അണ്ടോണ അബ്ദുല്ല മുസ് ലിയാര്‍

അണ്ടോണ അബ്ദുല്ല മുസ് ലിയാര്‍
പി.കെ. അബൂബക്ര്‍ ഹാജി കത്തറമ്മല്‍


മറവി എളുപ്പമാണ്. മരണം മറവിയുടെ ക്ഷണമാണ്. എത്ര പ്രിയപ്പെട്ടവരാണെങ്കിലും ചിലര്‍ മരിച്ചു ദിവസങ്ങള്‍ കടന്നുപോകുമ്പോള്‍ അവര്‍ വിസ്മൃതിയിലേക്ക് മറയും. ഭൗതിക സാന്നിധ്യം കൊണ്ടു മാത്രം ജീവിച്ചവരാണ് ഇങ്ങനെ മരണത്തോടെ മറവിയിലാഴ്ന്നു പോകുന്നത്. ആത്മീയ സാന്നിധ്യം കൊണ്ട് സമൂഹത്തില്‍ നിറഞ്ഞു നില്‍ക്കുകയും നയിക്കുകയും ചെയ്തവര്‍ക്ക് മരണമില്ല. അവരുടെ ഭൗതിക സാന്നിധ്യം നഷ്ടമായാലും അവര്‍ പരത്തിയ ആത്മീയ വെളിച്ചം അണയാതെ നില്‍ക്കും. അതുകൊണ്ടാണ്, സൈനുല്‍ ഉലമാ അണ്ടോണ കെ. അബ്ദുല്ല മുസ്‌ലിയാര്‍ ഇന്നും ജനമനസ്സുകളില്‍ ജീവിക്കുന്നത്. മരണത്തിനു ശേഷം ഒരു ദശാബ്ദം പിന്നിടുമ്പോഴും ഭാര്യയും മക്കളും ബന്ധുക്കളും ശിഷ്യന്മാരും മാത്രമല്ല, നാടും സമൂഹവുമാകെ ഇന്നും അണ്ടോണ ഉസ്താദിനെക്കുറിച്ചുള്ള ഓര്‍മകള്‍ കെടാതെ സൂക്ഷിക്കുന്നു. പള്ളികളിലും മതവേദികളിലും സാമൂഹ്യ ജീവിതത്തിലും അദ്ദേഹത്തിന്റെ സാന്നിധ്യം പരത്തിയ സുഗന്ധം അനുഭവിച്ച
റിയുന്നു.
ചില മഹദ് വ്യക്തികളിലൂടെ അവരുടെ ജന്മനാട് പ്രസിദ്ധമാകും. മറ്റുചിലരിലൂടെ കര്‍മമണ്ഡലമാണ് പ്രശസ്തമാകുന്നത്. രണ്ടാമത് പറഞ്ഞ ഗണത്തിലാണ് അണ്ടോണ എന്ന ഗ്രാമം. കോഴിക്കോട് ജില്ലയില്‍ താമരശ്ശേരി കെടവൂര്‍ വില്ലേജിലെ വാവാട് മഹല്ലില്‍ കുന്നുമ്മല്‍ പണ്ഡിത തറവാട്ടില്‍ 1922ല്‍ ജനിച്ച അബ്ദുല്ല മുസ്‌ലിയാരിലൂടെ പ്രസിദ്ധമായത് അണ്ടോണ എന്ന ഗ്രാമമാണ്. 19 വര്‍ഷം അണ്ടോണയില്‍ ദര്‍സ് നടത്തിയതിലൂടെയാണ് അദ്ദേഹം 'അണ്ടോണ ഉസ്താദ്' ആയത്.
ജീവിതം തന്നെ സന്ദേശം
'എന്റെ ജീവിതമാണ് എന്റെ സന്ദേശം' എന്നു പറയാവുന്ന വിധം മാതൃകാപരമായ ജീവിതം നയിച്ചവര്‍ ഏറെയില്ല. ഉപദേശങ്ങള്‍ നല്‍കാന്‍ പ്രാപ്തരെങ്കിലും സ്വന്തം ജീവിതത്തില്‍ അതു പ്രാവര്‍ത്തികമാക്കാന്‍ പലര്‍ക്കും സാധിക്കാറില്ല. അണ്ടോണ ഉസ്താദിന്റെ ജീവിതം ഇതിന് അപവാദമായിരുന്നു. അദ്ദേഹം നല്‍കിയ ഓരോ സന്ദേശത്തിനും ജീവിതകാലത്തെ മാതൃകകളുമുണ്ടായിരുന്നു. മതവിദ്യാഭ്യാസത്തിനൊപ്പം ഭൗതിക വിദ്യാഭ്യാസത്തിനും പിരഗണന നല്‍കണമെന്നത് ഇന്നും പൂര്‍ണമായി പ്രാവര്‍ത്തികമായിട്ടില്ല. എന്നാല്‍, അണ്ടോണ ഉസ്താദ് 1930 കളിലെ ഉന്നത വിദ്യാഭ്യാസ യോഗ്യതയായ ഇ.എസ്.എല്‍.സി. നേടിയിരുന്നു. ഇക്കാലത്തെ ബിരുദത്തോടോ ബിരുദാനന്തര ബിരുദത്തോടോ ഇതു താരതമ്യപ്പെടുത്തിയാല്‍ അധികമാവില്ല.
തുടര്‍ന്ന് മതപഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം പൂനൂര്‍, കാപ്പാട്, മടവൂര്‍ ദര്‍സുകളില്‍ പഠിച്ചു. എം.കെ. കുഞ്ഞി ഇബ്രാഹീം മുസ്‌ലിയാര്‍, കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, മലയമ്മ അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയവരായിരുന്നു ഉസ്താദുമാര്‍. 1950ല്‍ വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തില്‍ നിന്ന് ബിരുദം നേടിയെത്തുമ്പോഴേക്കും പാണ്ഡിത്യത്തിലും പ്രസംഗത്തിലും അദ്ദേഹം പ്രസിദ്ധനായിരുന്നു. നിരവധി പ്രമുഖ മഹല്ലുകളിലേക്ക് ക്ഷണമുണ്ടായെങ്കിലും ജ്യേഷ്ഠന്‍ പോക്കര്‍കുട്ടി മുസ്‌ലിയാരുടെ നിര്‍ദ്ദേശപ്രകാരം 1951ല്‍ അണ്ടോണ മഹല്ലിന്റെ സാരഥ്യം ഏറ്റെടുത്തു. 1972 വരെ (ഇടയ്ക്ക് രണ്ട് വര്‍ഷമൊഴികെ) അണ്ടോണയില്‍ തുടര്‍ന്ന ശേഷം ഉരുളിക്കുന്നിലേക്കു മാറി. 1979ല്‍ ജന്മനാടായ വാവാട് മഹല്ലിലെ സാരഥ്യമേറ്റെടുത്ത ഉസ്താദ് മരണം വരെ അവിടെ തുടര്‍ന്നു. ആരുടെയും എതിര്‍പ്പോ അപസ്വരമോ ഇല്ലാതെ സ്വന്തം നാട്ടില്‍ ദീര്‍ഘകാലം മുദരിസാവുകയെന്നത് അത്ര എളുപ്പമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. വാവാട്, അണ്ടോണ, ഉരുളിക്കുന്ന്, ഒടുങ്ങാക്കാട് ഉള്‍പ്പെടെ ഇരുപതിലേറെ മഹല്ലുകളുടെ ഖാസിയുമായിരുന്നു അദ്ദേഹം. 1960കളില്‍ മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്‍ രൂപീകരണത്തിനു നേതൃത്വം നല്‍കിയ അദ്ദേഹം പിന്നീട് സമസ്തയുടെ ഭാരവാഹിയും സജീവ പ്രചാരകനുമായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റ്, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി, ഫത്‌വ കമ്മിറ്റി അംഗം, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അംഗം തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു.
സ്ഫുടമായ ഭാഷയും സരസമായ ശൈലിയും കുറിക്കുകൊള്ളുന്ന പ്രയോഗവുമായിരുന്നു ഉസ്താദിന്റെ പ്രസംഗത്തിന്റെ ആകര്‍ഷണം. ചെറുപ്പത്തിലേ നേ ടിയ ഭൗതിക വിദ്യാഭ്യാസത്തിന്റെ മേന്മയായിരുന്നു അത്. ഉപമകളും ഉദാഹരണങ്ങളും അനാവശ്യമാകുംവിധം വിനയം ലാളിത്യം, ക്ഷമാശീലം തുടങ്ങിയവയില്‍ അദ്ദേഹം മാതൃകാപുരുഷനായിരുന്നു.
പൊതുജീവിതത്തിനിടയില്‍ സ്വന്തം കുടുംബത്തെ മറന്നുപോകുന്നവരുമുണ്ട്. എന്നാല്‍, ഉത്തരവാദിത്തമുള്ള ഗൃഹനാഥനായിരുന്നു അദ്ദേഹം. മക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു പ്രവര്‍ത്തിച്ചു. കൃഷിഭൂമി മെച്ചപ്പെടുത്തുക, വിളവെടുപ്പുകള്‍ക്ക് നേല്‍നോട്ടം വഹിക്കുക, തൈകളും മറ്റും വെച്ചുപിടിപ്പിക്കുക തുടങ്ങിയ കാര്യങ്ങളിലും അദ്ദേഹം ശ്രദ്ധ പതിപ്പിച്ചു.
അഗാധമായ പാണ്ഡിത്യം
ദീര്‍ഘകാലം 'സമസ്ത' യുടെ ഫത്‌വ കമ്മറ്റിയിലെ പ്രമുഖ അംഗമായിരുന്നു. ചോദ്യവുമായി വരുന്നവര്‍ക്ക് മുന്നില്‍ അതേനിമിഷം തന്നെ സംശയത്തിന്റെ പഴുതില്ലാത്ത വിധം മറുപടി നല്‍കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഫത്‌വ കമ്മിറ്റി യോഗങ്ങളും അജണ്ടയും അറിയിച്ചുള്ള കത്ത് അയക്കുമ്പോള്‍ അണ്ടോണ ഉസ്താദിനുള്ള കത്തില്‍ ശംസുല്‍ ഉലമാ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രത്യേകം രേഖപ്പെടുത്തുമായിരുന്നു: 'നഖ്‌ല് (തെളിവ്) കൊണ്ടുവരണം.' അതേ കത്തിന്റെ മറുപുറത്തോ വശങ്ങളിലോ തെളിവിനാവശ്യമായ കിത്താബ് വിവരങ്ങള്‍ ഉസ്താദ് എഴുതി വെക്കുകയായിരുന്നു പതിവ്. ശംസുല്‍ ഉലമായും സൈനുല്‍ ഉലമായും തമ്മിലുള്ള ബന്ധം സുദൃഢവും വിവരണാതീതവുമായിരുന്നു. ഉസ്താദിന്റെ മകന്‍ അബ്ദുല്‍ ബാരി മുസ്‌ലിയാരുടെ വിവാഹത്തിന് അനാരോഗ്യം അവഗണിച്ച് ശംസുല്‍ ഉലമാ എത്തി. വരുമ്പോള്‍ അദ്ദേഹം പറഞ്ഞു: ''ആരോഗ്യമുണ്ടായിട്ടല്ല, അണ്ടോണയുടെ വീട്ടിലേക്കായതുകൊ
ണ്ടാണ്.''
അനുരജ്ഞനത്തിന്റെ വക്താവ്
സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും നേതൃത്വം നല്‍കുകയും അതിനായി പടപൊരുതുകയും ചെയ്യുമ്പോഴും മറുചേരിയിലുള്ളവരുമായി സൗഹൃദം നിലനിര്‍ത്താനും അവരെ പരിഗണിക്കാനും ബഹുമാനിക്കാനും ഉസ്താദ് മറന്നില്ല. ഇത് മറ്റുള്ളവരുടെ യോഗ്യതയേക്കാളേറെ ഉസ്താദിന്റെ സ്വഭാവഗുണമായിരുന്നു എന്നു മനസ്സിലാക്കണം. സംഘര്‍ഷമുണ്ടാകുന്ന അന്തരീക്ഷത്തില്‍ അനുരജ്ഞനമായിരുന്നു അദ്ദേഹത്തിന്റെ മാര്‍ഗ്ഗം. സംഘടനാ പരമായ വിഭാഗീയതകള്‍ അനാരോഗ്യകരമായ തീരുമാനങ്ങളിലേക്ക് വഴുതിവീഴുമെന്നു കണ്ട ഘട്ടത്തിലെല്ലാം സമാധാനത്തിന്റെ ദൂതനായി അദ്ദേഹം എത്തി. അതിനാല്‍, എല്ലാ സംഘടനകള്‍ക്കും എല്ലാ മതവിഭാഗങ്ങള്‍ക്കും അദ്ദേഹം സ്വീകാര്യനായിരുന്നു.
നല്ല ഉയരവും ആകാരവും തലയെടുപ്പും ഉസ്താദിന്റെ സവിശേഷതകളായിരുന്നു. ഉസ്താദ് നടന്നുവരുന്നതു കണ്ടാല്‍, (എല്ലാ സാധ്യതകളുമുണ്ടായിട്ടും ജീവിതാവസാനം വരെ അദ്ദേഹം ഒരു വാഹനം സ്വന്തമാക്കിയിരുന്നില്ല) ജാതി-മത വ്യത്യാസമില്ലാതെ സമൂഹം ആദരപൂര്‍വം വഴിയൊരുക്കുമായിരുന്നു. ഉസ്താദിനെ കാണുമ്പോള്‍ 'ഒരു ഭയം' എല്ലാവര്‍ക്കും ഉണ്ടാകുമായിരുന്നു എന്നു പറഞ്ഞാല്‍ അധികമാവില്ല - ഭയം എന്ന വാക്കിന് നെഗറ്റീവ് അര്‍ത്ഥം നല്‍കരുതെന്നുമാത്രം.
പണ്ഡിത കുടുംബം, മാതൃകാ കുടുംബം
പരപ്പന്‍പൊയില്‍ - വാവാട് പ്രദേശത്തിന്റെ അനുഗ്രഹമാണ് കുന്നുമ്മല്‍ പണ്ഡിതകുടുംബം. നാടിന്റെ നായകരായി അവര്‍ മുന്നിലുള്ളിടത്തോളം ഈ ഗ്രാമത്തിനും സമൂഹത്തിനും ആശങ്കകളില്ല. കുന്നുമ്മല്‍ മര്‍ഹൂം മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ക്കും ഉക്കയ്യ ഹജ്ജുമ്മയ്ക്കും അഞ്ചുമക്കളായിരുന്നു. അഞ്ചുപേരും ജനനക്രമത്തില്‍ തന്നെയാണു മരിച്ചതും. അവരില്‍ ഇളയ ആളായിരുന്നു അബ്ദുല്ല മുസ്‌ലിയാര്‍. ജ്യേഷ്ഠന്മാരായ പോക്കര്‍കുട്ടി മുസ്‌ലിയാരും മൊയ്തീന്‍കുഞ്ഞി മുസ്‌ലിയാരും നാടിന്റെ നായകരായിരുന്നു. - വിവിധ മഹല്ലുകളിലെ ഖാസിമാരും. ജ്യേഷ്ഠന്‍ പോക്കര്‍കുട്ടി മുസ്‌ലിയാരുടെ പിന്‍ഗാമിയായാണ് അബ്ദുല്ല മുസ്‌ലിയാര്‍ അണ്ടോണയിലും പിന്നീട് വാവാട്ടും ദര്‍സ് ഏറ്റെടുത്തത്. മക്കളെയെല്ലാം സ്വന്തം പാതയില്‍ വളര്‍ത്താന്‍ മൂവര്‍ക്കും കഴിഞ്ഞു. പോക്കര്‍കുട്ടി മുസ്‌ലിയാരുടെയും മൊയ്തീന്‍ കുഞ്ഞി മുസ്‌ലിയാരുടെയും അബ്ദുല്ല മുസ്‌ലിയാരുടെയും മക്കളെല്ലാം മതബിരുദ ധാരികളായ പണ്ഡിതന്മാരാണ്. ഇന്ന്, വിവിധ മഹല്ലുകളുടെ സാരഥ്യം ഈ എട്ടു പേര്‍ വഹിക്കുന്നു. പാണ്ഡിത്യ ലോകത്ത് പ്രതിഭ തെളിയിച്ചവരാണ് അണ്ടോണ ഉസ്താദിന്റെ ജാമാതാക്കള്‍.
കലവറയില്ലാതെ സ്‌നേഹവും ആദരവും നല്‍കിയാണ് നാട്ടുകാര്‍ ഈ പണ്ഡിത കുടുംബത്തോട് നന്ദി അറിയിക്കുന്നത്. പരപ്പന്‍പൊയില്‍ നുസ്‌റത്തുല്‍ മുഹ്താജീന്‍ സംഘം ആരംഭിച്ച സൈനുല്‍ ഉലമാ സ്മാരക അഗതി സംരക്ഷണ കേന്ദ്രം ഇതിനുദാഹരണമാണ്. ശിഷ്യന്മാരുടെ കൂട്ടായ്മയും ഉസ്താദിന്റെ സ്മരണയ്ക്ക് ജീവന്‍ നല്‍കുന്നു. ഉസ്താദിന്റെ ജീവിതകാലത്തു തന്നെ പ്രവര്‍ത്തനം ആരംഭിച്ച സൈനുല്‍ ഉലമാ പൂര്‍വവിദ്യാര്‍ത്ഥി സമാജം ഉസ്താദിന്റെ സാന്നിധ്യത്തില്‍ ഫിഖ്ഹ് - മസ്അല ചര്‍ച്ചകളും വാര്‍ഷിക കൂട്ടായ്മകളും നടത്തി. മരണശേഷം ഈ ഒത്തു ചേരല്‍ ഉസ്താദിന്റെ വഫാത്ത് ദിനത്തിലേക്ക് മാറ്റി. 'സമസ്ത' മുശാവറ അംഗവും പ്രശസ്ത ഫിഖ്ഹ് പണ്ഡിതനും ഉസ്താദിന്റെ പ്രമുഖ ശിഷ്യനുമായിരുന്ന മര്‍ഹൂം പി.സി. കുഞ്ഞാലന്‍കുട്ടി മുസ്‌ലിയാര്‍ ആയിരുന്നു ആദ്യ പ്രസിഡണ്ട്. പ്രമുഖ സൂഫി വര്യന്‍ വാവാട് പി.കെ കുഞ്ഞിക്കോയ മുസ്‌ലിയാര്‍ ആണ് ഇപ്പോള്‍ നേതൃസ്ഥാനത്ത്.
അണ്ടോണ ഉസ്താദിന്റെ വേര്‍പാടിന്റെ വേദനയുമായി ഒരു സഫര്‍ രണ്ടുകൂടി കഴിഞ്ഞുപോയി. ഇതിനോടനുബന്ധിച്ച് മാര്‍ച്ച് 12നു ശനിയാഴ്ച വൈകിട്ട് നാലു മണിക്ക് പരപ്പന്‍പൊയില്‍ സൈനുല്‍ ഉലമാ സ്മാരക നുസ്‌റത്ത് അഗതി മന്ദിരത്തില്‍ സൈനുല്‍ ഉലമ പൂര്‍വവിദ്യാര്‍ത്ഥി സമാജത്തിന്റെ നേതൃത്വത്തില്‍ ദുആ സമ്മേളനവും അനുസ്മരണവും നടന്നു.
മറക്കാതിരിക്കാന്‍
ഒരു ഉപദേശം
ഏറ്റെടുത്ത പരിപാടികള്‍ വീടിന്റെ ഉമ്മറത്തെ കലണ്ടറില്‍ രേഖപ്പെടുത്തുകയായിരുന്നു ഉസ്താദിന്റെ പതിവ്. ക്ഷണം സ്വീകരിച്ചാല്‍, അത് കലണ്ടറിലുണ്ടാകും. ആഴ്ചകളും മാസങ്ങളും മുന്‍പേ പരിപാടികള്‍ നിശ്ചയിക്കുന്നത് സാധാരണമാണ്. എന്നാല്‍, ഉസ്താദ് അന്തരിച്ച 1995 ജൂണ്‍ 30നു ശേഷമുള്ള (സഫര്‍ രണ്ട്) തീയതിയിലേക്ക് ഒരു പരിപാടി പോലും കലണ്ടറില്‍ രേഖപ്പെടുത്തിയിരുന്നില്ല. ജൂണ്‍ 30നു അര്‍ധരാത്രി 12.30നാണ് (കൃത്യമായിപ്പറഞ്ഞാല്‍ ജൂലൈ ഒന്ന്) ഉസ്താദ് അന്തരിച്ചത്. അതേസമയത്തു തന്നെ ഉസ്താദിന്റെ കൈയിലെ വാച്ചും നിശ്ചലമായി.
ശിഷ്യര്‍ക്ക് ശക്തമായ ഉപദേശം നല്‍കുന്നതിനിടയില്‍ ഒരിക്കല്‍ ഉസ്താദ് പറഞ്ഞു: ''നിങ്ങള്‍ക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യുന്നത് എനിക്ക് ഇഷ്ടമില്ലെന്ന് നിങ്ങള്‍ ഓര്‍ത്താല്‍ മതി.'' ചിന്തിക്കുന്നവര്‍ക്ക് ഈ താക്കീതു മാത്രം മതി.
ഇത്തരം പണ്ഡിതന്മാരുടെയും മഹത്തുക്കളുടെയും സ്മരണകള്‍ പുതുക്കുന്നതും, അവരുടെ പേരില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതും അവരോടുള്ള ധാര്‍മികമായ കടപ്പാടുകള്‍ നിര്‍വ്വഹിക്കുന്നതിന്റെ ഭാഗമാണ്. അതോടൊപ്പം അത്തരക്കാരുടെ ചര്യകള്‍ അയവിറക്കാനും പിന്‍തലമുറക്ക് പഠിപ്പിച്ചുകൊടുക്കാനും സഹായകവുമാണ്.

(സുന്നിഅഫ്കാര്‍ വാരിക, 2005, മാര്‍ച്ച്: 16, സുന്നിമഹല്‍, മലപ്പുറം)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter