ബര്‍ണബാസ് ബൈബിള്‍: സത്യങ്ങള്‍ ഇപ്പോഴും വിളിച്ചുപറയുന്നുണ്ട്

ബൈബിള്‍ പുതിയ നിയമത്തില്‍ പലയിടത്തും പരാമര്‍ശിക്കപ്പെട്ട പുണ്യപുരുഷനും സര്‍വ്വാദരണീയനുമായ മതപ്രബോധകനാണ് യോസേഫ് എ ബര്‍ബാസ്. യേശുക്രിസ്തുവിന്റെ സന്തതസഹചാരിയും ഇഷ്ടശിഷ്യനുമായ ഇദ്ദേഹം ആദ്യകാല ക്രിസ്തീയ സമൂഹത്തിലെ ശ്രേഷ്ഠനും സമുന്നതനായ പ്രബോധകനും കൂടിയായിരുന്നു. യേശുക്രിസ്തുവിന്റെ നേരിട്ടുള്ള കല്‍പനയനുസരിച്ച് അദ്ദേഹം പ്രാമാണികമായി രേഖപ്പെടുത്തി വെച്ച ബൈബിളാണ് ബര്‍ണബാസ് ബൈബിള്‍ എന്ന പേരിലറിയപ്പെടുന്നത്. പില്‍കാലത്ത് ക്രിസ്തുമതത്തിലേക്ക് കടത്തപ്പെട്ട അന്ധവിശ്വാസങ്ങളോ പൊള്ളത്തരങ്ങളോ കടന്നുകൂടിയിട്ടില്ലാത്ത പ്രസ്തുത ഗ്രന്ഥം, നിലവില്‍ ലോകത്ത് ഗഹനമായ ചര്‍ച്ചകള്‍ക്കും വിസ്തൃതമായ വായനക്കും വിധേയമാക്കപ്പെടുന്നുണ്ട്. നൂറ്റാണ്ടുകളായി ക്രിസ്തീയ ലോകം ഇരുട്ടില്‍ തപ്പുന്ന കുരിശാരോഹണത്തിന്റെ ദൃക്സാക്ഷിവിവരണമടക്കം പലതും ഇതില്‍ കൃത്യമായി വിവരിച്ചിട്ടുണ്ട്. ക്രിസ്തീയ സഹോദരങ്ങള്‍ തള്ളിക്കളയുന്ന ഈ അമൂല്യഗ്രന്ഥത്തിന്റെ പ്രാമാണികവും പൗരാണികവുമായ തെളിവുകളെ അടിസ്ഥാനപ്പെടുത്തി നടത്തിയ ഒരു ലഘുവിവരണമാണിത്.

ഇസ്‍ലാം മതത്തിന്റെ മൗലികമായ ആശയങ്ങളെ ജനങ്ങളിലേക്കെത്തിക്കാന്‍ പല കാലങ്ങളിലായി നിയോഗിക്കപ്പെട്ട അനേകായിരം പ്രവാചകന്മാരിലൊരാളാണ് പ്രവാചകന്‍ ഈസാ. അല്ലാഹുവിന്റെ ഇഷ്ടദാസനും ഇസ്രയേല്യരിലേക്ക് നിയോഗിക്കപ്പെട്ടവരുമായ ഈസാ നബിക്ക് അവതരിച്ച പരിശുദ്ധ ഗ്രന്ഥമാണ് ഇന്‍ജീല്‍. സുവിശേഷം എന്നര്‍ത്ഥം വരുന്ന അവാന്‍ജല്‍ എന്ന ഗ്രീക്ക്പദത്തില്‍ നിന്നുമാണ് അറബീ പദമായ ഇന്‍ജീല്‍ രൂപം കൊള്ളുന്നത്. ഏകദൈവത്തെ കുറിച്ച് മാത്രം പറഞ്ഞുവെച്ചിരുന്ന ഈ ഗ്രന്ഥം, പിന്നീട് വന്ന ചിലരാല്‍ ത്രിയേകത്വത്തിന്റെ വഴിയേ നടത്തപ്പെടുകയായിരുന്നു. ഇപ്രകാരം മറ്റൊരു പ്രവാചകനായ മൂസാ നബിക്ക് ഇറക്കപ്പെട്ട തൗറാതിലും കാര്യമായ മാറ്റങ്ങള്‍ വന്നുതുടങ്ങി. പലകാരണങ്ങളാല്‍ തൗറാതും ഇന്‍ജീലും പലവിധേയനയുമുള്ള കൈകടത്തലുകള്‍ക്കും ഭേദഗതികള്‍ക്കും വിധേയമാക്കപ്പെട്ടു. 

പുണ്യവാളന്മാരും മാര്‍ഗദര്‍ശികളുമായ പ്രവാചക ശ്രേഷ്ഠന്മാരെ കുറിച്ചും അവരുടെ അദ്ധ്യാപനങ്ങളെ കുറിച്ചും പല അസംബന്ധങ്ങളും അതില്‍ എഴുതിപ്പിടിപ്പിക്കുകയും ചെയ്തു. അപ്രകാരം കടന്നുവന്ന വിശ്വാസങ്ങളാണ് യേശുവിന്റെ ഉയിര്‍ത്തെഴുല്‍പ്പും ത്രിയേകത്വവും. ഏകത്വത്തിന്റെ കാവലാളായി നിലകൊണ്ട ഒരു മനുഷ്യനെ ദൈവമായി പ്രതിഷ്ഠിക്കുകയും ഏറെ ബഹുമാനിക്കപ്പെടുന്ന അവരുടെ മാതാവായ കന്യാമറിയത്തെ ചേര്‍ത്ത് ബിംബങ്ങളുണ്ടാക്കി അവയെ ആരാധിക്കുകയും ചെയ്യുന്ന ഇത്തരം വിശ്വാസപ്രമാണങ്ങളെയെല്ലാം പ്രാമാണികമായും ആധികാരികമായും എതിര്‍ക്കുന്ന ഗ്രന്ഥം കൂടിയാണ് ബര്‍ണബാസിന്റെ ബൈബിള്‍. 

നിലവില്‍ ക്രിസ്തീയ വിശ്വാസത്തിന്റെ കാതലായ പ്രമാണങ്ങളെ അപ്പാടെ പൊളിച്ചെഴുതുന്ന പ്രസ്തുത ഗ്രന്ഥം സഭാനേതാക്കളാല്‍ പലകുറി നിഷിദ്ധ ഗ്രന്ഥമായി വിജ്ഞാപനമിറക്കപ്പെട്ട ഒന്നാണ്. അത് പാരായണം ചെയ്യുന്നതും പരസ്പരം കൈമാറുന്നതുമെല്ലാം ക്രിസ്ത്യന്‍ മതപണ്ഡിതര്‍ പലകുറി വിലക്കിയിട്ടുള്ളതുമാണ്. കണ്ടുകിട്ടുന്നിടത്തൊക്കെ വെച്ച് അതിനെ ഉന്മൂലനം ചെയ്യാന്‍ ഉന്നതതലങ്ങളില്‍ നിന്നുതന്നെ അരുള്‍പാടുണ്ടായിട്ടുണ്ടെങ്കില്‍ അതിനുപിന്നില്‍ വ്യക്തമായ കാരണമുണ്ടാകുമെന്ന് സംശമിയല്ല തന്നെ.
 
തുടക്കം  
 
അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ മൂസാ നബിക്ക് തൗറാതും ഈസാ നബിക്ക് ഇന്‍ജീലുമാണ് പരിശുദ്ധ ഗ്രന്ഥങ്ങളായി ഇറക്കിക്കൊടുത്തിട്ടുണ്ടായിരുന്നത്. ആദ്യകാലങ്ങളില്‍ സത്യഗ്രന്ഥങ്ങളായി നിലകൊണ്ട ഇവയില്‍ പിന്നീട് കാലന്തരങ്ങളിലൂടെ തെറ്റിദ്ധാരണങ്ങളും അബദ്ധങ്ങളും കടന്നുകൂടി. തൗറാത് പഴയ നിയമമായും ഇന്‍ജീല്‍ പുതിയ നിയമമായും അവതരിപ്പിക്കപ്പെട്ടു. ആദ്യനൂറ്റാണ്ടുകളില്‍ ഇന്‍ജീലിന്റെ നൂറോളം കോപ്പികള്‍ നിലവിലുണ്ടായിരുന്നുവത്രെ. പിന്നീട് 325ല്‍ കോസ്റ്റന്റൈന്‍ ചക്രവര്‍ത്തി വിളിച്ചുചേര്‍ത്ത നീഖിയ സുന്നഹദോസില്‍ (നിയമനിര്‍മ്മാണത്തിനുള്ള മെത്രാന്മാരുടെ സമ്മേളനം) ആണ് അവയില്‍ നാലെണ്ണം മാത്രം സത്യവേദ പുസ്തകങ്ങളായി പരിഗണിക്കപ്പെടുന്നത്. സുന്നഹദോസില്‍ പങ്കെടുത്ത 2048 ല്‍ 317 പേര്‍ മാത്രമാണ് ഈയൊരു തീരുമാനത്തെ സ്വാഗതം ചെയ്തത് എന്നതും പ്രത്യേകം പറയേണ്ടതുണ്ട്. ഇതോടെയാണ് ക്രിസ്തു മതത്തിലേക്ക് ബഹുദൈവ വിശ്വാസം കടന്നുവരുന്നത്. ഇത്തരമൊരു മതശൈഥില്യത്തെ മുന്‍കൂട്ടികണ്ടുകൊണ്ടാവണം, യേശു ശിഷ്യനായ ബര്‍ണബാസ് യഥാര്‍ത്ഥ ബൈബിള്‍ ക്രോഡീകരിച്ചുവെച്ചതും ഇന്നും അത് ശേഷിച്ചതും. യേശുവിന്റെ കല്‍പനയും അതോടൊപ്പമുണ്ടായിരുന്നു.

ബര്‍ണബാസെന്ന വിശ്വാസി
 
പുതിയ ബൈബിളിലടക്കം പ്രബോധന പുത്രന്‍ എന്നര്‍ത്ഥമുള്ള ബര്‍ണബാസിനെ കാണാം. ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ പുണ്യാത്മാവായി കണക്കാക്കുന്ന പൗലോസിനേക്കാളുപരി സമുദമായ പദവി ഇദ്ദേഹം വഹിച്ചിരുുവെന്നാണ് മനസ്സിലാക്കപ്പെടുന്നത്. എന്തിനേറെ ക്രിസ്തുശിഷ്യര്‍ പൗലോസിനെ സ്വീകരിക്കാന്‍ വിസമ്മതിച്ചപ്പോള്‍ ബര്‍ണബാസായിരുന്നു അദ്ദേഹത്തിന്റെ ശിപാര്‍ശക്കെത്തിയതും പൗലോസിനെ അവര്‍ക്കിടയില്‍ സ്വീകാര്യനാക്കിയതും. യേശുവിന്റെ തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ടു ശിഷ്യരിലൊരാളായിരുന്നു ബര്‍ണബാസ് എന്നാണ് മനസ്സിലാക്കപ്പെടുന്നത്.

ബര്‍ണബാസിന്റെ ബൈബിള്‍ ആധുനിക ലോകത്തിന് ലഭിക്കുന്നത്, 1709 ല്‍ പുരാതന ജര്‍മനിയുടെ പ്രധാന ഭൂപ്രദേശങ്ങളിലൊന്നായ പ്രഷ്യയില്‍ വെച്ച് ഇറ്റാലിയന്‍ ഭാഷയില്‍ രചിക്കപ്പെട്ട ഇതിന്റെ പുരാതനമായ കോപ്പി കിട്ടുന്നതോടെയാണ്. ഇന്ന് നിലവിലുള്ളതില്‍ വെച്ച് ഏറ്റവും പഴക്കം ചെന്ന ബൈബിള്‍ പകര്‍പ്പാണ് ഇത്. പ്രഷ്യന്‍ രാജാവിന്റെ
ഉപദേശകനായിരുന്ന മി.കേമര്‍ കണ്ടെത്തിയ ഇത്, 1738ല്‍ ഇംപീരിയല്‍ ലൈബ്രറിയിലേക്ക് മാറ്റി. പക്ഷെ അതിനും
ഒരു നൂറ്റാണ്ട് മുമ്പ് 1590 കളില്‍ ഇതിന്റെ ഒരു സ്പാനിഷ് പതിപ്പ് കണ്ടെത്തുകയിരുന്നുവത്രെ. സഭയില്‍ ഉന്നതസ്ഥാനം അലങ്കരിക്കുകയും മാര്‍പ്പാപ്പയുമായി അടുത്ത ബന്ധം സൂക്ഷിക്കുകയും ചെയ്തിരുന്ന ലത്തീന്‍ പുരോഹിതന്‍ ഫ്രാമരീനോ ആണ് അത് കണ്ടെത്തിയത്. പ്രശസ്തമായ മാര്‍പ്പാപ്പയുടെ വിശുദ്ധലൈബ്രറിയിലായിരുന്നു അത് സൂക്ഷിച്ചത്. ഇറ്റാലിയന്‍ പ്രതിയിലെ പോലെ 222 അദ്ധ്യായങ്ങളാണ് ഇതിലും ഉണ്ടായിരുന്നത്. ഒക്‌സ്‌ഫോര്‍ഡിലെ ഡോ. മാന്‍ഘോഷാണ് ഇതിന്റെ സ്പാനിഷ് പ്രതി ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. ഈജിപതിലെ ക്രിസ്ത്യന്‍ ചരിത്രകാരനും പണ്ഡിതനുമായ ഡോ. ഖലീല്‍ സആദ ബര്‍ണബാസിന്റെ ഈ രണ്ടു പതിപ്പുകളും വായിച്ച് അതേ കുറിച്ച് ഒരു താരതമ്യ പഠനം തന്നെ നടത്തിയിട്ടുണ്ട്.
 
ചരിത്രത്തിന്റെ നാള്‍വഴികള്‍

ബര്‍ണബാസ് ബൈബിളിലേക്കെത്തിയ ഒരു സംഭവം സ്പാനിഷ് പതിപ്പിന്റെ ആമുഖത്തില്‍ കാണാം. അതിപ്രകാരമാണ്: സഭയുടെ ഉന്നത നേതാക്കളിലൊരാളും പല പ്രമുഖ ഗ്രന്ഥങ്ങളുടെയും പ്രഭവകേന്ദ്രവുമായിരുന്ന ഇറാന്യൂസിന്റെ പുസ്തകങ്ങളില്‍ ആകൃഷ്ടനായിരുന്നു ഫ്രാമരീനോ. ഒന്നാം നൂറ്റാണ്ടില്‍ ഏഷ്യാ മൈനറില്‍ ജനിച്ച അദ്ദേഹം പ്രഗത്ഭ പണ്ഡിതനായ പോളി കാര്‍പ്‌സിന്റെ ശിഷ്യന്‍ കൂടിയാണ്. അപ്രകാരം അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ വായനക്കാരനായിരിക്കെ അവിചാരിതമായി അദ്ദേഹത്തിന്റെ തന്നെ മറ്റൊരു പുസ്തകം ഒരിക്കല്‍ കാണാനിടയായി. അതില്‍ വിശുദ്ധ പൗലോസിനെ വളരെ ശക്തമായ രീതിയില്‍ എതിര്‍ക്കുന്ന ഇറാന്യൂസിനെയാണ് ഫ്രാമരീനോ കണ്ടത്. അത് അദ്ദേഹത്തെ വളരെയേറെ ആശ്ചര്യപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്തു. ക്രിസ്തുമതത്തില്‍ ഇത്രകണ്ട് ബഹുമാന പാത്രമായി വായിക്കപ്പെടുന്ന വിശുദ്ധപൗലോസിനെ നഖശിഖാന്തം എതിര്‍ക്കുന്ന ഒരു കാഴ്ച തീര്‍ച്ചയായും അദ്ദേഹത്തെ ആശങ്കാകുലനാക്കി. 

ഇതേ കുറിച്ച് കൂടുതലറിയാന്‍ അദ്ദേഹം  ഇറാന്യൂസ് പ്രധാന അവലംബമായി സ്വീകരിച്ച ബര്‍ണബാസ് ബൈബിളിനെക്കുറിച്ച് മനസ്സിലാക്കാനും അതേക്കുറിച്ച് കൂടുതലറിയാനും ആഗ്രഹിച്ചു. അങ്ങനെയിരിക്കെയാണ് മാര്‍പ്പാപ്പയുടെ അടുത്ത വ്യക്തികളിലൊരാളായിരുന്ന അദ്ദേഹത്തിന് വിശുദ്ധ ലൈബ്രറിയില്‍ കയറാന്‍ അവസരം ലഭിക്കുകയും അവിചാരിതമായി ബര്‍ണബാസ് ബൈബിളിന്റെ സ്പാനിഷ് കോപ്പി ലഭിക്കുകയും ചെയ്യുന്നത്. അത് വായിച്ചുകഴിഞ്ഞ ഉടനെ അദ്ദേഹം തന്റെ ക്രിസ്ത്യന്‍ വിശ്വാസത്തെ അഴിച്ചുവെച്ച് ഇസ്‍ലാമിലേക്ക് കടന്നുവരികയും ചെയ്തു. ഈ സംഭവമെല്ലാം നടക്കുന്നത് സെക്റ്റസ് അഞ്ചാമന്‍ മാര്‍പ്പാപ്പയായി അവരോധിക്കപ്പെട്ട പതിനാറാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണെു മനസ്സിലാക്കാപ്പെടുന്നു.


ഇനി ഇതിന്റെ ചരിത്രപരമായ വശങ്ങളിലേക്ക് സഞ്ചരിക്കുമ്പോള്‍ ഇത്തരമൊരു ബൈബിള്‍ തീര്‍ച്ചയായും പ്രവാചകന്‍ മുഹമ്മദ് നബിക്കും മുമ്പേ ഉണ്ടെന്ന വസ്തുത കൃത്യമായി ബോധ്യപ്പെടും. കാരണം, 496 ല്‍ അന്നത്തെ മാര്‍പ്പാപ്പയായവരോധിച്ച പോപ്പ് ഗ്ലാഷ്യസ് നടത്തിയ പ്രസിദ്ധമായ വിജ്ഞാപനത്തില്‍, ചില ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുന്നത് വിലക്കിയതായും ബര്‍ണബാസ് ബൈബിള്‍ ആ പട്ടികയില്‍  ഉള്‍പ്പെട്ടതായും കാണാം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജനനത്തിനും ഒരു നൂറ്റാണ്ട് മുമ്പ് ഈ ബൈബിളുണ്ടെന്നതിന്റെ തെളിവാണ് ഇത്. അഥവാ, ഏതോ ഒരു മുസ്‍ലിം നിര്‍മ്മിച്ചുണ്ടാക്കിയതാണ് ഇതെന്ന വാദം അപ്രസക്തമാവുന്നു എന്നര്‍ത്ഥം.

കുരിശാരോഹണവും യാഥാര്‍ത്ഥ്യവും

നേരത്തെ സൂചിപ്പിച്ച പോലെ യേശുവിന്റെ കുരിശാരോഹണത്തെ കൃത്യമായി സൂചിപ്പിക്കുന്ന ഗ്രന്ഥം കൂടിയാണ് ബര്‍ണബാസിന്റെ ബൈബിള്‍. കുരിശിലേറ്റപ്പെട്ടത് യഥാര്‍ത്തില്‍ യേശുവല്ലെന്നും യേശുവിനോട് സദൃശ്യമാക്കപ്പെട്ട ഇസ്‌കാര്യോത്തോ യൂദായാണതെന്നും ബര്‍ണബാസ് കൃത്യമായി പറയുന്നുണ്ട്. യേശുവും ശിഷ്യരും എവിടെയാണെന്ന് അറിയാമായിരുന്ന കപട ശിഷ്യന്‍ ഇസ്‌കാര്യോത്തോ യൂദാ മുപ്പത് വെള്ളിക്കാശിനാണ് മഹാപുരോഹിതന് പറഞ്ഞുകൊടുക്കുന്നത്. മഹാപുരോഹിതന്‍ യേശുവിനെ പിടിക്കാന്‍ തന്റെ കിങ്കരന്മാരെ അയക്കുകയും അവരവിടെ എത്തുതിനു മുമ്പ് യഹോവ അദ്ദേഹത്തെ ആകാശത്തേക്കുയര്‍ത്തിയതായും കാണാം. കാണിച്ചുകൊടുക്കാനായി യേശുവിന്റെ റൂമിലേക്ക് ആദ്യം കയറിയ യൂദായെ കണ്ട് പിന്നാലെ വന്ന കിങ്കരന്മാര്‍ തെറ്റിദ്ധരിച്ചു. കാരണം യഹോവയുടെ തീരുമാനത്താല്‍ യേശുവിനോട് ഏറെ സാദൃശ്യമായ രൂപത്തിലായിരുന്നു അപ്പോള്‍ യൂദാ ഉണ്ടായിരുന്നത്. താനല്ല യേശുവെന്ന് കേണപേക്ഷിച്ചിട്ടും മഹാ പുരോഹിതന്റെ കിങ്കരന്മാരോ അദ്ദേഹമോ അത് ചെവി കൊണ്ടില്ല. അവസാനം തലയോടിടം എന്ന കുന്നിലേക്ക് കുരിശു തോളിലേറ്റി നടത്തിക്കുകയും രണ്ടു കള്ളന്മാര്‍ക്ക് നടുവിലായി അദ്ദേഹത്തെ കുരിശിലേറ്റുകയും ചെയ്തു. പക്ഷെ കുരിശാരോഹണം പൂര്‍ണ്ണമായും കണ്ടിട്ടില്ലാത്ത ബര്‍ണബാസ് അത് എഴുതിച്ചേര്‍ക്കുന്നത് യോഹന്നാന്റെയും പത്രോസിന്റെയും സഹായത്തോടെയാണ്. അവര്‍ രണ്ടുപേരും കുരിശാരോഹണ സമയത്ത് അവിടെ ഉണ്ടായിരുന്നതായി ബൈബിള്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. കുരിശാരോഹണത്തിന്റെ യഥാര്‍ത്ഥ രൂപം ബര്‍ണബാസിന്റെ ബൈബിളില്‍ നിന്ന് മനസ്സിലാക്കാം എന്നര്‍ത്ഥം. അതാകട്ടെ, ഇസ്‍ലാമിക പ്രമാണങ്ങളില്‍ പറയപ്പെടുന്നതിനോട് ഏറെ സാമ്യമുള്ളതാണുതാനും.

ചുരുക്കത്തില്‍ ക്രിസ്തീയ വിശ്വാസത്തിന്റെ കാതലായ പല പ്രമാണങ്ങളെയും പൊളിച്ചെഴുതുന്ന യഥാര്‍ത്ഥ ബൈബിളിന്റെ പകര്‍പ്പായാണ് ബര്‍ണബാസ് ബൈബിളിനെ മനസ്സിലാക്കപ്പെടുന്നത്. ഏകനായ ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ച് അവനെ മാത്രം ആരാധിക്കാനായിരുന്നു പൂര്‍വ്വ ഗ്രന്ഥങ്ങളെല്ലാം ആവശ്യപ്പെട്ടിരുന്നതെന്ന് ഇതോടെ വ്യക്തമാവും. അതോടെ, ക്രിസ്ത്യാനിസം അടക്കമുള്ള ബഹുദൈവാരാധനകളുടെ മുഖംമൂടികളെല്ലാം തകര്‍ന്ന് വീഴുകയും ചെയ്യും.

▬▬▬▬▬▬▬▬▬▬▬▬
For daily updates join Islamonweb
Whatsapp Group:

https://whatsapp.com/channel/0029Va5ZyA0FHWpsJ66H2P0R

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter