ബഹളങ്ങളില്‍നിന്നെല്ലാം അകന്ന് ഇദ്ദേഹം ഇപ്പോഴും രചനയിലാണ്

ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച്, ദര്‍സ് പഠനത്തിലൂടെ ആര്‍ജ്ജിച്ചെടുത്ത വിജ്ഞാനത്തിലൂടെ, ഗ്രന്ഥ രചനയിലേക്ക് പ്രവേശിച്ച ഒരു പണ്ഡിതനുണ്ട് മലപ്പുറം മേല്‍മുറിയില്‍. അനേകം പണ്ഡിതരുടെ ഗുരുവര്യരായ കോട്ടുമല അബൂബക്റ് മുസ്‍ലിയാരും മുസ്‍ലിം കേരളത്തിന്റെ സുല്‍താന്‍ മുഹമ്മദ് അലി ശിഹാബ് തങ്ങളും അടക്കമുള്ള പ്രമുഖര്‍ തന്റെ ഗ്രന്ഥങ്ങള്‍ക്ക്, അവതാരികയും ആശംസയും എഴുതിയത് ഇന്നും ഏറെ അഭിമാനത്തോടെ നിത്യഹരിത ഓര്‍മ്മകളായി സൂക്ഷിക്കുന്ന ആ രചയിതാവിനെ പരിചയപ്പെടാം. മേല്‍മുറി മുഹമ്മദ് മുസ്‍ലിയാരുമായി ഇസ്‍ലാം ഓണ്‍വെബ് നടത്തിയ പ്രത്യേക അഭിമുഖം

ജനനം, പഠനം, കുടുംബം?

1949 ല്‍ മലപ്പുറം ജില്ലയിലെ മേല്‍മുറിയില്‍ ഒരു കര്‍ഷക കുടുംബത്തിലാണ് ഞാന്‍ ജനിക്കുന്നത്. പിതാവ് വളരെ സാധാരണക്കാരനായ ഒരു കര്‍ഷകനായിരുന്നു. നാലാം ക്ലാസ് വരെ മാത്രമേ സ്കൂള്‍ പഠനം നടത്തിയുള്ളൂ. അക്കാലത്ത് അത് തന്നെ വലിയ പഠനമാണ്. പിന്നീട്, മതരംഗത്തെ പഠനത്തിനായി, നാട്ടില്‍ തന്നെയുളള ദര്‍സില്‍ ചേരുകയാണുണ്ടായത്.

ദര്‍സ് പഠനത്തെ കുറിച്ച്?

സ്വന്തം നാടായ മേല്‍മുറിയിലെ ദര്‍സില്‍ തന്നെയാണ് ഞാന്‍ പഠിച്ചത്. വയനാട് അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍ ആയിരുന്നു ദര്‍സിലെ എന്റെ ആദ്യ ഗുരുനാഥന്‍. തുടര്‍ന്ന് ചെറുകോട് മുഹമ്മദ് ബാപ്പുട്ടി മുസ്‌ലിയാര്‍, അബ്ദുല്ല കുട്ടി മുസ്‌ലിയാര്‍, കക്കാട് ബാപ്പു മുസ്‌ലിയാര്‍ എന്നീ ഗുരുവര്യരില്‍ നിന്ന് കിതാബുകള്‍ ഓതാന്‍ ഭാഗ്യം ലഭിച്ചു. 

അക്കാലത്ത് ദര്‍സില്‍ ഓതിയിരുന്ന കിതാബുകള്‍?

ഫത്ഹുല്‍ മുഈന്‍, അല്‍ഫിയ തുടങ്ങി വിഷയങ്ങളാണ് കാര്യമായും അന്ന് ഉസ്താദുമാരില്‍ നിന്ന് ഓതിയിരുന്നത്. അത് പരമാവധി കൃത്യമായി പഠിച്ചെടുക്കുകയും അതിലൂടെ വലിയ കിതാബുകളെല്ലാം മനസ്സിലാക്കി എടുക്കാനുള്ള കഴിവ് ഉണ്ടാക്കിയെടുക്കുകയും ചെയ്യുക എന്നതായിരുന്നു അധിക ഉസ്താദുമാരുടെയും അധ്യാപന രീതി. ചില ദര്‍സുകളില്‍, മന്‍ത്വിഖ്, മൈബദി തുടങ്ങിയ ഗ്രന്ഥങ്ങള്‍ക്ക് (മഅ്ഖൂലാത്തുകള്‍) പ്രാധാന്യം നല്കിയിരുന്നെങ്കിലും, ഞാന്‍ പഠിച്ച ദര്‍സില്‍ അവ പഠിപ്പിച്ചിരുന്നില്ല. ദര്‍സുകള്‍ എന്നത് കൃത്യമായ പാഠ്യപദ്ധതി പ്രകാരം മുന്നോട്ട് പോവുന്നതല്ലല്ലോ. ഉസ്താദുമാരുടെ കഴിവും താല്പര്യവും കാഴ്ച്ചപ്പാടും അനുസരിച്ച് അവര്‍ തന്നെയാണല്ലോ എന്ത്, എങ്ങനെ പഠിപ്പിക്കണമെന്ന് തീരുമാനിക്കുന്നത്. ഇന്നും ദര്‍സ് സമ്പ്രദായം ഏറെക്കുറെ അങ്ങനെതന്നെയാണ്. 

ദര്‍സ് വിദ്യഭ്യാസത്തിന് ശേഷം?

അന്നൊക്കെ ഉന്നത പഠനത്തിനായി ദയൂബന്ദിലോ ബാഖിയാതിലോ ജാമിഅയിലോ ഒക്കെ പോവുന്ന രീതിയുണ്ടായിരുന്നു. പക്ഷേ, കുടുംബ ചുറ്റുപാടുകളും മറ്റും കാരണം ഞാന്‍ അതിന് മുതിര്‍ന്നില്ല. പകരം നാട്ടിലെ മദ്‌റസയില്‍ അധ്യാപകനായി ചേര്‍ന്ന് സേവനജീവിതം ആരംഭിക്കുകയായിരുന്നു. 17 വര്‍ഷത്തിലധികം നാട്ടിലെ മദ്‌റസയില്‍ ആ സേവനം തുടര്‍ന്നു. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍, അത് വലിയൊരു മുതല്‍ക്കൂട്ടായി അനുഭവപ്പെടുന്നു. നാട്ടിലെ പലരും നമ്മുടെ ശിഷ്യരാണ് എന്നതിലുപരി, അവരൊക്കെ ദിവസവും നിര്‍വ്വഹിക്കുന്ന ആരാധനാകര്‍മ്മങ്ങളില്‍ ചെറിയൊരു പങ്ക് നമുക്കും ലഭിക്കുമല്ലോ എന്ന ചിന്തയാണ് ഏറ്റവും അധികം നിര്‍വൃതിയും ആത്മസംതൃപ്തിയും നല്കുന്നത്. 

വലിയ കഴിവുള്ളവര്‍ പോലും മടിച്ച് നില്ക്കുന്ന മേഖലയാണല്ലോ എഴുത്തും ഗ്രന്ഥ രചനയും. താങ്കള്‍ എങ്ങനെയാണ് എഴുത്ത് രംഗത്തേക്ക് വരുന്നത്?

ദര്‍സ് പഠനം കഴിഞ്ഞ് മദ്‌റസയില്‍ സേവനം ചെയ്യുന്ന സമയത്താണ് എഴുത്തു തുടങ്ങുന്നത്. എഴുതുക എന്നത് എനിക്ക് വലിയ താല്പര്യമായിരുന്നു. നാം പഠിച്ച കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്കാന്‍, അധ്യാപനം പോലെ തന്നെ പ്രധാനമായ ഒരു മേഖലയാണ് എഴുത്ത്. അധ്യാപനം ചിലപ്പോള്‍ ആ വിദ്യാര്‍ത്ഥിയില്‍ ഒതുങ്ങിയേക്കാം. എന്നാല്‍, എഴുത്തിലൂടെ, നാം ഒരിക്കല്‍ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത എത്രയോ ആളുകള്‍ക്ക് വിജ്ഞാന കൈമാറ്റം സാധ്യമാവുമല്ലോ. ആ ചിന്തയാണ് എഴുത്തിലൂടെയും എന്തെങ്കിലുമൊക്കെ വൈജ്ഞാനിക സേവനം ചെയ്യണമെന്ന് ചിന്തിക്കുന്നത്.

ആദ്യം എഴുതിയ കൃതി ഏതായിരുന്നു?

വളരെ പ്രാഥമികമായ ഏതാനും കിതാബുകളേ ഞാന്‍ ഓതിയിട്ടുള്ളൂ എന്ന് നേരത്തെ പറഞ്ഞുവല്ലോ. അത് കൊണ്ട് തന്നെ വലിയ വലിയ ഗ്രന്ഥങ്ങള്‍ എഴുതാന്‍ മാത്രമുള്ള വിവരമൊന്നും ഇല്ലായിരുന്നു. അതേ സമയം, സാധാരണക്കാര്‍ക്കെല്ലാം ഉപകാരപ്രദമാവുന്ന ദൈനംദിന ജീവിത കാര്യങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലും എഴുതണമെന്നായിരുന്നു എന്റെ താല്പര്യം. അത് കൊണ്ട് തന്നെ, ആദാബുദ്ദുആഅ് (പ്രാര്‍ത്ഥനയുടെ മര്യാദകള്‍) എന്ന കൃതിയാണ് ഞാന്‍ ആദ്യമായി എഴുതിയത്. എല്ലാവരും ദിവസവും ദുആ ചെയ്യുന്നവരാണ്. അത് എല്ലാ മര്യാദകളും പാലിച്ചായിരിക്കണമെന്ന ചിന്തയില്‍നിന്നാണ് ആ കൃതി രൂപം കൊള്ളുന്നത്. അത് പോലെ തന്നെ, ശേഷം രചിച്ച മറ്റൊരു കൃതിയായിരുന്നു സലാം പറയല്‍ സമഗ്രപഠനം എന്നത്. അതും നിത്യജീവിതത്തില്‍ പലര്‍ക്കും ഏറെ ഉപകാരപ്പെടുന്ന കൃതിയായിരുന്നു.

സ്വന്തമായ കൃതികളേക്കാള്‍ പരിഭാഷകളാണല്ലോ കൂടുതല്‍ രചിച്ചിട്ടുള്ളത്. അവയില്‍ പ്രധാനപ്പെട്ടവ ഏതൊക്കെയായിരുന്നു?

തുടക്കത്തില്‍ തന്നെ ഏത് വിദ്യാര്‍ത്ഥിയും ഓതുന്ന കൃതികളായ അദ്കിയ, ഫത്ഹുല്‍ ഖയ്യൂം, ഉംദ, റസാനത്ത് ബാനത്ത് സുആദ്, തഅലീമുല്‍ മുതഅല്ലിം എന്നിങ്ങനെ പല കിതാബുകളുടെയും പരിഭാഷ നിര്‍വ്വഹിക്കാന്‍ സാധിച്ചിട്ടുണ്ട്, അല്‍ഹംദുലില്ലാഹ്. ഇവയെല്ലാം തന്നെ, എല്ലാ ദര്‍സുകളിലും ഓതുന്ന കിതാബുകളാണ്. അതേ സമയം, ഔദ്യോഗിക പഠനത്തിന്റെ ഭാഗമായി മാത്രം ചുരുങ്ങേണ്ടതല്ല ഇവയെന്നും, ഏതൊരു വിശ്വാസിയുടെയും ജീവിതത്തിന്റെ ഭാഗമാവേണ്ട കാര്യങ്ങളാണ് ഇവയില്‍ പ്രതിപാദിക്കുന്നതും എന്നതിനാലാണ്, സാധാരണക്കാര്‍ക്കെല്ലാം ഇവ പ്രാപ്യമാവുന്ന രീതിയില്‍ ഭാഷാന്തരം ചെയ്തത്. അവയില്‍ ചിലത് മലയാളത്തിലും ചിലത് അറബി മലയാളത്തിലുമാണ് പ്രസിദ്ധീകരിച്ചത്.

കൃതികളില്‍ ഏറ്റവും സംതൃപ്തി നല്‍കിയത് ഏതായിരുന്നു എന്ന് പറയാമോ?

അദ്കിയയുടെ പരിഭാഷയാണ് ചെയ്ത കൃതികളില്‍ ഏറ്റവും സംതൃപ്തി നല്കിയത്. അടുത്ത കാലം വരെ മദ്റസയില്‍ തന്നെ ഇത് പഠിക്കാനുണ്ടായിരുന്നു. ശരീഅതും ത്വരീഖതും ഹഖീഖതുമെല്ലാം പ്രാഥമികമായി വിവരിക്കുന്ന ഈ കൃതി ഏതൊരു വിശ്വാസിക്കും ഒഴിച്ച് കൂടാനാവാത്തതാണ്. അത് കൊണ്ടാണ് അത് പരിഭാഷപ്പെടുത്തിയത്. അത് പലര്‍ക്കും ഏറെ ഉപകാരപ്പെട്ടു എന്ന് അറിയാനായപ്പോള്‍, വല്ലാത്ത സംതൃപ്തി തോന്നി. അല്‍അമീനായിരുന്നു അത് പ്രസിദ്ധീകരിച്ചത്. 

പ്രസിദ്ധീകരിച്ച കൃതികളെല്ലാം ഇന്ന് വിപണിയില്‍ ഉണ്ടോ?

എഴുതിയതില്‍ ഭൂരിഭാഗവും ഇന്ന് വിപണിയിലില്ല എന്ന് തന്നെ പറയാം.  ഫത്ഹുല്‍ മുഈന്‍ പരിഭാഷയും അദ്കിയാ പരിഭാഷയുമാണ് നിലവില്‍ ഉള്ളത്. അല്‍അമീന്‍ ആണ് അതിന്റെ പ്രസാധനവും വിതരണവും നടത്തുന്നത്. 

അക്കാലത്ത് ബന്ധമുണ്ടായിരുന്ന ഉസ്താദുമാര്‍?

കോട്ടുമല ബാപ്പു മുസ്‍ലിയാര്‍, കോഴിക്കോട് വലിയ ഖാദി ശിഹാബുദ്ധീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരുമായി ബന്ധം സൂക്ഷിക്കാനായിരുന്നു. 1984 ലാണ് അദ്കിയ പരിഭാഷ പ്രസിദ്ധീകരിക്കുന്നത്. അതില്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ആശംസയും കോട്ടുമല ഉസ്താദിന്റെയും കോഴിക്കോട് വലിയ ഖാദിയുടെയും അവതാരികകളും ഉള്‍പ്പെടുത്താനായിരുന്നു. ഇന്നും അവ ഏറ്റവും നല്ല ഓര്‍മ്മകളായി ശേഷിക്കുന്നു. അന്ന് ഈ രംഗത്തുള്ളവര്‍ മലയാളത്തില്‍ ഗ്രന്ഥങ്ങള്‍ എഴുതുന്നത് വളരെ വിരളമായിരുന്നു എന്നതിനാല്‍ തന്നെ, അവരെല്ലാം ആ കൃതിക്ക് വലിയ പ്രോല്‍സാഹനം നല്കിയിരുന്നു. കണ്യാല അബ്ദുല്ല ഹാജിയുമായും ബന്ധം സൂക്ഷിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്.

എഴുത്തിനെ കുറിച്ച് എന്താണ് പറയാനുള്ളത്?

പ്രത്യേകമായ തിരക്കുകളോ മറ്റു വ്യവഹാരങ്ങളോ ഇല്ലാതിരിക്കുമ്പോള്‍, വളരെ സന്തോഷത്തോടെ സമയം ചെലവഴിക്കാന്‍ പറ്റുന്ന ഏറ്റവും നല്ല മേഖലയാണ് എഴുത്ത്. ആ രംഗത്ത് ഏറ്റവും സുഗമമായി ചെയ്യാവുന്നതാണ് പരിഭാഷ എന്നത്. സ്വന്തമായി കൃതി എഴുതുന്നതിന്റെ ബുദ്ധിമുട്ടുകളോ ഉത്തരവാദിത്തങ്ങളോ അതില്‍ കടന്നുവരുന്നില്ലല്ലോ. മഹാന്മാരായ മുന്‍ഗാമികള്‍ പറഞ്ഞ് വെച്ചത്, നാം മറ്റൊരു ഭാഷയിലേക്ക് മാറ്റി പുതിയ ഒരു കൂട്ടം ആളുകള്‍ക്ക് അതിന്റെ പ്രയോജനം വ്യാപിപ്പിക്കുകയാണല്ലോ ചെയ്യുന്നത്. അത് അവര്‍ക്കും വലിയ ഇഷ്ടമുള്ള കാര്യമായിരിക്കും. 

മുമ്പൊക്കെ നേരിട്ട് കൈ കൊണ്ട് എഴുതിയായിരുന്നു ഗ്രന്ഥങ്ങള്‍ തയ്യറാക്കിയിരുന്നത്. എന്നിട്ട് പ്രസില്‍ കൊടുത്ത് അവര്‍ അച്ച് നിരത്തി പ്രിന്റ് ചെയ്യുകയായിരുന്നുവല്ലോ. ഇന്ന്, എല്ലാം കമ്പ്യൂട്ടറിലാണ് ചെയ്യുന്നത്. അത് കൊണ്ട് തന്നെ, നാം എഴുതി മറ്റുള്ളവര്‍ ടൈപ് ചെയ്യുന്നത് വെറുതെ സമയം കളയലാണല്ലോ എന്ന് മനസ്സിലാക്കി, ഞാന്‍ ടൈപിംഗ് പഠിച്ചെടുത്തു. ഇപ്പോള്‍ സ്വന്തമായി ഒരു കംപ്യൂട്ടര്‍ വാങ്ങി ഞാന്‍ തന്നെ ടൈപ് ചെയ്താണ് ഗ്രന്ഥങ്ങള്‍ തയ്യാറാക്കുന്നത്. ഇന്ന് മുന്‍കാലത്തേക്കാളേറെ സൗകര്യങ്ങള്‍ ഏറെയാണ്. പുതിയ കാലത്തെ വിദ്യാര്‍ത്ഥികളും പണ്ഡിതരും ഈ സൗകര്യങ്ങളെല്ലാം യഥാവിധി ഉപയോഗപ്പെടുത്തണം.

വിദേശ യാത്രകള്‍ വല്ലതും?

ആദ്യ വിദേശ യാത്ര ഹജ്ജിന് വേണ്ടിയായിരുന്നു. 1996 ല്‍, കക്കാട് മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തിലായിരുന്നു അത്. പിന്നീട് 2014 ല്‍ ഒന്ന് കൂടി ഹജ്ജ് ചെയ്യാന്‍ അവസരം ലഭിച്ചു. ഇന്ത്യക്കകത്ത് ഏറ്റവും ദൂരം സഞ്ചരിച്ചത് അജ്മീറിലേക്കായിരിക്കും.

പുതുതലമുറയോട് എന്താണ് പറയാനുള്ളത്?

ആരോടും ഉപദേശിക്കാനോ നിര്‍ദ്ദേശങ്ങള്‍ നല്കാനോ ഞാന്‍ ആളല്ല. കിതാബുകളൊക്കെ അതിന്റെ തര്‍കീബും ഇഅ്റാബുമെല്ലാം കൃത്യമായി മനസ്സിലാക്കി പഠിക്കുന്ന പഴയ രീതി തന്നെയാണ് ഏറെ അഭികാമ്യം എന്ന അഭിപ്രായമാണ് എനിക്കുള്ളത്. ഇന്ന് പലയിടത്തും ആശയം മാത്രം പഠിക്കുന്ന ശൈലിയാണ് കണ്ട് വരുന്നത്. അത് കൊണ്ട് തന്നെ, നഹ്‍വിന്റെയും സ്വര്‍ഫിന്റെയും അടിസ്ഥാനനിയമങ്ങള്‍ മനസ്സിലാക്കി കൃത്യമായി വായിച്ച് ആശയം മനസ്സിലാക്കാന്‍ പലര്‍ക്കും സാധിക്കുന്നില്ലെന്ന് ചില അനുഭവങ്ങള്‍ പറയുന്നു. ആഴത്തിലുള്ള പഠനത്തിന്റെ രീതി അതല്ലല്ലോ. ആ പരമ്പരാഗത രീതിയിലേക്ക് തന്നെ തിരിച്ച് വരേണ്ടതുണ്ട്. 

നീണ്ട സംസാരം അവസാനിപ്പിച്ച് തല്ക്കാലം ഞങ്ങള്‍ വിട പറഞ്ഞു. ഞങ്ങളെ യാത്രയാക്കിയ മുഹമ്മദ് മുസ്‍ലിയാര്‍ വീണ്ടും മേല്‍മുറിയിലെ ആ ഓട് മേഞ്ഞ വീട്ടിനകത്തേക്ക് തന്നെ തിരിച്ചു. തന്നെയും കാത്തിരിക്കുന്ന കംപ്യൂട്ടറിന്റെയും കീബോഡിന്റെയും ലോകത്തേക്ക്, അവിടെ ഇനിയും പുതിയ ഗ്രന്ഥങ്ങള്‍ പിറന്ന് വീഴുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter