മലപ്പുറത്തുകാര്‍ അഥവാ കിണറ്റിലെ തവളകള്‍!!!
malappuram കിണറ്റിലെ തവളകളെന്ന് കൃത്യമായി പ്രയോഗിക്കാവുന്ന കൂട്ടരുണ്ടിവിടെ, കേരളത്തിന്റെ ഓരത്ത്. 1969-ല്‍ പിറവികൊണ്ട മലപ്പുറം ജില്ലക്കാര്‍. ജനസംഖ്യാനുപാതികമായി റവന്യൂ അതിര്ത്തികള്‍ പുനര്‍ നിര്‍മിക്കാനുള്ള ശ്രമങ്ങളാരംഭിച്ചപ്പോള്‍ തന്നെ മലപ്പുറം ചര്‍ച ചെയ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. മുസ്‍ലിംകള്‍ ഭൂരിപക്ഷമുള്ളൊരു ജില്ല രൂപീകരിച്ചാലുണ്ടാകുന്ന അപകടം അന്നുതന്നെ പലരും ചൂണ്ടിക്കാട്ടിയതാണ്. ‘കുട്ടിപ്പാക്കിസ്ഥാ’ന്റെ പിറവിക്കെതിരെ അണിനിരന്നവരില്‍ ‘ത്രിവര്‍ണ പതാകക്കാര്‍’ വരെയുണ്ടായിരുന്നു. ആശങ്കകളെല്ലാം അസ്ഥാനത്താക്കുന്നതായിരുന്നു മലപ്പുറത്തിന്റെ പിന്നീടുള്ള വര്‍ത്തമാനം. ജില്ലാപിറവിയില്‍ വര്‍ഗീയത ആരോപിച്ചിരുന്നവരുടെ വാദങ്ങളെല്ലാം ഒന്നൊന്നായി പ്രസക്തിനഷ്ടപ്പെടുത്തിയാണ് ഇവിടത്തുകാര്‍ ജീവിതം തള്ളിനീക്കിയത്. മലപ്പുറം അവര്‍ക്കൊരു അഭിമാനത്തിന്റെ ചിഹ്നമാകാന്‍ തുടങ്ങി. എതെങ്കിലും ജാതിയുടേയോ മതത്തിന്റെയോ അനുയായികള്‍ മാത്രമല്ല, ഇവിടെ ജനിച്ചവരും, ജോലി പഠനം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കെത്തിയവരും, കൂട്ടുകുടുംബമുള്ളവരും ഒരുദിവസമെങ്കിലും ഇവിടെ അന്തിയുറങ്ങിയവരുമെല്ലാം മലപ്പുറം പെരുമ പാടിയും പറഞ്ഞും നടന്നു. വിവിധ സ‍‍‍ര്‍കാര്‍ തസ്തികകളിലും സ്വകാര്യ സ്ഥാപനങ്ങളിലുമായി മലപ്പുറത്ത് നിയമനംലഭിച്ചിട്ടുള്ള ഇതരജില്ലക്കാരായ നിരവധി സഹോദരങ്ങളുണ്ട്. ഇവരുടെ യാത്രയയപ്പുയോഗങ്ങളിലെ കണ്ണീരൊലിപ്പിച്ചുള്ള വാക്കുകള്‍ പലപ്പോഴും വാര്‍ത്തയാകാറുണ്ട്. അവര്‍ പറയും, “ഇങ്ങോട്ട് വരുമ്പോള്‍ മനസില്‍ ആധിയുടെ തീകനലായിരുന്നു, പക്ഷേ ഇവിടെ ജീവിച്ചപ്പോഴാണ് മലപുറത്തിന്റെ മനസറിയാനായത്. നിങ്ങളുടെ സ്നേഹത്തിന് പകരം നല്കാനൊന്നുമില്ലെ”ന്നൊക്കെ. സോഷ്യല്‍ മീഡിയയില്‍ ‍സിഎച്ച് മുഹമ്മദ് ഹനീഫ എന്ന സഹോദരന്‍ പങ്കുവെച്ചത് ഇങ്ങനെ വായിക്കാം. “മലപ്പുറം BSNL ല്‍ ജോലി ചെയ്യുന്ന അധികം ആപ്പീസര്‍മാരും അന്യ ജില്ലക്കാരാണ്, മിക്കവരുംതെക്കന്‍ ജില്ലയില്‍ നിന്നുള്ള മറ്റു മതസ്ഥര്‍. ഞാന്‍ മഞ്ചേരി BSNL ല്‍ ജോലി ചെയ്യുമ്പോള്‍ഇവരില്‍ പലരുമായും അടുത്ത് ഇടപഴകിയിട്ടുണ്ട്. ചെങ്ങനാശ്ശേരിക്കാരനായ ക്രിസ്തിയാനിയായ, ഒരു DE മഞ്ചേരിയില്‍ ഉണ്ടായിരുന്നു.സര്‍വീസില്‍ നിന്നും വിരമിച്ചതിനുശേഷം അദ്ദേഹത്തിന്റെ മകന്റെ വിവാഹത്തിന് ചെങ്ങനാശ്ശേരി ചെന്നപ്പോള്‍ അദ്ദേഹം എന്നെകെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞ വാക്കുകള്‍ മരിക്കുന്നത് വരെ ഞാന്‍ഓര്‍മ്മിക്കും. "എന്റെ സര്‍വീസില്‍ മലപ്പുറത്തെപ്പോലെ സംതൃപ്തി എനിക്ക് തന്ന മറ്റൊരുസ്ഥലം വേറെ ഉണ്ടായിട്ടില്ല. ഇത്രയും പാവപ്പെട്ട ആളുകളെ ഞാന്‍ വേറെ ഒരിടത്തുംകണ്ടിട്ടില്ല. തെറി പറയാന്‍ വേണ്ടി അവരുടെ മുഖത്ത്‌ നോക്കുമ്പോള്‍, അവരുടെ മുഖത്തെനിസഹായത കണ്ടു, തെറിയൊക്കെ താനേ വിഴുങ്ങിപ്പോകേണ്ടി വരുന്നു." എന്നാണു അദേഹംപറഞ്ഞത്. തൃശ്ശൂര്‍ ജില്ലക്കാരനായ, ക്രിസ്ത്യാനിയായ മറ്റൊരു അക്കൗണ്ട്‌ ഓഫീസര്‍പറഞ്ഞത് ഇങ്ങിനെയാണ്‌. "ഒരു 10 വര്‍ഷം മുന്‍പാണ് ഞാന്‍ മലപുറത്ത് സര്‍വീസിനു വരുന്നത്എങ്കില്‍ ഞാന്‍ ഇവിടെ തന്നെ സ്ഥിര താമസം ആക്കുമായിരുന്നു. ഇനി ഇപ്പോള്‍ സര്‍വീസിന്റെ അവസാന 2 വര്‍ഷത്തില്‍ അതിനു സമയമില്ല" ബീഹാറുകാരനായ GM ഉം വളരെ സംതൃപ്തിയോടെയും ജില്ലവിടാനുള്ള വിഷമത്തോടെയും ആണ് ഇവിടെ നിന്നും പോയത്.” ഇങ്ങനെയെല്ലാമായപ്പോള്‍ മലപ്പുറത്തുകാര്‍ സ്വയമങ്ങ് പൊങ്ങിയെന്നതാണ് ശരി. സമ്പൂര്‍ണ സാക്ഷരതയും, അക്ഷയവഴി സാങ്കേതിക വിപ്ലവവും, അടിസ്ഥാന ജീവിതസൌകര്യങ്ങളുമെല്ലാം ഇവടത്തുകാര്‍ കൂട്ടയോട്ടത്തിലൂടെ നേടിയെടുത്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായ് രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാര്‍ ഏജന്‍സികളും മത്സരിച്ചു. വീടില്ലാത്തവര്‍ക്ക് കാരുണ്യത്തിന്റെ ഭവനങ്ങുളയരാ‍ന്‍ തുടങ്ങി. ഇവയുടെയെല്ലാം ഗുണഭോക്താക്കള്‍ ഏതെങ്കിലും പ്രത്യേക വിഭാഗക്കാരായിരുന്നില്ല, മലപ്പുറത്തുകാരായിരുന്നു. ഫുട്ബാള്‍ മൈതാനത്തും അവര്‍ ഒത്തൊരുമയുടെ പ്രതീകങ്ങള്‍ തീര്ത്തു. വര്‍ഗീയ കാലാപങ്ങളൊന്നും തന്നെ തങ്ങളുടെ നാട്ടില്‍ നടന്നില്ലെന്ന് അഭിമാനത്തോടെ ഇവിടത്തുകാ‍ര്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. മറ്റു സ്ഥലങ്ങളില്‍ വര്‍ഗീയത കളിക്കുന്നവരും ഇവിടെ സൌഹാര്‍ദത്തിലൂടെ മാത്രം മുന്നോട്ടുനീങ്ങി. മലപ്പുറത്തിന്റെ ഹൃദയം പിടിക്കാന്‍ ഇതല്ലാതെ വഴിയില്ലെന്ന് സകലരും മനസ്സിലാക്കിയെന്നതാണ് നേര്. അസ്വസ്ഥതയുടെ വിത്തുകളെറിയാന്‍ തുടങ്ങിയപ്പോഴേക്ക് അവിടെ സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ പറന്നെത്തി. തളിക്ഷേത്രവാതില്‍ ആളിക്കത്താതിരുന്നതതുകൊണ്ടാണ്. ഇതൊക്കെ പറഞ്ഞ് മലപ്പുറത്തുകാര്‍ പുളകിതരാകുമ്പോഴാണ് വ്യവഹാര തമ്പുരാന്‍ സുബ്രഹമണ്യസ്വാമി ഒരു ട്വീറ്റുമായി വരുന്നത്. Even today in India minorities are committing atrocities against majority eg.. Kashmir Hindu and in Malappuram in Kerala. ഇതൊരു ടിന്റുമോന്‍ തമാശയായേ സാമാന്യ മലപ്പുറത്തുകാര്‍ക്ക് തോന്നൂ. ഇതിനെതിരെ പ്രതികരണങ്ങളുമായി മലപ്പുറത്ത് നിന്നുള്ള ഹൈന്ദവസഹോദരങ്ങള്‍ തന്നെ സമൂഹ്യമാധ്യമങ്ങളില്‍ രംഗത്തെത്തി. ‘മലപ്പുറമെന്തെന്ന് ഞങ്ങള്‍ക്കറിയാമെന്നും അതിന് ക്യാംബ്രിഡ്ജില്‍ നിന്ന് ഡോക്ടറേറ്റ് നേടേണ്ടതില്ലെന്നും’ അവര്‍ തുറന്നടിച്ചു. ഇത്തരം പ്രസ്താവനകളൊക്കെ കേട്ടുതള്ളാവുന്നതെയൊള്ളുവെന്നും പ്രതികരിച്ച് സ്വാമിക്ക് മാര്‍ക്കറ്റ് കൂട്ടേണ്ടതില്ലെന്ന അഭിപ്രായവും ചിലര്‍ പങ്കുവെച്ചു. എന്തുതന്നെയായാലും സ്വാമിജി പറഞ്ഞതിന്റെ അര്‍ഥം പലര്‍ക്കും പിടികിട്ടിയില്ല, വിശിഷ്യാ മലപ്പുറത്തുകാര്‍ക്ക്. ഹൈന്ദവര്‍ക്കെതിരെ മലപ്പുറത്ത് നടന്ന അക്രമണങ്ങളൊന്നും അറിവിലില്ലാത്തതിനാല്‍ ഗൂഗിളില്‍ സേര്‍ച്ച് ചെയ്തപ്പോഴാണ് സ്വന്തം നാടിന്റെതനിനിറമറിയുന്നത്. ഹിന്ദുസഹോദരങ്ങള്‍ മലപ്പുറം ജില്ലയില്‍ ഭീഷണിയുടെ നിഴലിലാണെന്നും, ഇവിടത്തുകാര്‍ ഡോക്ടറും എഞ്ചിനീയറുമെല്ലാമാകുന്നത് ഹിന്ദുക്കളെ ഇല്ലാതാക്കാനാണെന്നുതുടങ്ങുന്ന വിവരദോഷങ്ങളാണ് പലരും ലേഖനങ്ങളില്‍ കുത്തിനിറച്ചിരിക്കുന്നത്. എന്നാല്‍ ജില്ലയില്‍ മറ്റു മതക്കാര്‍ക്കു നേരെ നടന്നതെന്ന് ചൂണ്ടിക്കാണിക്കാന്‍ അവര്‍ക്കൊന്നുപോലും കിട്ടിയിട്ടുമില്ല.  മലപ്പുറം പെരുമയും ഒരുമയും പറഞ്ഞ്, പാലിയേറ്റീവ് കെയറും സെവന്‍സുമായി നടക്കുന്ന മലപ്പുറത്തുകാരുണ്ടോ ഇതറിയുന്നു. അവര്‍ വെറും കിണറ്റിലെ തവളകള്‍. രണ്ടാംലോക മഹായുദ്ധകാലത്ത്ഹിട്‍ലറുടെ മന്ത്രിസഭയില്‍ പ്രചരണങ്ങളുടെ ചുക്കാന്‍ പിടിച്ചിരുന്ന ഗീബല്‍സിനെ വെല്ലുന്ന പ്രചാരണങ്ങളുമായി ഇന്ത്യവെട്ടിപ്പിടിക്കാനിറങ്ങയവര്‍ ഇനിയും വരും, ഇത്തരം ഗീബല്‍സുമാരെ മലപ്പുറത്തുകാര്‍ മാത്രമല്ല ഇന്ത്യന്‍ ജനത തന്നെ ചവിട്ടിപ്പുറത്താക്കുമെന്ന് നമുക്കാശിക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter