ഇസ്രായേല്‍ ആക്രമണത്തില്‍ 8 ലക്ഷത്തോളം ഫലസ്തീനികള്‍ റഫയില്‍ നിന്നും പലായനം ചെയ്തുവെന്ന് യു.എൻ

ഇസ്രായേല്‍ ആക്രമണം തുടങ്ങിയതിന് ശേഷം എട്ട് ലക്ഷത്തോളം ഫലസ്തീനികള്‍ റഫയില്‍ നിന്നും പലായനം ചെയ്തുവെന്ന് യു.എൻ.ഫലസ്തീൻ അഭയാർഥികള്‍ക്ക് വേണ്ടിയുള്ള യു.എൻ ഏജൻസിയുടെ തലവൻ ഫിലിപ്പ് ലാസറിനിയാണ് ഇക്കാര്യം അറിയിച്ചത്. നിരവധി ഫലസ്തീനികള്‍ ഇപ്പോഴും പ്രദേശത്ത് നിന്ന് പലായനം ചെയ്യുകയാണെന്ന് അദ്ദേഹം അറിയിച്ചു.
ഗസ്സയില്‍ യുദ്ധം തുടങ്ങിയതിന് ശേഷം നിരവധി തവണ പലായനം ചെയ്യാൻ ഫലസ്തീനികള്‍ നിർബന്ധിതരായി. എന്നാല്‍, താമസത്തിനായി സുരക്ഷിതമായ ഒരു സ്ഥലം കണ്ടെത്താൻ അവർക്ക് ഇനിയും സാധിച്ചിട്ടില്ല. യു.എന്നിന്റെ അഭയകേന്ദ്രങ്ങളില്‍ പോലും അവർ സുരക്ഷിതരല്ലെന്നും ലാസറിനി പറഞ്ഞു.
ഒരു സുരക്ഷയുമില്ലാതെയാണ് ഫലസ്തീനികള്‍ പലായനം നടത്തുന്നത്. കുറച്ച്‌ സാധനങ്ങള്‍ മാത്രമെടുത്ത് യാത്ര തിരിക്കേണ്ട അവസ്ഥയിലാണ് അവർ. ഓരോ തവണ പലായനം നടത്തുമ്പോഴും ചില സാധനങ്ങളെങ്കിലും ഉപേക്ഷിക്കാൻ അവർ നിർബന്ധിതരാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഗസ്സയിലേക്ക് സഹായവസ്തുക്കെളത്തിക്കാൻ അമേരിക്ക താല്‍ക്കാലിക കടല്‍പാലം നിർമിച്ചിട്ടുണ്ട്. എന്നാല്‍, ഫലസ്തീൻ നിയന്ത്രണത്തില്‍ അതിർത്തിവഴി കരമാർഗമുള്ള സഹായത്തിന് ഇത് പകരമാവില്ലെന്നും ഗസ്സയില്‍ വിദേശ സൈനികസാന്നിധ്യം അനുവദിക്കാനാവില്ലെന്നും ഹമാസ് നിലപാടെടുത്തു. ഇസ്രായേല്‍ സൈനികർ ഗസ്സയില്‍ തുടരുന്നിടത്തോളം ഏതു രൂപത്തിലും തിരിച്ചടി പ്രതീക്ഷിക്കാമെന്നും ഹമാസ് മുന്നറിയിപ്പ് നല്‍കി. കടല്‍പാലം വഴി പ്രതിദിനം 150 ലോഡ് സഹായവസ്തുക്കള്‍ എത്തിക്കാനാണ് യു.എസ് പദ്ധതി. റഫ അതിർത്തി ഇസ്രായേല്‍ പിടിച്ചതിനെ തുടർന്ന് ട്രക്കുകളുടെ നീക്കം മുടങ്ങിയതോടെയാണ് യു.എസ് ബദല്‍ വഴി തേടിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter