നിങ്ങള്‍ മക്കള്‍ക്കിടയില്‍ വിവേചനം കാണിക്കാറുണ്ടോ?

മുതിര്‍ന്ന മക്കളോടുള്ള മാതാപിതാക്കളുടെ തെറ്റായ സമീപനം കുടുംബ ഭദ്രതയെ പലപ്പോഴും പ്രതികൂലമായി ബാധിക്കാറുണ്ട്. മാതാപിതാക്കളോട് അനാദരം കാണിക്കുക, അവരെ അനുസരിക്കാതിരിക്കുക, വയസ്സാകുമ്പോള്‍ അവരെ സംരക്ഷിക്കാതിരിക്കുക തുടങ്ങിയ ഗുരുതരമായ പാതകങ്ങള്‍ക്ക് മക്കളെ പ്രേരിപ്പിക്കുന്നതിന്റെ അടിസ്ഥാനകാരണങ്ങളില്‍ അങ്ങനെയുള്ള തെറ്റായ സമീപനങ്ങള്‍ക്ക് പ്രധാനപങ്കാളിത്തമുള്ളതായിക്കാണാം.

ഒന്നിലധികം സന്തതികളുള്ള ചില മാതാപിതാക്കള്‍ ചില മക്കളോടും അവരുടെ ഭാര്യാസന്തതികളോടും കൂടുതല്‍ സ്‌നേഹവും തൃപ്തിയും പ്രകടിപ്പിക്കുന്നു. മറ്റവരോടാകട്ടെ അപ്രകാരം ഇല്ലതാനും. മാത്രമല്ല ഇഷ്ടപ്പെടാത്തവരെ പലപ്പോഴും കുറ്റപ്പെടുത്തി സംസാരിക്കുകയും ശകാരിക്കുകയും ചെയ്യും. പെരുമാറ്റങ്ങളിലും സമീപനങ്ങളിലും അവരോടുള്ള അവജ്ഞ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്യും. ഇത് മക്കളില്‍ പരസ്പര വിദ്വേഷവും പകയും സൃഷ്ടിക്കാനും മാതാപിതാക്കളോട് തന്നെ വെറുപ്പ് ഉളവാക്കാനും കാരണമായി ഭവിക്കുന്നു. അനന്തരഫലമോ, കുടുംബ ശൈഥില്യവും.

മക്കളില്‍ ചിലരോട് കൂടുതല്‍ സ്‌നേഹം ഉണ്ടാവുക സ്വാഭാവികമാണ്. അതിന്ന് പ്രത്യേക കാരണവും ഉണ്ടായിരിക്കും. സ്‌നേഹം മനുഷ്യന്റെ അനിയന്ത്രിതമായ ഒരു വികാരമാണ്. അത് തടഞ്ഞുനിര്‍ത്താന്‍ പലപ്പോഴും സാധ്യമാകണമെന്നില്ല. പക്ഷേ, അത് ബാഹ്യരൂപത്തില്‍ പ്രകടമാകുന്നതാണ് ഇവിടെ ആക്ഷേപാര്‍ഹമായ കാര്യം. വാക്കിലും പ്രവൃത്തിയിലും സമീപനങ്ങളിലും അത് പ്രത്യക്ഷപ്പെടുമ്പോള്‍ അങ്ങനെയുള്ള സ്‌നേഹം ലഭിക്കാത്തവര്‍ക്ക് അസൂയയും നിരാശയും ഉണ്ടാകുക സ്വാഭാവികം മാത്രമാണ്. അതിനാല്‍ മനസ്സിന്റെ സ്‌നേഹവികാരം വാചാ-കര്‍മണാ ആവിഷ്‌കൃതമാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധാലുക്കളാകുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്.

നബിതിരുമേനി(സ)ക്ക് തന്റെ ഭാര്യമാരില്‍ ചിലരോട് അതിരറ്റ സ്‌നേഹമുണ്ടായിരുന്നു. എന്നാല്‍ അവിടത്തെ സമീപനങ്ങളിലും പ്രവര്‍ത്തനങ്ങളിലും അത് പ്രകടിപ്പിച്ചിരുന്നില്ല. തുല്യമായ പെരുമാറ്റമായിരുന്നു എല്ലാ ഭാര്യമാരോടും. എങ്കിലും ചിലരോട് കൂടുതല്‍ സ്‌നേഹം തോന്നിയിരുന്നതിനെ കുറിച്ച് നബിതിരുമേനി(സ) അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയായിരുന്നു ചെയ്തിരുന്നത്. ആഇശ(റ) പറയുന്നു:  നബി(സ) എല്ലാ ഭാര്യമാര്‍ക്കിടയിലും തുല്യായി നീതി ചെയ്തിരുന്നു. എന്നിട്ട് ഇപ്രകാരം പ്രാര്‍ത്ഥിക്കുമായിരുന്നു. അല്ലാഹുവേ, എന്റെ നിയന്ത്രണത്തിലുള്ള കാര്യങ്ങളില്‍ ഞാന്‍ തുല്യത കാണിച്ചിരിക്കുന്നു. നീ നിയന്ത്രിക്കുന്നതും എനിക്ക് നിയന്ത്രണാതീതവുമായ (മനസ്സിന്റെ) കാര്യത്തില്‍ എന്നെ നീ കുറ്റപ്പെടുത്തരുതേ'' (ബുഖാരി-മുസ്‌ലിം)

ഇതില്‍നിന്ന് വ്യക്തമാകുന്നത് മനുഷ്യമനസ്സിന്റെ നിയന്ത്രണം അല്ലാഹുവിന്ന് അധീനപ്പെട്ട കാര്യമാണെന്നാണ്. അതുകൊണ്ട് തന്നെ അനിയന്ത്രിതമായവണ്ണം ചിലരോട് മാനസികമായി അടുപ്പമുണ്ടാകുന്നത് കുറ്റകരമല്ല. പക്ഷേ, അത് പ്രകടമാക്കുന്നത് അനര്‍ത്ഥമുണ്ടാകുന്ന സാഹചര്യത്തില്‍ ഭാര്യമാര്‍ക്കിടയിലെന്നപോലെ തന്നെ സന്താനങ്ങള്‍ക്കിടയിലും അങ്ങനെ ചെയ്യുന്നത് ഗുണകരമായിരിക്കില്ല.

മക്കളില്‍ ചിലര്‍ക്ക് മാത്രം ധനം നല്‍കുന്ന സമ്പ്രദായവും മാതാപിതാക്കളില്‍ ചിലര്‍ക്കുണ്ട്. എല്ലാ മക്കളും ഇഷ്ടപ്പെട്ടുകൊണ്ടല്ലാതെ അങ്ങനെ ചെയ്യുന്നത് കടുത്ത അപരാധമാണ്. മക്കളില്‍ ആര്‍ക്കെങ്കിലുമൊരാള്‍ക്ക് പ്രത്യേകമായി സ്വത്ത് നല്‍കേണ്ടുന്ന സാഹചര്യമുണ്ടാകുന്നുവെങ്കില്‍ അത് പ്രകാരം എല്ലാ മക്കള്‍ക്കും നല്‍കുകയോ അല്ലെങ്കില്‍ എല്ലാവരുടെയും തൃപ്തിയോടെയോ മാത്രമേ നല്‍കാവൂ. കാരണം പക്ഷഭേദം മക്കള്‍ക്കിടയില്‍ പാടില്ലെന്നാണ് നബി(സ)യുടെ അദ്ധ്യാപനം.

നുഅ്മാനുബ്‌നു ബശീര്‍(റ) എന്ന സ്വഹാബി പറയുന്നു: എന്റെ പിതാവ് എന്നെയും കൂട്ടി പ്രവാചക സന്നിധിയില്‍ ചെന്നു, നബിതിരുമേനിയോട് പറഞ്ഞു: നബിയേ, എന്റെ ഈ മകന്ന് ഞാന്‍ കുറച്ച് മുതല്‍ ഇഷ്ടദാനം ചെയ്തിരിക്കുന്നു. നബി(സ) ചോദിച്ചു. നിന്റെ എല്ലാ മക്കള്‍ക്കും നീ അതുപോലെ കൊടുത്തിരിക്കുന്നുവോ? 'ഇല്ല' പിതാവ് മറുപടി പറഞ്ഞു. അപ്പോള്‍ നബി(സ) പറഞ്ഞു: നിങ്ങള്‍ അല്ലാഹുവിനെ ഭയപ്പെടുക. നിങ്ങളുടെ എല്ലാ മക്കളോടും നീതി പുലര്‍ത്തുക. ഇതുകേട്ട എന്റെ പിതാവ് നല്‍കിയ ദാനം തിരിച്ചെടുത്തു.

മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം നബി(സ) ഇപ്രകാരം പറഞ്ഞു: ഈ കാര്യത്തില്‍ എന്നെ നീ സാക്ഷിയാക്കണ്ട. ഞാന്‍ അക്രമത്തിന്ന് സാക്ഷിയാകയില്ല.
തുടര്‍ന്ന് നബി(സ) ഇങ്ങനെ പറഞ്ഞതായും ഹദീസില്‍ കാണാം. ''എല്ലാ സന്തതികളും നിനക്ക് നന്മ ചെയ്യുന്നവരാകുന്നത് നിനക്ക് സന്തോഷകരമല്ലേ? 'അതെ'. അദ്ദേഹം മറുപടി പറഞ്ഞു.'' (ബുഖാരി-മുസ്‌ലിം)

ഉദ്ധൃത തിരുവാക്യത്തില്‍ നിന്ന് വ്യക്തമാകുന്നത്, മക്കള്‍ക്കിടയില്‍ പക്ഷഭേദം കാണിക്കുന്നത് അനീതിയും അക്രമവുമാണെന്നാണ്. മാത്രമല്ല അങ്ങനെ ചെയ്യുന്നതില്‍ അല്ലാഹുവിനെ ഭയപ്പെടണമെന്നും.

മാതാപിതാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ സന്തതികളോട് വിശുദ്ധഖുര്‍ആന്‍ പറഞ്ഞത് ഇപ്രകാരമാണ്. ''എന്റെ രക്ഷിതാവേ എന്റെ കുഞ്ഞുന്നാളില്‍ മാതാപിതാക്കള്‍ എന്നോട് വാത്സല്യം കാണിച്ച പ്രകാരം നീ അവരോട് വാത്സല്യം കാണിക്കണമേ''

മതാപിതാക്കളില്‍ നിന്ന് ചെറുപ്രായത്തില്‍ വാത്സല്യം ലഭിച്ച സന്തതികളാണല്ലോ ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നത്. അതുകൊണ്ട് തന്നെ പ്രസ്തുത പ്രാര്‍ത്ഥനക്ക് അര്‍ഹരാകണമെങ്കില്‍ രക്ഷിതാക്കള്‍ അവരോട് കൃഫയും സ്‌നേഹവുമുള്ളവാരായിരിക്കണം. ഏതെങ്കിലുമൊരു സന്തതിക്ക് സ്‌നേഹവാത്സല്യങ്ങള്‍ നിഷേധിക്കപ്പെടുന്ന പക്ഷം പ്രസ്തുത സന്തതിയുടെ പ്രാര്‍ത്ഥനക്ക് അത്തരം രക്ഷിതാക്കള്‍ അര്‍ഹരായിരിക്കയില്ല എന്ന് കൂടി മനസ്സിലാക്കാം.

ഒന്നിലധികം ഭാര്യമാരുള്ള ചിലര്‍ അവരുടെ ഇഷ്ടഭാര്യയുടെയും മക്കളുടെയും പേരില്‍ സ്വത്ത് നല്‍കുകയും മറ്റു ഭാര്യാസന്തതികളെ വഴിയാധാരമാക്കുകയും ചെയ്യുന്ന പ്രവണതയും അപൂര്‍വ്വമായെങ്കിലും കാണപ്പെടാറുണ്ട്. ഇതും അത്യന്തം കടുത്തതും കുറ്റകരവുമായ പ്രവണത തന്നെ. നബിതിരുമേനി(സ) കര്‍ശനമായി നിരോധിച്ചതില്‍ പെട്ടത് തന്നെയാണിത്.

ഇത്തരം ദുഷിച്ച ഏര്‍പ്പാടുകള്‍ സന്തതികളുടെയും കുടുംബാംഗങ്ങളുടെയും ഇടയില്‍ ശാശ്വത പകയും വിദ്വേഷവും വരുത്തിവെക്കുന്നതും കുടുംബ ഭദ്രതയെ ഹനിക്കുന്നതും സ്‌നേഹ പാരസ്പര്യത്തിന്റെ കടക്ക് കത്തിവെക്കുന്നതുമാണെന്ന തിരിച്ചറിവ് അങ്ങനെ ചെയ്യുന്ന മാതാപിതാക്കള്‍ക്ക് ഉണ്ടങ്കിലേ കുടുംബജീവിതം വിജയപ്രദമാകയുള്ളൂ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter