പ്ലസ് വണ്‍ ഏകജാലക പ്രവേശം തിങ്കള്‍ മുതല്‍
 width=പ്ലസ് വണ്‍ ഏകജാലക പ്രവേശത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് പട്ടികയില്‍ പ്രവേശം ഉറപ്പാക്കിയത് 1.88 ലക്ഷം പേര്‍. 4.92 ലക്ഷം അപേക്ഷകരാണ് ആകെയുള്ളത്. 2,18,349 മെറിറ്റ് സീറ്റുകളില്‍ 1,88,475 എണ്ണത്തിലേക്കാണ് ആദ്യ അലോട്ട്മെന്‍റ് നടന്നത്. ആകെയുള്ള 3,35,400 ഹയര്‍സെക്കന്‍ഡറി സീറ്റുകളില്‍ സര്‍ക്കാര്‍ /എയ്ഡഡ് മേഖലകളിലെ 2,18,349 മെറിറ്റ് സീറ്റുകളിലേക്കാണ് ഏകജാലക സംവിധാനത്തിലൂടെ പ്രവേശം നടത്തുന്നത്. ബാക്കി സീറ്റുകള്‍ മാനേജ്മെന്‍റ്, കമ്യൂണിറ്റി, അണ്‍ എയ്ഡഡ് മേഖലകളിലാണ്. കഴിഞ്ഞ പത്തിന് പ്രസിദ്ധീകരിച്ച ട്രയല്‍ അലോട്ട്മെന്‍റ് പട്ടികയില്‍ നിന്ന് നേരിയ മാറ്റങ്ങളേ ഞായറാഴ്ച പ്രസിദ്ധീകരിച്ച ആദ്യ അലോട്ട്മെന്‍റ് പട്ടികയിലുള്ളൂ. അലോട്ട്മെന്‍റ് വിവരങ്ങള്‍ www.hscap.kerala.gov.in  വെബ്സൈറ്റില്‍ ലഭിക്കും. അലോട്ട്മെന്‍റ് ലഭിച്ചവര്‍ ബന്ധപ്പെട്ട സ്കൂളില്‍ ജൂണ്‍ 19ന് അഞ്ചിന് മുമ്പ് പ്രവേശം നേടണം. അലോട്ട്മെന്‍റ് ലഭിച്ചിട്ടും താല്‍കാലിക പ്രവേശം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള അലോട്ട്മെന്‍റില്‍ പരിഗണിക്കില്ല. ആദ്യ അലോട്ട്മെന്‍റില്‍ ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരം പ്രവേശം നേടണം. മറ്റ് ഓപ്ഷനുകളില്‍ അലോട്ട്മെന്‍റ് ലഭിക്കുന്നവര്‍ക്ക് ഇഷ്ടാനുസരണം താല്‍കാലിക പ്രവേശമോ സ്ഥിരംപ്രവേശമോ നേടാം. താല്‍കാലിക പ്രവേശനത്തിന് ഫീസ് അടയ്ക്കേണ്ടതില്ല. താല്‍കാലിക പ്രവേശം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രം റദ്ദാക്കാം. പ്രവേശം നേടുന്ന സ്കൂളിലാണ് ഇതിനുള്ള അപേക്ഷ നല്‍കേണ്ടത്. വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിച്ച സ്കൂളിലെയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങള്‍ പരിശോധിക്കാമെന്നും ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter