മോദി വാഴും കാലം സൗഹൃദം കാക്കുന്നതിന്റെ പ്രസക്തി
Manushyajalika ഭാരതം വൈവിധ്യങ്ങളുടെ സങ്കരഭൂമികയാണ്. വ്യത്യസ്ത നാഗരികതകളുടെയും സംസ്‌കാരങ്ങളുടെയും സംഗമ സ്ഥാനം. വിഭിന്നങ്ങളായ മതങ്ങളും ജാതികളും ഒന്നായി അണിനിരക്കുന്നതാണ് ഈ രാജ്യത്തിന്റെ സവിശേഷത. ഭാരതത്തെ ഇതര രാജ്യങ്ങളില്‍ നിന്ന് വ്യതിരിക്തമാക്കുന്നത് 'നാനാത്വത്തില്‍ ഏകത്വമെന്ന ദാര്‍ശനികാടിസ്ഥാനത്തിലുള്ള നമ്മുടെ മതേതരത്വ കാഴ്ച്ചപ്പാടാണ്. പാശ്ചാത്യത്തിന്റെ മതേതരത്വ പരികല്‍പ്പന മതനിരാസത്തിന്റെതാണെങ്കില്‍ ഭാരതീയന്റെത് തികച്ചും വിഭിന്നമാണ്. സര്‍വ്വ മതവിശ്വാസികളോടും മതമില്ലാത്തവരോടും രാഷ്ട്രം(State) പുലര്‍ത്തുന്ന സമഭാവനയാണ് ഭാരതീയ മതേതരത്വത്തിന്റെ സ്വഭാവം. 'All persons are equally entitled to freedom of conscience and the right freely to profess, practice and propagate religion' എന്ന ഭരണഘടനാ പ്രഖ്യാപനം പൗരന് ഇഷ്ടമുള്ള മതം സ്വീകരിക്കാനും ആചരിക്കാനുമുള്ള സ്വാതന്ത്ര്യം നല്‍കുന്നു; ഒപ്പം മതം വിവേചനത്തിനുള്ള മാനദണ്ഡമാകില്ലെന്ന ഉറപ്പും. സമകാലിക ഇന്ത്യ; ലഘുപരിപ്രേക്ഷണം ' കാലിനടിയിലുമസ്വസ്ഥതയുടെ കോലാഹലങ്ങള്‍ മുഴങ്ങിടുന്നു'. കുമാരനാശാന്റെ ഉദ്ധൃതവരികള്‍ സമകാലിക ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് നേരെ തിരിച്ചുപിടിച്ച ദര്‍പ്പണമാണ്. അത്രയും ഭീതിജനകവും ഭീകരവുമാണിന്ന് ഇന്ത്യയിലെ സ്ഥിതി വിശേഷം. 'നാനാത്വത്തില്‍ ഏകത്വ'മാണ് ഇന്ത്യയുടെ സവിശേഷതയെന്ന് ഊറ്റം കൊണ്ട ദേശീയ ബോധം സാക്ഷ്യം വഹിക്കുന്നത് ഏകത്വത്തെ നാനാവിധത്തിലും ദൃഢപ്പെടുത്താനുള്ള കുടില ശ്രമങ്ങള്‍ക്കാണ്. സ്വാതന്ത്ര്യത്തിന് മുമ്പേ നിലനിന്നിരുന്ന അഖണ്ഡതാ വാദവും അതിന്റെ ശക്തമായ ഉപകരണമായ ഹിന്ദുവര്‍ഗ്ഗീയ വാദവും അതിന് സമാന്തരമായി വളര്‍ന്ന് വരുന്ന ന്യൂനപക്ഷ വര്‍ഗ്ഗീയവാദവും രാജ്യ സുരക്ഷക്ക് പ്രതിലോമകരമായ സാഹചര്യങ്ങളാണ് സൃഷ്ടിക്കുന്നത്. ഭൂരിപക്ഷ വര്‍ഗീയതയും അതിന്റെ പ്രതികരണമെന്നോണം പ്രാരംഭം കുറിച്ച ന്യൂനപക്ഷ വര്‍ഗീയതയും രാഷ്ട്രത്തെ രാഷ്ട്രീയമായും സാമൂഹികമായും സാംസ്‌കാരികമായും മലിനപ്പെടുത്തി കഴിഞ്ഞു. സഇന്ത്യയിലെ ഭൂരിപക്ഷവര്‍ഗീയത ഫാഷിസമായി പരാവര്‍ത്തനം ചെയ്യപ്പെട്ടു കഴിഞ്ഞു. ബാബരി ധ്വംസനം ഇന്ത്യയിലെ ഫാഷിസത്തെ സംബന്ധിച്ച സൂചനയായിരുന്നെങ്കില്‍ ഗുജറാത്ത് കലാപം ശക്തമായും സുവ്യക്തമായും ഫാഷിസം വന്നിരിക്കുന്നുവെന്നുള്ള പ്രഖ്യാപനമായിരുന്നു. ഒടുവില്‍, ബി.ജെ.പിയുടെ വന്‍ഭൂരിപക്ഷത്തോടെയുള്ള അധികാരാരോഹണവും തുടര്‍ന്ന് ചര്‍ച്ചകള്‍ കയ്യടക്കിയ ബീഫ് രാഷ്ട്രീയവും, ഘര്‍ വാപസിയും മുഹമ്മദ് അഖ്‌ലാഖും രോഹിത് വെമുലയുമെല്ലാം ഫാഷിസം ഭാരതത്തിലെ ഭരണകൂടത്തെയും സിവിലിയന്മാരെയും ഗ്രസിച്ചുവെന്നതിന്റെ നിദര്‍ശനമാണ്. modi_story_647_051216053914 വര്‍ഷങ്ങളായി നമ്മുടെ സാംസ്‌കാരിക സാമൂഹിക മേഖലകളിലേക്ക് നുഴഞ്ഞ് കയറിയ സവര്‍ണ്ണ ഫാഷിസത്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള ശക്തമായ കടന്നു വരവായിരുന്നു ലോകസഭാ തെരെഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ ചരിത്ര വിജയം. ബാബരി ധ്വംസനത്തോടെ ശക്തി പ്രാപിച്ച സവര്‍ണ്ണ ഫാഷിസം രാഷ്ട്രീയത്തെയും സമൂഹത്തെയും അതിന്റെ ദ്രംഷ്ടകളിലേക്ക് കോര്‍ത്തു കഴിഞ്ഞു. കേന്ദ്രവും ചില സംസ്ഥാനങ്ങളും കീഴടക്കിയ ഇന്ത്യന്‍ ഫാഷിസത്തിന്റെ മതയാഥാസ്ഥിത സങ്കുചിത ചിന്താഗതിക്ക് പ്രബുദ്ധ കേരളത്തില്‍ ഒരിക്കലും സ്വീകര്യത കിട്ടില്ലെന്ന് ഊറ്റം കൊണ്ട മലയാളിയെ അമ്പരപ്പിക്കും വിധമാണ് കേരളത്തില്‍ ബി.ജെ.പിയുടെ വര്‍ദ്ധിച്ചു വരുന്ന വോട്ടുകള്‍. ബി.ജെ.പിയുടെ അധികാരാരോഹണം കേവലമൊരു രാഷ്ട്രീയ പ്രതിഭാസം മാത്രമായി ചുരുക്കി കാണരുത്. അത്തരമൊരു പരിമിത വീക്ഷണം രാഷ്ട്രം നേരിടുന്ന വെല്ലുവിളികളെ കൃത്യമായി അടയാളപ്പെടുത്താന്‍ പര്യാപ്തമല്ല. യഥാര്‍ത്ഥത്തില്‍ ഈ അധികാരാരോഹണം ഒരു ആകസ്മിക സംഭവമായിരുന്നില്ല. പ്രത്യുത, സമൂഹ മനസ്സ് മാറിക്കൊണ്ടിരിക്കുന്നതിന്റെയും മാറ്റിമറിക്കപ്പെട്ടു കൊണ്ടിരിക്കുന്നതിന്റെയും അവസാന ഘട്ടമാണ്. നാമറിയാതെ നമ്മുടെ ഉപബോധമനസ്സിലേക്ക് വര്‍ഗീയ ചിന്താധാര കടന്നു കയറി. ഹിന്ദുത്വത്തിന്റെ മുഖമുദ്രയായ ജാതീയതക്കെതിരെ നിരന്തരം ശബ്ദിച്ച നാരായണഗുരുവിന്റെ പിന്‍ഗാമികള്‍ പോലും ഹിന്ദുത്വവാദികള്‍ക്കും ബി.ജെ.പിക്കും വേണ്ടി ഓശാന പാടുന്നത് ഈ സാമൂഹിക മാറ്റത്തിലേക്കുള്ള ചൂണ്ടുപലകയാണ്. ഹിഡന്‍ അജണ്ടകളിലൂടെ ഭരണ സോപാനങ്ങള്‍ കയ്യടക്കിയ ഫാഷിസ്റ്റ് ശക്തികള്‍ അധികാരത്തിന്റെ സകല ഉപാധികളെയും ഉപയോഗപ്പെടുത്തി രാഷ്ട്രത്തെ ഹിന്ദുത്വരാഷ്ട്രമാക്കി പുനര്‍നിര്‍മ്മിക്കാനുള്ള കഠിന യത്‌നത്തിലാണ്. ICHR {ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ റിസേര്‍ച്ച്} ഉം NCERT{നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എഡ്യുക്കേഷണല്‍ റിസേര്‍ച്ച് ആന്റ് ട്രയിനിംഗ്‌s}യുമെല്ലാം മതാന്ധതയുടെയും വിവേചനത്തിന്റെയും മോദിഭ്രമത്തില്‍ മയങ്ങിക്കഴിഞ്ഞു. അല്ലെങ്കില്‍, ഇത്തരം ഉത്തരവാദിത്വപ്പെട്ട സ്ഥാപനങ്ങളില്‍ തങ്ങളുടെ വാറോല എഴുത്തുകാരെയും കൂലിയെഴുത്തുകാരെയും അവരോധിക്കുക വഴി അവയെല്ലാം കാവിമയമാക്കുന്നതില്‍ സംഘ്പരിവാരം വിജയിച്ചു. ഇതിന്റെ പ്രത്യാഘാതങ്ങളാകട്ടെ, ചരിത്രത്തെ കുറിച്ച് വികലമായ കാഴ്ച്ചപ്പാടുള്ള വര്‍ഗീയ വിഷം ഇന്‍ജക്റ്റ് ചെയ്യപ്പെട്ട ഒരു തലമുറയുടെ ഉദയമാണ്. മതനിരപേക്ഷ വാദങ്ങള്‍ക്ക് ആയൂര്‍ദൈര്‍ഘ്യം കുറവെന്ന് സാരം. ബി.ജെ.പിയുടെ ഭരണം ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിച്ചിരുന്നത് രാജ്യത്തെ മുസ്‌ലിം, ദളിത് വിഭാഗങ്ങളെയാണ്. കാലങ്ങളോളമായി പിന്നാക്കത്തിന്റെ നുകം പേറുന്ന മുസ്‌ലിം സമൂഹത്തിന് തങ്ങളുടെ ദേശക്കൂറ് വീണ്ടും വീണ്ടും തെളിയിക്കേണ്ട ബാധ്യതയാണ് നിലവില്‍. ഉന്നത വിദ്യാപീഠങ്ങളില്‍ പോലും അസ്വസ്ഥതയുടെയും വിവേചനത്തിന്റെയും കയ്‌പേറിയ അനുഭവങ്ങളാണ് ദളിതന് നല്‍കുന്നത്. യു.എ.പിയെ പോലുള്ള നിയമങ്ങളുടെ മറവില്‍ രാജ്യത്തെ ന്യൂനപക്ഷം നിരന്തരം വേട്ടയാടപ്പെടുന്നു. ഫാഷിസത്തിന്റെ നിയോഇന്ത്യന്‍ പതിപ്പായ സംഘ്പരിവാരത്തിന്റെ ധാര്‍ഷ്ട്യത്തിനെതിരെ ചോദ്യമുയര്‍ത്തുന്ന ബുദ്ധിജീവി വര്‍ഗത്തിനും അധികം ആയുസ്സില്ലയെന്നതാണ് വര്‍ത്തമാന ചിത്രം. ഒരു വിഭാഗം 'ബുജി'കള്‍ മതേതരത്വചേരിയില്‍ നിന്ന് സംഘപരിവാരത്തിന്റെ വര്‍ഗീയ ചേരിയിലേക്ക് കൂട് വിട്ട് കൂടൊഴിഞ്ഞപ്പോള്‍ ബാക്കിയുള്ളവരെ കൊന്നും ഭയപ്പെടുത്തിയും നിശബ്ദമാക്കുകയാണ് ഹിന്ദുത്വം. സാംസ്‌കാരികനായകരും എഴുത്തുകാരും സിനിമാ പ്രവര്‍ത്തകര്‍ പോലും ഭയം ഭരിക്കുന്ന ഇന്ത്യയില്‍ സ്വാതന്ത്രരും സുരക്ഷിതരല്ലെന്നാണ് എം.ടിയുടെയും കമലിന്റെയും ബോളിവുഡ് താരം അമീര്‍ഖാന്റെയുമെല്ലാം അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. ഭൂരിപക്ഷ വര്‍ഗീയതക്ക് സമാന്തരമായി ശക്തിപ്രാപിക്കുന്ന ന്യൂനപക്ഷ വര്‍ഗ്ഗീയതയും രാജ്യസുരക്ഷക്ക് ക്ഷന്തവ്യമല്ല. സമുദായത്തിന്റെ സംരക്ഷക വേഷം കെട്ടി, ഖുര്‍ആനിക വചനങ്ങളെ വക്രീകരിച്ച്, സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി യുവതയുടെ വികാര വിക്ഷുബ്ധതയെ ചൂഷണം ചെയ്യുന്നവര്‍ സമുദായത്തിനും രാഷ്ട്രത്തിനും വെല്ലുവിളിയാണ്. സാക്കിര്‍ നായിക്കിനെയും എം എം അക്ബറിനെയും പോലുള്ളവര്‍ മതം പ്രചരിപ്പിക്കുന്നതിന്റെ പേരില്‍ വേട്ടയാടപ്പെടുമ്പോള്‍ സംയമനത്തിന്റെ പേരില്‍ നിസംഗത പുലര്‍ത്തുന്നതും രാഷ്ട്ര താല്‍പര്യത്തിന് ഭൂഷണമല്ല; പ്രത്യുത, ജനാധിപത്യത്തിന്റെ സകല സാധ്യതകളുമുപയോഗിച്ച് പ്രതികരിക്കാനുള്ള ആര്‍ജ്ജവം നാം കാണിക്കണം. രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ ഇന്ത്യന്‍ സാമൂഹിക യാഥാര്‍ത്ഥ്യം അതിദ്രുതം അധോഗതി പ്രാപിച്ചു കൊണ്ടിരിക്കുകയാണെന്ന് ഉദ്ധൃത തെളിവുകള്‍ വാചാലമാവുന്നുണ്ട്. ഫാഷിസത്തിന്റെ വളര്‍ച്ച യഥാര്‍ത്ഥത്തില്‍ മതനിരപേക്ഷതയുടെ പരാജയമാണ്. . എന്നാല്‍ ഇവയൊന്നും ഒരു പ്രഭാതത്തില്‍ ഉദയം ചെയ്തവയല്ല. മറിച്ച് രാഷ്ട്രത്തെ ഹിന്ദുത്വ വല്‍ക്കരിക്കുകയെന്ന ഏക ലക്ഷ്യം മുന്‍നിറുത്തി ഇടതടവില്ലാതെ ആസൂത്രണം ചെയ്ത് നടപ്പില്‍ വരുത്തുന്ന സംഘ്പരിവാറിന്റെ കര്‍മ്മനൈരന്തര്യങ്ങളുടെ ഫലമാണ്. ഇവയെ പ്രതിരോധിക്കുക ക്ഷിപ്രസാദ്ധ്യമല്ല. മതനിരപേക്ഷ പ്രവര്‍ത്തനം പരിമിതമായ തോതിലേ നമ്മുടെ രാജ്യത്ത് നടന്നിട്ടുള്ളു. ഈ പരിമിത പ്രവര്‍ത്തനങ്ങളുടെ പാന്ഥാവില്‍ ഒരു കുതിപ്പ് അനിവാര്യമാണിന്ന്. അതിനായി വ്യക്തമായ അജണ്ടകളോടെ സാമൂഹിക സാംസ്‌കാരിക മണ്ഠലങ്ങളില്‍ നാമിടപെടണം . സാംസ്‌കാരികവും സാമൂഹികവുമായി ഫാഷിസം കൈയ്യടക്കിയ മേഖലകളില്‍ നിന്നെല്ലാം അവരെ വലിച്ചു താഴെയിടണം. നാസിസത്തെ നിരന്തരം ഭയപ്പെടുത്തിയ ഇറ്റാലിയന്‍ ചിന്തകനായ അന്റോണിയോ ഗ്രാംഷി പറഞ്ഞതു പോലെ ആധിപത്യ വ്യവസ്ഥിതിയെ തകര്‍ത്ത് ജനങ്ങള്‍ക്ക് സ്വതന്ത്ര ജീവിതാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമമാകണം നമ്മുടെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ആത്യന്തിക ലക്ഷ്യം. ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കപ്പെടണം. ഒപ്പം നമ്മുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ക്രിയാത്മകവും പ്രായോഗികവുമാക്കണം. ജനമനസ്സുകളില്‍ സാഹോദര്യത്തിന്റെ വിത്തുകള്‍ പാകാന്‍ സാധിക്കുന്നവയാകണം. അതിനായി സൗഹൃദത്തിന്റെ ജാലകങ്ങള്‍ തുറന്ന് വെക്കണം. വര്‍ഗ്ഗീയ സംഘട്ടനങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം സമുദായ മൈത്രിക്ക് വേണ്ടി നിലവിളി കൂട്ടിയിട്ട് കാര്യമില്ല. അത്തരം ചര്‍ച്ചകളാകട്ടെ പലപ്പോഴും നിരര്‍ത്ഥകതയുടെ മുഴക്കങ്ങള്‍ മാത്രമാകാറാണ് പതിവ്. ജനങ്ങളുടെ പൊതുബോധം മതനിരപേക്ഷമാകണമെങ്കില്‍ സങ്കുചിത ഇടങ്ങള്‍ക്കു പകരം പൊതു ഇടങ്ങള്‍ സൃഷ്ടിക്കപ്പെടണം. ഹിന്ദുവിനും മുസ്‌ലിമിനും ക്രിസ്ത്യനും ഒന്നിച്ച് കൈകള്‍ കോര്‍ക്കാനും ഹൃദയം തുറക്കാനും സാദ്ധ്യമാകുന്ന പൊതു ഇടങ്ങള്‍. അവിടെയാണ് മനുഷ്യജാലിക പോലുള്ള സ്‌നേഹജാലികകളുടെ പ്രസക്തി. മതസംഘടനയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പക്ഷപാതിത്വപരമായിരിക്കുമെന്ന വാദം ശരിയല്ല. അങ്ങനെയെങ്കില്‍ താനൊരു സനാതന ഹിന്ദുവാണെന്ന് പ്രഖ്യാപിച്ച് കൊണ്ട് മതനിരപേക്ഷ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങള്‍ പക്ഷാപാതിത്വ പരമാകേണ്ടിയിരുന്നു. ചുരുക്കത്തില്‍, ഫാഷിസം സങ്കുചിതമാക്കുന്ന പൊതു ഇടങ്ങളുടെ വീണ്ടെടുപ്പാണ് രാഷ്ട്രം ഇന്ന് നേരിടുന്ന വെല്ലുവിളികള്‍ക്കുള്ള പ്രതിവിധി. അപ്പോഴാണ് മതാധിഷ്ഠിതമല്ലാത്ത സൗഹാര്‍ദ്ദ മനോഭാവം രാജ്യത്ത് വളരൂ. അതിനാല്‍ രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ അനിവാര്യമാണ്. ആശിഖ് മടക്കിമല

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter