ഒന്നര ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ന്വൂനപക്ഷ സ്‌കോളര്‍ഷിപ്പ് ലഭിച്ചില്ല
  scolarshipചെറുവത്തൂര്‍: സ്‌കൂള്‍ അധികൃതര്‍ നല്‍കിയ വിവരങ്ങളിലെ പിശകിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഒന്നരലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ക്ക് ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് തുക ലഭിച്ചില്ല. 2014 15 വര്‍ഷത്തില്‍ 8,45465 കുട്ടികള്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായിരുന്നു. എന്നാല്‍ അപേക്ഷ സമര്‍പ്പിക്കുന്നവേളയില്‍ കുട്ടികളുടെ വിവരങ്ങള്‍ കൃത്യമായി അപ് ലോഡ് ചെയ്യാത്തതിനെ തുടര്‍ന്നാണ് ഇതില്‍ 1,55,895 വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് തുക ലഭിക്കാതെ പോയത്. ബാങ്ക് അക്കൗണ്ട് നമ്പറുകള്‍ നല്‍കിയതിലാണ് വ്യാപകമായ പിശകുകള്‍ സംഭവിച്ചിരിക്കുന്നത്. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് (അംഗീകൃതം) അഫിലിയേഷനുള്ള സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളിലെ ഒന്നു മുതല്‍ 10 വരെ കഌസുകളില്‍ പഠിക്കുന്ന മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്‌സി എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെട്ട കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. അപേക്ഷ നല്‍കുന്നവേളയില്‍ ദേശസാല്‍കൃത ബാങ്കുകളില്‍ അക്കൗണ്ട് നിലവിലുണ്ടെങ്കില്‍ അക്കൗണ്ട് നമ്പറും രേഖപ്പെടുത്തണമെന്ന് നിര്‍ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. സ്‌കോളര്‍ഷിപ്പിന് അര്‍ഹതനേടിയ കുട്ടികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷവും വിവരങ്ങള്‍ കൃത്യത വരുത്താന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയ കുട്ടികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കായിരുന്നു സ്‌കോളര്‍ഷിപ്പ് തുക എത്തിയത്. എന്നാല്‍ അര്‍ഹത നേടിയിട്ടും തങ്ങളുടെ കുട്ടികള്‍ക്ക് തുക ലഭിച്ചില്ലെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടു തുടങ്ങിയതോടെയാണ് വലിയൊരു വിഭാഗം കുട്ടികള്‍ക്ക് തുക ലഭിച്ചില്ലെന്ന കാര്യം ശ്രദ്ധയില്‍പെട്ടത്. ഇതേതുടര്‍ന്ന് വിവരങ്ങള്‍ തെറ്റായി നല്‍കിയ അധ്യാപകര്‍ക്കെതിരേ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടിക്കൊരുങ്ങിക്കഴിഞ്ഞു. സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട വെബ് സൈറ്റില്‍ വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയ കുട്ടികളുടെ പേര് പ്രസിദ്ധീകരിച്ചിരുന്നു. ആ സമയത്ത് തെറ്റ് തിരുത്തിയിരുന്നുവെന്നാണ് അധ്യാപകര്‍ പറയുന്നത്. എന്നാല്‍ എന്താണ് പിശകെന്ന് വ്യക്തമായി പറയാതെ വീണ്ടും വീണ്ടും വിവരങ്ങള്‍ തെറ്റാണെന്ന സന്ദേശങ്ങള്‍ മാത്രം അയച്ചു തങ്ങളെ ബന്ധപ്പെട്ടവര്‍ വിഷമിപ്പിക്കുകയാണെന്നും അധ്യാപകര്‍ പറയുന്നു. മുന്‍വര്‍ഷങ്ങളില്‍ വിദ്യാലയങ്ങളുടെ അക്കൗണ്ടിലേക്ക് തുക എത്തുകയും അത് കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് വിതരണം ചെയ്യുകയുമായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ ബാങ്ക് അക്കൗണ്ട് സംവിധാനം നിലവില്‍ വന്നതോടെയാണ് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായതെന്നും അധ്യാപകര്‍ പറയുന്നു.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter