യു.എ.പി.എ:  മുസ്‌ലിംകളെ മാത്രം ഉന്നംവെക്കുന്ന ഒരു നിയമമോ?
uapaകേരളത്തിലിപ്പോള്‍ യു.എ.പി.എക്ക് ചാകരക്കാലം കൈവന്ന പോലെയാണ് സംഗതികളുടെ പോക്ക്. ബഹുസ്വരതയെക്കുറിച്ച് വാ തുറക്കുകയോ അല്ലെങ്കില്‍ ഒന്നും മിണ്ടാതെ പുതിയ അഭയം തേടി ഒളിച്ചോടുകയോ ചെയ്താല്‍, ഡമോക്ലസിന്റെ വാളു പോലെ തലക്കു മുകളില്‍ യു.എ.പി.എ വാ പിളര്‍ത്തി പ്രത്യക്ഷപ്പെടുന്ന ഒരു അവസ്ഥയിലേക്ക് സംഗതികള്‍ എത്തിയിട്ടുണ്ട്. പിന്നെ, അത് തലയില്‍ പതിക്കാന്‍ ആകെ ഒരു കണ്ടീഷനേ ബാക്കിവരുന്നുള്ളൂ. കക്ഷി മുസ്‌ലിമാവുകയെന്നത്. അല്‍പം താടിയും കണങ്കാലു വരെ കയറ്റി ഉടുത്ത പാന്റ്‌സുമാണെങ്കില്‍ ഏറെ ഭേഷായി. പോലീസ് വരലും കേസെടുക്കലും കസ്റ്റഡിയിലെടുക്കലും എല്ലാം വേഗത്തില്‍ കഴിയും. പിന്നെ, മീഡിയകളുടെയും സാമൂഹ്യ മാധ്യമങ്ങളുടെയും ആഘോഷക്കാലമാണ്. കക്ഷിയുടെ അടി മുതല്‍ മുടി വരെ വിമര്‍ശനാത്മകമായി നിരൂപിക്കുന്ന സചിത്ര വിവരണങ്ങളുമായി അവ രംഗത്തെത്തും. അവന്റെ മാതാപിതാക്കളുമായുള്ള ഇന്റര്‍വ്യൂകളും അവന്‍ പഠിച്ചുവളര്‍ന്ന സാഹചര്യങ്ങളെക്കുറിച്ച അന്വേഷണങ്ങളും പുറത്തുവരും. പിന്നെ, ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും പൊടിപൂരം തന്നെ. ഇതോടെ അരച്ചാണഷ്ടിക്ക് വകയില്ലാതെ, വീട്ടിലെ പശ്ണിയടക്കാന്‍ നെട്ടോട്ടമോടിയിരുന്ന പാവം നൂറു പേരെ കൊന്ന കൊലയാളിയെപ്പോലെ മഹാപാപം ചുമത്തി, കൈയാമം വെച്ച് ജയിലിലടക്കപ്പെടും. ശേഷം, അവനെക്കുറിച്ച് സംസാരിക്കുന്നത് അവനോ ബന്ധപ്പെട്ടവരോ ആയിരിക്കില്ല. മാധ്യമങ്ങളും കഥ ഇത്രത്തോളമെത്തിച്ച നാടകത്തിലെ അണിയറാശില്‍പികളുമായിരിക്കും. ഇന്ത്യയില്‍, വിശിഷ്യാ കേരളത്തില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന സംഗതികളാണ് ഇത്രയും. യു.എ.പി.എയുടെ കരിമ്പുടം മുപ്പത്തിമൂന്നു തവണ ധരിപ്പിച്ച് അഴികള്‍ക്കുള്ളില്‍ അടക്കം ചെയ്യപ്പെടേണ്ടവര്‍ പൂര്‍വോപരി ശക്തിയോടെ, സ്റ്റാര്‍ ലെവല്‍ സുരക്ഷയുമായി വിലസുകയാണിന്ന് നമുക്കിടയില്‍. അവരുടെ പ്രസംഗങ്ങളോ വെല്ലുവിളികളോ ഇന്ത്യന്‍ മതേതരത്വത്തിനും ബഹുസ്വരതക്കും യാതൊരു പോറലും ഏല്‍പിക്കുന്നില്ലത്രെ! മുസ്‌ലിം വികാരങ്ങളെ വ്രണപ്പെടുത്തുകയെന്നത് ഈ ഗണത്തില്‍ പെടുകയും ചെയ്യില്ലല്ലോ! അത് ദേശക്കൂറും ദേശീയതയോടുള്ള ഭക്തിയുമായാണ് 'മുഖ്യധാര' പ്രഭൃതികള്‍ വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ, അവരുടെ മുസ്‌ലിം വിരുദ്ധ പ്രസംഗങ്ങളും അഭിപ്രായപ്രകടനങ്ങളും അധികാരികളുടെയും നിയമപാലകരുടെയും മുമ്പില്‍ വിഷയീഭവിക്കപ്പെടാതെ പോകുന്നു. അതേസമയം, ഏതെങ്കിലും മുസ്‌ലിംകളുടെ ഭാഗത്തുനിന്നാണെങ്കിലോ ഇത്തരം സംഭവങ്ങള്‍? പിന്നെ, പറയണോ പുകില്! ഞൊടിയിടയില്‍തന്നെ അന്വേഷണവും അനന്തര നടപടികളുമായി. അവിടെ, നിയമാധിപന്മാര്‍ക്കോ നിയമപാലകര്‍ക്കോ ചിന്തിച്ചുനില്‍ക്കേണ്ട ആവശ്യമുണ്ടാവുന്നില്ല. കക്ഷിയെ തനിച്ച് പൊക്കണോ അതോ പരിവാരസമേതം പൊക്കണോ എന്നതില്‍ മാത്രമേ അവര്‍ക്ക് ആശങ്കയുണ്ടാവുന്നുള്ളൂ. ഈയൊരു ആസൂത്രിത വിവേചനത്തിന്റെ ഗ്യാപില്‍നിന്നാണ് ഫാസിസം മുതലെടുപ്പ് നടത്തുന്നത്. വെറുപ്പിന്റെയും വര്‍ഗീയതയുടെയും രാഷ്ട്രീയം കളിക്കുന്ന അവര്‍ പൊതുബോധങ്ങളില്‍ മുസ്‌ലിം വിരുദ്ധ വികാരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ വിജയം കാണുന്നു പലപ്പോഴും. പൊതുബോധങ്ങളില്‍ ആഴത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ വികാരമാണ് വളരെ പെട്ടന്ന് ശത്രുവിനെ നിര്‍മിച്ചുണ്ടാക്കാനും അവര്‍ക്കെതിരെ വളരെ വേഗത്തില്‍ നടപടികള്‍ സ്വീകരിക്കാനും അവരെ പ്രേരിപ്പിക്കുന്നത്. ഇപ്പോള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന യു.എ.പി.എ ചാര്‍ത്തലുകളും ഈയൊരു പരിസരത്തില്‍തന്നെവേണം വായിച്ചെടുക്കാന്‍. കരിനിയമത്തിന്റെ കറുത്ത തലങ്ങള്‍ രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും ദേശത്തിന്റെ അഖണ്ഡത നിലനിര്‍ത്തുന്നതിനുമുള്ള കര്‍ശനമായ ഒരു നിയമമെന്ന നിലയില്‍ 1967 ലാണ് യു.എ.പി.എ (unlawful activities prevention act) എന്ന രാജ്യദ്രോഹ കുറ്റത്തിനെതിരെ ചുമത്തുന്ന ഒരു നിയമത്തിന്റെ ഔദ്യോഗിക രംഗപ്രവേശം. പിന്നീട് വിവിധ ഘട്ടങ്ങളില്‍ പല തവണ ഭേദഗതികള്‍ വരുത്തി 2008 ല്‍ അതൊരു നിയമമായി നടപ്പാക്കപ്പെട്ടുതുടങ്ങി. ടാഡ, പോട്ട പോലെയുള്ള നിയമങ്ങള്‍ പിന്‍വലിക്കപ്പെട്ട ശേഷം, മുംബൈ ഭീകരാക്രമണത്തിന്റെ പ്രത്യേക സാഹചര്യത്തിലാണ് ഇത് പാസ്സായി വന്നത്. പൗരന്റെ മൗലികമായ പല അവകാശങ്ങളെയും കാറ്റില്‍ പറത്തുന്നുവെന്ന ആക്ഷേപത്തെ തുടര്‍ന്ന് തുടക്കം മുതല്‍തന്നെ ഇത് ശക്തമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. രാജ്യത്ത് ഇന്ന് നിലനില്‍ക്കുന്ന ക്രമിനല്‍ നിയമങ്ങളില്‍നിന്നെല്ലാം തുലോം ഭിന്നമാണ് ഇതിലെ പല വ്യവസ്ഥകളും. ഏതെങ്കിലും വ്യക്തിയോ രേഖയോ നല്‍കുന്ന വിവരം മാത്രം വെച്ച് ഒരാള്‍ക്കെതിരെ അന്വേഷണം നടത്താനും അയാളെ കസ്റ്റഡിയിലെടുക്കാനും അയാളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും ഇതനുസരിച്ച് ബന്ധപ്പെട്ടവര്‍ക്ക് അധികാരമുണ്ട്. അതുകൊണ്ടുതന്നെ, നിയമപാലകന്മാരുടെ നിഷ്പക്ഷതയും സന്ത്യസന്ധതയും വളരെ പ്രധാനമാണ് ഇത് നടപ്പാക്കുന്നതില്‍. അല്ലായെങ്കില്‍, ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുള്ള ഒന്നാണിത്. തങ്ങളുടെ എതിരാളികളെയും തങ്ങള്‍ക്ക് തലവേദന സൃഷ്ടിക്കുന്നവരെയും അടക്കിനിര്‍ത്താന്‍ ഭരണകൂടം ഇതിനെ ഉപയോഗപ്പെടുത്തുന്നതായാണ് ഇന്ന് ഇതിനെതിരെ ഉയര്‍ന്നുവന്നിട്ടുള്ള വലിയൊരു വിമര്‍ശനം. വലിയൊരു അളവോളം ഇത് വസ്തുതയുമാണ്. മതിയായ തെളിവില്ലാതെത്തന്നെ ഒരു വ്യക്തിയെ തുറുങ്കിലടക്കാന്‍ ഇത് നിയമസാധുത നല്‍കുന്നുണ്ട്. ഭരണകൂടമോ ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥനോ വിചാരിച്ചാല്‍ ആരെയും തത്തയെപ്പോലെ കൂട്ടിലടക്കാന്‍ നിയമ പിന്‍ബലം നല്‍കുകയാണ് യു.എ.പി.എ എന്നു ചുരുക്കം. സത്യസന്ധമായി രാജ്യത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ സുരക്ഷിതത്വത്തിനും ഇത് ഉപയോഗിക്കപ്പെടുന്നതില്‍ എതിര്‍ക്കപ്പെടാനൊന്നുമില്ല. പക്ഷെ, ലൂപ്‌ഹോളുകളിലൂടെ മാത്രം വിനിയോഗിക്കപ്പെടുകയും പ്രതിയോഗികള്‍ മാത്രം ഉന്നം വെക്കപ്പെടുകയും ചെയ്യുമ്പോഴാണ് ഇത് വിമര്‍ശന വിധേയമാകുന്നത്. 2014 വരെ കേരളത്തില്‍ നിന്നും 32 കേസുകളാണ് യു.എ.പി.എ അനുസരിച്ച് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ഇതുവഴി 150 ല്‍ പരം ആളുകള്‍ കുറ്റവാളികളായി മുദ്രകുത്തപ്പെട്ടിട്ടുണ്ട്. ഇതില്‍ 27 കേസുകളും 2013-14 വര്‍ഷങ്ങളില്‍ മാത്രം രജിസ്റ്റര്‍ ചെയ്യപ്പെട്ടവയാണത്രെ. അബ്ദുന്നാസര്‍ മഅ്ദനിയുടെ കേസാണ് ഇതില്‍ വളരെ വിചിത്രമായ ഒന്ന്. വര്‍ഷങ്ങള്‍ പിന്നിടുംതോറും യു.എ.പി.എ ചുമത്തല്‍ കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്നതായാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. സലഫി തിരോധാനം മുതല്‍ ശശികല വരെ കേരളക്കരയില്‍നിന്നും ഐ.എസിലേക്ക് റിക്രൂട്ട്‌മെന്റ് നടന്നുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് വീണ്ടും യു.എ.പി.എ കേരളത്തില്‍ ചര്‍ച്ചയാവുന്നത്. ബഹുസ്വരതക്കും രാജ്യത്തിന്റെ അഖണ്ഡതക്കും വിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന തരത്തിലാണ് യു.എ.പി.എ എന്ന ഓലപ്പാമ്പ് പത്തി വിടര്‍ത്തി പുറത്ത് വന്നിരിക്കുന്നത്. സംശയാസ്പദമായ സാഹചര്യത്തില്‍ കാസര്‍ക്കോട്ടുനിന്നും പാലക്കാട്ടുനിന്നും ചിലരെ കാണാതായ ഘട്ടത്തില്‍തന്നെ അവര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയേക്കും എന്ന വിധത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരുന്നു. തിരോധാനം നടന്നിട്ടുണ്ടെങ്കിലും അവര്‍ എങ്ങോട്ടാണ് പോയത് എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ലാത്ത സമയത്തായിരുന്നു ഇത്തരം 'ചാര്‍ത്തലുകള്‍' എന്നോര്‍ക്കണം. അച്ഛന്‍ മരിക്കാന്‍ കാത്തിരിക്കുകയായിരുന്നു കട്ടിലില്‍ കിടക്കാന്‍ എന്നു പറഞ്ഞതുപോലെയാണ് ഇവിടെ കാര്യങ്ങളുടെ പോക്ക്. മാപ്പിളമാരെക്കുറിച്ച് എന്തെങ്കിലും വാര്‍ത്തകള്‍ ഉയരുമ്പോഴേക്ക് വിധി നടപ്പാക്കാന്‍ ആരാച്ചാരുമാര്‍ ഒരുങ്ങിയിരിക്കുകയാണിന്ന് തട്ടിന്‍പുറത്ത്. യു.എ.പി.എ എന്ന കാടന്‍ നിയമത്തിന്റെ ഭീകരത പോലും മുഖവിലക്കെടുക്കാതെയാണ് മാധ്യമങ്ങള്‍ തിരോധാന വിഷയത്തിലേക്ക് ഈ നിയമത്തെ വിലച്ചുകൊണ്ടുവരുന്നത് എന്നത് ഏറെ ദുഖകരം തന്നെ. വിഷയത്തിന്റെ ഗൗരവം കിടക്കുന്നത് ഈ കേവലം ചാര്‍ത്തലിലല്ല. തിരോധാന വിഷയത്തെക്കാള്‍ ഭീകരവും ഇന്ത്യയുടെ മതേതര സിദ്ധാന്തത്തിന് വിരുദ്ധവുമായ കൃത്യങ്ങളും പ്രസ്താവനകളും ചെയ്ത പല വന്‍ സ്രാവുകളും ഭീതിയേതുമില്ലാതെ തങ്ങളുടെ പതിവു പല്ലവി തുടര്‍ന്നുകൊണ്ടേയിരിക്കുമ്പോഴാണ് ഈ ചാര്‍ത്തല്‍ എന്നതാണ് വലിയ സങ്കടത്തിന് വഴി തുറക്കുന്നത്. ഏറ്റവും വലിയ ജനാധിപത്യ നാട്ടില്‍ ഒരേ കുറ്റത്തിന് രണ്ട് നീതി കല്‍പിക്കുന്നത് എങ്ങനെ ന്യായീകരിക്കാനാകും? ഹിന്ദു വര്‍ഗീയതയും ഫാസിസ്റ്റ് മനോഭാവവും നുരഞ്ഞുയരുംവിധം വിദ്വേഷകരമായി പ്രഭാഷണം നടത്തുന്ന സംഘി പിഷാരടികള്‍ ഊര് തെണ്ടുന്ന കേരളത്തില്‍ അവര്‍ ചെയ്യുന്നത് രാജ്യസ്‌നേഹവും മറ്റുള്ളവര്‍ ചെയ്യുന്നത് രാജ്യദ്രോഹവുമാകുന്നത് എങ്ങനെയാണ്? രാജ്യത്തിന്റെ അഖണ്ഡതക്ക് വിഘാതമാകുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന പക്ഷം രാജ്യത്തെ ജനങ്ങളുടെ സുരക്ഷ മുന്നില്‍ കണ്ട് അവരെ ഐ.പി.സി അനുശാസിക്കുംവിധമുള്ള നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നതില്‍ ഒരാള്‍ക്കും സംശയമില്ല. പക്ഷെ, ഒരേ തെറ്റ് രണ്ടു പേര്‍ ചെയ്യുമ്പോള്‍ ഭരണകൂടം അതിനെ രണ്ടു രീതിയില്‍ കാണുന്നത് ശരിയല്ലെന്നതാണ് ഇവിടെ പറയുന്നത്. തീവ്ര സലഫി ആശയങ്ങളെയും ഇന്ത്യയുടെ ബഹുസ്വര പശ്ചാത്തലത്തില്‍ അവര്‍ അവതരിപ്പിക്കുന്ന സങ്കുചിത പിന്തിരിപ്പന്‍ കാഴ്ചപ്പാടിനെയും ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലായെന്നത് ശരി തന്നെ. തീര്‍ച്ചയായും അത് എതിര്‍ക്കപ്പെടുകയും വേണം. ഐ.എസ് പോലെയുള്ള ഭീകര കൂട്ടായ്മകള്‍ക്ക് വഹാബിസം ബൗദ്ധിക പശ്ചാത്തലമൊരിക്കിയെന്നതും സത്യം. പക്ഷെ, അതിന്റെ പേരില്‍ ഒരു സമുദായത്തെ മൊത്തം വേട്ടയാടാനോ അവര്‍ക്കെതിരെ കടന്നാക്രമണങ്ങള്‍ നടത്താനുള്ള ഒരു പിടിവള്ളിയായി അതിനെ ഉപയോഗപ്പെടുത്താനോ പാടില്ല. ഭരണകൂടവും നിയമപാലകരും മാധ്യമങ്ങളും ശ്രദ്ധിക്കേണ്ട കാര്യമാണിത്. പക്ഷെ, വിരോധാഭാസകരമെന്നു പറയട്ടെ, അതു മാത്രമാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അത് ചെയ്തവര്‍ക്ക് അതിനുള്ള ശിക്ഷ നല്‍കപ്പെടണം. അല്ലാതെ, അവര്‍ മുസ്‌ലിംകളായതിനാല്‍ ശിക്ഷയുടെ മൂര്‍ദ്ധന്യ നിയമംകൊണ്ട് അവരെ ശിക്ഷിക്കാന്‍ വിധിക്കുന്നത് നീതിയല്ല. ഐ.എസ് ആശയങ്ങള്‍ പ്രചരിപ്പിക്കുകയും സാമൂഹിക സൗഹാര്‍ദം തകര്‍ക്കുന്ന രീതിയില്‍ വിദ്വേഷ പ്രസഗം നടത്തുകയും ചെയ്തു എന്ന പേരില്‍ തീവ്ര സലഫി പ്രഭാഷകന്‍ ശംസുദ്ദീന്‍ പാലത്തിനെതിരെ പോലീസ് യു.എ.പി.എ ചുമത്തുകയുണ്ടായി. എന്നാല്‍, വിദ്വേഷ പ്രസംഗം തന്റെ തൊഴിലായി സ്വീകരിക്കുകയും കേരളത്തിലുടനീളം നൂറുക്കണക്കിന് വേദികള്‍ അതിനായി ഉപയോഗപ്പെടുത്തുകയും ചെയ്ത ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഇന്നേവരെ ഒരു കോടതിയും അതിനെതിരെ വിരലനക്കുക പോലും ചെയ്തിട്ടില്ല. ഒരേസമയം നൂറ് യു.എ.പി.എ കുറ്റം ചുമത്താന്‍ മാത്രം ഭീകരമാണ് ടീച്ചര്‍ ചെയ്ത വര്‍ഗീയ വിദ്വേഷം ഉദ്ദീപിപ്പിക്കുന്ന പല പ്രഭാഷണങ്ങളും. ഫെയ്‌സ് ബൂക്കിലും വാട്‌സാപ്പിലും ഇന്നുമത് കിടന്ന് കറങ്ങിക്കൊണ്ടിരിക്കയാണ്. സംശുദ്ദീന്‍ വിഷയത്തില്‍ പരാതി നല്‍കിയ കാസര്‍കോട് ഹൊസ്ദുര്‍ഗിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ കൂടിയായ അതേ അഡ്വ. സി. ശുക്കൂര്‍ തന്നെ ശശി കല വിഷയത്തില്‍ പരാതി നല്‍കിയിട്ടും ഫലം നാസ്തിയാണ് എന്നതാണ് സത്യം. ഇതുവരെയും അതിനെക്കുറിച്ച് പോലീസിന്റെ ഭാഗത്തുനിന്നും ഒരു പ്രതികരണവും പുറത്തുവന്നിട്ടില്ല. സംശുദ്ദീന്‍ വിഷയത്തില്‍ നിയമനടപടിയെടുക്കാന്‍ പോലീസിനുണ്ടായിരുന്ന ആവേശം ശശി കല വിഷയത്തില്‍ കാണുന്നുമില്ല. ഭരണകൂടത്തിന്റെയും നിയമപാലകരുടെയും ഇരട്ട മുഖമാണ് ഇവിടെ പ്രകടമാകുന്നത്. നീതി നടപ്പാക്കേണ്ടവരുടെ ഭാഗത്തുനിന്നുള്ള ഈ മനോരോഗത്തിന് മാറ്റം വരാത്ത കാലത്തോളം യു.എ.പി.എ പോലുള്ള ഇത്തരം കാടന്‍ നിയമങ്ങള്‍ പൗരന്റെ മനുഷ്യാവകാശങ്ങള്‍ക്കെതിരെയുള്ള കടന്നാക്രമണങ്ങളായിത്തന്നെ ശേഷിക്കുമെന്നത് തീര്‍ച്ച.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter