ദുന്നൂൻ അൽമിസ്‌രി: മഅ്രിഫത്തിന്റെ കാണാപടവുകൾ
ഒമ്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ജീവിച്ച വിഖ്യാത സൂഫി ഗുരുവാണ് ദുന്നൂൻ അൽമിസ്രി എന്ന സൗബാൻ ഇബ്ൻ ഇബ്രാഹിം. ആത്മീയ ലോകത്തിന്റെ ഉള്ളറകളിലേക്ക് ഊളിയിട്ടതു കൊണ്ടാണത്രേ അദ്ദേഹത്തെ ദുന്നൂൻ (മത്സ്യത്തിന്റെ ആൾ) എന്ന് വിശേഷിപ്പിച്ചത്. മിസ്റിന്റെ തെരുവോരങ്ങൾ തോറും ആത്മീയ ബോധനങ്ങളുമായി അലഞ്ഞു നടന്ന മഹാന്റെ ജീവിതത്തിലെ കൗതുകം ഉണർത്തുന്ന ഘട്ടങ്ങൾ ശൈശവം മുതൽക്കേ ആരംഭിക്കുന്നതാണ്.
നന്നേ ചെറുപ്പത്തിലേ വൈജ്ഞാനിക മേഖലയിലേക്ക് പ്രവേശിച്ച ദുന്നൂൻ കൂട്ടുകാരോടൊപ്പം കളിക്കുന്നതിലോ മറ്റു വിനോദങ്ങളിലോ തൽപരനായിരുന്നില്ല. മുതിർന്നവരുടെ ഇടയിൽ വന്ന് പ്രവാചക കഥകളും മറ്റും ഗ്രഹിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ താൽപര്യം. ഖുർആൻ, ഇസ്‍ലാമിക ശാസ്ത്രം, അറബി സാഹിത്യം തുടങ്ങിയ മേഖലകളിൽ നന്നേ ചെറുപ്പത്തിലേ അവഗാഹം നേടി. തുടർന്ന് ജ്ഞാന സമ്പാദന മോഹവുമായി സിറിയ, ഹിജാസ്, പേർഷ്യ തുടങ്ങിയ ഇടങ്ങളിലേക്ക് തിരിച്ചു. ഗ്രീക്ക് തത്വചിന്തകളും ആൽക്കമിയും വൈദ്യശാസ്ത്രവും ദുന്നൂനിൽ ആകർഷണം ചെലുത്തിയത് ഈ കാലഘട്ടത്തിലാണ്. ഈ മേഖലകളിലെ പ്രാവീണ്യം ഭൗതിക മേഖലകളിലും അദ്ദേഹത്തെ കേളി കേട്ടവനാക്കിത്തീർത്തു.
പരം പൊരുളായ പുരാനിൽ നിന്ന് ഉല്‍ഭവിച്ചതാണ് അഖിലസാരമത്രയും എന്നും സൂക്ഷ്മദർശികളായ ജ്ഞാനകുതുകികൾക്ക് ഇതിലത്രയും ഒളിഞ്ഞിരിക്കുന്ന ദൃഷ്ടാന്തങ്ങൾ ഗ്രഹിക്കാൻ കഴിയും എന്നുമാണ് ഖുർആൻ വിശ്വാസികളെ അടിക്കടി ഓർമിപ്പിച്ചു കൊണ്ടിരിക്കുന്നത്. അഥവാ പ്രാപഞ്ചിക വസ്തുക്കളിൽ സൂക്ഷ്മ നിരീക്ഷണം നടത്തുന്നവർക്ക് അവയിലോരോന്നിലും ദൈവികമായ സത്ത തിരിച്ചറിയാൻ സാധിക്കും. ഈ തിരിച്ചറിവിനെയാണ് അദ്ധ്യാത്മിക ലോകത്ത് മഅ്രിഫത്ത് എന്ന് പറയുന്നത്. സൂഫിയുടെ സഞ്ചാര പാതയിലെ ഈ ഘട്ടത്തെ ആദ്യമായി ആവിഷ്കരിച്ചെടുത്ത സൂഫിവര്യനാണ് ദുന്നൂന്‍ അൽമിസ്‌രി. അനന്തമായ ദൈവിക വിചാരം കൊണ്ട് മാത്രം കരസ്ഥമാക്കുന്നതാണീ അവസ്ഥ. മഅരിഫത്തിന്റെ ഘട്ടവും താണ്ടിക്കടന്നയാൾ താമസംവിനാ പരമ സത്യത്തില്‍ വിലയം (ഫനാ) പ്രാപിക്കും.
മത ഭൗതിക മേഖലകളിലെ നിറഞ്ഞ പരിജ്ഞാനമാണ് അദ്ദേഹത്തെ ആത്മീയ ലോകത്തെ ഗുരുമുഖ്യനാക്കിത്തീർത്തത്. ആത്മീയബോധനം കൈവന്നതിനുശേഷം ദിവസങ്ങളോളം വ്രതമനുഷ്ഠിച്ച് മരുഭൂമിയിൽ ധ്യാനനിമഗ്നനായിരിക്കുന്ന ശീലമുണ്ടായിരുന്നു അദ്ദേഹത്തിന്. പ്രപഞ്ചത്തിന്റെ ഏകാഗ്ര ഭാവത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പരംദയാലുവിന്റെ സാന്നിധ്യം തിരിച്ചറിയുന്നതിന് വേണ്ടിയായിരുന്നു ഇത്. ചില നേരങ്ങളിൽ മിസ്റിന്റെ തെരുവോരങ്ങളിൽ അലഞ്ഞു നടന്ന് വഴിയിൽ കാണുന്നവർക്ക് ആത്മീയബോധനം നൽകലും അദ്ദേഹത്തിന്റെ ശീലമായിരുന്നു. ഒരിക്കൽ അദ്ദേഹം ഒരാളോട് ചോദിക്കുകയുണ്ടായി 'എന്താണ് യഥാർത്ഥ ജ്ഞാനം?'
'പുസ്തകങ്ങളിൽ നിന്ന് ഗ്രഹിച്ചെടുക്കാൻ കഴിയുന്നതാണ് ജ്ഞാനം' അയാൾ മറുപടി നൽകി.
'അല്ല നിങ്ങളുടെ ഹൃദയത്തിന്റെ മറനീക്കി നിങ്ങളെ വെളിച്ചത്തു കൊണ്ടുവരുന്നതെന്തോ അതാണ് യഥാർത്ഥ ജ്ഞാനം', ദുന്നൂൻ അയാളെ തിരുത്തി.
ആത്മീയ ലോകത്തിന് ജുനൈദുൽ ബഗ്ദാദി, ഹല്ലാജ് തുടങ്ങിയ പ്രമുഖരായ പല സൂഫി ഭിക്ഷുക്കളെയും സംഭാവന ചെയ്തതിനുശേഷമാണ് അദ്ദേഹം ഇഹലോകവാസം അവസാനിപ്പിച്ചത്. പ്രായഭേദമന്യേ എല്ലാ വിഭാഗത്തിൽ നിന്നുമുള്ള ശിഷ്യന്മാരെ അദ്ദേഹം സ്വീകരിച്ചിരുന്നു. അവരെയെല്ലാം മക്കളേക്കാൾ പരിലാളനയോടെയാണ് അദ്ദേഹം പരിപാലിച്ചിരുന്നത്. ലളിതമായ ജീവിതത്തിനും സമൂഹത്തോട് സത്യസന്ധമായി വർത്തിക്കുന്നതിനും ഹൃദയശുദ്ധീകരണത്തിനും വേണ്ട പരിശീലനങ്ങൾ അദ്ദേഹം അവർക്ക് നിരന്തരം നൽകുകയുണ്ടായി. ഒരിക്കൽ ശിഷ്യഗണങ്ങൾ അദ്ദേഹത്തോട് ചോദിക്കുകയുണ്ടായി 'ഒരു പിതാവ് സ്വന്തം മക്കൾക്ക് നൽകുന്നതിനേക്കാൾ പരിലാളനയാണല്ലോ അങ്ങ് ഞങ്ങൾക്ക് നൽകുന്നത്, മറ്റു ഗുരുക്കന്മാരിലൊന്നും ഞങ്ങളിത് കാണുന്നില്ലല്ലോ' എന്ന്. അതിനദ്ദേഹം നൽകിയ മറുപടി ഇപ്രകാരമായിരുന്നു 'ഞാൻ രക്തബന്ധത്തേക്കാൾ ഹൃദയബന്ധത്തിന് പ്രാധാന്യം നൽകുന്നു, കാരണം അത് ദൈവത്തിന്റെ പ്രത്യേക നിശ്ചയമാണ്.'
ജീവിതത്തിന്റെ ഏറിയപങ്കും ജീവിച്ചുതീർത്ത മിസ്റിൽ തന്നെയായിരുന്നു അദ്ദേഹം തന്റെ അവസാനകാലവും ചെലവഴിക്കാൻ തീരുമാനിച്ചത്. മിസ്റിലെ ജനങ്ങളുടെ ആത്മീയ നേതൃത്വം ഏറ്റെടുത്ത് അദ്ദേഹം അവർക്ക് തണലായി വർത്തിച്ചു. ഒരിക്കൽ മിസ്റിൽ ശക്തമായ വരൾച്ച നേരിട്ടു. ജലസ്രോതസ്സുകളെല്ലാം വറ്റിവരണ്ടു. പൊറുതി മുട്ടിയ ജനം രാജകൊട്ടാരത്തിനു മുന്നിൽ പരാതികളുമായെത്തി. എന്നാൽ ദൈവഹിതത്തെ നേരിടാൻ രാജാക്കന്മാരെ കൊണ്ടാകുമോ... ജനഹിതം മനസ്സിലാക്കി ദുന്നൂൻ മരുഭൂമിയിൽ ചെന്ന് വാനിലേക്ക് കൈകളുയർത്തി പ്രാർത്ഥിക്കാൻ തുടങ്ങി. അധിക സമയം കഴിയുന്നതിനു മുമ്പേ മാനം കറുത്തിരുണ്ടു, അല്ലാഹുവിന്റെ അനുഗ്രഹം മിസ്റിന്റെ മണ്ണിൽ പെയ്തിറങ്ങി. അനുഗ്രഹപ്പെയ്ത്തിൽ ഉന്മാദവാനായി ദുന്നൂൻ മന്ത്രിച്ചു 'ഇത് എന്നിൽ നിന്നുള്ളതല്ല, ഇത് അടങ്ങാത്ത കാരുണ്യപ്രവാഹമാണ്'.
ജീവിതത്തിന്റെ നാലും കൂടിയ ഇടവഴികളിൽ തലമുറകൾക്ക് വഴി വെട്ടം തെളിച്ചുവെച്ച ദുന്നൂൻ അൽമിസ്രി എന്ന ആത്മീയ ലോകത്തിന്റെ കെടാവിളക്കിന്റെ ഭൗതിക ജീവിതം എഡി. 859 ൽ ഈജിപ്തിൽ വെച്ച് പരിപൂർണ്ണമായി. ഭൗതികാസക്തികൾക്ക് പുറകെ ഓടിക്കൊണ്ടിരിക്കുന്ന ആധുനികലോകത്തിന് മഹത്തായ പാഠങ്ങൾ ആ ജീവിതത്തിൽ നിന്ന് പഠിക്കുവാനുണ്ട്. നാഥന്‍, ആ ത്യാഗസൂരിയോടൊപ്പം നമ്മെയും സ്വര്‍ഗ്ഗ ലോകത്ത് ഒരുമിച്ച് കൂട്ടട്ടെ, ആമീന്‍.



Leave A Comment