റുവാണ്ടൻ ദുരന്തം സുഡാനിൽ ആവർത്തിക്കരുത്
അശാന്തിയും രാഷ്ട്രീയ ഭിന്നതകളും അക്രമാസക്തവും രക്തരൂക്ഷിതമായ ആഭ്യന്തര സംഘട്ടനങ്ങളും ദ്ധങ്ങളുമടക്കം മനുഷ്യ ജീവന് യാതൊരു മൂല്യവും നൽകാത്ത നരഹത്യകൾ വർഷങ്ങളോളം അരങ്ങുവാണ മണ്ണാണ് റുവാണ്ടയുടേത്. 1991 മുതൽ 1994 വരെ നീണ്ടുനിന്ന അക്രമമാണ് റുവാണ്ടൻ വംശഹത്യയിൽ കലാശിച്ചത്. സമകാലിക ചരിത്രം സാക്ഷ്യം വഹിച്ച ഏറ്റവും ഹീനമായ കുറ്റകൃത്യങ്ങളിലൊന്നായിരുന്നു അത്. വെറും 100 ദിവസങ്ങൾക്കുള്ളിൽ ഒരു ദശലക്ഷത്തിലധികം പുരുഷന്മാരും സ്ത്രീകളും കുട്ടികളുമാണ് കൊലചെയ്യപ്പെട്ടത്. ഓടാനോ ഒളിക്കാനോ ഇടമില്ലാതെ രാജ്യത്തെ 75 ശതമാനം വരുന്ന ന്യൂനപക്ഷ സമുദായമായ ടുട്സികള്‍ വേരോടെ തുടച്ചുനീക്കപ്പെട്ടു എന്നതായിരുന്നു അതിന്റെ ദാരുണ ഫലം.
സുഹൃത്തുക്കളും അയൽക്കാരുമായ രാജ്യത്തെ ഭൂരിപക്ഷം വരുന്ന ഹുട്ട് സമുദായമാണ് ഈ കുറ്റകൃത്യം ചെയ്തത്. വംശഹത്യാ പ്രവണതകളോട് പുറംതിരിഞ്ഞ് നിന്ന 30,000-ലധികം വരുന്ന സ്വന്തം സമുദായാംഗങ്ങളെ പോലും, രാജ്യദ്രോഹ കുറ്റം ചുമത്തി നിഷ്കരുണം കൊല ചെയ്യുന്നതിന് ലോകം സാക്ഷിയായി. ഈ ക്രൂരതകളുടെ ഫലമായി 20 ലക്ഷം റുവാണ്ടക്കാരാണ് 1994 ആഗസ്റ്റ് ആയപ്പോഴേക്കും അയൽ രാജ്യങ്ങളിൽ അഭയം പ്രാപിച്ചത്.
വംശഹത്യ നടമാടിയ സമയത്ത് അന്താരാഷ്ട്ര, പ്രാദേശിക സംഘടനകൾ കലാപം അവസാനിപ്പിക്കുന്നതിനു വേണ്ടി നടത്തിയ ആഹ്വാനങ്ങളും സംഘർഷത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടത്തിയ അപലപനങ്ങളും യാതൊരു ഫലവും ഉണ്ടാക്കിയില്ല. അന്താരാഷ്ട്ര, പ്രാദേശിക ചാർട്ടറുകളിലും ഉടമ്പടികളിലും ഇത്തരം അതിക്രമങ്ങൾക്കെതിരെ നടപടികൾ കൈകൊള്ളാൻ വ്യവസ്ഥ ഉണ്ടായിട്ടും പാവപ്പെട്ട റുവാണ്ടന്‍ ജനതയെ രക്ഷിക്കാൻ പ്രായോഗിക നടപടികളൊന്നും തന്നെ ഉണ്ടായില്ല.
ജൂൺ 15-ന് 30 സുഡാനീസ് സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ യുഎൻ, ആഫ്രിക്കൻ യൂണിയൻ, ഇന്റർഗവൺമെന്റൽ അതോറിറ്റി ഓൺ ഡെവലപ്‌മെന്റ്, യൂറോപ്യന്‍ യൂണിയനും അതിലെ അംഗരാജ്യങ്ങൾക്കും മറ്റ് പ്രാദേശിക, അന്തർദ്ദേശീയ സംഘടനകൾക്കും തങ്ങളുടെ ദയനീയത ബോധ്യപ്പെടുത്തി ഒരു തുറന്ന കത്ത് എഴുതി. യു.എസ്, യുകെ, കാനഡ, ഈജിപ്ത്, ഗൾഫ് കൗൺസിലിലെ രാജ്യങ്ങൾക്കെല്ലാം സുഡാനിലെ സ്ഥിതിയെക്കുറിച്ച് ആശങ്കയുണ്ട്. വംശീയ ഉന്മൂലനവും വംശഹത്യയും നരബലിയായി താണ്ടവമാടുന്ന സുഡാനിലും വെസ്റ്റ് ഡാർഫറിലെ എൽ ജെനീനയിലും സിവിലിയന്മാർക്കെതിരെ വർദ്ധിച്ചുവരുന്ന അക്രമത്തെക്കുറിച്ച് കത്തിലൂടെ അവർക്ക് മുന്നറിയിപ്പ് നൽകലായിരുന്നു അവരുടെ ലക്ഷ്യം.
ജെനീനയിൽ നടക്കുന്നത് വംശഹത്യയാണെന്ന് വെസ്റ്റ് ഡാർഫൂർ ഗവർണർ ഒരു അറബ് ചാനലിലൂടെ ലോകത്തോട് വിളിച്ചു പറഞ്ഞു. സുഡാൻ ജനതയുടെ സംരക്ഷണത്തിനായി അന്താരാഷ്ട്ര, പ്രാദേശിക സമൂഹത്തിന്റെ സഹായം തേടിയ അദ്ദേഹം അപ്പീൽ നൽകി മണിക്കൂറുകൾക്കകം ക്രൂരമായി കൊലചെയ്യപ്പെട്ടു.
കത്തിനെ പിന്തുണച്ച് രംഗത്ത് വന്ന സംഘടനകൾ ഡാർഫറിലെ സാധാരണക്കാരെ സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. രാജ്യത്തെ സൈനിക വൃന്ദം സിവിലിയന്മാരെ കൊലപ്പെടുത്തുന്നത് തടയുന്നതിൽ പരാജയപ്പെട്ടതിന് റാപ്പിഡ് ഫോഴ്‌സാണ് പൂർണ്ണ ഉത്തരവാദികളെന്നും അവർ ആരോപിച്ചു. അതുപോലെ വെസ്റ്റ് ഡാർഫറിൽ നടക്കുന്ന ഹീനമായ കുറ്റകൃത്യങ്ങളിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കാൻ ബാധ്യതയുള്ള സൈന്യം അവരുടെ ഭരണഘടനാപരമായ കടമ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടതുൾപ്പെടെ അവർ ആരോപിക്കപ്പെടുന്ന നിരവധി കുറ്റകൃത്യങ്ങളുടെ ഉത്തരവാദികൾ സുഡാനി സായുധ സേനയാണ്.
റുവാണ്ടയുടെ അതേ പാതയിലൂടെയാണ് സുഡാനും ഇപ്പോള്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സുഡാനിലെ പോരാട്ടം വംശീയതയുടെ അടിസ്ഥാനത്തിൽ നടക്കുന്ന കൊലപാതകങ്ങളായി പരിണമിക്കുമോ എന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു.
എൽ ജെനീനയിലും ഡാർഫറിന്റെ മറ്റ് ഭാഗങ്ങളിലും കോർഡോഫാനിലും മറ്റിടങ്ങളിലും ബ്ലൂ നൈൽ സംസ്ഥാനത്തിന്റെ തെക്ക് ഭാഗത്തും കിഴക്കൻ സുഡാനിലെ ചില പ്രദേശങ്ങളിലും അനവധി അതിക്രമങ്ങളാണ് നടമാടിയത്. ഖാർത്തൂമിലെ യുദ്ധത്തോടെ ഉടലെടുത്ത രൂക്ഷമായ വിദ്വേഷ പ്രസംഗവും വംശീയതയും വർദ്ധിച്ചതാണ് ഏപ്രിലിൽ യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിനും സുഡാനിന്റെ തലസ്ഥാനം നശിപ്പിക്കപ്പെടുന്നതിനും കാരണമായത്.
അന്താരാഷ്ട്ര സമൂഹവും പ്രാദേശിക സ്ഥാപനങ്ങളും റുവാണ്ടയിലെ അക്രമങ്ങളെ എതിർത്ത് രംഗത്തെത്തിയതു പോലെ സുഡാനിലെ പോരാട്ടത്തെ അപലപിക്കാനും വംശഹത്യ അവസാനിപ്പിക്കാനും ആഹ്വാനം ചെയ്തിരുന്നു. പക്ഷെ അവരുടെ പ്രഖ്യാപനങ്ങൾ നാമമാത്രമായി പോകുന്നതല്ലാതെ കാര്യമായ ഫലമൊന്നുമുണ്ടാക്കിയില്ല. 1990-കളിൽ റുവാണ്ടയിൽ പരാജയപ്പെട്ടതുപോലെ സുഡാനിലെ ദുരന്തം ഒഴിവാക്കുന്നതിൽ ലോകം പരാജയപ്പെട്ടാൽ ആഫ്രിക്ക വീണ്ടും ഒരു മാനവദുരന്തത്തിന് സാക്ഷിയാകേണ്ടിവരും.
സിവിലിയന്മാരെ രക്ഷിക്കുന്നതിനും ദുരന്തം ഒഴിവാക്കുന്നതിനും അന്താരാഷ്ട്ര, പ്രാദേശിക സംഘടനകളുടെ നേരിട്ടുള്ള ഇടപെടൽ സുഡാനിൽ ആവശ്യമാണ്. യുദ്ധം അവസാനിപ്പിക്കുന്നതിനും സിവിലിയൻമാർക്ക് മാനുഷിക സഹായം അനുവദിക്കുന്നതിനും ആവശ്യമായ സൈനികരഹിത മേഖലകൾ സ്ഥാപിക്കപ്പെടേണ്ടതുണ്ട്.
യുദ്ധം അവസാനിപ്പിച്ച് ഒരു പുതിയ രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കേണ്ടത്, തിരഞ്ഞെടുക്കപ്പെട്ട യൂണിയനുകൾ, താത്കാലിക കമ്മിറ്റികൾ, പ്രൊഫഷണൽ ബോഡികൾ, പ്രതിരോധ സമിതികൾ, സായുധ പാർട്ടികള്‍, സിവിൽ സൊസൈറ്റി ഗ്രൂപ്പുകള്‍, സുഡാനീസ് സിവിൽ സൊസൈറ്റി, രാഷ്ട്രീയ നേതാക്കൾ എന്നിവരുടെ ചുമതലയാണ്.
സൈന്യത്തിന്റെയും സേനയുടെയും നേതൃത്വങ്ങൾക്കിടയിൽ രാജ്യദ്രോഹ മനോഭാവം സൃഷ്ടിച്ച് സംഘർഷാവസ്ഥ മുതലെടുത്ത് അധികാരത്തിൽ തിരിച്ചെത്താന്‍ ഉമര്‍ അൽ-ബഷീറിന് ലക്ഷ്യമുണ്ടോ എന്നും സംശയിക്കപ്പെടേണ്ടിയിരിക്കുന്നു.
ഈ സാഹചര്യങ്ങളെല്ലാം മനസ്സിലാക്കി, സുഡാനിലെ പൗരന്മാരും രാഷ്ട്രീയ ശക്തികളും അയൽരാജ്യങ്ങളുമായും അന്താരാഷ്ട്ര സമൂഹവുമായും ആശയവിനിമയം നടത്താൻ മുന്നോട്ട് വരേണ്ടതുണ്ട്. അല്ലാത്ത പക്ഷം, തിരിച്ച് വരാനാവാത്ത വിധം തകര്‍ച്ചയിലേക്കായിരിക്കും രാജ്യം കൂപ്പുകുത്തുന്നത്.
വിവര്‍ത്തനം: നിയാസ് അലി
Leave A Comment