ദര്ഗ്ഗകള്: സാമൂഹ്യ ഘടന രൂപപ്പെടുന്ന വിധം
കാക്കാ, കണ്ണില്ലാത്തവരാണ് ട്ടോ ... വല്ലതും തന്ന് പോയ്ക്കോളൂ....
മോനേ, കാലില്ലാ.. നിങ്ങളെ പ്പോലെ നടക്കാന്‍ കഴിയാത്തവരാ... വല്ലതും തരൂ... ഞങ്ങളും ജീവിക്കട്ടെ....
താത്താ, എണ്ണയെടുക്കാന്‍ കുപ്പി വേണ്ടേ, ജാറം മൂടാന്‍ തുണി, സബീന, ഏട് എല്ലാം ഉണ്ട്... ഒന്ന് കയറി നോക്കിക്കോളൂ....
കേരളത്തിലെ മഖാമുഖകളുടെ പരിസരത്തെത്തുമ്പോള്‍ നാം സാധാരണയായി കേള്‍ക്കുന്ന വിളികളാണ് ഇവയെല്ലാം. ഒരു കോണിലൂടെ വീക്ഷിച്ചാല്‍ യാചനയും കൈകാട്ടലുമായി നമുക്ക് ഇവ തോന്നാമെങ്കിലും ആയിരക്കണക്കിന് ആളുകളാണ് ഇത്തരം വിളികളിലൂടെ ജീവിച്ച്പോവുന്നത് എന്ന് ആലോചിക്കുമ്പോഴാണ്, ഈ ദര്‍ഗ്ഗകളും മഖാമുകളും നമ്മുടെ സമൂഹത്തില്‍ നിര്‍വ്വഹിക്കുന്ന പങ്കും അതിലൂടെ സാധിച്ചെടുക്കുന്ന സാമൂഹ്യജീവിതവും ക്രയവിക്രയങ്ങളും സാമ്പത്തിക സുരക്ഷയും നമുക്ക് മനസ്സിലാവുക. അങ്ങനെ നോക്കിയാല്‍, ഏറ്റവും വലിയ സാമൂഹ്യസ്ഥാപനമാണ് ദര്ഗ്ഗകളെന്ന് പറയാതിരിക്കാനാവില്ല.
ദര്‍ഗ്ഗകളില്‍, വിശിഷ്യാ കേരളത്തിന് പുറത്തുള്ള ദര്‍ഗ്ഗകളില്‍ നടക്കുന്ന പല ആചാരങ്ങളും രീതികളും ഇസ്ലാമികമായി പൂര്‍ണ്ണമായി അംഗീകരിക്കാനാവണമെന്നില്ല. മുസ്ലിം സമുദായത്തിലെ ചില വിഭാഗങ്ങള്‍ അവയെ എതിര്‍ക്കുന്നത് നാം കാണുന്നതുമാണ്. എന്നാല്‍ അതേ സമയം, ബഹുസ്വര സമൂഹമായി ജീവിക്കുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ ദര്‍ഗ്ഗകളും മഖാമുകളും സാധ്യമാക്കുന്ന സാമൂഹ്യകെട്ടുറപ്പും മാനവികവശങ്ങളും ഏറെ ശ്രദ്ധേയമാണ്. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായി നിലകൊള്ളുന്ന ദര്ഗ്ഗകളെല്ലാം അതത് പ്രദേശങ്ങളിലെ സാമൂഹ്യ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനവും അവയിലൂടെ ഉരുത്തിരിയുന്ന സാമൂഹ്യജീവിതവും ഏറെ പ്രധാനമാണ്.
ഉദാഹരണമായി, ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നായ മമ്പുറം മഖാം എടുക്കാം. കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളിൽ പ്രതീകാത്മക സാന്നിധ്യവും കേരളീയ മുസ്ലിംകളുടെ സാമൂഹിക, മത, രാഷ്ട്രീയ സംസ്കാരം രൂപപ്പെടുത്തുന്നതിൽ ആഴത്തിൽ സ്വാധീനം ചെലുത്തിയതുമായ ഖുതുബുസ്സമാൻ സയ്യിദ് അലവി ബിൻ മുഹമ്മദ് ബിൻ സഹൽ മൗലദ്ദവീലയുടെയും കുടുംബത്തിന്റെയും ഖബറിടങ്ങളാണ് പ്രസ്തുത മഖാമിലുള്ളത്. ഹളർമൗത്തിൽ നിന്നും കോഴിക്കോട്ട് കപ്പലിറങ്ങിയ അലവി തങ്ങള്‍ മമ്പുറത്ത് സ്ഥിരതാമസമാക്കുകയും ഹ്രസ്വ കാലയളവിൽ തന്നെ, സാമൂഹികവും ആത്മീയവും അധിനിവേശ വിരുദ്ധവുമായ സാമൂഹ്യ സേവനങ്ങളിലൂടെ, ജാതിമത ഭേദമന്യേ പ്രദേശത്തുകാര്‍ക്കിടയില്‍ വേരുറപ്പിക്കാൻ സാധിക്കുകയും ചെയ്തു. തങ്ങള്‍ വിടപറഞ്ഞു രണ്ട്നൂറ്റാണ്ടിനോടടുക്കാറായെങ്കിലും തങ്ങളുടെ ജീവിതകാലത്തെ പോലെ തന്നെ ഇന്നും വിവിധ ജാതി-മത ജനങ്ങള്‍ അവിടത്തെ നിത്യ സന്ദര്‍ശകരാണ്.

ഒരിക്കലെങ്കിലും “എന്റെ മമ്പുറത്തെ തങ്ങളെ…” എന്ന് വിളിക്കാത്ത ഉമ്മമാര് മലബാറിലെ മുന്തലമുറയിലില്ലായിരുന്നു എന്ന് തന്നെ പറയാം. വേദനകളോ പ്രയാസങ്ങളോ വരുമ്പോൾ ജാതി മത വ്യത്യാസമില്ലാതെ മഖാമിലേക്ക് നേർച്ചയാക്കുന്ന രീതി ഇന്നും തുടരുന്നു. "മമ്പുറപ്പൂ മഖാമിലെ'.... പോലുള്ള അനേകം ഗാനങ്ങളും മാലകളും ഇന്നും ജനങ്ങള്‍ മൂളിക്കൊണ്ടേയിരിക്കുകയാണ്.
സമൂഹ നിർമ്മിതിയിലേക്ക്
തീര്‍ത്ഥാടനത്തിനായി അവിടെയെത്തുന്ന ആയിരക്കണക്കിന് വിശ്വാസികളെ ആശ്രയിച്ചാണ് ഇന്നും ആ പ്രദേശത്തെ ജനജീവിതം മുന്നോട്ട് പോവുന്നത്. സമൂഹത്തിലെ കഷ്ടതയനുഭവിക്കുന്നവർക്ക് സഹായങ്ങൾ എത്തിക്കൽ, വിദ്യാർത്ഥി പിന്തുണ പദ്ധതികൾ, മതവിദ്യാഭ്യാസ പ്രവർത്തനങ്ങൾ, പള്ളി-മഖാം പരിപാലനം, തീർത്ഥാടക സേവനങ്ങൾ തുടങ്ങിയ നിരവധി സാമൂഹിക പ്രവർത്തനങ്ങളാണ് മഖാമിനെ ചുറ്റിപ്പറ്റി സജീവമായി നടക്കുന്നത്. അതിലുപരി, ആ പ്രദേശത്തുകാരിലധികവും വിവിധ കച്ചവടങ്ങള്‍ നടത്തിയും കെട്ടിടങ്ങളില്‍നിന്ന് ലഭിക്കുന്ന വരുമാനങ്ങളിലൂടെയുമെല്ലാമാണ് ജീവിതോപാധി കണ്ടെത്തുന്നത്. മഖാമിന്റെ വരുമാനത്തിലൂടെ നടക്കുന്ന, ദാറുല്‍ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ അതിബ്രഹത്തമായ വിദ്യാഭ്യാസ പദ്ധതികള്‍ കൂടി ഇതിനോട് ചേര്‍ത്ത് വായിക്കുമ്പോള്‍, ഈ മഖാമിന്റെ ഗുണഫലങ്ങള്‍ ഇന്ത്യയൊട്ടാകെ വ്യാപിച്ചിരിക്കുന്നു എന്ന് തന്നെ പറയാം.
അതോടൊപ്പം, മഖാമിനെ ചുറ്റിപ്പറ്റി വളര്‍ന്നുവന്ന മതസോഹാർദ്ദാന്തരീക്ഷവും പ്രത്യേകം ശ്രദ്ധേയമാണ്. കാലങ്ങളായി തുടർന്ന് പോരുന്ന ഹൈന്ദവസഹോദരങ്ങളുടെ മൂന്നിയൂര്‍ കളിയാട്ട മഹോത്സവം ഇന്നും തുടക്കം കുറിക്കുന്നത് വെള്ളിയാഴ്ച ദിവസം മമ്പുറം മഖാമിലേക്ക് ജാഥയായി വന്ന് സമ്മതം വാങ്ങിയാണ്. മഖാമിന്റെ ഉടമസ്ഥതയിലുള്ള തങ്ങളുടെ ഭാവനമായിരുന്നുവെന്ന് അനുമാനിക്കുന്ന വീടിന്റെ മേൽക്കൂര വർഷങ്ങളായി ഓലമേഞ്ഞുപരിപാലിച്ച് വരുന്നത് സമീപത്തുള്ള ഒരു ദളിത് കുടുംബമാണ്. മഖാമിന്റെ പ്രവർത്തനങ്ങളിൽ സാമൂഹിക പങ്കാളിത്തത്തിനും പ്രത്യേക സ്ഥാനമുണ്ടായിരുന്നു. അന്നത്തെ ഭാഷാപ്രയോഗത്തിൽ 'ഹരിജനങ്ങൾ' എന്ന് വിളിക്കപ്പെട്ടിരുന്ന തൊഴിലാളികൾ മഖാമിലേക്ക് പുല്ല് കൊണ്ടുവരുന്ന ഒരു പതിവുണ്ടായിരുന്നു. അതിന് പ്രതിഫലമായി മഖാമിൽ നിന്ന് 50 പൈസയും ഒരു വെളുത്ത തുണിയും നൽകുമായിരുന്നു.
തങ്ങളുടെ ഖബറിടം എന്നതിലുപരി, കേരളീയ മുസ്ലിം ചരിത്രത്തിന്റെയും സാമൂഹിക രൂപീകരണത്തിന്റെയും മതസൗഹാർദ്ദ രാഷ്ട്രീയത്തിന്റെയും സാംസ്കാരിക സ്മൃതിയുടെയും പ്രധാന പ്രതീകം കൂടിയാണ് മമ്പുറം. തങ്ങളുടെ കാലത്ത്, ആ വീടും പരിസരവും ബ്രിട്ടീഷുകാർക്കെതിരെയുള്ള ചർച്ചകളുടെയും തീരുമാനങ്ങളുടെയും കേന്ദ്രമായിരുന്നുവെങ്കിൽ, ഇന്നത് കേരളത്തിലെ തന്നെ ആദ്യ ഇസ്ലാമിക ഹെറിറ്റേജ് വില്ലേജ് ആയി മാറാനൊരുങ്ങുകയാണ്.
തങ്ങളുടെ വേര്‍പാടിന്റെ ഓര്‍മ്മ പുതുക്കി വര്‍ഷം തോറും ആചരിക്കുന്ന നേര്‍ച്ചയാണ് മറ്റൊരു പ്രധാന ഘടകം. സമൂഹത്തില്‍ സാമ്പത്തിക ക്രയവിക്രയങ്ങള്‍ നടക്കാനും സമ്പത്ത് പലരിലേക്കായി പരന്നൊഴുകാനും അതിലൂടെ സമൂഹത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പ് വരുത്താനും ഇത് സഹായകമാവുന്നു. നേര്‍ച്ചയുടെ ഭാഗമായി നടക്കുന്ന അന്നദാനവും ഇത്തരത്തില്‍ ആലോചിച്ചാല്‍ വലിയൊരു മുന്നേറ്റമാണ്. ആയിരക്കണക്കിന് കിലോ അരിയും അതിലേക്കാവശ്യമായ സാധനങ്ങളും ഉപയോഗിച്ച് നടത്തുന്ന ഇതിന്റെ ഗുണഫലങ്ങള്‍, സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ക്ക് വിവിധ തലങ്ങളിലായി, നേരിട്ടും അല്ലാതെയും ലഭ്യമാവുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
നേർച്ചക്കാലത്ത് ആയിരക്കണക്കിന് സന്ദർശകർ എത്തിച്ചേരുന്നതിനാൽ പ്രാദേശിക വ്യാപാരത്തിനും സേവനമേഖലയ്ക്കും വലിയ ഉണർവാണ് ലഭിക്കുന്നത്. ഭക്ഷണശാലകൾ, ചെറുകിട കച്ചവടങ്ങൾ, വാഹനസേവനങ്ങൾ, പൂക്കച്ചവടം, വസ്ത്രവ്യാപാരം, ഗ്രന്ഥ വിൽപ്പന, താൽക്കാലിക വിപണികൾ തുടങ്ങിയവയ്ക്ക് ഈ കാലയളവിൽ അധിക വരുമാനം ലഭിക്കുന്നു. ഇതിലൂടെ അനേകം പ്രാദേശിക തൊഴിലാളികൾക്കും ചെറുകിട സംരംഭകർക്കും നേർച്ചക്കാലം ഒരു പ്രധാന വരുമാനകാലമായി മാറുന്നു. കേരളത്തിന്റെ ബഹുസ്വര സാമൂഹിക പാരമ്പര്യത്തെ ശക്തിപ്പെടുത്തുന്നതിൽ ഇത്തരം ആഘോഷങ്ങൾക്ക് ശ്രദ്ധേയമായ പങ്കുണ്ടെന്നത് വിവിധ സാമൂഹിക പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
മമ്പുറം മഖാമിന്റെ സാമൂഹിക ജീവിതത്തിന്റെ മറ്റൊരു ഭാഗമായിരുന്നു പ്രാവുകൾ. പഴയകാലം മുതൽ മഖാമിനോട് ചേർന്ന് പ്രാവുകൾക്കായി പ്രത്യേക കൂടുണ്ടായിരുന്നു. സന്ദർശകർ അരിയും നെല്ലും നൽകി അവയെ പരിപാലിക്കുമായിരുന്നു. പ്രാവുകളെ ഉപദ്രവിക്കുന്നവർക്ക് പിന്നീട് ദോഷഫലങ്ങൾ ഉണ്ടായതായി പറയപ്പെടുന്ന ചില ജനകീയ വിശ്വാസങ്ങളും അനുഭവകഥകളും സമൂഹത്തിൽ പ്രചാരത്തിലുണ്ടായിരുന്നു. ഇവ ചരിത്രപരമായ തെളിവുകളല്ലെങ്കിലും മമ്പുറം മഖാമിനെ ചുറ്റിപ്പറ്റിയുള്ള ജനകീയ പാരമ്പര്യത്തിന്റെ ഭാഗമായാണ് പരിഗണിക്കപ്പെടുന്നത്.
സമാനമായ ചിത്രങ്ങള്‍ തന്നെയാണ് ഏത് മഖാമുകളിലും നമുക്ക് കാണാനാവുന്നത്. കേരളത്തിലെ ഏറെക്കുറെ എല്ലാ മഖാമുകളിലെയും വരുമാനമുപയോഗപ്പെടുത്തി, അതിന് കീഴില്‍ തന്നെ സാമൂഹ്യവും വിദ്യാഭ്യാസപരവും മാനുഷികവുമായ വിവിധ പദ്ധതികളും പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. തളങ്കര, പുത്തന്‍പള്ളി, കുഞ്ഞിപ്പള്ളി തുടങ്ങി ആ പട്ടിക നീണ്ടുനീണ്ടുപോകുന്നു.
സമൂഹത്തിന് ഹ്രസ്വകാലാടിസ്ഥാനത്തിലോ ദീര്ഘകാലാടിസ്ഥാനത്തിലോ പ്രയോജനപ്രദമാവുന്ന അത്തരം ബൗദ്ധിക മുന്നേറ്റ പദ്ധതികള്‍ക്ക് പുറമെ, നാട്ടുകാര്‍ക്കും പ്രദേശവാസികള്‍ക്കും വിവിധ കച്ചവടക്കാര്‍ക്കും ജോലിക്കാര്‍ക്കുമെല്ലാം നേരിട്ടും അല്ലാതെയും ഗുണം ലഭിക്കുന്ന അനേകം സാമൂഹ്യഘടകങ്ങളില്‍ ഈ മഖാമുകളിലെല്ലാം നമുക്ക് വായിച്ചെടുക്കാനാവുന്നതാണ്.
അതോടൊപ്പം, ജാതി-മത ഭേദമന്യേ പൊതുജനങ്ങളുടെ അഭയകേന്ദ്രമെന്ന നിലയിലും ഈ മഖാമുകള്‍ സമൂഹത്തില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കപ്പെട്ടുകൊണ്ടേയിരിക്കുന്ന സമകാലിക സാഹചര്യത്തില്‍, എല്ലാവരും ഒത്ത് ചേരുന്ന ഇത്തരം ഇടങ്ങള്‍ അനിവാര്യമാണ്. ആ ധര്‍മ്മമാണ് മഖാമുകളിലധികവും നിര്‍വ്വഹിക്കുന്നത്. അത് തന്നെയാണ് സൂഫിസം മുന്നോട്ട് വെക്കുന്ന സമീപനരീതിയും.
ഇന്ത്യയിലെ പ്രമുഖ മഖാം ആയ അജ്മീര്‍ ദര്‍ഗ്ഗ മേല്പ റഞ്ഞവയുടെയെല്ലാം ഏറ്റവും മികച്ച ഉദാഹരണമാണ്. ആ നാട് ഒന്നടങ്കം ജീവിക്കുന്നത് തന്നെ ആ മഖാമിലൂടെയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിയടക്കം ഇതരമതസ്ഥരെല്ലാം അവിടെ എത്തുന്നു എന്നതും പ്രത്യേകം പ്രസ്താവ്യമാണ്.

ചുരുക്കത്തില്‍, മഖാമുകളും ദര്‍ഗ്ഗകളും സമൂഹത്തില്‍ നിര്‍വ്വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ദര്ഗ്ഗകള് സന്ദര്‍ശിക്കുന്നതും അങ്ങോട്ട് തീര്‍ത്ഥ യാത്ര നടത്തുന്നതുമെല്ലാം തര്‍ക്ക വിഷയങ്ങളാവുമ്പോഴും, അവയോട് ചേര്‍ന്ന് വളര്‍ന്നുവരുന്ന സാമൂഹ്യജീവിതവും ആയിരക്കണക്കിന് ജനങ്ങളുടെ ജീവിതോപാധിയും പ്രത്യേകം ഓര്‍ക്കേണ്ടത് തന്നെയാണ്. കേരളത്തിലും പുറത്തുമായുള്ള വിവിധ ദര്‍ഗ്ഗകളെ ചുറ്റിപ്പറ്റി ജീവിക്കുന്ന ജനങ്ങളുടെയും അതിലൂടെ നേരിട്ടോ അല്ലാതെയോ ഗുണഫലങ്ങള്‍ അനുഭവിക്കുന്നവരുടെയും കണക്കെടുക്കുമ്പോഴാണ്, ഈ ദര്‍ഗ്ഗകളും മഖാമുകളും നിര്‍മ്മിച്ച് നിലനിര്‍ത്തിപ്പോരുന്ന സാമൂഹ്യജീവിതത്തിന്റെ വലുപ്പവും ബാഹുല്യവും മനസ്സിലാവുക.
About Author
ചെമ്മാട് ഫാത്തിമ സഹ്റ ഇസ്ലാമിക വിമൻസ് കോളേജ് ഡിഗ്രി മൂനാം വർഷ വിദ്യാർത്ഥിനിയാണ് ലേഖിക



Leave A Comment