തൊഴിലാളിക്ക് പ്രവാചകന്‍ പകര്‍ന്ന പാഠങ്ങള്‍

പശിയടക്കാന്‍ വകയില്ലാതെ പരിഹാരം തേടി തന്നെ സമീപ്പിച്ച ദരിദ്രനായൊരു അനുചരന് മഴു വാങ്ങിക്കൊടുത്ത് പ്രവാചകന്‍ പറഞ്ഞു: 'ഇനി കാട്ടില്‍ പോയി ഇതുകൊണ്ട് മരം വെട്ടി നീ ജീവിക്കുക.' പിന്നീട് അയാള്‍ ഒരു തൊഴിലാളിയായി ജീവിച്ച് തന്റെ കുടുംബത്തിന്റെ നില മെച്ചപ്പെടുത്തി.

പ്രവാചക ജീവിതത്തില്‍ ഇതുപോലെയുള്ള വിവിധ സംഭവങ്ങള്‍ കാണാം. യാചനയെ നിരുത്സാഹപ്പെടുത്തുകയും സ്വയം അധ്വാനിച്ച് ജീവിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വിവിധ സംഭവങ്ങള്‍. അധ്വാനത്തിന്റെ പ്രാധാന്യവും മഹത്വവും പഠിപ്പിക്കുകയായിരുന്നു പ്രവാചകന്‍ ഇത്തരം സമീപനങ്ങളിലൂടെ. 

മറ്റുള്ളവരുടെ കനിവ് പറ്റി, അവരിടെ ആശ്രിതരായി കഴിയുന്നതിനെക്കാള്‍ സ്വയം അധ്വാനിച്ചുണ്ടാക്കിയതില്‍നിന്നും ഭക്ഷിച്ച് അഭിമാനത്തോടെ ജീവിക്കുന്നവനാണ് വിശ്വാസി. സ്വയം അധ്വാനിച്ചുണ്ടാക്കിയതാണ് ഏറ്റവു നല്ല സമ്പാദ്യമെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. 

ആട് മേക്കുക്ക, കൃഷി നടത്തുക, കൃഷി നനക്കുക പോലുള്ള ജോലികള്‍ ധാരാളമായി പ്രവാചകരുടെ കാലത്ത് ഉണ്ടായിരുന്നു. വലിയ പ്രോത്സാഹനമാണ് പ്രവാചകന്‍ ഇതിനെല്ലാം നല്‍കിയിരുന്നത് എന്നു കാണാം. ഭൂമി തരിശായി ഉപേക്ഷിച്ചിടുന്നതിനു പകരം കൃഷിയോഗ്യമാക്കി ഉപയോഗപ്പെടുത്താന്‍ ആഹ്വാനം ചെയ്യുന്ന ധാരാളം ഹദീസുകളുണ്ട്. കൃഷി ചെയ്യുന്നതിന്റെ മഹത്വവും പ്രതിഫലവും പ്രവാചകന്‍ പലയിടങ്ങളിലായി ഊന്നിയൂന്നിപ്പറയുന്നു. അന്ത്യനാള്‍ ആസന്നമായ സമയത്ത് ഒരാളുടെ കൈയില്‍ ഒരു ചെടിയുണ്ടെങ്കില്‍ ആദ്യം അത് നടട്ടെ എന്നാണ് പ്രവാചകന്‍ പഠിപ്പിക്കുന്നത്. ഒരാള്‍ ഒരു ചെടി നടുകയും അതില്‍നിന്നും പക്ഷി-മൃഗാതികള്‍ ഭക്ഷിക്കുകയും ചെയ്താല്‍ അതില്‍ അവന് പ്രതിഫലമുണ്ടെന്നും പ്രവാചകന്‍ പഠിപ്പിക്കുന്നു.

തൊഴിലിന്റെയും തൊഴില്‍ നല്‍കുന്നവന്റെയും പ്രധാന്യം മാത്രമല്ല പ്രവാചകന്‍ സംസാരിക്കുന്നത്. തൊഴില്‍ ചെയ്യുന്നവരുടെ മഹത്വവും അവകാശവും വളരെ പ്രാധാന്യത്തോടെ പുണ്യനബി എടുത്തുപറയുന്നത് കാണാം. മുതലാളിയുടെ അതേ അവകാശം തൊഴിലാളിക്കുമുണ്ടെന്ന് അവര്‍ പറയുന്നു. പണിയെടുപ്പിച്ച് അര്‍ഹിച്ച വേതനം നല്‍കാതെ ബുദ്ധിമുട്ടാക്കുന്നതിനെ വളരെ ശക്തമായ ഭാഷയിലാണ് പ്രവാചകന്‍ താക്കീത് നല്‍കിയിരിക്കുന്നത്. 

തൊഴിലാളിക്ക് വിയര്‍പ്പ് വറ്റുന്നതിനു മുമ്പ് വേതനം നല്‍കാന്‍ ഇസ്‌ലാം പറയുന്നു. ചൂഷണം, കൊള്ള, കൊള്ളിവെപ്പ് പോലെയുള്ള ദുര്‍വൃത്തികളെ ശക്തമായ ഭാഷയില്‍ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. തൊഴില്‍ മേഖലയില്‍ സത്യസന്ധതയും സുതാര്യതയും നിലനിര്‍ത്തണമെന്നാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. ഒരാളും സാമ്പത്തികമായി ചൂഷണം ചെയ്യപ്പെടുകയോ നിഷിദ്ധമായ മാര്‍ഗത്തില്‍ പണം സമ്പാദിക്കുകയോ ചെയ്യാന്‍ പാടില്ല. മാന്യമായ വിലയും നിലയും കല്‍പിക്കപ്പെടണം ഓരോ തൊഴിലാളിയും. പണം ഒരാളുടെയും സ്ഥാനമാപിനിയല്ല. തഖ് വയും ദൈവഭക്തിയുമാണ് അല്ലാഹുവിന്റെ അടുത്ത് ഒരാളെ ഉന്നമനാക്കുന്ന പ്രധാന ഘടകം. 

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter