സുഡാന് പിന്നാലെ, നൈജറിലും സെനഗലിലും അശാന്തിയുടെ കാര്‍മേഘങ്ങള്‍
ആഫ്രിക്കൻ രാജ്യങ്ങളാണ് ഈ വാരത്തിലെ മുസ്‍ലിം ലോക വിശേഷങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. രാഷ്രീയ പ്രതിസന്ധികളും അരാജകത്വവും ജനദുരിതങ്ങളും തീർത്ത സങ്കീർണ അവസ്ഥാ വിശേഷമാണ് അധിക ആഫ്രിക്കൻ രാജ്യങ്ങളിലും ഇന്ന് നിലനിൽക്കുന്നത്. നൈജറിലെ പട്ടാള അട്ടിമറിയും സെനഗലിലെ പ്രക്ഷോഭവും തുണീഷ്യയിലെ മാനുഷിക പ്രതിസന്ധിയും ലെബനാനിലെ പലസ്തീൻ സായുധ സംഘങ്ങൾക്കിടയിൽ നടന്ന ഏറ്റുമുട്ടലുമാണ് ഈ ആഴ്ച്ചയിലെ മുസ്‍ലിം ലോകത്തു നിന്നുള്ള പ്രധാന വിശേഷങ്ങൾ.
സുഡാൻ വഴിയേ നൈജറും
സുഡാനിലെ രാഷ്ട്രീയ പ്രതിസന്ധി അയവില്ലാതെ തുടർന്നുകൊണ്ടിരുക്കുകയാണ്. ഇതിനിടെയാണ് മറ്റൊരു ആഫ്രിക്കൻ രാജ്യമായ നൈജറിലും സംഘർഷങ്ങൾ ആരംഭിക്കുന്നത്. മുഹമ്മദ് ബസൗമിന്റെ നേതൃത്വത്തിലുള്ള സർക്കാറിനെ സൈന്യം അട്ടിമറിച്ചതാണ് ആഫ്രിക്കൻ രാഷ്ട്രീയ ഭൂമികയെ മാറ്റിമാറിക്കാൻ പോന്ന പുതിയ സംഭവം. ഫ്രാൻസിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം സമാധാനപരമായി നിലവിൽ വന്ന നൈജറിലെ ആദ്യ ഭരണകൂടമായിരുന്നു മുഹമ്മദ് ബസൗമിന്റെ പാശ്ചാത്യ പിന്തുണയോടെ അധികാരത്തിലേറിയ ഗവണ്മെന്റ്. വിവിധങ്ങളായ സുരക്ഷാ വെല്ലുവിളികളും ഇസ്‍ലാമിക് സ്റ്റേറ്റും അൽ ഖായിദയും പോലോത്ത ഭീകര സംഘടനകൾ സൃഷ്ടിച്ച ആഭ്യന്തര കുഴപ്പങ്ങളുമാണ് നിലവിൽ നൈജറ് നേരിടുന്ന പ്രധാന വെല്ലുവിളി. കാലങ്ങളായി വിശപ്പും ദാരിദ്ര്യവും സംഘർഷങ്ങളും അഴിമതിയും തുടങ്ങി ഒട്ടനവധി പ്രശ്നങ്ങളിൽ പെട്ട് വലഞ്ഞിരിക്കുകയാണ് നൈജർ ജനത.
ഈ പൊതുവികാരത്തെ മാനിച്ചുകൊണ്ടും ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയാത്ത ഭരണകൂടത്തിനെതിരെയുള്ള ജനകീയ പോരാട്ടം എന്ന നിലയിലുമാണ് അട്ടിമറി നടത്തിയതെന്ന ന്യായീകരണമാണ് സൈന്യം ഉന്നയിക്കുന്നത്. ദീർഘ കാലം ഫ്രാൻസിന്റെ കോളനിയായിരുന്ന പ്രദേശമായിരുന്നു നൈജർ. നിലവിലെ ഭരണകൂടത്തിന് ഫ്രാൻസും അമേരിക്കയും യൂറോപ്യൻ യുണിയനുമടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുടെ പൂർണ പിന്തുണയുണ്ട്. അതിന്റെ പിന്നിലാകട്ടെ പലവിധ കാരണങ്ങളുമുണ്ട്. അട്ടിമറി നടന്നയുടൻ ഫ്രാൻസിന്റെ സൈനിക വിമാനങ്ങൾ നൈജറിൽ പറന്നിറങ്ങിയിരുന്നു. ഇത് ഫ്രാൻസിന്റെ കീഴിലുള്ള ഒരു സൈനിക നീക്കത്തിന്റെ സൂചനയായി തോന്നിപ്പിക്കുകയും ചെയ്തു. എന്നാൽ നൈജറിന്റെ അയൽ രാജ്യങ്ങളായ ബുർകിനാ ഫാസോയും മാലിയും ഫ്രാൻസിന്റെയും പാശ്ചാത്യ രാജ്യങ്ങളുടെയും സൈനിക നീക്കങ്ങളെ ഒരു തരത്തിലും അനുവദിക്കില്ല എന്ന മട്ടിൽ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. നിലവില്‍ ഇരു രാജ്യങ്ങളിലും റഷ്യൻ അനുകൂലികളായ സൈനിക ഭരണമാണ് ഉള്ളത്.
ആഫ്രിക്കൻ യൂണിയനും പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ECOWAS ഉം നൈജറിലെ പട്ടാള അട്ടിമറിയെ ശക്തമായി വിമർശിക്കുകയും ജനായത്ത ഭരണം എത്രയും പെട്ടെന്ന് പുനസ്ഥാപിച്ചില്ലെങ്കിൽ വേണ്ട നടപടികൾ കൈകൊള്ളുമെന്നും ശക്തമായി മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. പലവിധ കാരണങ്ങൾ കൊണ്ടും വളരെ തന്ത്രപ്രധാനമായ രാജ്യമാണ് നൈജർ. ആണവ റിയാക്ടറുകൾ പ്രവർത്തിക്കാൻ ആവശ്യമായ യുറേനിയത്തിന്റെ ഉത്പാദനത്തിൽ ആഗോള തലത്തിൽ എട്ടാം സ്ഥാനത്താണ് നൈജർ. നിലവിൽ യൂറോപ്യൻ യുണിയനും ഫ്രാൻസിനുമെല്ലാം യുറേനിയം കയറ്റുമതിയുമായി ബന്ധപ്പെട്ട് നൈജറുമായി കരാർ പങ്കാളിത്തമുണ്ട്. അത്കൊണ്ട് തന്നെ പട്ടാള അട്ടിമറിയിൽ ഫ്രാൻസിന്റെയും മറ്റു യൂറോപ്യൻ രാജ്യങ്ങളുടെയും എറ്റവും വലിയ ആശങ്ക തങ്ങളുടെ യുറേനിയം പദ്ധതി അവതാളത്തിലാകുമോ എന്നതാണ്. കാരണം നിലവിലുണ്ടായിരുന്ന ഫ്രാൻസനുകൂല ഗവണ്മെന്റ് മാറി പട്ടാളം അധികാരത്തിലേറിയത് ജനങ്ങൾക്കിടയിലെ ഫ്രാൻസ് വിരുദ്ധ വികാരം മുതലെടുത്തു കൂടിയാണ്. കൂടാതെ റഷ്യയെ അനുകൂലിച്ചുള്ള മാലിയിലെയും ബുർക്കിനാ ഫാസോയിലെയും നൈജറിലെയും സൈനിക നേതാക്കളുടെ പ്രസ്താവനകളും റഷ്യൻ സ്വകാര്യ മിലിറ്ററിയായ വാഗ്നർ ഗ്രൂപ്പിന്റെ നൈജറിലെ അട്ടിമറി നടത്തിയ പട്ടാളക്കാരെ പുകഴ്ത്തിയുള്ള പ്രസ്താവനയും പാശ്ചാത്യ രാജ്യങ്ങളുടെ നെഞ്ചിടിപ്പ് കൂട്ടിയിട്ടുണ്ട്. പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിൽ വാഗ്നർ ഗ്രൂപ്പിന്റെ സ്വാധീനം സമീപകാലങ്ങളായി വളർന്നു വരുന്നുണ്ട്.
ലബനാനിലെ ഫലസ്തീനിയൻ കലഹം
എണ്പതിനായിരത്തോളം പേർ താമസിക്കുന്ന ലെബനാനിലെ എറ്റവും വലിയ അഭയാർത്ഥി ക്യാമ്പാണ് ഐൻ അൽ ഹിൽവെയിൽ സ്ഥിതി ചെയ്യുന്ന ഫലസ്തീൻ അഭയാർത്ഥി ക്യാമ്പ്. വിവിധ ഫലസ്തീൻ പോരാട്ട സായുധ സംഘങ്ങളും പ്രാദേശിക ഗ്രൂപ്പുകളുമാണ് ക്യാമ്പ് നിയന്ത്രിക്കുന്നത്. ഇവർക്കിടയിലെ പുകഞ്ഞുപൊന്തിയ അസ്വരാസ്യങ്ങൾ ശക്തമായ എറ്റുമുട്ടലുകളിൽ കലാശിക്കുകയുണ്ടായി. ശനിയാഴ്ച്ച ആരംഭിച്ച സംഘർഷത്തിൽ ഇതുവരെ പതിനൊന്ന് പേർ മരിക്കുകയും നാൽപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ക്യാമ്പിലെ സുരക്ഷാ ചുമതലയുള്ള അൽ ഫതഹും ലെബനാനിലെ ഫതഹിന്റെ പ്രാദേശിക എതിരാളികളായ സംഘങ്ങളുമാണ് ഒരുപാട് കുടുംബങ്ങൾ മാറിപ്പാർക്കാൻ വരെ ഇടവന്ന സംഘർഷത്തിന്റെ കാരണക്കാർ. ഫതഹിന്റെ പ്രാദേശിക എതിരാളികളായ ഒരു സംഘത്തിന്റെ തലവനെതിരെയുള്ള വധശ്രമത്തോടെയാണ് സംഘർഷങ്ങൾ ആരംഭിക്കുന്നത്. ഞായറാഴ്ച്ച ദിവസം ക്യാമ്പിലെ ഫതഹിന്റെ നേതാവായിരുന്ന അബൂ ശരീഫ് അർമൗഷിയും നാല് അനുഭാവികളും പ്രാദേശിക സംഘങ്ങളാൽ കൊല്ലപ്പെട്ടതോടെ സംഘർഷം മൂർച്ചിക്കുകയായിരുന്നു. ക്യാമ്പിലെ സുരക്ഷ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് ഫതഹാണ്. അമൽ മൂവ്മെന്റിന്റെയും ലെബനാനിലെ പ്രമുഖ സായുധ വിഭാഗമായ ഹിസ്ബുള്ളയുടെയും കീഴില്‍ മദ്ധ്യസ്ഥ ശ്രമങ്ങൾ നടത്തുകയും വെടിനിർത്തൽ കരാറുകൾ ആവിഷ്കരിക്കപ്പെടുകയും ചെയ്തെങ്കിലും കൃത്യമായി പാലിക്കപ്പെട്ടിട്ടില്ല. എങ്കിലും ആക്രമണങ്ങളിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്.
തുണീഷ്യയിലെ മാനുഷിക ചോദ്യങ്ങൾ
തുണീഷ്യയിലെ രാഷ്ട്രീയ പ്രതിസന്ധി മാസങ്ങളായി മിഡിൽ ഈസ്റ്റ് വാർത്തകളിലെ സ്ഥിരം ചർച്ചാവിഷയമാണ്. ഖൈസ് സയീദിന്റെ ഭരണകൂടത്തിനെതിരെ രാഷ്ട്രീയമായും സാമൂഹികമായും നിരവധി പ്രശ്നങ്ങൾ നിലവിൽ ഉന്നയിക്കപ്പെടുന്നുണ്ട്. എന്നാൽ പുതിയതായി തുണീഷ്യൻ ഭരണകൂടത്തിനെതിരെ പുറത്തു വരുന്നത് അതീവ ഗൗരവതരമായ മാനുഷിക പ്രശ്നമാണ്.
സബ് സഹാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും വരുന്ന അഭയാർത്ഥികൾ യുറോപ്പിലേക്കും ഏഷ്യയിലേക്കും മെഡിറ്റേറിയൻ രാജ്യങ്ങളിലേക്കും അഭയം തേടിയുള്ള സഞ്ചാരം പ്രധാനമായും ഉത്തരാഫ്രിക്കൻ രാജ്യമായ തുണീഷ്യയിലൂടെ കടന്നാണ്. തുണീഷ്യയിലെ പ്രശസ്തമായ അഭയാർത്ഥി ചെക്ക്പോയന്റാണ് തുണീഷ്യ ലിബിയ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന അൽ അസ്സാഹ്. നാൽപത് ഡിഗ്രിക്ക് മുകളിൽ ചൂടേറിയ ഈ മരുഭൂമിയിലെ ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ച നിലയിൽ നൂറുകണക്കിന് സബ്സഹാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും വന്ന അഭയാർത്ഥികളെ അവശരായ നിലയിൽ ലിബിയൻ സുരക്ഷ സംഘം കണ്ടെത്തുകയായിരുന്നു. ഇവരിൽ പലരും ദാഹജലം ലഭിക്കാതെയും ഭക്ഷണം കണ്ടെത്തനാവാതെയും വിശന്ന് മരുഭൂമിയിൽ തളർന്നു കിടക്കുന്ന അവസ്ഥയിലായിരുന്നു കണ്ടെത്തപ്പെട്ടത്. ചൂടേറിയ ഈ മരുപ്രദേശം അഭയാർത്ഥികളുടെ യാതനകളുടെ ഓർമകൾകൊണ്ട് സമ്പന്നമാണ്. തുണീഷ്യൻ പ്രസിഡന്റ് ഖൈസ് സയീദ് കറുത്തവർഗക്കാർക്കെതിരെയുള്ള വംശീയ പരാമർശത്തിൽ വിവാദത്തിലകപ്പെട്ട് കൂടുതൽ കാലങ്ങളായിട്ടില്ല. ഇതിനിടെയാണ് ഖൈസ് സയീദിന്റെ ഭരണകൂടം സബ്സഹാറൻ ആഫ്രിക്കയിൽ നിന്നും വരുന്ന അഭയാർത്ഥികളോട് കാണിച്ച മനുഷ്യത്വരഹിതമായ സമീപനത്തിന്റെ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇതിനെ തുടർന്ന് പ്രമുഖ പോപ് ഗായകനായ ഗിംസ് തുണീഷ്യയിൽ മുമ്പ് തീരുമാനിച്ചിരുന്ന പരിപാടിയിൽ നിന്ന് പിന്മാറുകയും ചെയ്തു.
പ്രക്ഷുബ്ധമാകുന്ന സെനഗൽ
നൈജറിനു പുറമെ, മറ്റൊരു പടിഞ്ഞാറാഫ്രിക്കൻ രാജ്യമായ സെനഗലും ശക്തമായ രാഷ്ട്രീയ പ്രതിസന്ധി നേരിടുകയാണ്. പ്രക്ഷുബ്ധമായ സമരങ്ങൾക്കാണ് ദിവസങ്ങളായി സെനഗൽ സാക്ഷ്യം വഹിക്കുന്നത്. സെനഗലിലെ പ്രമുഖ പ്രതിപക്ഷ നേതാവായ ഉസ്മാൻ സൊങ്കോവിനെ അറസ്റ്റ് ചെയ്തതോടെയാണ് പ്രശ്നങ്ങൾ കലുഷിതമാകുന്നത്. ഭരണകൂടത്തിനെതിരെ ആക്രമത്തിന് ആഹ്വാനം നൽകിയെന്നും മറ്റുമാണ് അദ്ദേഹത്തിന്റെ അറസ്സിനു പിന്നാലെ ഭരണകൂടം കൊണ്ടു വന്ന ന്യായീകരണം. കൂടാതെ സൊങ്കോവിന്റെ പാർട്ടിയും സെനഗലിലെ മുഖ്യപ്രതിപക്ഷ പാർട്ടിയുമായ PACEF നെ നിരോധിച്ചും ഭരണകൂടം ഉത്തരവ് പുറപ്പെടുവിക്കുകയണ്ടായി. സെനഗൽ രാഷ്ട്രീയത്തിലെ അതികായനായ രാഷ്ട്രീയക്കാരിൽ ഒരാളാണ് ഉസ്മാൻ സൊങ്കോ.
Leave A Comment