ഏകീകൃത സിവില്‍ നിയമം ഇസ്‌ലാമിക വിരുദ്ധമാണെന്നു പറയാന്‍ 10 കാരണങ്ങള്‍
sharia1. ഏകീകൃതി സിവില്‍ നിയമം നടപ്പാക്കുന്നതിലൂടെ ബഹുഭാര്യത്വം നിരോധിക്കപ്പെടും. ഏകഭാര്യത്വം മാത്രമേ രാജ്യം അംഗീകരിക്കുകയുള്ളൂ. എന്നാല്‍, ബഹുഭാര്യത്വം ഇസ്‌ലാമിക ദൃഷ്ട്യാ തെറ്റല്ല. ഒരാള്‍ രണ്ടു വിവാഹം ചെയ്തതുകൊണ്ട് ശിക്ഷിക്കപ്പെടാനും പാടില്ല. 2. സര്‍ക്കാര്‍ അധികാരികള്‍ക്കു മുമ്പില്‍ രജിസ്റ്റര്‍ ചെയ്ത വിവാഹം മാത്രമേ സാധുവായി അംഗീകരിക്കപ്പെടുകയുള്ളൂ. അല്ലാത്തവ അസാധുവായി തള്ളപ്പെടും. ഇത് ഇസ്‌ലാമിക നിയമ പ്രകാരം ശരിയല്ല. ഒരു രക്ഷിതാവിന് തന്റെ കുട്ടിയെ ഖാദിയുടെ സാന്നിധ്യത്തില്‍ അനുയോജ്യരായ ആര്‍ക്കും വിവാഹം ചെയ്തുകൊടുക്കാം എന്നതാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. രജിസ്റ്റര്‍ ചെയ്‌തോ ഇല്ലയോ എന്നത് അവിടെ വിഷയമാകുന്നില്ല. 3. ഏക സിവില്‍ കോഡ് വന്നാല്‍ 18 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളെയും 21 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയെയും വിവാഹം കഴിക്കാന്‍ അനുവദിക്കില്ല. എന്നാല്‍, ഇസ്‌ലാമില്‍ വിവാഹത്തിന് പ്രത്യേകം കാല നിര്‍ണയമില്ല. ഈ നിര്‍ണിത പ്രായത്തിനു മുമ്പ് ഒരാള്‍ക്ക് വിവാഹം ചെയ്യേണ്ടിവന്നാലും അത് സാധുവാണെന്നാണ് ഇസ്‌ലാം പറയുന്നത്. 4. ഏകീകൃത നിയമം വന്നാല്‍ ഉഭയസമ്മതപ്രകാരമോ കോടതി വഴിയോ മാത്രമേ വിവാഹ മോചനം നടക്കുകയുള്ളൂ. എന്നാല്‍, ഇസ്‌ലാമില്‍ പൊറുക്കാനാവാത്തൊരു കാര്യം പുരുഷന്റെ ഭാഗത്തുനിന്നു കണ്ടാല്‍ അയാളെ ഉപേക്ഷിക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീക്കും അതേപോലെ അവളുടെ ഭാഗത്തുനിന്ന് കണ്ടാല്‍ അവളെ ഉപേക്ഷിക്കാനുള്ള സ്വാതന്ത്ര്യം പുരുഷനും ഉണ്ടാകുന്നതാണ്. 5. ഏകീകൃത സിവില്‍ നിയമമനുസരിച്ച് വിവാമോചിതക്ക് മുന്‍ ഭര്‍ത്താവ് ചെലവ് നല്‍കണം. എന്നാല്‍, ഇസ്‌ലാമിക ദൃഷ്ട്യാ വിവാഹമോചനത്തിലൂടെ അവര്‍ തമ്മിലുള്ള എല്ലാ ബന്ധവും മുറിയുന്നതിനാല്‍ അങ്ങനെയൊരു വിഷയം വരുന്നില്ല. 6. ഏകീകൃത സിവില്‍ നിയമത്തില്‍ വിവാഹമോചിത എത്ര തവണ വിവാഹമോചനം നടത്തിയാലും അന്യപുരുഷനെ വിവാഹം കഴിക്കാതെത്തന്നെ മുന്‍ഭര്‍ത്താവുമായി പുനര്‍വിവാഹം അനുവദിക്കപ്പെട്ടും. എന്നാല്‍, ഇസ്‌ലാമിന്റെ കാഴ്ച്ചപ്പാടില്‍ മൂന്നു തവണ വിവാഹമോചനം നടത്തിയാല്‍ പിന്നെ വീണ്ടും അവളെ വിവാഹം കഴിക്കാനുള്ള ചാന്‍സ് ഇസ്‌ലാം നല്‍കുന്നില്ല. വിവാഹമോചനത്തെ അവന്‍ തമാശയായിക്കണ്ടതിനാല്‍ പുനര്‍വിവാഹം വിലക്കി ഇസ്‌ലാം അവനെ ശിക്ഷിക്കുന്നു. എങ്കിലും ഒടുവിലത്തെ ഒരു ചാന്‍സ് എന്നോണം ശേഷം മറ്റൊരാളുടെ ഭാര്യയായി അവള്‍ ജീവിക്കുകയും അങ്ങനെ വിവാഹമോചിതയാവുകയും ചെയ്താല്‍ വേണമെങ്കില്‍ അവളെ വിവാഹം ചെയ്യല്‍ അനുവദനീയമാണെന്ന് ഇസ്‌ലാം പറയുന്നു. എന്നാല്‍, മുമ്പു പറഞ്ഞപോലെ യഥേഷ്ടം വിവാഹമോചനം കൊണ്ട് കളിക്കുന്നതിനെ ഇസ്‌ലാം വളരെ ഗൗരവമായി കാണുന്നു. 7. ദത്തുകുട്ടികള്‍ക്ക് അനന്തരാവകാശം നല്‍കേണ്ടി വരും. എന്നാല്‍, ദത്തുകുട്ടികളെയും സ്വന്തം രക്തത്തില്‍ പിറന്ന കുട്ടികളെയും അവകാശങ്ങളുടെ വിഷയത്തില്‍ രണ്ടായാണ് ഇസ്‌ലാം കാണുന്നത്. 8. ആണിനും പെണ്ണിനും മാതാപിതാക്കളുടെ സ്വത്തില്‍ തുല്യ അവകാശം നല്‍കേണ്ടിവരും. എന്നാല്‍, മറ്റു പല പരിഗണനകളും ഇസ്‌ലാം സ്ത്രീക്ക് നല്‍കുകയും പുരുഷന് അവളെ സംരക്ഷിക്കാനുള്ള അധികച്ചുമതല നല്‍കുകയും ചെയ്യുന്നതിനാല്‍ അവള്‍ക്ക് സ്വത്തിന്റെ പാതി നല്‍കാന്‍ മാത്രമേ ഇസ്‌ലാം നിര്‍ദേശിക്കുന്നുള്ളൂ. ഖുര്‍ആന്‍ തന്നെ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്. 9. ഇസ്‌ലാമില്‍ വ്യക്തിനിയമങ്ങള്‍ അവര്‍ മതവിധിയനുസരിച്ച് ചെയ്യേണ്ട കാര്യങ്ങളാണ്. ഇതില്‍ ഭരണകൂടത്തിനു ഇടപെടാന്‍ യാതൊരു അവകാശവുമില്ല. 10. ഇന്ത്യയില്‍ ഏക സിവില്‍ കോഡിനെക്കുറിച്ച കോലാഹലങ്ങള്‍ നടക്കുന്നത് മുസ്‌ലിംകളെ അടിച്ചൊതുക്കാനുള്ള ഹിന്ദുത്വ അജണ്ടയുടെ ഭാഗമായി മാത്രമാണ്. അല്ലാതെ അവരുടെ നിയമങ്ങളിലെ നന്മയോ തിന്മയോ നോക്കിയല്ല. മതവിഭാഗങ്ങള്‍ക്ക് സൈ്വരജീവിതം ഉറപ്പുനല്‍കുന്ന ഭരണഘടനയുള്ള ഇന്ത്യാരാജ്യത്ത് അത്തരം ധിക്കാരികളായ സ്വേച്ഛാധിപതികള്‍ക്ക് അടിയറവ് പറയേണ്ട ഒരാവശ്യവുമില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter