ആന്‍ എന്ന പദം തന്നെ ധ്വനിപ്പിക്കുന്നത് ഏറെ പാരായണം ചെയ്യപ്പെടുന്ന ചെയ്യപ്പെടേണ്ട ഗ്രന്ഥമാണത് എന്നാണ്‌.  റമദാനിലായാലും അല്ലെങ്കിലും അത്യധികം പുണ്യമേറിയ കര്‍മ്മമാണത്.  റമദാനിലായാല്‍ ഈ പുണ്യത്തിന്റെ ഇരട്ടികള്‍ പറയേണ്ടതുമില്ല.

തിരുനബി (സ്വ) പറഞ്ഞു: “അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിന്നൊരാള്‍ ഒരക്ഷരം പാരായണം ചെയ്താല്‍ അതിനു പകരം ഒരു നന്മ ചെയ്ത പ്രതിഫലം അയാള്‍ക്ക് ലഭിക്കും. (പൊതുവെ) ഓരോ നന്മക്കും പത്തിരട്ടിയാണ് പ്രതിഫലം. അലിഫ് ലാം മീം (എല്ലാം കൂടി) ഒന്ന് എന്നല്ല ഞാന്‍ പറയുന്നത്.  പ്രത്യുത, അലിഫ് ഒരക്ഷരമാണ്, ലാം ഒരക്ഷരമാണ്, മീം ഒരക്ഷരമാണ്”.  (തുര്‍മുദി).  മറ്റൊരു ഹദീസ്: “നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യൂ.  കാരണം, നിശ്ചയമത് അന്ത്യനാളില്‍ അതിന്റെയാളുകള്‍ക്ക് ശിപാര്‍ശയുമായി വരും” (മുസ്‌ലിം).  മറ്റൊന്ന്:  “പള്ളിയില്‍ പോയി അല്ലാഹുവിന്റെ കിതാബില്‍ നിന്ന് രണ്ടായത്തുകള്‍ പാരായണം ചെയ്യുന്നത് രണ്ടു തികഞ്ഞ ഒട്ടകങ്ങള്‍ ലഭിക്കുന്നതിനേക്കാള്‍ ഉത്തമമാണ്.  മൂന്നായത്തുകള്‍ മൂന്നു ഒട്ടകങ്ങളേക്കാളും നാലായത്തുകള്‍ നാല് ഒട്ടകങ്ങളേക്കാളും അങ്ങനെയങ്ങനെ..” (മുസ്‌ലിം)  ഒന്നുകൂടി: ഖുര്‍ആന്‍ പാരായണം ഭൂമിയില്‍ വെളിച്ചവും ആകാശത്തില്‍ പ്രശസ്തി നല്കുന്ന കരുതലും ആണെന്നാണ്‌ അബൂദറി(റ)നോട് തിരുനബി(സ്വ) ഉപദേശിച്ചത് (ഇബ്നുഹിബാന്‍). ഇങ്ങനെ ഖുര്‍ആന്‍ പാരായണത്തെ പ്രകീര്‍ത്തിക്കുന്ന ഒട്ടനേകം തിരുവചനങ്ങള്‍ കാണാം.

പാരായണ നിയമങ്ങളെല്ലാം പാലിച്ചു മധുരമുള്ള സ്വരത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യപ്പെടുമ്പോള്‍ മനസ്സിലേക്കു പെയ്തിറങ്ങുന്നൊരു സംഗീതസുഖം അനിര്‍വ്വചനീയം തന്നെയാണ്.  അങ്ങനെ ഒതാനാണ് തിരുനബി (സ്വ) ഉപദേശിച്ചിട്ടുള്ളതും.  " ഖുര്‍ആന്‍ പാരായണം സംഗീതാത്മകമാക്കാത്തവര്‍ നമ്മില്‍ പെട്ടവനല്ല" (ബുഖാരി).  അതിമനോഹരമായി ഖുര്‍ആന്‍ പാരായണം ചെയ്ത അബൂ മൂസ അല്‍-അഷ്അരി(റ)യോട്  "താങ്കള്‍ക്ക് ദാവൂദ് കുടുംബത്തിന്റെ വീണയാണല്ലോ ലഭിച്ചിട്ടുള്ളത്" (ബുഖാരി, മുസ്‌ലിം) എന്ന് പ്രശംസിച്ചതും ഇതിനോട് ചേര്‍ത്തു വായിക്കണം. 

എന്നാല്‍, ഖുര്‍ആന്‍ ഓതുന്നതില്‍ പ്രയാസപ്പെടുന്നവരും വിഷമിക്കേണ്ടതില്ല.  അവര്‍ക്ക് രണ്ടു കൂലിയാണ്.  ഓതുന്ന കൂലിയും പ്രയാസപ്പെടുന്ന കൂലിയും.  തിരുനബി (സ്വ) പറഞ്ഞു: " ഖുര്‍ആന്‍ പാടവത്തോടെ പാരായണം ചെയ്യുന്നവര്‍ അത്യുന്നതരായ മാലാഖമാരുടെ കൂടെയാണ്.  എന്നാല്‍ തപ്പിത്തടഞ്ഞ് പാരായണം ചെയ്യുന്നവനു രണ്ടു കൂലിയാണ്."(ബുഖാരി, മുസ്‌ലിം) അതോടൊപ്പം അര്‍ത്ഥം അറിഞ്ഞും ചിന്തിച്ചു കൊണ്ടും വേണം വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍.  “അവര്‍ ഖുര്‍ആനിലേക്ക്‌ ചിന്തിക്കുന്നില്ലേ” എന്ന് ഖുര്‍ആന്‍ തന്നെ നിരവധി സ്ഥലങ്ങളില്‍ ചോദിക്കുന്നുണ്ട്.

എന്നാല്‍ അര്‍ത്ഥം അറിഞ്ഞു ഓതിയാലേ പ്രതിഫലം ലഭിക്കൂ എന്നില്ല.  അര്‍ത്ഥമൊന്നും അറിയാതെ വെറും പാരായണം നടത്തിയാലും പ്രതിഫലം നല്കപ്പെടും.  ഇത്, തുര്‍മുദിയുടെ ഉപര്യുക്ത ഹദീസില്‍നിന്ന്  സുതരാം വ്യക്തമാകും.  അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിന്നൊരാള്‍ ഒരക്ഷരം പാരായണം ചെയ്താല്‍ ഒരു നന്മ ചെയ്ത പ്രതിഫലം ലഭിക്കും എന്ന് പറഞ്ഞതിനു ശേഷം അലിഫ് ഒരക്ഷരമാണ്, ലാം ഒരക്ഷരമാണ്, മീം ഒരക്ഷരമാണ് എന്നുകൂടി തിരുനബി(സ്വ) പറയുന്നുണ്ട്.  അതായത്, അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിന്നാണ് താന്‍ ഓതുന്നത്‌ എന്നു കരുതി ഒരാള്‍ 'അലിഫ്' എന്ന് മാത്രം ഉച്ചരിച്ചാല്‍ തന്നെ പ്രതിഫലം ലഭിക്കും എന്നല്ലേ തിരുനബി (സ്വ) പറഞ്ഞത്.  'അലിഫ്' എന്ന പദത്തിനു അല്ലെങ്കില്‍ 'ലാം' എന്ന പദത്തിനു പ്രത്യേകം അര്‍ത്ഥങ്ങള്‍ പറയപ്പെടുന്നുമില്ല.   അഥവാ, അര്‍ത്ഥം ഇല്ലെങ്കിലും – അല്ലെങ്കില്‍ അറിയില്ലെങ്കിലും - പാരായണം ചെയ്താല്‍ പ്രതിഫലം നല്‍കപ്പെടും എന്നര്‍ത്ഥം.  അറബി ഭാഷ അറിയാത്തവര്‍ പരിഭാഷയാണ്‌ വായിക്കേണ്ടത് എന്ന പ്രചരണത്തിന്റെ നിരര്‍ത്ഥകത ബോധ്യപ്പെടുത്താനാണ് ഇത്രയും പറഞ്ഞത്.

വിശുദ്ധ ഖുര്‍ആന്‍ നെഞ്ചോട്‌ കൂടുതല്‍ ചേര്‍ത്തുപിടിക്കേണ്ട മാസമാണ് വിശുദ്ധ റമദാന്‍. റമദാനിലെ എല്ലാ രാത്രിയിലും തിരുനബി (സ്വ) ജിബ്‌രീലു(അ)മായി ഖുര്‍ആന്‍ അവലോകനം നടത്താറുണ്ടായിരുന്നു.  (ബുഖാരി, മുസ്‌ലിം)  വിശുദ്ധ മാസത്തെ ഖുര്‍ആനു മാത്രമായി നീക്കിവയ്ക്കുകയായിരുന്നു സച്ചരിതരായ പൂര്‍വ്വഗാമികളും.  മാലിക് ബിന്‍ അനസ്(റ), റമദാന്‍ പിറ കണ്ടാല്‍ പിന്നെ ഹദീസും മറ്റു വിജ്ഞാനീയങ്ങളും മാറ്റിവച്ചു ഖുര്‍ആന്‍ പാരായാണയത്തില്‍ മുഴുകിയിരിക്കുമായിരുന്നു.  സാധാരണ ഏഴു ദിവസം കൊണ്ട് ഒരു ഖത്തം (ഖുര്‍ആന്‍ പൂര്‍ണ്ണമായും പാരായണം ചെയ്യുക) തീര്‍ക്കാറുള്ള ഖതാദ(റ) റമദാനായാല്‍ അത് മൂന്നു ദിവസം കൊണ്ടും അവസാനത്തെ പാത്തായാല്‍ ഒരൊറ്റ ദിവസംകൊണ്ടും തീര്‍ത്തിരുന്നുവത്രെ.  ഒരു ദിവസം തന്നെ ഒന്നും രണ്ടുമല്ല അതിലധികം പ്രാവശ്യം ഖത്തം തീര്‍ക്കാറുണ്ടായിരുന്ന അനേകമാളുകളെക്കുറിച്ച് ഇമാം നവവി(റ) തിബ്.യാനില്‍  പറയുന്നുണ്ട്. ഇതില്‍  സംശയിക്കേണ്ടതൊന്നുമില്ല .  സമയത്തില്‍ പ്രത്യേകം ബറകത്ത് ലഭിച്ച മഹാന്മാരായിരുന്നു അവര്‍.  നമ്മുടെ ആയുസ്സ്‌ മുഴുവന്‍ ഉപയോഗിച്ചാലും ഒന്നു വായിച്ചു തീര്‍ക്കാന്‍ പോലും കഴിയാത്തത്ര ഗ്രന്ഥങ്ങള്‍ അവര്‍ രചിച്ചിട്ടുണ്ടെന്നു നാം സമ്മതിക്കുന്നുണ്ടല്ലൊ.

എന്നാല്‍ മുസ്ഹഫ് എടുത്ത് ആദ്യം മുതല്‍ അവസാനം വരെ വഴിക്കുവഴിയായി ഒതിയാല്‍  മാത്രമേ ഖുര്‍ആന്‍ പാരായണം ആകൂ എന്ന തെറ്റിദ്ധാരണയും ഇതോടൊപ്പം നീക്കേണ്ടതുണ്ട്.  പ്രതിഫലം വാരിക്കൂട്ടാനുള്ള വലിയ സാധ്യതയുടെ മുന്നില്‍ തടസ്സമായി നില്‍ക്കുന്നത് ഈ തെറ്റിദ്ധാരണയാണ്.  അവിടവിടെയായി കാണാതെ അറിയാവുന്ന ആയത്തുകളും ചെറിയ സൂറത്തുകളും ഓതാവുന്നതാണ്.  നോമ്പു തുറക്കുന്നതിനുള്ള ഭക്ഷണം പാകം ചെയ്യുന്നതിനിടയിലും വണ്ടി ഡ്രൈവ് ചെയ്യുമ്പോഴും അതുപോലുള്ള മറ്റു ജോലിത്തിരക്കിനിടയിലും ഖുര്‍ആന്‍ ഒതിയോതി ഏറെയേറെ പുണ്യം നേടാം.  അല്ലാഹു അനുഗ്രഹിക്കട്ടെ, സ്വീകരിക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter