മസാഫർയാട്ടയിലെ താമസക്കാര്‍ക്ക് ഉള്ളതും നഷ്ടമാവുന്നുവോ
36 കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ച് കിടക്കുന്ന, 19 ഫലസ്തീൻ ഗ്രാമങ്ങളിലായി 2000 ത്തോളം പേര്‍ അധിവസിക്കുന്ന പ്രദേശമാണ് മസാഫർ യാട്ട. ഫലസ്തീൻ ചരിത്രത്തിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിന്റെ വക്കിലാണ് മസാഫർയാട്ടയിപ്പോൾ. തദ്ദേശീയരായ 500 കുട്ടികളടങ്ങുന്ന ആയിരം പേരെ പുറത്താക്കുന്നതിനെ കുറിച്ച് ഇസ്റാഈൽ പട്ടാളം കഴിഞ്ഞ ദിവസം പലസ്തീൻ നേതാക്കള്‍ക്ക് അറിയിപ്പ് നല്കിയിരിക്കുകയാണ്.
1980 കളിൽ സൈനീക പരിശീലനത്തിന് വേണ്ടി മസാഫർയാട്ടയിലെ ഒരു ഭാഗം ഇസ്രാഈൽ പട്ടാളം കയ്യേറിയിരുന്നു. അതിനും മുമ്പ് അവിടെ ജീവിച്ച് പോന്നിരുന്ന നിവാസികളുടെ അടിസ്ഥാന അവകാശത്തെ തന്നെ തുരങ്കം വെച്ച് കൊണ്ടാണ് ഇസ്റാഈൽ ഹൈകോടതി കുടിയൊഴിപ്പിക്കൽ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
തങ്ങൾ അവിടെ 1980കൾക്ക് മുമ്പ് തന്നെ ജീവിക്കുന്നവരാണ് എന്ന് തെളിയിക്കുന്നതിന് വേണ്ടി താമസക്കാർ കോടതി മുമ്പാകെ സമർപ്പിച്ച എല്ലാ തെളിവുകളോടുമുള്ള പൂർണ നിഷേധമാണ് ഈ വിധി എന്നാണ്, ഫലസ്തീൻ വാർത്താ ഏജസി വഫയോട് മസാഫർയാട്ട മേയർ ഇതേ കുറിച്ച് പ്രതികരിച്ചത്.
1993 ലെ ഓസ്‌ലോ കരാർ പ്രകാരം വെസ്റ്റ്ബാങ്ക് A,B,C എന്നിങ്ങനെ മൂന്ന് മേഖലകളായി തരംതിരിച്ചിരുന്നു. അതിൽ A, B പ്രദേശങ്ങളുടെ പരിമിതമായ അവകാശം മാത്രമാണ് ഫലസ്തീൻ അതോറിറ്റിക്ക് (PA) നൽകപ്പെട്ടിട്ടുള്ളത്. ശേഷിച്ച C പ്രദേശം പൂർണമായും സൈനിക നിയന്ത്രണത്തിൽ വന്നു. വെസ്റ്റ് ബാങ്കിന്റെ 60 ശതമാനവും ഉൾകൊള്ളുന്ന മസാഫാർയാട്ട മേൽപറഞ്ഞ C പ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്.
ചരിത്രത്തിന്റെ അഭിശപ്തയാമങ്ങളിൽ സഖ്യകക്ഷികൾക്കിടയിൽ കീറി മുറിക്കപ്പെട്ട ഫലസ്തീൻ ചിത്രം തുടരെ തുടരെയുള്ള വഞ്ചനകൾക്ക് വീണ്ടും സാക്ഷിയാകുകയാണ്. 1980 കൾക്ക് ശേഷം അനധികൃതമായാണ് ജനങ്ങൾ മസാഫർ യാട്ടയിൽ താമസമാക്കിയതെന്നും അതിനാൽ സ്ഥലം സൈന്യത്തിന് വിട്ട് നൽകണമെന്നുമാണ് ഇസ്റാഈൽ ഹൈകോടതി ഉത്തരവിട്ടിട്ടുള്ളത്. ഉടമസ്ഥത തെളിയിക്കുന്ന രേഖകൾ പോലും പരിഗണിക്കാതെയാണ് ഈയൊരു വിധിയെന്നതാണ് ഏറെ ക്രൂരം.
1967 ഇൽ ഇസ്റാഈൽ വെസ്റ്റ് ബാങ്ക് കയ്യേറുന്നതിന് മുമ്പ് അവിടെ താമസം തുടർന്ന് വരുന്നവരാണ് അവിടെയുള്ള മിക്ക കുടുംബങ്ങളും. കൃഷി ചെയ്തും ആട് മേച്ചും ജീവിച്ചു പോന്നിരുന്ന അവർ വെള്ള-വൈദ്യുതി സൗകര്യങ്ങളുടെ അപര്യാപ്തതയടങ്ങുന്ന ഒട്ടനേകം മനുഷ്യത്വരഹിതമായ, ഇസ്റാഈൽ പട്ടാള നിയമങ്ങൾ പലതും അനുഭവിച്ചാണ് ജീവിച്ചുപോന്നത്. വീടുകൾ പൊളിച്ച് മാറ്റുന്നതടക്കമുള്ള ഇസ്റാഈൽ പട്ടാളത്തിന്റെ ക്രൂരതകള്‍ കൊണ്ട് വലയം ചെയ്യപ്പെട്ടിരിക്കുകയാണ് അവരിപ്പോൾ. അനധികൃത പട്ടാള ക്യാമ്പുകളും ആയുധ പരിശീലനവും അവരുടെ ജീവിതം തീർത്തും ദുസ്സഹമാക്കി തീർത്തിട്ടുണ്ട്.
നിയമവിരുദ്ധമായാണ് അവർ മസാഫർയാട്ടയിൽ ജീവിക്കുന്നത് എന്നാരോപിച്ച് 1999ൽ ഇസ്റാഈൽ അവരെ നിർബന്ധിച്ച് നാടുകടത്തിയിരുന്നു. പക്ഷേ മാസങ്ങൾക്ക് ശേഷം കോടതിയുടെ താൽകാലിക ഉത്തരവ് പ്രകാരം മടങ്ങി വരാൻ അനുവദിക്കുകയായിരുന്നു. എന്നാൽ ഒരിക്കൽ കൂടി പുറംതള്ളലിന്റെ വിഷവായു ശ്വസിക്കുകയാണ് മസാഫർയാട്ട.
നിവാസികൾ അഭിമുഖീകരിക്കുന്ന ആസന്നമായ അപകടസാധ്യതയിലേക്ക് ശ്രദ്ധ ആകർഷിക്കുന്നതിനും കുടിയൊഴിപ്പിക്കൽ ശ്രമങ്ങൾ അവസാനിപ്പിക്കാൻ ഇസ്രായേലിൽ സമ്മർദ്ദം ചെലുത്തുന്നതിനുമുള്ള ശ്രമമെന്നോണം #SaveMasaferYatta എന്ന ഹാഷ്‌ടാഗിന് കീഴിൽ ഫലസ്തീനിലെയും വിദേശത്തെയും പ്രവർത്തകരും ആക്ഷൻ ഗ്രൂപ്പുകളും അന്താരാഷ്ട്ര കാമ്പയിൻ തന്നെ ആരംഭിച്ചിട്ടുണ്ട്.
ഫലസ്തീൻ രാഷ്ട്രീയ സംഘടനകളുടെ കൂട്ടമായ പ്രവർത്തനം കൊണ്ട് മാത്രമേ ഫലസ്തീനിൽ സമാധാനാന്തരീക്ഷം കൊണ്ട് വരാൻ കഴിയൂ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പങ്കുവെക്കുന്നത്. പക്ഷെ, അതിനിയും എത്ര ദൂരത്താണെന്ന് കാത്തിരുന്ന് കാണുകയേ നിര്‍വ്വാഹമുള്ളൂ.
Leave A Comment