മുപ്പതുനാള്‍ നോമ്പുനോറ്റുകിട്ടിയിരിക്കുന്നു വീണ്ടും നമുക്കൊരു പെരുന്നാള്‍; റമദാന്റെ ഒസ്യത്ത് മാത്രമിനി മറക്കാതിരിക്കുക
AaoEidMilenSbKoEidMubarakമാനത്ത് പെരുന്നാള്‍ ചന്ദ്രിക പ്രത്യക്ഷമായാല്‍ ഈദുല്‍ ഫിത്വര്‍. നാടെങ്ങും ആഹ്ലാദത്തിന്റെ തക്ബീര്‍ മുഴങ്ങുകയായി. പുതുവസ്ത്രമണിഞ്ഞ് വിശ്വാസികള്‍ പ്രാര്‍ഥനക്ക് പുറപ്പെടുകയായി. പരസ്പര സ്‌നഹത്തിന്റെ ആശ്ലേഷങ്ങള്‍ അന്യോനം പകരുകയായി. ദൈവത്തിന്റെ സാക്ഷ്യവും വാഴ്ത്തും ഉരുവിടുന്നുണ്ട്, സ്‌നേഹത്തിന്റെ ഐശ്വര്യങ്ങളെ അണച്ചുകൂട്ടുന്നുണ്ട് ഹൃദയം. നന്മകളേറെയും മേന്മകളത്രയുമുള്ളോരു ജീവിതം നാമേറ്റുകഴിഞ്ഞിരിക്കുന്നു. പശ്ചാത്തപിച്ചും പ്രായശ്ചിത്തമര്‍പ്പിച്ചും ദൂരയും ദുര്‍നടപ്പുകളും നിറഞ്ഞ ജീവിതത്തിലേക്കിനി മടങ്ങില്ലെന്നാണ് നാം നാഥന് വാക്കുനല്‍കിയിരിക്കുന്നത്. റമദാന്റെ ഒസ്യത്ത് നാം മറക്കാതിരിക്കുക. എത്ര പെട്ടെന്നാണ് സുകൃതങ്ങളുടെ ഒട്ടേറെ ദിനരാത്രങ്ങള്‍ നമ്മെ കടന്നുപോയത്. റമദാന്‍ വന്നു, പോയി. ശരി; എന്ത് അത്ഭുതം സംഭവിച്ചു. നമ്മുടെ ജീവിതത്തിലേക്ക് നോക്കുമ്പോള്‍ ഒന്നും സംഭവിച്ചുകാണുന്നില്ല. കുറെ എന്തൊക്കെയോ നാം വെടിഞ്ഞിട്ടുണ്ട്. ചിലതെന്തൊക്കെയോ നാം വര്‍ജിച്ചിട്ടുണ്ട്. പ്രിയപ്പെട്ട പലതും നാം ദൈവപ്രീതിക്കായി പരിത്യജിച്ചിട്ടുണ്ട്. പക്ഷെ, തിരസ്‌ക്കാരത്തിന്റെ അതേ അളവിലും വേഗത്തിലും അവ വീണ്ടും എടുത്തണിയാന്‍ വെമ്പുന്നില്ലേ നമ്മുടെ മനസ്സ് ? അങ്ങനെയെങ്കില്‍ റമദാന്റെ ആത്മാവ് തൊട്ടറിയാനുള്ള സംവേദനക്ഷമത നമ്മുടെ ആത്മാവിനുണ്ടായില്ല എന്നു തന്നെ നാം തിരിച്ചറിയണം. നമ്മെക്കുറിച്ചു തന്നെയായിരുന്നു റസൂല്‍ ദീര്‍ഘദര്‍ശനം ചെയ്തതെന്ന് നമുക്ക സമ്മതിക്കാതെ തരമില്ല. 'എത്രയെത്ര വ്രതമനുഷ്ഠിക്കുന്നവരാണ്. അവര്‍ക്കു പക്ഷെ, അവരുടെ വിശപ്പും ദാഹവുമേയുള്ളൂ.' വ്രതം ഒരു പരിശീലനമായിരുന്നു. റമദാന്‍ പരിശീലനക്കളരിയുമായിരുന്നു. വിശ്വാസിയുടെ വാളും പരിചയുമായിത്തീരേണ്ടതുണ്ട് റമദാന്‍. മാനവികതയുടെ വൈയക്തികവും സാമൂഹികവുമായ ഉപരിമാനങ്ങളിലേക്ക് വിശ്വാസിസമൂഹത്തെ നയിക്കാന്‍ റമദാന് കഴിയും, കഴിഞ്ഞിട്ടുണ്ട്. അത്ര ബ്രഹത്തും സമഗ്രവും സംസ്‌കാര പോഷകവുമാണ് റമദാന്റെ ഉള്ളടക്കങ്ങള്‍. ബദറിന്റെയും മക്കാവിജയത്തിന്റേയും മ്റ്റുമായ സമരമുഖങ്ങളും ജയഭേരികളും നമ്മെ പുനരാലോചിപ്പിക്കുന്നത് ആ വഴിയിലൂടെയാണ്. ലൈലത്തുല്‍ ഖദറിന്റെ സാക്ഷ്യവും ഖുര്‍ആന്റെ സാന്നിധ്യവും നമ്മെ വഴിനടത്തുന്നത് സാര്‍ഥകമായ ലക്ഷ്യങ്ങളിലേക്കാണ്. ചിന്തയെങ്കിലും ആ വഴിക്കു നടന്നാലേ നാളെ നമ്മുടെ ജീവിതവും അര്‍ഥപൂര്‍ണമായ ആരാധനയായി പരിണമിക്കുകയുള്ളൂ. വിശുദ്ധ ഖുര്‍ആന്റെ അവതരണമാണ് റമദാന്റെ യശസ്സേറ്റുന്നതെന്നു നാം പറയും. പക്ഷെ, ഖുര്‍ആന്‍ പഠനത്തിന്റെ വാതായനങ്ങള്‍ സമൂഹത്തിന് തുറന്നിടാനുള്ള ഉത്സാഹങ്ങള്‍ നമുക്കിപ്പോഴും വേണ്ടത്ര കൈവന്നിട്ടില്ല. പുണ്യങ്ങളുടെ അനവദ്യലബ്ദി തിരിച്ചറിഞ്ഞ വിശ്വാസികള്‍ ജീവിതത്തിന്റെ മഹിതമൂല്യങ്ങളെ അനുഭവിച്ചറിയാന്‍ ഇടയായിട്ടുണ്ട് നമദാനില്‍. പോരാത്തതിന് സ്വര്‍ഗവാതിലുകള്‍ മലര്‍ക്കെ തുറന്നും പിശാചുബന്ധങ്ങളുടെ കണ്ണികള്‍ പൊട്ടിച്ചും അവയെ ചങ്ങലകളില്‍ തളച്ചും നന്മയുടെ പക്ഷംചേരുന്നുണ്ട് അല്ലാഹു. വിത്തിറക്കുന്നവന് നല്ല വിള. അങ്ങനെയൊരു കാലമാണ് നമ്മെ കടന്നുപോയിരിക്കുന്നത്. റമദാനിലെ ആത്മീയോത്സവത്തിന്റെ പരിസമാപ്തിയാണ് പെരുന്നാളാഘോഷം. Eid-ul-Fitr-Prayerമര്‍ത്ത്യജന്മത്തിന്റെ വേരിലും തടിയിലും പൂവിലും കായിലും വിഷം നിറയുന്ന ഒരു നാളില്‍ ഇസ്#ലാമിലെ ആഘോഷങ്ങള്‍ കൊണ്ടാടുന്നതിനപ്പുറമുള്ള സാധ്യതകള്‍ ആരായുന്നുണ്ട്. മനുഷ്യന്റെ വിചാര വികാരങ്ങള്‍, കഷ്ടനഷ്ടങ്ങള്‍ എവിടെയും ഒന്നു തന്നെയും ഒരുപോലെ തന്നെയുമാണ്. ജീവസന്ധാരണത്തിന്റെ തിടുക്കങ്ങളില്‍ നിന്നും അലോസരങ്ങളില്‍ നിന്നുമൊഴിഞ്ഞ് ആഘോഷിക്കാനെടുക്കുന്ന ഒരു ദിനം ഉത്സവത്തിമര്‍പ്പിനായുളള ഒരവസരമായല്ല, ക്ഷേമാന്വേഷണങ്ങള്‍ക്കുള്ള ഒരപൂര്‍വ വേളയായാണ് നാം മാറ്റേണ്ടത്. സ്വന്തം ജീവിതത്തിന്റെ രണ്ടറ്റംമുട്ടിക്കാനുള്ള പരക്കംപാച്ചിലുകള്‍ക്കിടയില്‍ സ്വന്തം സഹോദരനോട് ഒന്നു പുഞ്ചിരിക്കാന്‍ പോലും നമുക്കിപ്പോള്‍ സമയം കിട്ടാറില്ല. വിശ്വാസികള്‍ വഞ്ചിതരാവാത്തവയത്രെ ആരോഗ്യവും ഒഴിവുവേളയും. മനുഷ്യജീവിതത്തിലിന്ന് സാര്‍വത്രികവും നിത്യവുമായി ഒന്നേയുള്ളൂ. അത് ദു:ഖമായിരിക്കുന്നു. അതുകൊണ്ട് ആഹ്ലാദപ്പെടാനും നമുക്കിപ്പോള്‍ വലിയ പ്രയത്‌നങ്ങള്‍ ആവശ്യമായിരിക്കുന്നു. വ്രതാനുഭവത്താല്‍ പവിത്രീകരിക്കപ്പെട്ട മെയ്യും മനസ്സുമായാണ് നാം സാധാരണ ജീവിതത്തിലേക്ക് കടക്കുന്നത്. ഓരോ ആത്മാവിനും സമ്പന്നമാകാനുള്ള ധര്‍മസാരങ്ങള്‍ നോമ്പുകാലം നല്‍കിയതാണ്. അനുഗ്രഹങ്ങളുടെയും അനുഭവങ്ങളുടെയും ഖനിയായിരുന്നു അത്. വിശ്വാസത്തെ ബലപ്പെടുത്തുന്ന ജീവിതശീലങ്ങളും മാതൃകകളുമാണ് നാമനുഭവിച്ചത്. അനുഭൂതികളുടെ അറുതിവരാത്ത പകലുകള്‍ കഴിഞ്ഞിരിക്കുന്നു. രാത്രികളിലേറ്റവും സുന്ദരമായ രാത്രി നാമറിഞ്ഞോ അറിയാതെയോ വന്നുപോയിരിക്കുന്നു. ഇനി കാത്തിരിപ്പാണ്. വ്രതശുദ്ധി വടിവാര്‍ന്ന ജീവിതത്തിന്റെ സൗന്ദര്യാരാമമായി വരുംവര്‍ഷം വന്നെത്തുന്ന റമദാനിന്റെ ചന്ദ്രക്കല കാത്തുള്ള നോക്കിനില്‍പ്പ്. ദിനരാത്രങ്ങള്‍ മുപ്പതോളം നോമ്പുനോറ്റിട്ടാണ് പെരുന്നാള്‍ കിട്ടുന്നത്. പെരുന്നാളിന്റെ ആഹ്ലാദങ്ങള്‍ക്ക് തീവ്രതനല്‍കുന്നതില്‍ നല്ലൊരു പങ്ക് ഈ കാത്തിരിപ്പിനുമുണ്ട്. കാത്തിരുന്ന് വിളയിച്ച ഒരാഹ്ലാദത്തിന്റെ പൂവിടല്‍ പെരുന്നാളിന് കൂടുതല്‍ നിറംകൊടുക്കുന്നുണ്ട്. റമദാന്റെ വഴിയില്‍ വിട്ടുനില്‍പുകള്‍ ശീലിച്ചവനെ പെരുന്നാള്‍ ജീവിതത്തിന്റെ പതിവിലേക്കുള്ള ക്ഷണങ്ങള്‍ കൊണ്ട് ഉന്മേഷപ്പെടുത്തുന്നു. ആസക്തികളെ, നാവിനെയും കണ്ണിനെയും കാതിനെയും അടക്കിനിര്‍ത്താന്‍ പഠിച്ച അവനിനി ഐഹിക ക്ഷേമത്തിനും പാരത്രിക മോക്ഷത്തിനുമുള്ള മോഹവും ജീവിതാകാംക്ഷയുമായി വീണ്ടും സാധാരണയിലേക്ക് പ്രവേശിക്കുന്നു. ഇത് പാപശിശിരങ്ങളിലേക്കുള്ള പുനപ്രവേശമല്ല, റമദാനിലൂടെ, ഉപാസനകളിലൂടെ കടന്നുപോയ അവന്‍ സാധാരണത്വത്തിലേക്കെത്തിപ്പെടുക മാത്രമാണ്. ആഘോഷങ്ങള്‍ ജനജീവിതത്തിന്റെ സൗന്ദര്യങ്ങളാണ്. സമൂഹങ്ങള്‍ക്കും മതങ്ങള്‍ക്കും ഉത്സവവേളകളുണ്ട്. പ്രകൃതി, തൊഴില്‍, അനുഷ്ഠാനങ്ങള്‍, വിശ്വാസങ്ങളൊക്കെ അവയുടെ പ്രത്യേക സാന്ദര്‍ഭികതയില്‍ ഉത്സവവേളകളൊരുക്കുന്നു. തുടരുന്ന ജീവിതക്ലേശങ്ങളുടെ മുഷിപ്പ് മാറ്റും ഇവയോരോന്നും. അവ സാമൂഹികതക്ക് പുതിയ തുടിപ്പ് നല്‍കുന്നു. ആഹ്ലാദത്തിന് പുതിയ പൊടിപ്പും തൊങ്ങലുകളും നല്‍കുന്നു. മനസ്സിന്റെയും ശരീരത്തിന്റെയും കൊതികള്‍ തീര്‍ക്കുന്നവയാണ് എല്ലാ മേളകളും. കാര്‍ണിവലുകള്‍ അവയുടെ വഴിതെറ്റിപ്പോയ രൂപങ്ങളായിരിക്കണം. ഇസ്#ലാമിലുമുണ്ട് രണ്ട് ഉത്സവദിനങ്ങള്‍; രണ്ട് പെരുന്നാളുകള്‍. ഭക്ഷണം പെരുന്നാളുകളിന്റെ ആകര്‍ഷണമായത് അതുവരേക്കുമുള്ള പകലുകളില്‍ അതില്‍ നിന്ന് വിട്ടുനിന്നുപോന്നതിന്റെ ഹേതുവാകണം. വിശപ്പുമാറിയാല്‍ പിന്നെ തിന്നില്ല, തിന്നാല്‍ പിന്നെ വിശപ്പുമില്ല നബിക്ക് എന്നൊരു ഹദീസ് കേട്ടിട്ടുണ്ട്. ആഹരിക്കുന്നതിന്റെ തത്ത്വശാസ്ത്രമായി മാറുമത് കൂടതലാലോചിച്ചാല്‍. 'വിശപ്പിനു വിഭവങ്ങള്‍ വെറുപ്പോളമശിച്ചാലും വിശിഷ്ട ഭോജ്യങ്ങള്‍ കാണ്‍കില്‍ കൊതിയാമാര്‍ക്കും' എന്നാണ്. പക്ഷെ, മനുഷ്യമനോഗതി, തീറ്റയെ പിടിച്ചുവെച്ച നോമ്പുതീരുന്നതോടെ വരുന്നതിനാലാകണം ഈദ് ആശംസ മിക്കവാറും തീറ്റയായിത്തീരുന്നു. പെരുന്നാള്‍ തീരുന്നതോടെ ദൃശ്യമാകുന്ന ജീവിതത്തിലേക്കുള്ള മടക്കവുമാകാം ഈ മൂക്കുമുട്ടേ തീറ്റയും തീറ്റിക്കലും. പെരുന്നാള്‍ പലതിനെയും വളര്‍ത്തുന്നു. അതിലൊന്ന് കച്ചവടത്തെയാണ്. നഗരങ്ങളില്‍ വ്യാപാരത്തകൃതി. പെരുന്നാളിനുള്ള വരവേല്‍പിന് ചില മുന്‍കരുതലുകളുമായി കുട്ടികളും മുതിര്‍ന്നവരും. എന്നാല്‍, എല്ലാം കച്ചവടത്തിനുള്ള ഉപായമായിമാറിയ ഒരു കാലത്ത് പെരുന്നാള്‍ അപഹരിക്കപ്പെട്ടുപോകുന്നുമുണ്ട്. വിപണി ഏറ്റെടുക്കുന്ന എല്ലാത്തിനും അതിന്റെ ജൈവികത നഷ്ടമാകുന്നു. ആദ്യം അതിന്റെ പൊലിമ കൂട്ടിക്കൂട്ടി വിപണി നമ്മെ ആശ്ചര്യപ്പെടുത്തും. നമ്മുടെ ചെറിയ പെരുന്നാള്‍ ഒരുപാട് വലുതായതില്‍ നാമഭിമാനിക്കും. പതുക്കെ അത് നമ്മുടേതല്ലാതാകും. നോമ്പുനോറ്റ് കിട്ടുന്ന പെരുന്നാള്‍ അങ്ങനെ ഇല്ലാതാവുന്നു. നിര്‍മലമായ ബാല്യത്തിന്റെ ചെപ്പില്‍ നിന്ന് ഇപ്പോഴും നിഷ്‌കളങ്കതയുടെ ഒരുല്ലാസപ്പകിട്ട് തിരികെ കൊണ്ടുവരാന്‍ പെരുന്നാളിനാകും. മുതിര്‍ന്നു പോയതു കൊണ്ട് ദുഷിച്ചുപോയ നമ്മുടെ ജീവിതത്തിനു മീതെ പെരുന്നാളിന്റെ ഓര്‍മകള്‍ക്ക് ഒരിടമുണ്ട്. മറവിയാണ് നമ്മെ കൂടെക്കൂടെ ഹതാശരാക്കുന്നത്. മറവിയുടെ വലുതാകുന്ന വന്‍കടലില്‍ നിന്ന് നല്ല ജീവിതത്തിന്റെ തീരരേഖകളെ കാക്കുന്നതിന് പെരുന്നാളിന്റെ ഓര്‍മകള്‍ മതി. ഓര്‍മയാണ് വെളിച്ചം. റമദാന്‍ തിരികെ വരുന്നതു വരെ ഇനി കാത്തിരിപ്പ്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter