ദാറുല്‍ ഹുദാ വിദ്യഭ്യാസ മോഡല്‍ രാജ്യവ്യാപകമാക്കും: ഹൈദരലി തങ്ങള്‍
sdhdfഹാംഗല്‍ (ഉത്തര കര്‍ണാടക): ദാറുല്‍ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ നാലാമത് കാമ്പസിനു ഉത്തര കര്‍ണാടകയിലെ ഹാവേരി ജില്ലയിലെ ഹാംഗലില്‍ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ശിലയിട്ടു. അരികുവത്കരിച്ചും അപരവത്കരിച്ചും കഴിയുന്ന ഇന്ത്യയിലെ മുസ്ലിം സമൂഹത്തിന്റെ സാമൂഹികവിദ്യാഭ്യാസ മുന്നേറ്റത്തിന് വിദ്യാഭ്യാസ വിപ്ലവം മാത്രമാണ് പരിഹാര മാര്‍ഗമെന്നും ഇതര സംസ്ഥാനങ്ങളില്‍ കാമ്പസുകള്‍ ആരംഭിക്കുന്നതിലൂടെ ദാറുല്‍ഹുദാ ലക്ഷ്യമാക്കുന്നത് കേരളത്തില്‍ സാധിച്ചെടുത്ത സാമൂഹികാന്തരീക്ഷം രാജ്യത്തുടനീളം വ്യാപിപ്പിക്കലാണെന്നും തങ്ങള്‍ പറഞ്ഞു. സെന്റര്‍ ശിലാസ്ഥാപന ചടങ്ങിനു ശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. മതപരമായും ഭൗതികപരമായും സകല വിദ്യാഭ്യാസ സൗകര്യങ്ങളും അനുകൂല സാമൂഹിക സാഹചര്യവുമാണ് കേരളത്തിലുള്ളത്. എന്നാല്‍ ഇതര സംസ്ഥാനങ്ങളില്‍ മുസ്ലിം ന്യൂനപക്ഷങ്ങളെ രാഷ്ട്രീയ ലാഭങ്ങള്‍ക്കു വേണ്ടി മാത്രം ഉപയോഗിച്ച് ശേഷം മത വര്‍ഗീയ ഇരുളാക്രമണങ്ങളുടെ ഇരയാക്കുന്ന പരിതാപകരമായ അവസ്ഥയാണ്. ഇതിനു പരിഹാരമായി അവരെ വിദ്യകൊണ്ട് പ്രബുദ്ധരാക്കുകയാണ് ദാറുല്‍ഹുദാ ഈ ദൗത്യത്തിലൂടെ ലക്ഷ്യമാക്കുന്നതെന്നും ദാറുല്‍ഹുദായുടെ വിദ്യാഭ്യാസ മോഡല്‍ രാജ്യ വ്യാപകമാക്കുമെന്നും തങ്ങള്‍ പറഞ്ഞു. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷത വഹിച്ചു. ഹാജി കെ. അബ്ദുല്‍ കരീം സിര്‍സി, ഹാജി കെ. മുനിര്‍ അഹമദ്,ഡോ. സഹീര്‍ അഹമദ്, കെ.എം സൈതലവി ഹാജി കോട്ടക്കല്‍, യു.ശാഫി ഹാജി ചെമ്മാട്, ഹംസ ഹാജി മൂന്നിയൂര്‍, അബ്ദുല്ല ഹാജി ഓമച്ചപ്പുഴ, റഫീഖ് മാസ്റ്റര്‍ മംഗലാപുരം, ഉമറുല്‍ ഫാറൂഖ് മദനി, കോട്ടക്കല്‍ നഗരസഭ ചെയര്‍മാന്‍ കെ.കെ അബ്ദുല്‍ നാസര്‍, ഡോ. കെ.ടി ജാബിര്‍ ഹുദവി, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് പങ്കെടുത്തു. ദാറുല്‍ഹുദാ സര്‍വകലാശാലയുടെ നാഷണല്‍ പ്രൊജക്ടിന്റെ ഭാഗമായാണ് ഇതര സംസ്ഥാനങ്ങളില്‍ ഓഫ് കാമ്പസുകള്‍ സ്ഥാപിക്കുന്നത്. നിലവില്‍ സീമാന്ധ്രയിലെ പുങ്കനൂര്‍, പശ്ചിമ ബംഗാളിലെ ഭീര്‍ഭൂം ജില്ലയിലെ ഭീംപൂരിലും ആസാമിലെ ബൈശയിലും ദാറുല്‍ഹുദായുടെ കാമ്പസുകളും മുംബൈ, കര്‍ണാടകയിലെ കാശിപ്ടണ, മാടന്നൂര്‍ എന്നിവിടങ്ങളില്‍ അഫിലിയേറ്റഡ് കോളജുകളും പ്രവര്‍ത്തിക്കുന്നുണ്ട്. വ്യവസായ പ്രമുഖനും ദീനിതല്‍പരനുമായ വ്യക്തി ദാനമായി നല്‍കിയ 6.14 ഏക്കര്‍ സ്ഥലത്താണ് കാമ്പസ് ആരംഭിക്കുന്നത്. അടുത്ത അധ്യയന വര്‍ഷം തന്നെ താത്കാലിക കെട്ടിടത്തില്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് വാഴ്സിറ്റിയുടെ തീരുമാനം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter