ദുൻയാവും ആഖിറവും തമ്മില്‍
അന്ന് അബൂത്വല്‍ഹ(റ) തന്റെ ബൈറുഹാ തോട്ടത്തിലെത്തി. ഈത്തപ്പഴവും മുന്തിരിയും സമൃദ്ധമായി ലഭിച്ചിരുന്ന തോട്ടം. ശുദ്ധജലം നിര്‍ഝരിക്കുന്ന, വടവൃക്ഷങ്ങള്‍ തലയുയര്‍ത്തിനില്‍ക്കുന്ന നയന മനോഹരമായ തോട്ടം. നിഴല്‍ വിരിച്ച മരച്ചില്ലകള്‍ക്ക് താഴെ അബൂത്വല്‍ഹ(റ) നിസ്‌ക്കരിക്കുകയാണ്. ഒരു കിളി മരച്ചില്ലകളിലൊന്നിലിരുന്ന് കളകളാരവം മുഴക്കുന്നുണ്ട്. കിളിയുടെ മധുരഗീതം പോലെ സുന്ദരമാണതിന്റെ മേനിയും. പച്ചപുതച്ച ചിറകുകള്‍, ചെഞ്ചോര നിറത്തിലുള്ള കൊക്കുകള്‍, വര്‍ണ്ണഛായം പൂശിയ പാദങ്ങള്‍. മനസ്സിനെ മയക്കുന്ന ആ കിളിയുടെ രാഗം അബൂത്വല്‍ഹ(റ)യുടെ ബോധത്തെ തൊട്ടുണര്‍ത്തി. രാഗം മൂളി നൃത്തം ചവിട്ടി ആ കിളി ഓരോ ചില്ലകളിലും തന്റെ സാന്നിധ്യമറിയിച്ച് പാറിനടക്കുകയാണ്. അബൂത്വല്‍ഹ(റ) ചിന്താവിശിഷ്ടനായി. ആ ചിന്തയില്‍ മുഴുകി. പെട്ടെന്നാണ് താൻ നിസ്കാരത്തിലാണല്ലോ എന്ന് അബൂത്വല്‍ഹ(റ) ഓർത്തത്.
നിസ്‌കാരം കഴിഞ്ഞ് നേരെ ചെന്നത് നബി(സ്വ) യുടെ സന്നിധിയിലേക്കാണ്. തന്നെ അശ്രദ്ധയിലാക്കിയ തന്റെ പൂന്തോപ്പിനെ കുറിച്ച്, കാറ്റിന്റെ ഗതിക്കനുസരിച്ച് തല്ലിക്കളിക്കുന്ന വൃക്ഷങ്ങളെ കുറിച്ച്, നിസ്‌കാരത്തില്‍ നിന്ന് ശ്രദ്ധമാറ്റിയ ആ വാനമ്പാടി കിളിയെ കുറിച്ച്, എല്ലാം അദ്ദേഹം നബി(സ്വ)ക്ക് വിവരിച്ചു കൊടുത്തു. 'പ്രവാചകരേ, അങ്ങയെ സാക്ഷിനിര്‍ത്തി ഞാന്‍ എന്റെ തോട്ടം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വദഖയാക്കുന്നു. അല്ലാഹുവിങ്കലിൽ നിന്ന് അതിന്റെ പ്രതിഫലം ഞാനാഗ്രഹിക്കുന്നു. അല്ലാഹുവും അവന്റെ തിരുദൂതരും ഇഷ്ടപ്പെടുന്ന മാര്‍ഗ്ഗത്തില്‍ അങ്ങത് വിനിയോഗിച്ചാലും.”
നബി (സ്വ) പറഞ്ഞു: നിന്റെ ഈ സമ്പാദ്യം നിനക്ക് ലാഭമുണ്ടാക്കിത്തരുന്നതാണ്. നീ പറഞ്ഞതെല്ലാം ഞാൻ കേട്ടിരിക്കുന്നു. അത് കുടുംബക്കാർക്ക് നൽകണമെന്ന് ഞാൻ അഭിപ്രായപ്പെടുന്നു. അങ്ങനെ അബൂ ത്വൽഹ(റ) ആ തോട്ടം പിതൃ സഹോദരന്റെ മക്കൾക്കും മറ്റു കുടുംബക്കാർക്കും വീതിച്ചു നൽകി. 'നിങ്ങൾക്ക് പ്രിയതരമായത് അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ദാനം ചെയ്താലേ നിങ്ങൾക്ക് പുണ്യം ലഭിക്കുകയുള്ളൂ' എന്ന ആലു ഇംറാന്‍ അധ്യായത്തിലെ 92 ആം സൂക്തം അവതരിച്ച പശ്ചാത്തലത്തിലായിരുന്നു ഇത്.
ദുൻയാവും ആഖിറവും തമ്മിൽ മനസ്സിൽ വടംവലി നടത്തുകയും ദുൻയാവ് അതിൽ ശക്തി നേടുകയും ചെയ്യുന്ന പല സാഹചര്യങ്ങളും നമ്മുടെ ജീവിതത്തിലൂടെ കടന്നുപോവാറില്ലേ എന്ന് വിചാരപ്പെടേണ്ടിയിരിക്കുന്നു. നിസ്കരിക്കുന്നുണ്ട്, പക്ഷേ അപ്പോൾ പോലും മനസ്സിൽ വിചാരങ്ങളുടെ വേലിയേറ്റമാവും. ഐഹികജീവിതവുമായി ബന്ധപ്പെട്ട നൂറുകൂട്ടം കാര്യങ്ങൾ ഓർമിച്ചെടുക്കാൻ അല്പം ആശ്വാസം കിട്ടുന്ന സമയം നമുക്ക് നിസ്‌കാര സമയമേ ഉള്ളൂ എന്ന് വരെ പറയാം. ഒരഞ്ചു മിനുട്ട് നിസ്കാരത്തിൽ പോലും മനസ്സ് സ്വസ്ഥമാവുന്നില്ല. എല്ലാം യാന്ത്രികമായ ഒരൊഴുക്ക്. അപ്പുറത്ത് മൊബൈൽ ഫോണിൽ നിന്നുയരുന്ന പാട്ടിന്റെ താളത്തിൽ പോലും നിസ്‌കാരത്തിൽ ചുവടുപിടിക്കുന്നവരുമുണ്ട്. ഇവിടെയാണ് നിസ്‌കാരത്തിൽ മനസ്സ് കൈവിട്ടുപോയോ എന്ന് തോന്നാനിടയായ വലിയൊരു ഉദ്യാനം ദുൻയാവും ആഖിറവും തമ്മിലുള്ള വടംവലിയായിക്കണ്ട് പാരത്രികം വിജയിച്ചുനിൽക്കാൻ എന്നെന്നേക്കുമുള്ള സമ്പത്തായി വഖ്‌ഫ് ചെയ്യാൻ അബൂ ത്വല്‍ഹ മനസ്സ് വെച്ചത്.
ദുൻയാവും ആഖിറവും തമ്മിലുള്ള മത്സരത്തിൽ ആഖിറം വിജയിക്കാൻ ജാഗ്രത പുലർത്തണമെന്ന് ഖുർആൻ നിരന്തരമായി ഉണർത്തുന്നുണ്ട്. 'നിങ്ങൾ ഖബറിടങ്ങളിലേക്ക് എത്തിച്ചേരുന്നത് വരെ അന്യോന്യമുള്ള തൻപോരിമാ പ്രകടനം പാരത്രികചിന്തകളിൽനിന്ന് നിങ്ങളെ വ്യാപൃതരാക്കിയിരിക്കുന്നു. അങ്ങനെ വേണ്ട, നിങ്ങൾ വഴിയേ അറിഞ്ഞുകൊള്ളും. (അത്തകാസുർ)
Leave A Comment