നെറ്റ് പരീക്ഷ: പുതിയ വിജ്ഞാപനമായി; ലക്ചര്‍ഷിപ്പ് 15 ശതമാനത്തിന് മാത്രം
നാഷണല്‍ എലിജബിലിറ്റി ടെസ്റ്റ്  (നെറ്റ്) പാസാകുന്നതിന് പുതുക്കിയ മാനദണ്ഡത്തെ കുറിച്ച് യു.ജി.സി വിജ്ഞാപനമിറക്കി. പുതിയ രീതി അനുസരിച്ച് പരീക്ഷയില്‍ മുന്നിലെത്തുന്ന 15 ശതമാനം പേര്‍ക്ക് മാത്രമാണ് ലക്ചര്‍ഷിപ്പ് ലഭിക്കുക. ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിന് വേണ്ടിയാണ് നിയന്ത്രണമെന്നാണ് യു.ജി.സിയുടെ വിശദീകരണം. പുതിയ മാനദണ്ഡം അനുസരിച്ച് നെറ്റ് പരീക്ഷ പാസാക്കുന്നതിനുള്ള കട്ട് ഓഫ് മാര്‍ക്ക് എത്രയെന്ന് മുന്‍കൂട്ടി അറിയാന്‍ സാധിക്കില്ല. പരീക്ഷയെഴുതുന്നവരുടെ പ്രകടനം അനുസരിച്ചായിരിക്കും കട്ട് ഓഫ് മാര്‍ക്ക് നിശ്ചയിക്കപ്പെടുക. ഈ മാനദണ്ഢം അടിസ്ഥാനമാക്കി കഴിഞ്ഞ പ്രാവശ്യം യു.ജി.സി നടത്തിയ ഫലപ്രഖ്യാപനം കോടതി ഇടപെട്ട് തിരുത്തേണ്ടി വന്ന സാഹചര്യത്തിലാണ് പരീക്ഷക്ക് തൊട്ടുമുമ്പ് ഇപ്രാവശ്യം കമ്മീഷന്‍ തദ്വിഷയകമായി വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. പുതിയ മാനദണ്ഡമനുസരിച്ച് മൂന്നു പേപ്പറുകളിലും മിനിമം മാര്‍ക്ക് നേടണം. ജനറല്‍ വിഭാഗത്തിന്  പേപ്പര്‍ ഒന്ന്, രണ്ട് എന്നിവയില്‍ 40 ശതമാനം, പേപ്പര്‍ മൂന്നില്‍ 50 ശതമാനം എന്നിങ്ങനെയാണ് മിനിമം മാര്‍ക്ക്. ഒ.ബി.സി, എസ്.സി/എസ്.ടി എന്നീ വിഭാഗങ്ങള്‍ക്ക് ഇത് യാഥാക്രമം 35 ശതമാനവും 45 ശതമാനവുമാണ്. മിനിമം മാര്‍ക്ക് കടമ്പ കടന്നവരില്‍ നിന്ന് മൂന്നുപേപ്പറിലും കൂടി ഏറ്റവും കുടുതല്‍ മാര്‍ക്ക് നേടിയവരുടെ സബ്ജക്റ്റ്, കാറ്റഗറി തിരിച്ച് ലിസ്റ്റ് തയാറാക്കി അതില്‍ മുന്നിലെത്തുന്ന 15 ശതമാനം പേര്‍ക്ക് ലക്ചര്‍ഷിപ്പ് യോഗ്യത നല്‍കും. ഇങ്ങനെ പാസായവരില്‍ നിന്ന് ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിന്  (ജെ.ആര്‍.എഫ്) അര്‍ഹതയുള്ളവരുടെ ലിസ്റ്റ് പ്രത്യേകമായി തയാറാക്കുമെന്നും യു.ജി.സി വിജ്ഞാപനത്തില്‍ വിശദീകരിക്കുന്നുണ്ട്. രാജ്യത്തുടനീളം 77 കേന്ദ്രങ്ങളിലായി ഇന്ന് (ഞായറാഴ്ച) നടന്ന പരീക്ഷക്ക് 7.8 ലക്ഷം വിദ്യാര്‍ഥികള്‍ റജിസ്റ്റര്‍ ചെയ്തിരുന്നു.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter