അയോധ്യാ കോളനിയുള്ള നാട്ടില്‍ ഗാസാ സ്ട്രീറ്റ് വരുന്നത് ഭീകരതയാണോ?!

കാസര്‍ക്കോട് ജില്ലയിലെ തുരുത്തിയില്‍ പുതുതായി പണിത ഒരു റോഡിന് ഗാസ സ്ട്രീറ്റ് എന്ന പേരു നല്‍കിയത് ഒന്നാം പേജ് വാര്‍ത്തയായിട്ടാണ്

ടൈംസ് ഓഫ് ഇന്ത്യയില്‍ വന്നത്. തീവ്ര ഇസ്ലാമിക് ഗ്രൂപ്പുകളുടെ സാന്നിധ്യമാണ് ഇതിനു പിന്നിലെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ സ്ഥലം നിരീക്ഷിക്കുന്നതുമായാണ് കൂടുതല്‍ വാര്‍ത്തകള്‍.

ഇസ്രയേല്‍ ഈജിപ്ത് അതിര്‍ത്തിയിലെ ഗാസ എന്ന പേര് ഇവിടെ ഉപയോഗിച്ചതില്‍ വലിയ ദുരൂഹതയുണ്ടെന്ന നിലയിലായിരുന്നു പല റിപ്പോര്‍ട്ടുകളും. എന്നാല്‍ ഇത്തരത്തിലുള്ള ആരോപണങ്ങളിലൊന്നും യാതൊരു കഴമ്പുമില്ലെന്ന് അവിടുത്തെ നാട്ടുകാര്‍ ഉറച്ച് പറയുന്നു. കാര്‍ഗില്‍ യുദ്ധ സ്മരണക്കായി കാര്‍ഗില്‍ പാലം പണിതവരാണ് തുരുത്തിയിലെ നിവാസികള്‍.

ഇങ്ങനെയൊരു വാര്‍ത്താ നീക്കത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കാസര്‍ക്കോട് നഗരസഭയിലെ ഒരു ബി.ജെ.പി കൗണ്‍സിലറാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവന്നുകഴിഞ്ഞു. വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രത്യക്ഷപ്പെട്ട കെ.സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇതിന് ഉപോല്‍ബലകമാണ്.  വാര്‍ത്താ പ്രധാന്യത്തിനായി തീവ്രവാദ ബന്ധം ആരോപിക്കുകയാണ് പല മാധ്യമങ്ങളും. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ, എന്‍.ഐ.എ തുടങ്ങിയവ സംഭവം അന്വേഷിക്കണമെന്നാണ് അവര്‍ പറയുന്നത്.

ബി.ജെ.പിയും ആര്‍എസ്എസും കാസര്‍ക്കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലും വഗീയതയും വിദ്വേഷവും വളര്‍ത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കുറേയായി. വര്‍ഗീയ ദ്രുവീകരണം നടത്തി രംഗം കലുഷിതമാക്കാനാണ്  അവര്‍ എന്നും ശ്രമിച്ചിട്ടുള്ളത്. ചൂരിയിലെ മദ്രസ അധ്യാപകനെ പള്ളിയില്‍ കയറി വെട്ടിക്കൊന്നതും കഴിഞ്ഞ ദിവസം  രാത്രി അതേ സ്ഥലത്ത് വെച്ച് ഒരു യുവാവിനെ അകാരണമായി കുത്തി പരിക്കേല്‍പിച്ചതും ഏറ്റവും ഒടുവിലത്തെ ഉദാഹരങ്ങളാണ്.

ഇതില്‍നിന്നെല്ലാം ആളുകളുടെ ശ്രദ്ധ തിരിക്കാനുള്ള ഒരു പദ്ധതി കാലങ്ങളായി അവര്‍ ചിന്തിക്കുന്നുണ്ട്. കാസര്‍കോടിനെ ഭീകരതയുടെ കേന്ദ്രമായി അവതരിപ്പിക്കാനുള്ള ഒരവസരം. മുമ്പ് തെരഞ്ഞെടുപ്പു കാലത്ത് മോദി കാസര്‍കോട്ട് വന്നപ്പോഴും കേരളം ഭീകരവാദത്തിന്റെ നഴ്‌സറിയാണ് എന്നാണ് അവിടെനിന്ന് പറഞ്ഞിരുന്നത്. ഇപ്പോള്‍ ചിലയാളുകള്‍ ഒരു സ്ഥലത്തിന് ഗാസ തെരുവ് എന്ന് കേവലം പേരിട്ടപ്പോഴേക്കും അതിനെ ആ അവസരമായി അവര്‍ ഉപയോഗപ്പെടുത്തുകയാണ്. ഇത് കാസര്‍കോടിന്റെ തീവ്രവാദ ബന്ധമാണ് സൂചിപ്പിക്കുന്നതെന്ന് ജില്ലാ ബി.ജെ.പി നേതാവ് തുറന്ന് പറയാന്‍ ധാര്‍ഷ്ട്യം കാണിച്ചിരിക്കുന്നു. ഇത് സത്യത്തില്‍ അതിനു പിന്നിലെ തീവ്രവാദബന്ധം വ്യക്തമാക്കലല്ല ഉദ്ദേശിക്കുന്നത്. മറിച്ച്, തങ്ങളുടെ വര്‍ഗീയ-തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍നിന്നും ആളുകളുടെ ശ്രദ്ധ തിരിച്ചുവിടുകയെന്നതാണ്.

കാസര്‍കോടിന്റെ ഹിന്ദുഭൂരിപക്ഷ പ്രദേശങ്ങളില്‍ പലയിടത്തും ഹൈന്ദവ വികാരങ്ങള്‍ മുഴുത്തുനില്‍ക്കുന്ന പല പേരുകളിലും പല ഗ്രാമങ്ങളും നിലനില്‍ക്കുമ്പോഴാണ് ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത് എന്നതാണ് വിരോധാഭാസം. ഹനുമാന്‍ നഗര്‍, ശിവജി നഗര്‍, സ്വാമി വിവേകാനന്ദ നഗര്‍ തുടങ്ങി അതിന്റെ പട്ടിക ഏറെ നീളുന്നു. അയോധ്യ കോളനി പോലും കാസറഗോഡ് ജില്ലയിലുണ്ട് എന്നതാണ് സത്യം. തീര്‍ത്തും വൈകാരികാവേശത്തില്‍ ജന്മംകൊണ്ട പേരും കൂട്ടായ്മയുമാണിത്. ഇന്ത്യന്‍ ചരിത്രത്തില്‍ ബാബരി ഒരു കത്തുന്ന വിഷയമായിട്ടുപോലും ഇത് കണ്ട് ഹിന്ദു തീവ്രവാദ ബന്ധം അന്വേഷിക്കണമെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല. ആ പേര് മാറ്റണമെന്നും ആരും അഭിപ്രായപ്പെട്ടിട്ടില്ല. എന്തിനേറെ, ഗാന്ധിയെക്കൊന്ന ഗോഡ്‌സേയുടേയും, ഹിന്ദുത്വ കണ്ടുപിടുത്തത്തിന്റെ തലവന്‍ വീര സവര്‍ക്കരിന്റെയും പേരില്‍ പോലും അവിടെ സ്ഥലനാമങ്ങളുണ്ടെന്നാണ് അറിയാന്‍ സാധിച്ചത്. ഇതിനെയൊന്നും ചോദ്യം ചെയ്യാന്‍ ആരും ഇതുവരെ മുതിര്‍ന്നിട്ടില്ല. അതിന്റെ ആവശ്യവുമില്ല.

കാസറഗോഡിന്റെ പൊതു മനസ് ഇത്തരം പേരുകള്‍ക്കൊപ്പം പൊരുത്തപ്പെട്ടു കഴിഞ്ഞു എന്നതാണ് മറ്റൊരു വസ്തുത. ഹൈന്ദവര്‍ അവരുടെ ചരിത്രവും സംസ്‌കാരവുമായി ബന്ധപ്പെട്ട പല പേരുകളും തങ്ങളുടെ ഗ്രാമങ്ങള്‍ക്ക് നല്‍കുന്ന പോലെ മുസ്‌ലിംകള്‍ക്കിടയിലും അത് പ്രചാരത്തിലുണ്ട്. അതില്‍ വര്‍ഗീയതയും ഭീകരതയുമൊന്നുമില്ല. മനസ്സിന്റെ ചില ചേര്‍ത്തുവെക്കലുകള്‍ മാത്രമാണത്. ടിപ്പു നഗര്‍, ബദരിയ്യ നഗര്‍, ആസാദ് നഗര്‍ തുടങ്ങിയവ ഉദാഹരണം. ഈ ഗണത്തിലേക്ക് ഇപ്പോള്‍ ഗാസ സ്ട്രീറ്റ് വരുമ്പോള്‍ കാസര്‍കോടിനെ അറിയുന്നവരെ സംബന്ധിച്ചിടത്തോളം ഇതൊരു ഇഷ്യൂവേ അല്ല. മറിച്ച്, ഇത്തരം നാമങ്ങള്‍ ഐക്യദാര്‍ഡ്യത്തിന്റെ ചിഹ്നങ്ങള്‍ മാത്രമാണ്.

ഇന്ത്യ എക്കാലത്തും ഫലസ്തീനിനൊപ്പം നിന്ന ചരിത്രമാണുള്ളത്. ഫലസ്തീനിലെ റാമല്ലയിലെ പ്രധാന റോഡുകളാണ് ഇന്ത്യാ റോഡും മഹാത്മാഗാന്ധി റോഡും. ശാരി-ഇ-അല്‍ഹിന്ദ് (ഇന്ത്യ റോഡ്)  റാമല്ലെയിലെ പ്രധാന റോഡിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പാലസ്തീന്‍ പ്രസിഡന്റായിരുന്ന മഹ്മൂദ് അബ്ബാസുമായിരുന്നു വാതില്‍ തുറന്നത്. നൂറ് കണക്കിന് വരുന്ന ഫലസ്തീന്‍ ജനതയും ചടങ്ങിന് സാക്ഷ്യം വഹിച്ചിരുന്നു. ഇന്ത്യാ റോഡിന് തൊട്ടടുത്തായി തന്നെയുള്ള മറ്റൊരു റോഡ്  മഹാത്മാഗാന്ധിയുടെ പേരിലാണ്. ഇതെല്ലാം മറ്റൊരു വശം. അതുകൊണ്ട് ഇവിടെ ഗാസാ സ്ട്രീറ്റ് ഉയര്‍ന്നുവരല്‍ അനിവാര്യമാണെന്നുമില്ല. പക്ഷെ, അങ്ങനെ ഒരാള്‍ തങ്ങളുടെ നാടിന് പേരിട്ടാല്‍ അതിനെ പ്രശ്‌നമാക്കാന്‍ എന്ത് ന്യായമാണുള്ളത്?!

കാസര്‍കോടിന്റെ മണ്ണില്‍ വര്‍ഗീയ പ്രശ്‌നങ്ങളുണ്ടാക്കി ലാഭം കൊയ്യാന്‍ തക്കം പാര്‍ത്തിരിക്കുന്ന സംഘപരിവാര്‍ നിര്‍മിച്ചുവിടുന്ന വില കുറഞ്ഞ ആക്രോശങ്ങളായി മാത്രമേ ഇതിനെയെല്ലാം കാണാനാവൂ. മാപ്പിളത്തെയ്യം കെട്ടിയാടുന്ന, മത സൗഹാര്‍ദം വഴിഞ്ഞൊഴുകുന്ന കാസര്‍കോടിന്റെ മണ്ണില്‍ ഈ മുതലെടുപ്പ് സാധ്യമല്ലായെന്ന് അവിടത്തെ സൗഹാര്‍ദ്ദാന്തരീക്ഷം ഉറപ്പ് തരുന്നു. പക്ഷെ, എന്തെങ്കിലും വിധേന വിഘടിപ്പിച്ച് ലാഭം നേടാനാണ് ഫാസിസം കച്ചകെട്ടിയിരിക്കുന്നത്. ഇതിനെതിരെ സ്‌നേഹ-സൗഹാര്‍ദം ആയുധമാക്കി ഉറച്ചുനില്‍ക്കുകയാണ് കാസര്‍കോട്ടുകാര്‍ ചെയ്യേണ്ടത്. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter