നാഗൂരിലെ വിളക്കുമാടം

നീലാകാശത്തിന്റെ പശ്ചാത്തലത്തിൽ, മഞ്ഞിൽ പുതച്ചുറങ്ങുന്ന വയലുകൾക്കിടയിലൂടെയാണ് കരൈക്കൽ എക്സ്പ്രസ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. തണുത്ത കാറ്റിന്റെ സ്പർശനവും പച്ചപ്പിന്റെ സൗന്ദര്യവും ആസ്വദിച്ച് ട്രെയിനിന്റെ ജാലകത്തിനരികിലിരുന്ന് ചായ കുടിക്കുന്നതിന്റെ സുഖം അവർണ്ണനീയമായിരുന്നു. ഈ യാത്രയിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് ആകാശത്തിന്റെ നീലിമയാണ്. വല്ലാത്തൊരു ഭംഗിയായിരുന്നു അതിന്!. നാഗപട്ടണത്തോട് അടുക്കും തോറും ആകാശത്തിന്റെ ഭംഗി കൂടിക്കൂടി വന്നു. തീരദേശ മേഖലയുടെ ഭൂപ്രകൃതിയും കാലാവസ്ഥയും മലിനീകരണക്കുറവും ആകാശത്തിന്റെ ഭംഗി വർധിപ്പിക്കുന്നതിൽ സ്വാധീനശക്തികളായി തോന്നി. നാഗപട്ടണം ബീച്ചും തുറമുഖവും ലൈറ്റ് ഹൗസും കണ്ണിൽ മിന്നി മറഞ്ഞു. വ്യാപാരത്തിന്റെ പ്രതാപകാല ഓർമ്മകൾ പേറിയാണ് ഈ തുറമുഖം ഇന്ന് നിലകൊള്ളുന്നത്. 

ട്രെയിനിലെ യാത്രക്കാരിൽ അധികവും തീർത്ഥാടകരാണ്. മുസ്‍ലിംകളുടെയും ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും തീർത്ഥാടന കേന്ദ്രങ്ങൾ നാഗപട്ടണത്ത് സ്ഥിതി ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ നാഗൂർ ദർഗ, വേളാങ്കണ്ണി ചർച്ച്, ക്ഷേത്രങ്ങൾ തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചുള്ള മലയാളികളുടെ പ്രധാന ആശ്രയമാണ് കരൈക്കൽ എക്സ്പ്രസ്. എറണാകുളം ജംഗ്ഷൻ മുതൽ കരൈക്കൽ വരെയാണ് ഈ ട്രെയിനിന്റെ യാത്ര.

രാവിലെ 11 മണിക്കാണ്  കരൈക്കൽ എക്സ്പ്രസ് നാഗൂരിൽ എത്തിച്ചേർന്നത്. റെയിൽവേ സ്റ്റേഷന്റെ ദൃശ്യങ്ങൾ ഭൂതകാലത്തിന്റെ ഓർമ്മയുടെ അറകളിലേക്ക് എന്നെ നയിച്ചു. പഴക്കം ചെന്ന കെട്ടിടങ്ങൾ, പൊട്ടിപ്പൊളിഞ്ഞ പ്ലാറ്റ്ഫോമുകൾ, എല്ലാത്തിലും ഒരു പഴമ കാണാം. റെയിൽവേ സ്റ്റേഷനിൽ നിന്ന് ദർഗയിലേക്ക് നടക്കാനുള്ള ദൂരം മാത്രമേയുള്ളൂ. മലയാളികളായ യാത്രികരോടൊപ്പം ദർഗ ലക്ഷ്യമാക്കി ഞാൻ നടന്നു. നാഗൂരിൽ വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് പങ്കെടുക്കണമെന്ന ആഗ്രഹവും നിർബന്ധവും എന്റെ നടത്തം വേഗത്തിലാക്കി. ഇടുങ്ങിയ പാതകളിലൂടെ നടക്കുമ്പോൾ ദർഗയുടെ മിനാരങ്ങൾ ദൃശ്യമായി തുടങ്ങി. ദർഗക്കടുത്ത് മിതമായ നിരക്കുള്ള ഒരു ഹോട്ടലിൽ റൂമെടുത്തു. വേഗം കുളിച്ച് വൃത്തിയായി ദർഗക്ക് സമീപമുള്ള മസ്ജിദ് ലക്ഷ്യമാക്കി നടന്നു. വെള്ളിയാഴ്ച ദിനമായതുകൊണ്ട് നല്ല തിരക്കുണ്ട്. 

ജുമുഅക്ക്‌ ശേഷം സയ്യിദ് ശാഹുൽ ഹമീദ്(റ)വിന്റെ മഖ്ബറ സന്ദർശിച്ചു. ദർഗയുടെ പുറത്തെ വാതിലുകൾ എപ്പോഴും തുറന്നിരിക്കും. ലഭ്യമായ വിവരമനുസരിച്ച് അകത്തെ വാതിലുകൾ രാവിലെ 4:00 മുതൽ 06:00 വരെയും വൈകുന്നേരം 6:00 മുതൽ രാത്രി 10:00 വരെയും മാത്രമേ തുറന്ന് കൊടുക്കുകയുള്ളൂ. വെള്ളിയാഴ്ചകളിൽ, ഉച്ചയ്ക്ക് 12:00 മുതൽ 2:30 വരെ അകം വാതിലുകൾ തുറക്കപ്പെടും.

സയ്യിദ് ശാഹുൽ ഹമീദ്(റ)

ഹിജ്‌റ 910 റബീഉൽ അവ്വൽ 10ന് ഉത്തർപ്രദേശിലെ മാണിക്കപ്പൂരിൽ സയ്യിദ് ഹസനുൽ ഖുദ്സി(റ), ഫാത്തിമ(റ) ദമ്പതികളുടെ മകനായിട്ടാണ് സയ്യിദ് ശാഹുൽ ഹമീദ്(റ) ജനിക്കുന്നത്. സയ്യിദ് ഹസനുൽ ഖുദ്സി (റ)വിന്റെ പരമ്പര ഹസൻ(റ)വിലൂടെയും ഫാത്തിമ(റ)യുടെ പരമ്പര ഹുസൈൻ(റ)വിലൂടെയും റസൂലുല്ലാഹി(സ്വ)തങ്ങളിൽ എത്തിച്ചേരുന്നു. മുഹ്‌യിദ്ദീൻ ശൈഖ്(റ) വിന്റെ സന്താന പരമ്പരയിൽപെട്ട സയ്യിദ് ഹസനുൽ ഖുദ്സി(റ)വും കുടുംബവും ഡൽഹി ചക്രവർത്തി ഫിറോസ്ഷാ തുഗ്ലക്കിന്റെ ക്ഷണപ്രകാരം ബഗ്ദാദിൽ നിന്ന് ഇന്ത്യയിലേക്ക് വന്നവരായിരുന്നു. 'യൂസുഫ്' എന്ന ആദ്യസന്താനം മരണപ്പെട്ടതിൽ ദുഃഖിച്ചിരിക്കുന്ന പ്രസ്തുത ദമ്പതികൾക്ക് ശാഹുൽ ഹമീദ് (റ)വിന്റെ ജനനം വലിയ സന്തോഷം പകർന്നു. 

ജനനത്തിന് മുമ്പും ശേഷവും സയ്യിദ് ശാഹുൽ ഹമീദ്(റ)വുമായി ബന്ധപ്പെട്ട പല അത്ഭുത സംഭവങ്ങൾക്കും ആ മാതാപിതാക്കൾ സാക്ഷിയായി. ശൈഖ്(റ)വിന്റെ ആദ്യപേര് അബ്ദുൽ ഖാദിർ എന്നായിരുന്നുവെങ്കിലും ശാഹുൽ ഹമീദ്, മീറാൻ സാഹിബ്, ഖാദിർ വലി, ഗഞ്ച് സിവാഈ, ഗഞ്ച് ബഖ്ശ് എന്നീ പേരുകളിലാണ് ബഹുമാനപ്പെട്ടവർ വിഖ്യാതനായത്. പ്രകീർത്തിക്കപ്പെട്ട സുൽത്താൻ എന്ന അർത്ഥത്തിലുള്ള ഫാരിസി നാമമാണ് ശാഹുൽ ഹമീദ്. മീറാൻ സാഹിബ്‌ എന്ന ഫാരിസി നാമത്തിന്റെ അർത്ഥം സമൂഹത്തിന്റെ നേതാവ് എന്നാണ്.

ആത്മീയ ഗുരു

എട്ടു വയസ്സ് പൂർത്തിയാകുമ്പോഴേക്കും സയ്യിദ് ശാഹുൽഹമീദ്(റ) പരിശുദ്ധ ഖുർആൻ ഹൃദിസ്ഥമാക്കിയിരുന്നു. വിശ്വാസപരമായും അനുഷ്ഠാനപരമായുമുള്ള വിവിധ വിജ്ഞാന മേഖലകളിൽ ബഹുമാനപ്പെട്ടവർ അഗാധ പാണ്ഡിത്യം നേടി. പതിനെട്ട് വയസ്സ് പൂർത്തിയായ സമയത്ത് ഏകാന്തനായിരിക്കുമ്പോൾ മുറബ്ബിയായ ശൈഖിനെ അന്വേഷിക്കാനുള്ള അശരീരി ശാഹുൽ ഹമീദ്(റ) ശ്രവിച്ചു. ശൈഖിനെ കണ്ടെത്താൻ വേണ്ടി സ്വദേശം വിടാൻ ബഹുമാനപ്പെട്ടവർ മാതാപിതാക്കളോട് സമ്മതം ചോദിച്ചു. അവർ പറഞ്ഞു: "മോനെ...നിന്റെ സഹോദരൻ യൂസുഫിന്റെ വിയോഗത്തിൽ അത്യധികം ദുഃഖിതരായ ഞങ്ങൾക്ക് അല്ലാഹു നിന്നെ നൽകുകകയും അതിൽ ഞങ്ങൾ സന്തോഷിക്കുകയും ചെയ്തതാണ്. ഈ അവസരത്തിലുള്ള നിന്റെ യാത്ര ഞങ്ങൾക്ക് വീണ്ടും ദുഃഖത്തിന് ഇടവരുത്തും". മറുപടി കേട്ട് ശാഹുൽ ഹമീദ്(റ) പറഞ്ഞു: "ഉമ്മാ... ഉപ്പാ... നിങ്ങൾ വ്യസനിക്കേണ്ടതില്ല. നിങ്ങൾക്കല്ലാഹു ഇനിയും സന്താന സൗഭാഗ്യം നൽകും". 

മാതാപിതാക്കളുടെ സമ്മതം വാങ്ങിയതിന് ശേഷം ബഹുമാനപ്പെട്ടവർ ശൈഖിനെ അന്വേഷിച്ച് ഗ്വാളിയോർ ലക്ഷ്യമാക്കി നീങ്ങി. നിലവിൽ മധ്യപ്രദേശിലെ ചരിത്രപ്രസിദ്ധമായ ഒരു നഗരമാണ് ഗ്വാളിയോർ. ഈ നഗരത്തെക്കുറിച്ച് അറബിഗ്രന്ഥങ്ങളിൽ 'കവാലഹിർ' എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അക്കാലത്ത് പണ്ഡിതന്മാരുടേയും മഹത്തുക്കളുടേയും കേന്ദ്രമായിരുന്നു ഗ്വാളിയോർ. അവിടെ നിരവധി ശിഷ്യഗണങ്ങളെ തർബിയത്ത് ചെയ്ത് സൽവഴിയിൽ നയിച്ച മഹാനായ മുഹമ്മദ്‌ ഗൗസ്(റ) ജീവിച്ചിരുന്നു. ആത്മീയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സയ്യിദ് ശാഹുൽ ഹമീദ്(റ) മുഹമ്മദ്‌ ഗൗസ്‌(റ)വിന്റെ സന്നിധിയിലേക്ക് ആദരവോടെ കടന്നുചെന്നു. ശാഹുൽ ഹമീദ്(റ) ഗ്വാളിയോറിൽ എത്തുന്നതിന് മുമ്പ് തന്നെ മുഹമ്മദ്‌ ഗൗസ്(റ) തന്റെ ശിഷ്യന്മാരോട് പറഞ്ഞിരുന്നു: "മുഹ് യിദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി(റ)വിന്റെ കുടുംബപരമ്പരയിൽ പെട്ട ഒരു സ്വാലിഹായ സന്താനം ഇവിടെ വരും".

സയ്യിദ്  ശാഹുൽ ഹമീദ്(റ) മുഹമ്മദ്‌ ഗൗസ്‌(റ)വിൽ നിന്ന് ബാഹ്യവും ആന്തരികവുമായ വിജ്ഞാനമുത്തുകൾ ശേഖരിച്ചു. ഗുരുവിനോടുള്ള അഗാധമായ സ്നേഹം അവിടുത്തെ ഹൃദയത്തിൽ നിറഞ്ഞൊഴുകുകയും ശൈഖിന്റെ ജീവിതം അതി സൂക്ഷ്മമായി പഠിക്കുകയും പകർത്തുകയും ചെയ്തു.ശൈഖിന് സേവനം ചെയ്യുന്നത്, അവിടത്തെ കണ്ണിന് കുളിർമയും ജീവിതത്തിന് ഉന്മേഷവും ആത്മാവിന് സംതൃപ്തിയും നൽകി. മുഹമ്മദ്‌ ഗൗസ്(റ)വിന്റെ സമീപത്ത് ധാരാളം മുതഅല്ലിമീങ്ങളും മുരീദുമാരും ജീവിച്ചിരുന്നു. അവർക്ക് ഭക്ഷണം പാചകം ചെയ്യാനാവശ്യമായ വിറകുകൾ വർഷക്കാലം വരുന്നതിനു മുമ്പേ ശേഖരിക്കുന്ന പതിവുണ്ടായിരുന്നു. സഹപാഠികളുടെ കൂടെ ശാഹുൽ ഹമീദ്(റ) വിറക് ശേഖരിക്കാൻ വേണ്ടി കാട്ടിലേക്ക് പുറപ്പെട്ടു. ബഹുമാനപ്പെട്ടവർ ഒരു മരത്തിൽ നിന്ന് ചെറിയ കൊള്ളി മുറിച്ചെടുക്കുകയും അതിന്റെ മൂന്ന് ഭാഗങ്ങളിൽ ശീല കൊണ്ട് കെട്ടുകയും ചെയ്തു. സഹപാഠികളുടെ വിറകുകൾ മുഴുവൻ തീർന്നപ്പോഴും ശാഹുൽ ഹമീദ്(റ) കൊണ്ടുവന്ന ഒറ്റ വിറകുകൊള്ളി കത്തി തീർന്നിരുന്നില്ല എന്നതാണ് അതിശയം!. ബാഹ്യവും ആന്തരികവുമായ ശാഹുൽ ഹമീദ്(റ)വിന്റെ ഉയർച്ചയിൽ പൂർണ്ണ സംതൃപ്തരായ മുഹമ്മദ്‌ ഗൗസ് (റ) ഖാദിരിയ്യ, ചിശ്തിയ്യ, സുഹ്‌റവർദിയ്യ, ശത്ത്വാരിയ്യ, ത്വബകാതിയ്യ, നഖ്ശബന്ദിയ്യ തുടങ്ങിയ ത്വരീഖത്തുകളിൽ ഖിലാഫത്ത് സ്ഥാനം (പ്രതിനിധി) നൽകി ആദരിച്ചു. മാത്രമല്ല ജവാഹിറുൽ ഖംസ, കിതാബു ഔറാദിൽ ഗൗസിയ്യ അടക്കമുള്ള പല ദിക്റുകളിലും സ്വലാത്തുകളിലും ഇജാസത്ത് നൽകി അനുഗ്രഹിക്കുകയും ചെയ്തു.

ഹജ്ജ് യാത്ര 

സയ്യിദ് ശാഹുൽ ഹമീദ്(റ)വിന് 25 വയസ്സ് പൂർത്തിയായപ്പോൾ  ഹജ്ജ് ചെയ്യാനുള്ള അതിയായ ആഗ്രഹം മനസ്സിലുദിച്ചു. ഗുരുവിന്റെ സമ്മതത്തോടെ ഗ്വാളിയോറിൽ നിന്ന് യാത്ര പുറപ്പെട്ടു. മഹാനവർകളുടെ ജീവിത വിശുദ്ധിയിൽ ആകൃഷ്ടരായ ധാരാളം ജനങ്ങൾ ഇസ്‍ലാം സ്വീകരിക്കുകയും ആ യാത്രയിൽ പങ്കുചേരുകയും ചെയ്തു. യാത്രയിലുടനീളം ധാരാളം അത്ഭുതങ്ങൾ ബഹുമാനപ്പെട്ടവരിൽ നിന്ന് പ്രകടമായി. സുൽത്താനുൽ ഹിന്ദ് ഖാജാ മുഈനുദ്ദീൻ ചിശ്തി(റ)വിന്റെ ദർഗ സന്ദർശിക്കാൻ വേണ്ടി ശാഹുൽ ഹമീദ് (റ)വും ശിഷ്യന്മാരും രാജസ്ഥാനിലെ അജ്മീറിലെത്തി. മഹാനാവർകളുടെ ആഗമനത്തെക്കുറിച്ച് നേരത്തെ ആത്മീയ നിർദ്ദേശം ലഭിച്ച ദർഗയിലെ സേവകന്മാർ വലിയ സ്വീകരണം നൽകി. ദർഗക്ക് സമീപം ബഹുമാനപ്പെട്ടവർ എത്തിയപ്പോൾ, ദർഗയുടെ കവാടങ്ങൾ സ്വമേധയാ തുറക്കപ്പെട്ടു. മൂന്ന് ദിവസത്തോളം അവിടെ താമസിച്ചതിനുശേഷമാണ് ശാഹുൽ ഹമീദ്(റ) ജന്മ ദേശമായ മാണിക്കപ്പൂരിലേക്ക് മടങ്ങിയത്. മാണിക്കപ്പൂരിൽ കുറച്ച് ദിവസം താമസിച്ചതിനു ശേഷം മാതാപിതാക്കളുടെ സമ്മതത്തോടെ മഹാനും സംഘവും ലാഹോർ ലക്ഷ്യമാക്കി നീങ്ങി.

ലാഹോറിലെത്തിയ ശൈഖവർകൾ ജനങ്ങളുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിച്ചു. മഹാനവർകളുടെ അത്ഭുത സിദ്ധികൾ കേട്ടറിഞ്ഞ നൂറുദ്ദീൻ മുഫ്തി ശൈഖിനെ സമീപിച്ച് തന്റെ സങ്കടം പറഞ്ഞു: "വന്ദ്യരേ....എനിക്ക് ഇതുവരെ സന്താനഭാഗ്യം ഉണ്ടായിട്ടില്ല. കുറേ വർഷമായി ഞാൻ പ്രാർത്ഥിക്കുന്നു. എനിക്ക് സ്വാലിഹായ സന്താനം ലഭിക്കാൻ വേണ്ടി അങ്ങ് പ്രാർത്ഥിക്കണം"

നൂറുദ്ധീൻ മുഫ്തിയുടെ ജീവിത വിശുദ്ധി മനസ്സിലാക്കിയ ശാഹുൽ ഹമീദ് (റ) പറഞ്ഞു:"നിങ്ങൾക്ക് ഉണ്ടാകാൻ പോകുന്ന ആൺ കുട്ടിയെ എന്നെ എൽപ്പിക്കുമെങ്കിൽ ഞാൻ പ്രാർത്ഥിക്കാം. അതിനുശേഷം നിങ്ങൾക്ക് വേറെയും കുട്ടികൾ ജനിക്കും. തിങ്കളാഴ്ച രാവിലെ ശുദ്ധിയോടെ നിങ്ങൾ വെറ്റിലയും അടക്കയുമായി എന്റെ അരികെ വരിക". നൂറുദ്ദീൻ മുഫ്തി തിങ്കളാഴ്ച ദിവസത്തിൽ ശൈഖിന്റെ സന്നിധിയിൽ എത്തി. ശൈഖവർകൾ ബിസ്മി ചൊല്ലി 'വെറ്റിലടയടക്ക' വായിൽ ചവച്ച് അത് നുറുദ്ദീൻ മുഫ്തിയെ ഏൽപ്പിച്ചു പറഞ്ഞു: "വീട്ടിൽ ചെന്ന് നിങ്ങൾ ഇത് ഭാര്യയുടെ വായിലിടുക. പെട്ടെന്ന് വിഴുങ്ങാൻ പറയുക. നിങ്ങൾക്ക് അല്ലാഹു സന്താനങ്ങളെ നൽകും. നിങ്ങൾക്ക് ലഭിക്കുന്ന ആൺകുട്ടിക്ക് എന്റെ മരണപ്പെട്ട സഹോദരന്റെ പേരായ 'യൂസുഫ്' എന്ന് നാമകരണം ചെയ്യുക. വർഷങ്ങൾക്കുശേഷം തന്റെ യഥാർത്ഥ പിതാവിനെയും പിതാവ് സമ്മാനിച്ച വസ്തുവിനെയും യൂസുഫ് നിങ്ങളോട് ചോദിക്കുമ്പോൾ എന്നെ നിങ്ങൾ പരിചയപ്പെടുത്തണം. മാത്രമല്ല ഈ മിസ്‍വാക്ക് നിങ്ങളവനെ ഏല്പിക്കുകയും ചെയ്യണം". ശൈഖ് പറഞ്ഞത് പ്രകാരം നൂറുദ്ദീൻ മുഫ്തി പ്രവർത്തിക്കുകയും അദ്ദേഹത്തിന്റെ ഭാര്യ ഗർഭിണിയാവുകയും ചെയ്തു. മാത്രമല്ല ഹിജ്‌റ 939ൽ സുന്ദരനായ ആൺകുഞ്ഞ് ജനിക്കുകയും യൂസുഫ് എന്ന് നാമകരണം ചെയ്യുകയും ചെയ്തു.

ലാഹോറിൽ നിന്ന് ഖുറാസാനിലൂടെ യാത്ര ചെയ്യുമ്പോൾ പിതാവിന്റെ വിയോഗത്തെക്കുറിച്ച് ശൈഖിന് ദിവ്യദർശനമുണ്ടായി. ഉടനെ സയ്യിദ് ശാഹുൽ ഹമീദ്(റ)വും ശിഷ്യന്മാരും ജന്മദേശമായ മാണിക്കപ്പൂരിലേക്ക് മടങ്ങി. ഹിജ്റ 938 ജമാദുൽ ആഖിർ പത്തിന് പിതാവ് ഹസനുൽ ഖുദ്സി (റ) ഇഹലോകവാസം വെടിഞ്ഞു. പിതാവിന്റെ മയ്യിത്ത് പരിപാലന മുറകൾക്ക് ശൈഖവർകൾ നേതൃത്വം നൽകി. പിന്നീട് വിധവയായ മാതാവിനെ സമീപിച്ച് മക്കയിലേക്ക് യാത്ര തിരിക്കാൻ അനുവാദം വാങ്ങി. ബുഖാറ, ബൽഖ് വഴി ജിദ്ദയിലൂടെ വിശുദ്ധമായ മക്കയിലെത്തി. പരിശുദ്ധമായ ഹജ്ജും ഉംറയും നിർവഹിച്ചു. റൗളാ ശരീഫ് സന്ദർശിക്കാൻ വേണ്ടി മദീനയിലേക്ക് പുറപ്പെട്ടു. അന്ന് മദീന ഭരിച്ചിരുന്നത് ശരീഫ് സയ്യിദ് അഹ്മദ് രാജാവായിരുന്നു. അദ്ദേഹം സ്വപ്നത്തിൽ ആദരവായ റസൂൽ(സ്വ) തങ്ങളെ ദർശിച്ചു. നബി(സ്വ) തങ്ങൾ സ്വപ്നത്തിലൂടെ അറിയിച്ചു: "എന്റെ സമുദായത്തിൽപ്പെട്ട അബ്ദുൽ ഖാദിർ എന്ന മഹാൻ മദീനയിലേക്ക് വരുന്നുണ്ട്. അദ്ദേഹത്തെ നിങ്ങൾ ബഹുമാനിക്കുകയും സ്വീകരിക്കുകയും ചെയ്യുക". 

മുത്ത് നബിയുടെ ആജ്ഞ പ്രകാരം ശരീഫ് സയ്യിദ് അഹമ്മദ് മദീനയുടെ കവാടത്തിൽ ചെന്ന് സയ്യിദ് ശാഹുൽ ഹമീദ് (റ)വിനെയും സംഘത്തെയും സ്വീകരിച്ചു. ശാഹുൽ ഹമീദ്(റ) റൗളാ ശരീഫ് സന്ദർശിച്ചു. പ്രവാചക പ്രണയം ബഹുമാനപ്പെട്ടവരുടെ ഹൃദയത്തിൽ അണപൊട്ടിയൊഴുകി. നാവിലൂടെ പ്രണയ കവിതകൾ ഉതിർന്നു വീണു. മദീനയിലെ സിയാറത്ത് കേന്ദ്രങ്ങളെല്ലാം സന്ദർശിച്ചതിനു ശേഷം മഹാനും സംഘവും മക്കയിലേക്ക് തിരിച്ചുപോയി. പിന്നീട് കർബലയിലെ ഹുസൈൻ(റ)വിന്റെ മഖ്ബറയും ബാഗ്ദാദിലെ മുഹ്‌യുദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി(റ)വിന്റെ മഖ്ബറയും സന്ദർശിച്ചു. ഇതേ സമയത്ത് ശൈഖവർകളുടെ ദത്തുപുത്രൻ യൂസുഫ്(റ) നൂറുദ്ദീൻ മുഫ്തിയുടെ സംരക്ഷണത്തിൽ വളരുകയായിരുന്നു. ആത്മീയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ യൂസുഫ്(റ) മക്കയിലേക്ക് എത്തുകയും സയ്യിദ് ശാഹുൽ ഹമീദ്(റ) വിന്റെ സംഘത്തിൽ ചേരുകയും ചെയ്തു.

മലബാറിൽ

അറേബ്യയിൽ നിന്ന് കപ്പൽ മാർഗം സയ്യിദ് ശാഹുൽ ഹമീദ്(റ)വും സംഘവും മലബാറിലെ കണ്ണൂരിലെത്തി. കണ്ണൂർ കേന്ദ്രീകരിച്ചുകൊണ്ട് ഇസ്‍ലാമിക പ്രബോധന പ്രവർത്തനങ്ങൾക്ക് മഹാൻ നേതൃത്വം നൽകി. പിന്നീട് മലബാറിലെ മക്ക എന്നറിയപ്പെടുന്ന പൊന്നാനിയിലെത്തുകയും മഖ്ദൂമുമാരുടെ ആതിഥ്യം സ്വീകരിക്കുകയും ചെയ്തു. യാത്രാവേളയിൽ സയ്യിദ് മഖ്ദൂം നൂറുദ്ദീന്റെ ഉദ്യാനത്തിൽ ശൈഖും സംഘവും വിശ്രമിച്ചിരുന്നു. ഉദ്യാനപാലകൻ ഈ വിവരം മഖ്ദൂമിനെ അറിയിച്ചു. ഉടനെ മഖ്ദൂം പറഞ്ഞു: "നമ്മുടെ തോട്ടത്തിൽ വിശ്രമിക്കുന്ന വ്യക്തി മഹാനാണെങ്കിൽ, തോട്ടത്തിലെ ഉണങ്ങിയ പ്ലാവിൽ പച്ചയിലയും പഴങ്ങളും ഉണ്ടാകും". ഉദ്യാനപാലകൻ തോട്ടത്തിലേക്ക് മടങ്ങിച്ചെന്നപ്പോൾ കണ്ട കാഴ്ച അത്ഭുതകരമായിരുന്നു! തോട്ടത്തിലെ പ്ലാവിൽ പച്ച ഇലകളും പഴങ്ങളും ഉണ്ടായിരിക്കുന്നു. ഈ വിവരം മഖ്ദൂമിനെ അറിയിച്ചപ്പോൾ ബഹുമാനപ്പെട്ടവർ ആദരവോടെ ശൈഖിന്റെ സന്നിധിയിലെത്തുകയും അതിഥിസത്കാരം നടത്തുകയും ചെയ്തു. തന്റെ മകളെ ഇണയായി നൽകാൻ മഖ്ദൂം ആഗ്രഹിച്ചെങ്കിലും ശൈഖവർകൾ സ്വീകരിച്ചില്ല.

മാലിദ്വീപ്, ശ്രീലങ്ക എന്നീ പ്രദേശങ്ങളിൽ ദീൻ പ്രചരിപ്പിച്ചതിനു ശേഷം ശൈഖും സംഘവും തമിഴ്നാട്ടിലെ കീളക്കരയിൽ എത്തിച്ചേർന്നു. സമീപത്തുള്ള മുസ്‍ലിം വീട്ടുകാരിൽ നിന്ന് അല്പം വെള്ളം ആവശ്യപ്പെട്ടപ്പോൾ, അവർ ഉപ്പുവെള്ളമാണ് കൊടുത്തയച്ചിരുന്നത്. വിവരമറിഞ്ഞ ശൈഖവർകൾ പറഞ്ഞു "ഈ നാട്ടിലെ കിണറുകളിലൊക്കെ ഉപ്പുവെള്ളമാണല്ലോ...." ഉടനെ കീളക്കരയിലെ കിണറുകളിലും തടാകങ്ങളിലുമുള്ള വെള്ളത്തിന് ഉപ്പു രുചി അനുഭവപ്പെടാൻ തുടങ്ങി. വർഷങ്ങൾക്കുശേഷം സ്വദഖത്തുല്ലാഹിൽ ഖാഹിരി(റ) നാഗൂർ ദർഗ ശരീഫിൽ ചെന്ന് പ്രാർത്ഥിച്ചതിന്റെ ഫലമായാണ് കീളക്കരയിലെ കിണറുകളിലെ  ഉപ്പുരുചി മാറിയത് എന്ന് പറയപ്പെടുന്നു. രാമനാഥപുരം, കായൽപട്ടണം, മേൽപ്പാളയം, തെങ്കാശി, മധുര, തൃച്ചി, തഞ്ചാവൂർ, തിരുവാളൂർ, കൊടൈക്കൽ തുടങ്ങിയ നിരവധി പ്രദേശങ്ങളിലൂടെ യാത്ര ചെയ്തതിന് ശേഷം ശൈഖും സംഘവും നാഗപട്ടണത്തെ നാഗൂരിൽ എത്തിച്ചേർന്നു.

നാഗൂരിൽ 

തെറ്റുകളിൽ മുഴുകിയിരുന്ന ജനസമൂഹമായിരുന്നു അന്ന് നാഗൂരിൽ ജീവിച്ചിരുന്നത്. ശൈഖ് അവരെ ഇസ്‍ലാമിന്റെ ശാദ്വല തീരത്തേക്ക് ക്ഷണിച്ചു. അന്ന് ശൈഖിന് നാൽപത് വയസ്സും ദത്തു പുത്രൻ ശൈഖ് യൂസുഫിന് പന്ത്രണ്ട് വയസ്സുമായിരുന്നു പ്രായം. പകൽ സമയങ്ങളിൽ നോമ്പനുഷ്ഠിച്ചും രാത്രി സമയങ്ങളിൽ പൂർണ്ണമായും ആരാധനകളിൽ മുഴുകിയും ശൈഖവർകൾ ഏകാന്ത ജീവിതം നയിച്ചു. ആന്തമാൻ ദ്വീപിലേക്ക് പോകാൻ ഉദ്ദേശിച്ച സയ്യിദ് ശാഹുൽ ഹമീദ്(റ)വിന്റെ മുന്നിൽ ഖളിർ(റ) പ്രത്യക്ഷപ്പെട്ട് പറഞ്ഞു: "നിങ്ങൾക്കിപ്പോൾ ആന്തമാനിലേക്ക് പോകാനുള്ള അനുമതി അല്ലാഹു നൽകിയിട്ടില്ല". നാഗൂരിലെ ചില പ്രദേശങ്ങളെ ചൂണ്ടിക്കാണിച്ചു കൊണ്ട് ഖളിർ(റ) സംസാരം തുടർന്നു: "ഇത് നിങ്ങളുടെ അന്ത്യവിശ്രമ കേന്ദ്രമാണ്. ഈ ഉയർന്ന സ്ഥലത്തിന് താഴെ ഒരു കിണർ ഉണ്ട്. ആ കിണറിൽ നിന്ന് ഞാനും ഇസ്കന്ദർ ദുൽഖർനൈനിയും വുളൂ എടുത്തിട്ടുണ്ട്. നിങ്ങൾ മരണം വരെ ഇവിടെ താമസിക്കുക". 

ദുൽഖർനൈൻ ഉപയോഗിച്ച വിശിഷ്ടമായ 60 കണ്ണികളുള്ള ഒരു ചങ്ങലയിൽ നിന്ന് നാല് കണ്ണികൾ പൊട്ടിച്ചെടുത്ത് ഖളിർ(റ) സയ്യിദ് ശാഹുൽ ഹമീദ്(റ)വിന് നൽകി. ശൈഖവർകൾ തനിക്ക് ലഭിച്ച ചങ്ങല ദത്തുപുത്രൻ യൂസഫ്(റ)വിനെ വിളിച്ചുകൊണ്ടു പറഞ്ഞു: "ഇതിൽ പല മഹാത്ഭുതങ്ങളും അടങ്ങിയിട്ടുണ്ട്. ഇതിന്റെ കണ്ണികൾ ദൈനംദിനം ചുരുങ്ങിക്കൊണ്ടിരിക്കും. അന്ത്യനാൾ അടുക്കുമ്പോഴേക്കും മുഴുവൻ ചുരുങ്ങും. ഇതൊരു രോഗി വഹിക്കുകയോ ഇത് കഴുകി വെള്ളം കുടിക്കുകയോ ചെയ്താൽ അവന്റെ രോഗത്തെ അല്ലാഹു സുഖപ്പെടുത്തും". മഹത്തായ ഈ ചങ്ങല നാഗൂർ ദർഗയിൽ യൂസുഫ്(റ)വിന്റെ മഖ്ബറക്ക് മുൻവശത്ത് കെട്ടിത്തൂക്കിയതായി കാണാം. 

ശൈഖിന്റെ കറാമത്ത് കൊണ്ട് രോഗവിമുക്തനായ തഞ്ചാവൂർ രാജാവ് അച്ചുതപ്പ നായക് മഹാനവർകൾക്ക് ആവശ്യമായ ഭൂമി പതിച്ചു നൽകിയിരുന്നു. പ്രസ്തുത സ്ഥലത്ത് ശൈഖും അനുയായികളും താമസിക്കാൻ തുടങ്ങി. ശൈഖ് യൂസുഫ്(റ)വും ബീവി സുൽത്താന(റ)യും തമ്മിലുള്ള വിവാഹത്തിന്  സയ്യിദ് ശാഹുൽ ഹമീദ്(റ) നേതൃത്വം നൽകി. ശൈഖ് യൂസുഫ്(റ)വിനും അനുയായികൾക്കും വിജ്ഞാനം പകർന്നു നൽകുന്നതിൽ ശൈഖവർകൾ ഉത്സാഹിച്ചു.

ഒരിക്കൽ യൂസുഫ്(റ)വിനോട് ഇസ്കന്ദർ ചക്രവർത്തി വുളു ചെയ്ത സവിശേഷമായ കിണറിന്റെ സമീപത്തേക്ക് പോകാൻ നാഗൂർ ശൈഖ് ആവശ്യപ്പെട്ടു. ശൈഖിന്റെ കല്പനപ്രകാരം യൂസുഫ്(റ) കിണറിന്റെ സമീപത്തേക്ക് പോയി നോക്കിയപ്പോൾ  കിണറിലെ വെള്ളം പൊങ്ങിയതായി കണ്ടു. ഉടനെ സയ്യിദ് ശാഹുൽ ഹമീദ്(റ) പറഞ്ഞു: "ഈ കിണറിൽ പല അത്ഭുതങ്ങളും ഉണ്ട്. രോഗികൾ ഈ കിണറിൽ നിന്ന് വെള്ളം കുടിച്ചാൽ രോഗം സുഖപ്പെടും. മാത്രമല്ല സമൂഹത്തിൽ വല്ല പ്രതിസന്ധികളും ഉണ്ടാകാനിടയുണ്ടെങ്കിൽ ഈ കിണറിൽ അതിന്റെ സൂചനകൾ പ്രകടമാവും". ശ്രീരംഗപട്ടണം ആക്രമിക്കപ്പെട്ടപ്പോഴും ടിപ്പുസുൽത്താൻ രക്തസാക്ഷിയായപ്പോഴും നാഗൂരിലെ കിണറിൽ അടയാളങ്ങൾ കണ്ടതായി നാഗൂർ നിവാസികൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 

അറുപത്തിയെട്ട് വയസ്സ് പൂർത്തിയായപ്പോൾ സയ്യിദ് ശാഹുൽ ഹമീദ്(റ) ഇജാസത്തുകളും ഉപദേശങ്ങളും നൽകിയതിനു ശേഷം, യൂസുഫ് (റ) വിനോട് പറഞ്ഞു: "എന്റെ മരണാനന്തര കർമങ്ങൾക്ക് നീ നേതൃത്വം നൽകണം. എന്റെ 'മത്ബഖി'ന്റെ സമീപത്ത് വെച്ച് മഴവെള്ളം കൊണ്ട് എന്നെ കുളിപ്പിക്കുക. ഞാൻ രഹസ്യമായി സൂക്ഷിച്ച പെട്ടിയിലുള്ള കഫൻ പുടവ, പഞ്ഞി, കർപ്പൂരം മുതലായവ ഉപയോഗിച്ച് എന്നെ കഫൻ ചെയ്യുക. പടിഞ്ഞാറു വശത്തുള്ള മരത്തിന്റെ സമീപത്ത് എനിക്കായി കബർ കുഴിക്കുക. ഈ കർമ്മങ്ങൾ നമ്മുടെ ഉപ്പാപ്പ മുഹമ്മദ് മുസ്തഫ(സ്വ) തങ്ങളും ഇമാമീങ്ങളും കാണിച്ചുതന്ന മാർഗത്തിൽ ചെയ്യുക". 

ഹിജ്‌റ 978 ജമാദുൽ ആഖിർ പത്ത് തിങ്കളാഴ്ച രാവ് അത്താഴ സമയത്ത് സയ്യിദ് ഷാഹുൽഹമീദ്(റ) ഈ ഭൗതിക ലോകത്തോട് വിട പറഞ്ഞു. 68വയസ്സായിരുന്നു പ്രായം.

ദർഗ

ദക്ഷിണേന്ത്യയിലെ വളരെ പ്രധാനപ്പെട്ട സിയാറത്ത് കേന്ദ്രങ്ങളിലൊന്നാണ്  നാഗൂർ ശരീഫ്. നാഗൂർ ആണ്ടവർ എന്ന് തമിഴർ ബഹുമാനത്തോടെ വിളിക്കുന്ന മഹാനായ സയ്യിദ് ഷാഹുൽ ഹമീദ്(റ)വിന്റെ മഖ്ബറയാണ് നാഗൂരിനെ പ്രശസ്തമാക്കിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ദിനംപ്രതി നാനാജാതി മതസ്ഥരായ ആയിരക്കണക്കിന് ആളുകളാണ് ഈ സൗഹൃദ പൊയ്കയിലേക്ക് ഒഴുകിയെത്തുന്നത്. ദക്ഷിണേന്ത്യയിൽ നാഗൂർ ശൈഖിന്റെ പേരിലുള്ള മൗലിദുകളും ഉറൂസും വിപുലമായി നടക്കാറുണ്ട്. നാഗൂർ ദർബാറിൽ പാട്ടു പാടുന്ന 'നാഗൂർ ഖലീഫമാർ' എന്ന പേരിൽ പ്രസിദ്ധരായ ഗായകരിലൂടെ സ്മര്യപുരുഷന്റെ പ്രകീർത്തനങ്ങൾ ജനമനസ്സുകളിൽ ആഴ്ന്നിറങ്ങാറുണ്ട്. 

എല്ലാ വർഷവും ജമാദുൽ ആഖിർ ഒന്നു മുതൽ 14 വരെ വിപുലമായ രീതിയിൽ നാഗൂർ ശൈഖിന്റെ പേരിൽ ഉറൂസ് നടക്കുന്നു. ദർഗയുടെ സമീപം ഹനഫി പള്ളിയും ഷാഫിഈ പള്ളിയും ഉണ്ട്. ദർഗക്ക് സമീപമുള്ള ഉയരമുള്ള മിനാരങ്ങൾ നാഗൂരിന്റെ മുഖമുദ്രയാണ്. അതിൽ ഏറ്റവും ഉയരമുള്ള മിനാരം (131 feet) മറാത്ത രാജാവ് പ്രതാപ് സിംഗ് നിർമിച്ചതാണ്. സന്താന സൗഭാഗ്യത്തിന് വേണ്ടി നാഗൂർ ദർഗയിൽ വന്ന് പ്രാർത്ഥിച്ചതിന്റെ ഫലമായി ആൺകുഞ്ഞ് ജനിപ്പിച്ചപ്പോഴാണ്, 9 നിലകളുള്ള പ്രസ്തുത മിനാരം മറാത്ത രാജാവ് നിർമിച്ചത്. ശൈഖ് യൂസുഫ്(റ)വിന്റെ മഖ്ബറക്ക് സമീപമുള്ള മിനാരം സഞ്ച് രാജ്യത്തിലെ മുസ്‍ലിം രാജാവിന്റെ വകയാണ്. ശാഫിഈ പള്ളിയുടെ അടുത്തായി നിലകൊള്ളുന്ന മിനാരം നാഗപട്ടണത്തുകാരൻ സഈദ് അലി മരക്കാർ നിർമിച്ചതാണ്. മത്ബഖിന്റെ സമീപത്തുള്ളത് ബിർനൈന മരക്കാരുടെ വകയും ഒരു മിനാരം നാഗൂരിലെ മത്സ്യത്തൊഴിലാളികളുടെ വകയുമാണ്. വിവിധ ഉദ്ദേശങ്ങൾ സഫലീകരിക്കപ്പെട്ടപ്പോഴാണ് ഓരോ മിനാരവും നിർമിക്കപ്പെട്ടത്.

നാഗൂർ ഉപ്പാപ്പയുടെയും യൂസുഫ് വലിയുല്ലയുടേയും സയ്യിദ സുൽത്താന ബീവിയുടേയും (യൂസുഫ് വലിയുല്ലയുടെ ഭാര്യ) ഖബറുകൾ, ഉപ്പാപ്പയുടെ കൂടെ വന്നവരുടെയും യൂസുഫ് വലിയുല്ലയുടെ സന്താന പരമ്പരകളുടെയും മറ്റും ഖബറുകൾ, നാഗൂരുപ്പാപ്പ ഉപയോഗിച്ച മെതിയടി, ഉപ്പാപ്പ കുളിച്ച കുളം, ഉപ്പാപ്പയുടെ വീട്, വീടിനടുത്തുള്ള കിണർ, ഉപ്പാപ്പയുടെ മയ്യിത്ത് കുളിപ്പിച്ച സ്ഥലം, ഉപ്പാപ്പ ഖൽവത്തിരുന്ന സ്ഥലം, മത്ബഖ്, പീർമണ്ഡപം, വർഷത്തിൽ മുഹറം പത്തിന് മാത്രം പുറത്തെടുക്കുന്ന സവിശേഷമായ സർബത്ത്, മരം കൊണ്ട് നിർമിച്ച തോണി (ശ്രീലങ്കയിൽ നിന്ന് നാഗൂർ ദർഗയിലേക്കുള്ള നേർച്ചപ്പൈസ പ്രസ്തുത തോണിയിൽ അയച്ചാണ് നാഗൂരിലെത്തിയത്), കൊമ്പുള്ള തേങ്ങ (നാഗൂർ ദർഗയിലേക്ക് നേർച്ചയാക്കപ്പെട്ട തെങ്ങിൽ നിന്ന് തേങ്ങ പറിച്ച പട്ടാളക്കാരൻ അഹങ്കാരത്തോടെ "ശൈഖിന്റെ തേങ്ങക്ക്‌ കൊമ്പുണ്ടോ"എന്ന് ചോദിച്ചപ്പോൾ തേങ്ങയിൽ കൊമ്പ് മുളച്ചു), ദുൽഖർനൈനിയുടെ ചങ്ങല, രോഗശമനത്തിന് പ്രസിദ്ധമായ ഉപ്പാപ്പയുടെ മരുന്ന് തോട്ടം തുടങ്ങിയ നിരവധി കാഴ്ചകൾ ആസ്വദിച്ചാണ് നാഗൂരിൽ നിന്ന് ഞാൻ മടക്കയാത്ര ആരംഭിച്ചത്. അപ്പോഴേക്കും എന്റെ മനസ്സ് ആത്മീയ ലോകത്തിന്റെ ഏതോ കോണുകളിലൂടെ സഞ്ചരിച്ച പ്രതീതി നേടിക്കഴിഞ്ഞിരുന്നു.

 അവലംബങ്ങൾ 

1.മൗലാനാ മാപ്പിള ലബ്ബാ ആലിം സാഹിബ്, മവാഹിബുൽ മജീദ് ഫീ മനാഖിബി ശാഹിൽ ഹമീദ്,മത്ബഅ ഉസ്മാനീ, മദ്രാസ്,
2.ശൈഖ് മഹമൂദ് ത്തീബിയ്യിൽ ഖാദിരി, മീറാൻ സാഹിബ് മൗലിദ്,
3.ഉസ്താദ് എം ഹസ്സൻ മുസ്‌ലിയാർ ചെറുമുക്ക്,മനാഖിബ് ഷാഹുൽ ഹമീദ് നാഹൂരി,ആമിന ബുക്സ്,1964
4.K. Satheeshkumar, A historical study on nagore dargah in 
Nagapattinam District, International Journal of Health സയൻസിസ്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter