ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ്‌ലാം ഖാനുമായി അഭിമുഖം

ഫ്രണ്ട്‌ലൈന്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ സ്വതന്ത്ര പരിഭാഷ
മൊഴിമാറ്റം: അബ്ദുല്‍ഹഖ് എ.പി മുളയങ്കാവ്

ഫെബ്രുവരിയില്‍ നോര്‍ത്ത് ഈസ്റ്റ് ദില്ലിയില്‍ 53 പേര്‍ കൊല്ലപ്പെട്ട കലാപത്തെ കുറിച്ചുള്ള അന്വേഷണങ്ങള്‍ ഉത്തരങ്ങളേക്കാള്‍ കൂടുതല്‍ ചോദ്യങ്ങളാണ് ഉയര്‍ത്തിയിട്ടുള്ളത്. ഹൈക്കോടതി ജഡ്ജിയും സെഷന്‍സ് കോടതി ജഡ്ജിയും ഉള്‍പ്പെടെ നിരവധി ആളുകള്‍ക്ക് ദില്ലി പോലീസിന്റെ അന്വേഷണം ഏകപക്ഷീയമെന്ന് തോന്നിയിട്ടുണ്ട്. ദില്ലി ന്യൂനപക്ഷ കമ്മീഷന്‍ സ്വന്തമായി ഒമ്പത് അംഗ അന്വേഷണ സംഘം രൂപീകരിച്ച് സുപ്രീം കോടതി അഡ്വക്കറ്റ് എം.ആര്‍ ഷംഷാദിന്റെ നേതൃത്വത്തില്‍ പ്രശ്‌നത്തിന്റെ വേരുകള്‍ കണ്ടെത്തി. സംഘം നിരവധി ഇരകളോട് സംസാരിക്കുകയും അവരുടെ അഗ്നിക്കിരയായ വീടുകളും കടകളും സന്ദര്‍ശിക്കുകയും ചെയ്തു, 17 ഓളം മുസ്‌ലിം ആരാധനാലയങ്ങള്‍  അക്രമികള്‍ ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ട് രേഖപ്പെടുത്തി. 

ഗുര്‍മിന്ദര്‍ സിംഗ് മാത്രു, തെഹ്മിന അറോറ, തന്‍വീര്‍ കാസി, സലീം ബെയ്ഗ്, പ്രൊഫ. ഹസീന ഹാഷിയ, അബൂബക്കര്‍ സബ്ബാക്ക്, ദേവിക പ്രസാദ്, അഥിതിദുത്ത, എന്നിവരടങ്ങുന്ന സമിതി ജൂണ്‍ അവസാനത്തോടെ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു, അത് മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് സമര്‍പ്പിക്കുകയും ചെയ്തു. കലാപത്തിനിടയില്‍ ഭാരതീയ ജനതപാര്‍ട്ടി നേതാക്കളായ പര്‍വേഷ് വര്‍മ, കപില്‍മിശ്ര, താജീന്ദര്‍ സിംഗ് ബഗ്ഗ എന്നിവരുടെ പ്രകോപനപരമായ പ്രസംഗങ്ങള്‍ അക്രമത്തിന്  ഊര്‍ജ്ജം നല്‍കി, അവയെ കുറിച്ചും മുസ്‌ലിംകള്‍ക്കെതിരായ അക്രമത്തില്‍ പോലീസിന്റെ നിഷ്‌ക്രിയത്വത്തെകുറിച്ചും റിപ്പോര്‍ട്ടുകള്‍ കമ്മറ്റി പുറത്ത് കൊണ്ടുവന്നു.

മറ്റുള്ളവരുടെ ഉടമസ്ഥതയിലുള്ള കടകള്‍ അക്രമിക്കാതെ, മുസ്‌ലിം ഷോപ്പുകളും ബിസിനസ്സ് സ്ഥാപനങ്ങളും മാത്രം കേന്ദ്രീകരിച്ചുള്ള അഗ്നിക്കിരയാക്കല്‍  ആസൂത്രിത അക്രമങ്ങളാണെന്ന് (ടാര്‍ഗറ്റഡ് വയലന്‍സ്)  സ്ഥാപിക്കുന്നുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. പോലീസിന്റെ പക്ഷപാതപരമായ സമീപനത്തെ കുറിച്ചുള്ള ആരോപണങ്ങള്‍ ക്ഷണവേഗം പ്രചരിച്ചുകൊണ്ടിരിക്കെ  ദില്ലി ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ ചെയര്‍മാനായിരുന്ന (ജൂലൈയിലാണ് അദ്ദേഹത്തിന്റെ കലാവധി അവസാനിച്ചത്)  സഫറുല്‍ ഇസ്‌ലാം ഖാനുമായി ഫ്രണ്ട്‌ലൈന്‍ നടത്തിയ അഭിമുഖത്തിന്റ  പ്രസക്ത ഭാഗങ്ങള്‍;


നിങ്ങള്‍ സമര്‍പ്പിച്ച ന്യൂനപക്ഷങ്ങളുടെ പാനല്‍ റിപ്പോര്‍ട്ടിന് മുഖ്യന്ത്രിയുടെ ഓഫീസില്‍ നിന്ന് എന്തെങ്കിലും ഫീഡ്ബാക്ക് ലഭിച്ചിട്ടുണ്ടോ?

ഞാന്‍ അതെ കുറിച്ച് ഔദ്യോഗികമായി പറയാന്‍ ഇപ്പോള്‍ ആസ്ഥാനത്ത് ഇരിക്കുന്നില്ല, ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്റെ ഓഫീസ് ഇതേ കുറിച്ച് പ്രതികരിക്കുമായിരിക്കും, ഞാന്‍ ഓഫീസില്‍ നിന്ന് വിരമിച്ചു, എന്നാല്‍ കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ സമര്‍പ്പിച്ച ഒരു റിപ്പോര്‍ട്ട് (മറ്റ് സംഭവങ്ങളെ കുറിച്ച്) ഇതേ രീതിയിലുള്ളതായിരുന്നു, ഞങ്ങളുടെ  ശുപാര്‍ശകള്‍ പഠിച്ച് അവ നിയമ സഭയില്‍ സമര്‍പ്പിക്കാന്‍ ഞങ്ങള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ അവര്‍ അത് പാലിച്ചില്ല, റിപ്പോര്‍ട്ടിന് പിന്നീട് എന്ത് സംഭവിച്ചുവെന്ന്  പിന്നീട് ഞങ്ങള്‍ അറിഞ്ഞില്ല. ഈ വര്‍ഷവും ഞങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അയച്ചു. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം.

സര്‍ക്കാര്‍ ഞങ്ങളുടെ വാക്കുകള്‍ കേള്‍ക്കുന്നില്ല. നിയമവിരുദ്ധമായാണ് അവര്‍ നീങ്ങുന്നത്, ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ആക്ട് പ്രകാരം കമ്മീഷന്റെ റിപ്പോര്‍ട്ട് അവര്‍ നിയമസഭയില്‍ സമര്‍പ്പിക്കേണ്ടതാണ്.


നോര്‍ത്ത് ഈസ്റ്റ് ദില്ലി അക്രമത്തെ കുറിച്ച് അന്വേഷിക്കാന്‍ നിങ്ങള്‍ ഒമ്പത് അംഗ സമിതി രൂപീകരിച്ചു.അതിന്റെ കണ്ടെത്തലുകള്‍ പൂര്‍ത്തിയാക്കാന്‍ എത്ര സമയമെടുത്തു?

മാര്‍ച്ച് 9 നാണ് അവരെ നിയമിച്ചത്. മാര്‍ച്ച് 24 ന് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിന് മുമ്പ് അവര്‍ രണ്ട് മീറ്റിംഗുകള്‍ നടത്തി. അതിന് ശേഷം അവര്‍ സൂമില്‍ മീറ്റിംഗുകള്‍ നടത്തി. വീണ്ടും ലോക്ക്‌ഡൗണ്‍ ലഘൂകരിച്ചപ്പോള്‍ അവര്‍ സ്ഥലം സന്ദര്‍ശിച്ചു. ഇതിനിടയിലും അവര്‍ നോര്‍ത്ത് ഈസ്റ്റ് ദില്ലിയിലേക്ക് പോയി, സാധാരണ സാഹചര്യങ്ങളിലെന്നപോലെ സ്വതന്ത്രമായി സഞ്ചരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. അവര്‍ക്ക് ഒരു മാസത്തെ കാലാവധിയാണ് ഉണ്ടായിരുന്നത്. അത് നീട്ടിത്തരാന്‍ അവർ ആവശ്യപ്പെട്ടു. ഞങ്ങള്‍ ജൂണ്‍ വരെ അവര്‍ക്ക് സമയം നല്‍കി. ജൂണ്‍ 27നാണ് അവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതുപോലെ, പോലീസിന്റെ അന്വേഷണം ഏകപക്ഷീയമാണെന്ന് കമ്മീഷന്റെ വസ്തുതാന്വേഷണ സമിതി കണ്ടെത്തിയോ?

തീര്‍ച്ചയായും, ഇത് പൊതുവായ ധാരണയാണ്, ഈ റിപ്പോര്‍ട്ടിന് മുമ്പുതന്നെ എനിക്ക് ഈ ധാരണ ഉണ്ടായിരുന്നു. ഒരു ഹൈക്കോടതി ജഡ്ജിയും സെഷന്‍സ് കോടതി ജഡ്ജിയും പോലീസിനോട് എങ്ങനെയാണ് ഒരു വശത്തേക്ക് മാത്രം നോക്കുന്നതെന്നും മറുവശത്തേക്ക് നോക്കാത്തതെന്നും പറഞ്ഞതിനെ കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ നിങ്ങള്‍ വായിച്ചിരിക്കും, കമ്മീഷന്റെ റിപ്പോര്‍ട്ട് ഈ അര്‍ഥത്തില്‍ സമഗ്രമാണ്. 

നോര്‍ത്ത് ഈസ്റ്റ് ദില്ലിയിലെ മുസ്‌ലിംകളുടെ ഒരു പൊതു ആരോപണം അവരുടെ പരാതികള്‍ രജിസ്റ്റർ ചെയ്യുന്നില്ല എന്നാണ്, അല്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ മറ്റു കേസുകളുമായി അതിനെ ബന്ധപ്പെടുത്തുന്നു എന്നാണ്. അതേകുറിച്ച്?

അതുണ്ടായിട്ടുണ്ട്. കമ്മീഷൻ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പുതന്നെ, നോര്‍ത്ത് ഈസ്റ്റ് ജില്ലയിലെ ആളുകളില്‍ നിന്ന് അവരുടെ റിപ്പോര്‍ട്ടുകള്‍ മറ്റ് എഫ്.ഐ.ആറുകളില്‍ ചേര്‍ക്കുന്നത് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്, 

ഇങ്ങനെയുണ്ടാവുമ്പോള്‍ അവരുടെ മറ്റ് പരാതികളില്‍ നടപടിയുണ്ടാവില്ല എന്നാണ് അതിനര്‍ഥം. ഒരു പുതിയ പ്രദേശത്ത് നിന്നോ അതേ പ്രദേശത്ത് നിന്നോ ഒരു പുതിയ പരാതി വരുമ്പോള്‍ പുതിയ എഫ്.ഐ.ആര്‍ നല്‍കുന്നതിന് പകരം അവര്‍ അത് മുമ്പത്തെ എഫ്.ഐ.ആറിലേക്ക് കൂട്ടിച്ചേര്‍ക്കുന്നു, ആ പരാതി അസാധുവാക്കുന്നു, ഒരു നടപടിയും ഉണ്ടാവുന്നുമില്ല.


കലാപകാരികളുടെയോ ചില സന്ദര്‍ഭങ്ങളില്‍ കൊലയാളികളുടെയോ തന്നെ പേര് നല്‍കാന്‍ ജനങ്ങള്‍ സന്നദ്ധരവുന്നുവെങ്കിലും പോലീസ് തയ്യാറാവുന്നില്ല എന്ന പരാതിയെ കുറിച്ച് എങ്ങനെ പ്രതികരിക്കുന്നു.?

അക്രമികളുടെ പേര് നല്‍കാന്‍ അവരെ അനുവദിക്കുന്നില്ല, അക്രമികളെ തിരിച്ചറിഞ്ഞ റിപ്പോര്‍ട്ടുകള്‍ പോലീസ് സ്വീകരിക്കുന്നില്ല, ആരെങ്കിലും പ്രതിയുടെ പേര് നല്‍കിയാല്‍,പേരില്ലാതെ പുതിയ പരാതി എഴുതാന്‍ പോലീസ് അവരോട് ആവശ്യപ്പെടുകയും അവര്‍ അത് സ്വീകരിക്കേണ്ടിവരികയും ചെയ്യും, ഇത് പ്രദേശത്ത് വളരെ പൊതുവായ പരാതിയാണ്.

അതേ സമയം, ചില സ്ഥലങ്ങളില്‍ നിന്നും മുസ്‌ലിംകളെ അക്രമിക്കാന്‍ ഉപയോഗിച്ചുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്, പോലീസ് എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. മോഹന്‍ നഴ്‌സിംഗ് ഹോം അത്തരത്തിലുള്ള ആരോപണം നേരിടുന്നുണ്ട്, പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല?

ഇതിന് ധാരാളം സാക്ഷികളുണ്ട്, പലരും എന്നെ അവിടെ നിന്നാണ് ആക്രമിച്ചത് എന്ന് കൃതമായി പറയുമ്പോഴും പോലീസ് ഇപ്പോഴും ഒന്നും ചെയ്യുന്നില്ല. യഥാര്‍ത്ഥത്തില്‍ ഒരു ഇഛാശക്തിയും അവര്‍ക്കില്ല. ഫെബ്രുവരി 25 ന് മുമ്പ്  നേഴ്‌സിംഗ്‌ഹോമിന്റെ  മേല്‍തട്ടില്‍ നിന്ന്  ജനങ്ങള്‍ ആക്രമിക്കപ്പെട്ടു.അതിന്റെ വീഡിയോകളുണ്ട്, ഞാന്‍ തന്നെ വീഡിയോകള്‍ കണ്ടിട്ടുണ്ടെങ്കിലും മോഹന്‍ നഴ്‌സിംഗ് ഹോമിന്റെ ഉടമയ്‌ക്കോ അവിടെ നിന്നുള്ള ആക്രമികള്‍ക്കോ എതിരെ ഒരു നടപടിയും സ്വീകിരിച്ചിട്ടില്ല. 

രാജധാനി പബ്ലിക്ക് സ്‌കൂളുകളും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്?

രാജധാനി പബ്ലിക് സ്‌കൂളിനും ഡി.പി.ആര്‍ കോണ്‍വെന്റ് സ്‌കൂളിനും കൂടി ഒരു പൊതുമതിലുണ്ട്. കുറച്ച് അകലെ അരുണ്‍ പബ്ലിക് സ്‌കൂളുണ്ട്. രാജധാനി സ്‌കൂളിലെ ഡ്രൈവര്‍ ഒരു ഹൈന്ദവനാണ്, ഡി.എസ്.ആര്‍ സ്‌കൂളിലെ കാവല്‍ക്കാരനും ഒരു ഹൈന്ദവനാണ്,  അരുണ്‍ മോഡേണ്‍ പബ്ലിക് സ്‌കൂളിന്റെ ഉടമ ഹൈന്ദവനും മുന്‍ എം.എല്‍.എയുമാണ്.
ഈ മൂന്ന് സ്ഥലങ്ങളില്‍ നിന്ന് എന്നോട് പറഞ്ഞത് ആളുകള്‍ പുറത്ത് നിന്ന്  വന്നതെന്നാണ്, 23-24 വയസ്സ് തോന്നിക്കുന്ന യുവാക്കള്‍ പുറത്ത് നിന്ന് ഹെല്‍മറ്റ് ധരിച്ച് മുഖം  മറച്ച രീതിയിലെത്തുകയായിരുന്നു,  ഫെബ്രുവരി 24 വൈകുന്നേരം മുതല്‍ 25 വൈകുന്നേരം വരെ ഈ ആളുകള്‍ ഈ സ്‌കൂളുകള്‍ ഏറ്റെടുത്തു. ചെറിയ ട്രക്കുകളില്‍ വന്ന അവര്‍ മൂന്ന് നാല് മണിക്കൂര്‍ പുറത്തിറങ്ങി തിരിച്ചുവന്ന് ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും വീണ്ടും പുറത്തിറങ്ങുകയും ചെയ്യാറുണ്ടായിരുന്നതായി ഈ മൂന്ന് സ്ഥലങ്ങളിലെയും ആളുകള്‍ പറഞ്ഞു. ഇപ്പോള്‍ രാജധാനി സ്‌കൂളിന്റെ ഉടമയെ മാത്രം പുറത്ത് നിന്ന് ആളുകളെ കൊണ്ടുവന്നതിന് കുറ്റപ്പെടുത്തുന്നു, അയാള്‍ ഒരു ഇരയാണ്, നിരപരാധിയാണ്.  

അരുണ്‍ പബ്ലിക് സ്‌കൂളില്‍ നിന്ന് ഏതാനും മീറ്റര്‍ അകലെയാണ് അഗ്നിക്കിരയാക്കിയ ഫാറൂഖിയ മസ്ജിദ്. അക്രമികള്‍ ആദ്യം ഇമാമിനെയും മുഅദ്ദിനിനെയും ആക്രമിക്കുമ്പോള്‍ പോലീസുകാര്‍ നിഷ്‌ക്രിയത്വം പാലിച്ചുവെന്ന് ആരാധകര്‍ ആരോപിക്കുന്നു. ഇതിന്റെ പിന്നില്‍ എന്തെങ്കിലും വാസ്തവം?

ഇതേകുറിച്ചുള്ള ഏറ്റവും പുതിയ വിവരം എന്റെ അടുത്തില്ല, എന്നാല്‍ മസ്ജിദിലെ ആരാധകര്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാം. അതില്‍ പോലീസിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. 

വസ്തുതാന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ പറയുന്നുത് ഇങ്ങനെയാണ്: നീല യൂണിഫോമിലുള്ള പോലീസ് പള്ളിയില്‍ പ്രവേശിച്ച് അവിടെ നിസ്‌കരിക്കുന്ന ആളുകളെ അടിക്കാന്‍  തുടങ്ങി. മസ്ജിദില്‍ നിന്ന് പുറത്തുവരുന്ന ആളുകളെ പോലീസ് ആക്രമിച്ചു. അവര്‍ (കലാപകാരികള്‍) ഖുര്‍ആന്റെ കോപ്പികള്‍ അപമാനിച്ചു. ഇമാമിനെയും മുഅദ്ദിനെയും കൊലപ്പെടുത്താന്‍ ആളുകളെ പ്രേരിപ്പിച്ചു. അതിന് ശേഷം ആളുകള്‍ ഇരുമ്പുവടികൊണ്ട് അവരെ അടിക്കാന്‍ തുടങ്ങി. ഒരാള്‍ ഇമാമിനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ അയാളുടെ കണ്ണില്‍ തട്ടി, അദ്ദേഹത്തിന്റെ കണ്ണിന്റെ കാഴ്ച സ്ഥിരമായി നഷ്ടപ്പെട്ടു. രണ്ടാമത്തെ പ്രഹരം അദ്ദേഹത്തിന്റെ തലയിലായിരുന്നു, അടികൊണ്ട അയാള്‍  വീണു.  എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ദില്ലി പോലീസിന് ഒരു ഇമെയില്‍ അയച്ചു. ഇതുവരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനെ കുറിച്ച് പരാതിക്കാരനോട് പ്രതികരിച്ചിട്ടില്ല'.

17 ആരാധനാലയങ്ങള്‍ തകര്‍ന്നതോ, ആക്രമിക്കപ്പെട്ടതോ ആണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. അതേ കുറിച്ച് ?

സമിതി സമാഹരിച്ച പട്ടികയാണിത്, ഇത് സമ്പൂര്‍ണ്ണ ലിസ്റ്റ് അല്ല. അത് കൊണ്ട് തന്നെ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ 'ചിലപള്ളികള്‍' എന്ന വാക്കുകള്‍ ഉപയോഗിച്ചത് നിങ്ങള്‍ക്ക്‌ കണ്ടെത്താന്‍ സാധിക്കും, അത് സമഗ്രമായ പട്ടികയല്ലാതത്തത് കൊണ്ടാണ്. മറ്റ് പള്ളികളും ദര്‍ഗകളും തകര്‍ന്നിട്ടുണ്ട്.

ഏതൊക്കെയാണത്?

ഭജന്‍പുര ദര്‍ഗക്ക് പുറമെ മറ്റൊരു ദര്‍ഗയും ആക്രമിക്കപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റു പല പള്ളികളുമുണ്ട്. സമയപരിമിതി കാരണം കമ്മിറ്റിക്ക് അവിടെ പോകാന്‍ കഴിഞ്ഞിട്ടില്ല, അത് കൊണ്ട്തന്നെയാണ് പൂര്‍ണമായ പട്ടികയല്ലെന്ന് പറയുന്നത്.


പുനരധിവാസ പ്രവര്‍ത്തനത്തിലും ദുരിതബാധിതര്‍ക്ക് സാമ്പത്തികാശ്വാസം വിതരണം ചെയ്യുന്നതിലും ഡല്‍ഹി സര്‍ക്കാര്‍ എത്രത്തോളം സഹായിച്ചിട്ടുണ്ട്?

റിപ്പോര്‍ട്ടില്‍ ഇതേ കുറിച്ച് പറയുന്ന ഒരു സെക്ഷന്‍ തന്നെയുണ്ട്. വളരെ നല്ല സഹായമൊന്നുമില്ല,  അവര്‍ ഒരു നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റുകള്‍ വഴിയാണ് അവ വിതരണം ചെയ്യുന്നത്, ചില സമയങ്ങളില്‍ അവരുടെ ഭാഗത്ത് നിന്ന് നിസ്സഹകരണമുണ്ടായിട്ടുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ എനിക്ക് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുകള്‍ക്ക് നോട്ടീസ് നല്‍കേണ്ടിയും വന്നിട്ടുണ്ട്. അതിലൊന്ന് കാരവാല്‍ നഗറിലായിരുന്നു. അവര്‍ സഹകരിച്ചിട്ടില്ല, അവര്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. പേപ്പറുകള്‍ ചോദിക്കും, തിരിച്ചയക്കും,ഒരു തരം മോശം പെരുമാറ്റം,അത് കൊണ്ട് തന്നെ ദുരിതാശ്വാസത്തിന് അവിടെ പോകാന്‍ ആളുകള്‍ക്ക് താത്പര്യം കുറവായിരുന്നു. അത്തരം ദുരിതാശ്വാസ പ്രഖ്യാപനത്തിന്റെ ഉദ്ദേശ്യം പരാജയപ്പെട്ടതിങ്ങനെയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter