കാര്യവട്ടം സമ്മേളനം
കാര്യവട്ടം സമ്മേളനം
ഫറോക്ക് സമ്മേളനത്തിനു ശേഷം നടന്ന ശ്രദ്ധേയമായ ഇടപെടലായിരുന്നു 1945 മെയ് 27, 28 തിയ്യതികളില്‍ കാര്യവട്ടത്തു നടന്ന 16-ാം സമ്മേളനം. പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാരുടെ രോഗവും മൗലാന അബ്ദുള്‍ ഖാദര്‍ ഹള്ഫരിയുടെ വഫാത്തും വഹാബി നേതാക്കളെ സന്തോഷിപ്പിച്ച സന്ദര്‍ഭമായിരുന്നു അത്. സുന്നി വിശ്വാസാചാരങ്ങളെ മുഴുവനും ശിര്‍ക്കായി സ്ഥാപിക്കാന്‍ വഹാബികള്‍ അത്തൗഹീദ് എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വഹാബികളുമായി ഒരു വാദപ്രതിവാദത്തിന് കൂടി തയ്യാറെടുത്തുകൊണ്ടായിരുന്നു സമ്മേളന പരിപാടികള്‍ ആവിഷ്‌കരിച്ചത്. മെയ് 27, 28 തിയ്യതികളില്‍ സമ്മേളന പരിപാടികളും 29ന് വഹാബികളുമായി അവരുടെ അത്തൗഹീദ് അടിസ്ഥാനമാക്കി മുനാളറ (വാദപ്രതിവാദ)വുമായിരുന്നു ആവിഷ്‌കരിക്കപ്പെട്ടിരുന്നത്. എന്നാല്‍ വഹാബികള്‍ ഒഴിഞ്ഞുമാറിയതുകൊണ്ട് മൂന്നാം ദിവസത്തെ വാദപ്രതിവാദം വേണ്ടിവന്നില്ല. രണ്ടു ദിവസത്തെ സമ്മേളന പരിപാടികളിലൂടെ സമ്മേളന ലക്ഷ്യം നേടുന്നതോടൊപ്പം സമസ്തയുടെ പ്രവര്‍ത്തന മണ്ഡലത്തില്‍ പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കാനും സാധിച്ചു എന്നാതാണ് കാര്യവട്ടം സമ്മേളനത്തിന്റെ പ്രത്യേകത. വൈജ്ഞാനിക വിപ്ലവത്തിനു തിരി കൊളുത്തിയ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് രൂപീകൃതമാവാന്‍ പ്രഥമ പ്രചോദനം നല്‍കിയ ബാഫഖി തങ്ങളുടെ ചരിത്രപ്രാധാന്യമുള്ള പ്രസംഗം കാര്യവട്ടം സമ്മേളനത്തിലായിരുന്നു.
സംഘടനയുടെ പ്രചാരണ പ്രസിദ്ധീകരണ രംഗം സജീവമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സമ്മേളനത്തില്‍ തുടക്കമായി. മൗലാന പറവണ്ണ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ ലീഡറായി ഒമ്പത് മുശാവറ അംഗങ്ങളടങ്ങിയ ഇശാഅത്ത് കമ്മിറ്റിക്ക് രൂപം നല്‍കി. ഇശാഅത്ത് കമ്മിറ്റി അംഗങ്ങളുടെ കീഴില്‍ മുസ്‌ലിം ബഹുജനങ്ങളെ കൂടി ഉള്‍പ്പെടുത്തി ആമില സംഘം രൂപീകരിക്കാന്‍ തീരുമാനിക്കുക വഴി സമസ്തയെന്ന പണ്ഡിതസഭ ഒരു ബഹുജന പ്രസ്ഥാനത്തിനു തുടക്കം കുറിക്കുകയായിരുന്നു. അല്‍ബയാന്‍ പുനഃപ്രസിദ്ധീകരിക്കാനും വഹാബികളുടെ കൃതികള്‍ക്ക് ഖണ്ഡനങ്ങള്‍ പ്രസിദ്ധീകരിക്കാനും തീരുമാനിച്ചതോടെ പ്രസിദ്ധീകരണ രംഗവും സജീവമാവുകയായിരുന്നു.
കാര്യവട്ടം സമ്മേളനത്തോടെ സംഘടനാപരമായി വ്യവസ്ഥാപിതമായ അടുക്കും ചിട്ടയും ഉണ്ടായി എന്നതാണ് മറ്റൊരു പ്രത്യേകത. സംഘടനയുടെ എല്ലാപ്രവര്‍ത്തനവും സ്ഥിരമായി റിക്കാര്‍ഡാക്കുന്ന സ്വഭാവം ഇതോടെയാണ് ആരംഭിക്കുന്നത്. അതിനുമുമ്പ് പ്രധാന തീരുമാനങ്ങളും പ്രമേയങ്ങളും മാത്രമായിരുന്നു സൂക്ഷിച്ചിരുന്നത്. സമ്മേളന റിപ്പോര്‍ട്ടുകളും പഴയ അല്‍ബയാന്‍ മാസികയുടെ താളുകളുമാണ് കാര്യവട്ടം സമ്മേളനത്തിനുമുമ്പുള്ള സംഘടനാചരിത്രം മനസ്സിലാക്കാനുള്ള നിദാനങ്ങള്‍. കാര്യവട്ടം സമ്മേളനത്തിനു ശേഷം സംഘടനയുടെ ചെറുതും വലുതുമായ എല്ലാ ചലനങ്ങളും റിക്കാര്‍ഡാക്കപ്പെട്ടിട്ടുണ്ട്.
ചരിത്രപ്രധാനമായ 16-ാം സമ്മേളനം നടന്ന കാര്യവട്ടം എന്ന ഗ്രാമം പെരിന്തല്‍മണ്ണ മേലാറ്റൂര്‍ റോഡില്‍ പട്ടിക്കാട് ജാമിഅ: നൂരിയ്യ ജംഗ്ഷനില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയാണ്.കെ. മൊയ്തൂട്ടി സാഹിബ് (കാര്യവട്ടം) പ്രസിഡന്റും, കെ.പി. അബ്ദുള്ള സാഹിബ് സെക്രട്ടറിയുമായുള്ള സ്വീകരണ സംഘമാണ് സമ്മേളന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. കക്കൂത്ത് അധികാരി കെ. അഹ്‌മദ് സാഹിബ് കാപ്പ്, കിഴിശ്ശേരി കുഞ്ഞിപ്പു സാഹിബ് പെരിന്തല്‍മണ്ണ, മണ്ണാര്‍മല ഹൈദ്രൂസ് ഹാജി, ടി.കെ. സൈതാലി സാഹിബ് വണ്ടൂര്‍, പി. മൊയ്തീന്‍കുട്ടി സാഹിബ് വളാഞ്ചേരി, വി.പി. സൈതാലി സാഹിബ് പൂക്കാട്ടിരി തുടങ്ങിയ ഉമറാക്കളായിരുന്നു സമ്മേളന സ്വീകരണ സംഘത്തിലെ മുന്‍നിരയില്‍.
മഹാപണ്ഡിതന്‍ മര്‍ഹും ശംസുല്‍ ഉലമാ ഖുതുബി മുഹമ്മദ് മുസ്‌ലിയാരായിരുന്നു കാര്യവട്ടം സമ്മേളനത്തിലെ അധ്യക്ഷന്‍. പ്രസിഡന്റ് പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍ക്ക് രോഗം മൂലം പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. വൈസ്പ്രസിഡന്റ് മൗലാന അബ്ദുള്‍ബാരിയുടെ നേതൃത്വത്തിലാണ് സമ്മേളനപരിപാടികള്‍ നടന്നത്. പാങ്ങില്‍ക്കാരനു ശേഷം വഹാബികള്‍ക്കെതിരെ പടയോട്ടം നയിച്ച റശീദുദ്ദീന്‍ മൂസ മുസ്‌ലിയാര്‍ രംഗത്തു വന്നത് കാര്യവട്ടം സമ്മേളന പ്രവര്‍ത്തനത്തിലൂടെയാണ്. മൗലാന കണ്ണിയത്ത് ഉസ്താദ്, പറവണ്ണ, അയിനിക്കാട് ഇബ്രാഹിം മുസ്‌ലിയാര്‍, മൗലാന സദഖത്തുള്ള മുസ്‌ലിയാര്‍ നേതൃത്വപാടവം തെളിയിച്ചത് കാര്യവട്ടം സമ്മേളനത്തിലൂടെയാണ്. സമസ്തയില്‍ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ രംഗപ്രവേശം പ്രസ്തുത സമ്മേളനത്തില്‍ ഉണ്ടായി.
27ന് ഞായറാഴ്ച രാവിലെ കൃത്യം എട്ടുമണിക്ക് കാര്യവട്ടം ജുമുഅത്ത് പള്ളിയുടെ മുകളില്‍വെച്ച് മൗലാന ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍ അവര്‍കളുടെ അധ്യക്ഷതയില്‍ മുശാവറ യോഗം ആരംഭിച്ചു. പ്രമേയങ്ങള്‍ ആലോചനക്കെടുത്തു. ളുഹ്ര്‍ നിസ്‌കാരത്തിനു വേണ്ടി നിര്‍ത്തിവെച്ച യോഗം മൗലാന മുഹമ്മദ് അബ്ദുള്‍ബാരി മൗലവി അവര്‍കളുടെ അധ്യക്ഷതയില്‍ വീണ്ടും രണ്ടുമണിക്ക് ആരംഭിച്ചു. പ്രമേയങ്ങളെ സംബന്ധിച്ച് വാദപ്രതിവാദം നടത്തി. മിക്കതും സര്‍വ്വസമ്മതമായി പാസാക്കുകയും ചിലത് നിര്‍ത്തിവെക്കുകയും ചെയ്തുകൊണ്ട് കൃത്യം മൂന്നര മണിക്ക് യോഗം പിരിഞ്ഞു. അന്ന് രാത്രി എട്ടുമണിക്ക് യോഗത്തിന് തയ്യാറാക്കിയ പന്തലില്‍ വെച്ച് മൗലാന കണ്ണിയത്ത് അഹ്‌മദ് മൗലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ കോഴിക്കോട് മൂദാക്കര പള്ളി മുദരിസും ഖത്തീബുമായ ഒ. അബ്ദുറഹ്‌മാന്‍ മൗലവി, സി. അബ്ദുള്ള മൗലവി, കൊടിയത്തൂര്‍ ഖാസി എം. അബ്ദുല്‍ അസീസ് മൗലവി, സി.വി. ബാവ മുസ്‌ലിയാര്‍, കോഴിക്കോട് കെ. അബ്ദുള്ളക്കോയ സാഹിബ് മുതലായവര്‍ പ്രസംഗിച്ചു.അനന്തരം തര്‍ക്കവിഷയങ്ങളില്‍ പലതിനെയും സ്പര്‍ശിച്ചും അവയ്ക്ക് നല്‍കിയതായ ലക്ഷ്യങ്ങള്‍ ഉദ്ധരിച്ചു കൊണ്ടുള്ള അധ്യക്ഷ പ്രസംഗത്തോടു കൂടി ഏകദേശം 12മണിക്ക് യോഗം അവസാനിച്ചു.
അടുത്ത ദിവസം (28ന്) രാവിലെ ഏഴുമണിയാവുമ്പോഴേക്ക് വിശാലവും അലംകൃതവുമായ പന്തലും പരിസരവും സന്ദര്‍ശകരാലും പൊതുജനങ്ങളാലും നിബിഢമായിരുന്നു. കൃത്യം എട്ടര മണിക്ക് സംഘാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പൗരപ്രമാണികളും ഒമ്പത് മണിക്ക് അധ്യക്ഷന്‍ അവര്‍കളും യോഗത്തില്‍ വന്നു ചേര്‍ന്നു. ജനാബ് പാനായിക്കുളം അബ്ദുറഹിമാന്‍ അവര്‍കളുടെ പ്രാര്‍ത്ഥനയോടു കൂടി യോഗം ആരംഭിച്ചു. സ്വീകരണ സംഘത്തിന്റെ പ്രതിനിധിയായി ജനാബ് പാറോല്‍ ഹുസൈന്‍ സാഹിബ് സംഘത്തിന്റെ ചരിത്ര സംക്ഷിപ്തവും ഉദ്ദേശ്യവും വിവരിച്ചു. തുടര്‍ന്ന് മൗലാന ഖുതുബിയുടെ അധ്യക്ഷപ്രസംഗവും കെ.പി.എ. മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാരുടെ മുഖ്യപ്രഭാഷണവും നടന്നു.
രണ്ടാം ദിവസം ളുഹ്ര്‍ നിസ്‌കാരത്തിനു വേണ്ടി നിര്‍ത്തിയ യോഗം രണ്ടു മണിക്ക് വീണ്ടും ചേര്‍ന്നു. കണ്ണൂര്‍ ബഹുമാനപ്പെട്ട അറക്കല്‍ സുല്‍ത്താന്‍ അബ്ദുറഹ്‌മാന്‍ അലി രാജാ എം.എല്‍.എ തിരുമനസ്സില്‍ നിന്ന് യോഗത്തിനയച്ച കത്ത് സമ്മേളനത്തില്‍ വായിച്ചു. പ്രസ്തുത കത്തിന്റെ രത്‌നച്ചുരുക്കം. 'ക്ഷണക്കത്ത് കിട്ടിയതില്‍ ഞാന്‍ ഏറ്റവും സന്തുഷ്ടനായിരിക്കുന്നു. അഗണ്യങ്ങളായ ചില കാരണങ്ങളാല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നതില്‍ ഞാന്‍ അതിയായി കുണ്ഠിതപ്പെടുകയും യോഗം മംഗളമായി കലാശിക്കാന്‍ ആശിക്കുകയും ചെയ്തു കൊള്ളുന്നു. പ്രത്യേകിച്ച് വഹാബിയ്യ മുതലായ ദീനില്‍ കടന്നു കൂടിയിട്ടുള്ള മാലിന്യങ്ങളെ അടിച്ചകറ്റി സുന്നത്ത് ജമാഅത്തിന്റെ വിശ്വാസാദര്‍ശങ്ങളെ നിലയുറപ്പിക്കുന്നതിനുള്ള എല്ലാ പദ്ധതികളെയും കുറിച്ച് യോഗം ആലോചിക്കുമെന്നും സമസ്ത ജംഇയ്യത്ത് അംഗങ്ങള്‍ അതിനായി ഊര്‍ജ്ജിത ജോലി ആരംഭിക്കുമെന്നും വിശ്വസിച്ചു കൊള്ളുന്നു. നാം നമ്മുടെ എല്ലാ സഹായസഹകരണങ്ങളും സംഘത്തിനു വാഗ്ദത്തം ചെയ്തു കൊള്ളുന്നു.'
പിന്നീട് സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങളുടെ, സുന്നത്ത് ജമാഅത്തിന്റെ വിശ്വാസപരവും കര്‍മപരവുമായ സംഗതികള്‍ അടങ്ങിയതും ഒന്നും മുതല്‍ പത്തുവരെയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മതപഠനത്തിനാവശ്യമായ ഒരു പാഠാവലി ഉടനെ തയ്യാറാക്കണമെന്ന് ഉണര്‍ത്തികൊണ്ടുള്ള സുദീര്‍ഘ പ്രസംഗം നടന്നു.
അസ്വര്‍ നിസ്‌കാരത്തിനായി നിര്‍ത്തിയിരുന്ന യോഗം നിസ്‌കാരാനന്തരം വീണ്ടും ആരംഭിക്കുകയും അതില്‍ പി.സി.എസ്. കുഞ്ഞഹമ്മദ് മൗലവി,പാറോല്‍ ഹുസൈന്‍ സാഹിബ് എന്നിവര്‍ സംഘത്തിന്റെ പുരോഗമന മാര്‍ഗ്ഗങ്ങളെ സംബന്ധിച്ചും, മൗലാന സദഖത്തുല്ല മുസ്‌ലിയാര്‍ വിശ്വാസപരമായ ചില സംഗതികളെക്കുറിച്ചും യുക്തിപൂര്‍വ്വമായ നിലയിലുള്ള പ്രസംഗവും നടന്നു. മഗ്‌രിബ് നിസ്‌കാരത്തിനായി യോഗം നിര്‍ത്തിവെച്ചു. നിസ്‌കാരാനന്തരം കെ.ടി. ഇബ്രാഹിം മുസ്‌ലിയാര്‍ സാരസമ്പൂര്‍ണ്ണമായ പ്രസംഗം നടത്തി. ജ: കണ്ണിയത്ത് അഹ്‌മദ് മുസ്‌ലിയാര്‍ തഖ്‌ലീദ് കൂടാതെ മതാനുഷ്ഠാനങ്ങള്‍ ഒന്നും തന്നെ നടക്കുകയില്ലെന്ന് കാര്യകാരണസഹിതം ദീര്‍ഘവും ഫലിതരസത്തോടു കൂടിയതുമായ ഒരു പ്രസംഗം ചെയ്തു. ജംഇയ്യത്തു വകയായി ഒരു ഇശാഅത്ത് കമ്മിറ്റി രൂപീകരിക്കണമെന്നും അതിലേക്ക് തല്‍കാലം ഒമ്പത് പേരെ തെരഞ്ഞെടുക്കണമെന്നും കമ്മിറ്റി ലീഡറായി മൗലാന കെ.പി.എം. മുഹ്‌യുദ്ദീന്‍കുട്ടി മൗലവി സാഹിബ് അവര്‍കളെതന്നെ നിശ്ചയിക്കണമെന്നും തീര്‍ച്ചപ്പെടുത്തി.
രണ്ടു ദിവസം സമ്മേളന പരിപാടികള്‍ക്കും മൂന്നാം ദിവസം വഹാബികളുമായുള്ള മുനാളറക്കുമായിരുന്നു കാര്യവട്ടം സമ്മേളനം ആവിഷ്‌കരിക്കപ്പെട്ടിരുന്നത്. പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍ ശയ്യാവലംബിയായത് അറിഞ്ഞു വഹാബികള്‍ സുന്നികള്‍ക്കെതിരെ ആഞ്ഞടിക്കാന്‍ തയ്യാറെടുത്ത സന്ദര്‍ഭമായിരുന്നു കാര്യവട്ടം സമ്മേളനം. സമ്മേളനത്തില്‍ വാദപ്രതിവാദത്തിനു സൗകര്യം നല്‍കാം എന്നറിയിച്ചുകൊണ്ട് സമ്മേളന സ്വാഗത സംഘം ഭാരവാഹികള്‍ വഹാബി സംഘടനയായ കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റിനു കത്ത് നല്‍കിയിരുന്നു. റശീദുദ്ദീന്‍ മൂസ മുസ്‌ലിയാര്‍, പറവണ്ണ മുഹ്‌യുദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവരുടെ രംഗപ്രവേശനം മനസ്സിലാക്കിയ വഹാബി നേതൃത്വം വാദപ്രതിവാദത്തിനു അവര്‍ സ്വീകരിച്ച ഹീനമായ അടവ് എല്ലാവരുടെയും പ്രതിഷേധത്തിനിടയാക്കി. മുനാളറക്ക് ക്ഷണിച്ചുകൊണ്ട് സ്വാഗത സംഘം അയച്ച കത്തിന് കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റായിരുന്ന കെ.എം. മൗലവി രജിസ്റ്റര്‍ ചെയ്ത് അയച്ച മറുപടിക്കത്ത് രസാവഹമായിരുന്നു. വഹാബികള്‍ പ്രസിദ്ധീകരിച്ച അത്തൗഹീദിനു സമ്മതിപത്രം എഴുതിയ മൗലാന ഖുതുബി ആധ്യക്ഷ്യം വഹിക്കുന്ന സമ്മേളനമാകയാല്‍ സദസ്സില്‍ അല്ലാഹുവിന്റെ കോപം ഇറങ്ങുമെന്ന് ഭയപ്പെടുന്നത് കൊണ്ട് മുനാളറക്ക് തയ്യാറില്ല എന്നായിരുന്നു കെ.എം മൗലവിയുടെ മറുപടി കത്തില്‍ പറഞ്ഞിരുന്നത്. മൗലാന ഖുതുബിയെ നിസ്സാരമാക്കിക്കൊണ്ട് പലതും കത്തില്‍ എഴുതിയിരുന്നു.
പ്രമേയങ്ങള്‍
1. 'ജനാബ് മൗലാന ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍ അവര്‍കളെ കുറ്റം പറഞ്ഞുകൊണ്ട് കാതിബ് മുഹമ്മദ് കുട്ടി മൗലവി (കെ.എം. മൗലവി) ഈ സമ്മേളനത്തിന്റെ സ്വീകരണ സംഘം പ്രസിഡന്റിന് അയച്ച രജിസ്റ്റര്‍ കത്തില്‍ പ്രസ്താവിച്ച കുറ്റാരോപണത്തെ ഈ യോഗം പ്രതിഷേധിക്കുകയും മുഹമ്മദ് കുട്ടി മൗലവി അവര്‍കളുടെ മേല്‍ കൃത്യത്തെ അതിനായി വെറുപ്പോടും നീരസത്തോടും കൂടി ആക്ഷേപിക്കുകയും ചെയ്തു കൊള്ളുന്നു''. അവ. മൗലവി മുഹമ്മദ് അബ്ദുല്‍ബാരി അനു. കെ. മുഹമ്മദ് മൗലവി.അബ്ദുള്‍ അലി കോമു മുസ്‌ലിയാര്‍ കാളമ്പാടി, മക്കയിലെ മുതവ്വിഫ് സയ്യിദ്അലിയ്യുബ്‌നു ഫസല്‍ പൂക്കോയ തങ്ങള്‍, കെ. കുഞ്ഞിമോയി സാഹിബ് ഫറോക്ക് കെ. അഹ്‌മദ് ഹാജി കാര്യവട്ടം, കെ.പി. മമ്മു സാഹിബ് കാര്യവട്ടം, തലശ്ശേരി പുതുവീട്ടില്‍ അബുബക്കര്‍ മുസ്‌ലിയാര്‍, ജനാബ് പുതിയറ സുലൈമാന്‍ മുസ്‌ലിയാര്‍ എന്നീ മഹാന്മാരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയും അവരുടെ പരലോക സൗഖ്യത്തിനായി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും ചെയത് കൊണ്ട് അധ്യക്ഷന്‍ തന്നെ അവതരിപ്പിച്ചതായിരുന്നു അഞ്ചാം പ്രമേയം.
സംഘത്തിന്റെ വൈസ് പ്രസിഡന്റുമാരായി ജനാബ് അബ്ദുല്‍ ബശീര്‍ കെ.പി.എ. മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാരെയും ജനാബ് റശീദുദ്ദീന്‍ മൂസ മൗലവിയെയും ഖജാഞ്ചി കിസിങ്ങാന്റെകത്ത് അബ്ദുല്ലക്കോയ സാഹിബ് അവര്‍കളെയും തെരഞ്ഞെടുക്കുന്നതായിരുന്നു. സമ്മേളനം അംഗീകരിച്ച ആറാം പ്രമേയം. സുന്നി പ്രസിദ്ധീകരണ രംഗം സജീവമാക്കുന്നതിനായിരുന്നു ഏഴാം പ്രമേയം.
7. 'സുന്നത്ത് ജമാഅത്തിനു എതിരായി വഹാബ്ബിയ്യ, മുഅ്തസിലിയ്യ, ഖദ്‌രിയ്യാക്കളുടെ വിശ്വാസ പ്രചാരണത്തിനായി അവിശ്രമം പരിശ്രമിച്ചുകൊണ്ടിരിക്കുന്നവര്‍, അവരുടെ പ്രസംഗങ്ങളാല്‍ പൊതുജനങ്ങളെ വിശിഷ്യാ തീരെ മതവിദ്യാഭ്യാസമില്ലാത്ത വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും വഴിപിഴപ്പിച്ചും പിഴച്ച വഴിയില്‍തന്നെ അവരെ ഇനി ഇങ്ങോട്ടു മടങ്ങാതിരിക്കത്തക്കവണ്ണം ഉറപ്പിക്കേണ്ടതിനു നോട്ടീസ്, ലഘുലേഖ, മാസിക, പത്രം ആദിയായ പ്രസിദ്ധീകരണങ്ങളെ വിതരണം ചെയ്യുന്നത് ഈ യോഗം വ്യസനത്തോടും വെറുപ്പോടും കൂടി വീക്ഷിക്കുകയും പ്രസംഗത്തിനു ദുര്‍ലഭം പ്രസംഗമല്ലാതെ, പ്രസിദ്ധീകരണ ബദല്‍ നാം ആരംഭിക്കാത്തതിന്റെ ഭവിഷ്യല്‍ഫലം നാം അനുഭവിച്ചറിയുന്നതു കൊണ്ട് വിഷയങ്ങളുടെ ഗൗരവമനുസരിച്ച് പടിപടിയായുള്ള ഒരു പ്രസിദ്ധീകരണ പ്രസ്ഥാനം അടിയന്തിരമായി ആരംഭിക്കേണ്ടതാണെന്ന് ഈ യോഗം അഭിപ്രായപ്പെടുന്നു.
ഇതായിരുന്നു ഏഴാം പ്രമേയം.
Leave A Comment