ഇരുപതാം സമ്മേളനം
ഇരുപതാം സമ്മേളനം
സമസ്തയുടെ രണ്ട് മഹാസമ്മേളനങ്ങള്‍ക്ക് ആതിഥേയത്വം നല്‍കാന്‍ ഭാഗ്യം ലഭിച്ച പ്രദേശമാണ് മലപ്പുറം ജില്ലയിലെ താനൂര്‍. 1927-ല്‍ സമസ്തയുടെ ഒന്നാം സമ്മേളനവും 1954- ല്‍ ഇരുപതാം സമ്മേളനവും താനൂരില്‍ വെച്ചാണ് നടന്നത്. സമസ്തയുടെ സ്ഥപക നേതാക്കളില്‍ പ്രമുഖനായിരുന്ന മൗലാനാ പാങ്ങില്‍ അഹ്‌മദ്കുട്ടി മുസ്‌ലിയാരുടെ കര്‍മ്മ മണ്ഡലം 1924 മുതല്‍ താനൂരായതു കൊണ്ട് സമസ്തയുടെ അനവധി ചരിത്രങ്ങള്‍ക്ക് താനൂര്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്.പാങ്ങില്‍ അഹ്‌മദ്കുട്ടി മുസ്‌ലിയാര്‍ താനൂരില്‍ നിന്ന് വിടവാങ്ങിയ ശേഷം ഇസ്‌ലാഹുല്‍ ഇലൂം മന്ദഗതിയിലാവുക മാത്രമല്ല. ചില കാലങ്ങളില്‍ നിശ്ചലമാവുകയും ചെയ്തിരുന്നു.
1954 ഫെബ്രുവരി 6-ന് താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂമില്‍ സമസ്ത മുശാവറ ചേര്‍ന്നു. പണ്ഡിത കേരളത്തിലെ ഗുരുവര്യരായിരുന്ന മൗലാനാ ഖുതുബി മുഹമ്മദ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം താനൂര്‍ കോളേജും സ്വത്തുക്കളും സമസ്തയെ ഏല്‍പിക്കാന്‍ കോളേജ് ഭരണസമിതി തീരുമാനിച്ചത് സ്വാഗതം ചെയ്യുകയും ഏറ്റെടുത്ത് നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. ജമാദുല്‍ ഉഖ്‌റ മാസം 1 ന് (1373 ഹി.) ചേര്‍ന്ന പ്രസ്തുത യോഗം അടുത്ത ശവ്വാലില്‍ നാല്‍പത് ഉയര്‍ന്ന വിദ്യാര്‍ത്ഥികളും നാലു മുദരിസുമാരും അടങ്ങുന്ന ദര്‍സ് തുടങ്ങാന്‍ പദ്ധതികളാവിഷ്‌കരിച്ചു. സമസ്തയുടെ 20-ാം സമ്മേളനം 1954 ഏപ്രില്‍ 24,25 (1373 ശഅ്ബാന്‍ 21,22,ശനി,ഞായര്‍)തിയ്യതികളില്‍ നടത്താനും പ്രസ്തുത മുശാവറ തീരുമാനിച്ചു. 24-ന് വൈകുന്നേരം പ്രസിഡണ്ട് മൗലാനാ അബ്ദുല്‍ബാരി(റ)യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ യോഗത്തോടെ യാണ് സമ്മേളന ആരംഭം. തുടര്‍ന്ന് പണ്ഡിതര്‍മാര്‍ക്കായി മൗലാനാ ഖുതുബിയുടെ നേതൃത്വത്തില്‍ നടന്ന പഠന ക്ലാസ്സ് പരിപാടിയിലെ പ്രധാന ഇനമായിരുന്നു.
25-ന് വൈകുന്നേരം ഇഖ്ബാല്‍ മൈതാനിയില്‍ ചേര്‍ന്ന സമാപന സമ്മേളനത്തില്‍ തെന്നിന്ത്യന്‍ മുഫ്തിയും വെല്ലൂര്‍ ബാഖിയാത്ത് പ്രിന്‍സിപ്പാളുമായിരുന്ന മൗലാന ശൈഖ് ആദം ഹസ്രത്ത് അദ്ധ്യക്ഷത വഹിച്ചു. മൗലാനാ ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍ ആയിരുന്നു ഉദ്ഘാടകന്‍. സി. ഇബ്രാഹിംകുട്ടി സാഹിബാണ് സദസിന് സ്വാഗതം അരുളിയത്. ഉദ്ഘാടന പ്രസംഗം മദ്ഹബിന്റെ ആവശ്യകത ഊന്നിപറഞ്ഞുകൊണ്ടായിരുന്നു. ഉദ്ഘാടന പ്രസംഗത്തിലെ ആശയങ്ങള്‍ക്ക് അടിവര നല്‍കികൊണ്ട് അദ്ധ്യക്ഷ പ്രസംഗത്തില്‍ മൗലാന ശൈഖ് ആദം ഹസ്രത്ത് പറഞ്ഞു: ''സമൂഹം നാള്‍ക്കുനാള്‍ അധ:പതിച്ചുകൊണ്ടിരിക്കുകയാണ്. അതിനുള്ള പരിഹാരം നിങ്ങളുടെ നാട്ടിലെ പ്രസിദ്ധ പണ്ഡിതനും എന്റെ സുഹൃത്തുമായ ഖുത്തുബി മുഹമ്മദ് മുസ്‌ലിയാര്‍ പറഞ്ഞതുപോലെ മദ്ഹബുകളെ മുറുകെ പിടിക്കുകയും ബഹുമാന്യരായ ഇമാമുകളും മുഫസ്സിറുകളും പറഞ്ഞ് തന്ന മസ്അലകളും അര്‍ത്ഥ വ്യാഖ്യാനങ്ങളും സ്വീകരിക്കുകയാണ്. എന്നാല്‍ അതില്‍ യാതൊരുവിധ ഭിന്നിപ്പുകളോ കക്ഷി വഴക്കുകളോ ഉണ്ടാവുകയില്ല. അതിനാല്‍ മദ്ഹബുകളെ മുറുകെ പിടിക്കാനും മഹാന്‍മാരായ ഇമാമുകളെ ബഹുമാനിക്കുവാനും ഞാന്‍ നിങ്ങളെ ശക്തിയായി ഉല്‍ബോധിപ്പിക്കുകയും മദ്ഹബുകള്‍ സ്വീകരിക്കാതെ സാധാരണക്കാരന് അമല്‍ ചെയ്യുക സാധ്യമല്ലെന്നും ഞാന്‍ നിങ്ങളെ വീണ്ടും അനുസ്മരിപ്പിക്കുന്നു'. മര്‍ഹും ബി കുട്ടി ഹസ്സന്‍ഹാജിയാണ് ഹസറത്തിന്റെ ഉറുദു പ്രസംഗം പരിഭാഷപ്പെടുത്തിയത്. പൊതു സമ്മേളനത്തില്‍ വിവിധ വിഷയങ്ങള്‍ ആസ്പദമാക്കിയായിരുന്നു പ്രസംഗങ്ങള്‍. ഇസ്‌ലാഹുല്‍ ഉലൂമിന്റെ നടത്തിപ്പ് ഫണ്ട് അഞ്ഞൂറു രൂപ സംഭാവന ചെയ്തുകൊണ്ട് ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുശാവറ അംഗങ്ങളില്‍ നിന്നും നിര്യാതരായ പാലോട്ട് മൂസക്കുട്ടിഹാജി (കണ്ണൂര്‍), പാറക്കടവ് ഖാസി, അബ്ദുള്ള മുസ്‌ലിയാര്‍ മുതലായവരുടെ പരലോക ഗുണത്തിന് പ്രത്യേകം പ്രാര്‍ത്ഥന നടത്തിയാണ് സമ്മേളനം പര്യവസാനിച്ചത്.
മുഅ്ജിസത്തും കറാമത്തും, ഇസ്‌ലാമും ഇതര ഇസങ്ങളും, ബിദ്അത്തും സുന്നത്തും, ഖുതുബ പരിഭാഷ, പുത്തന്‍ പ്രസ്ഥാനങ്ങള്‍ തുടങ്ങിയവയായിരുന്നു സമാപന സമ്മേളനത്തിലെ വിഷയങ്ങള്‍, ഇക്കാലത്ത് സമസ്തയുടെ ഉന്നത നേതാക്കളും സുന്നി യുവജന സംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ പ്രമുഖരായ മൗലാന കെ.വി. മുഹമ്മദ് മുസ്‌ലിയാര്‍, മൗലാന. എന്‍. അബ്ദുള്ള മുസ്‌ലിയാര്‍ പൂന്താവനം എന്നിവര്‍ താനൂര്‍ സമ്മേളനത്തിലെ യുവ പ്രസംഗകരായിരുന്നു.
താനൂര്‍ സമ്മേളനത്തില്‍ ശൈഖ് ആദം ഹസ്രത്തിന്റെയും പറവണ്ണയുടേയും പതിയുടേയും പ്രസംഗങ്ങളില്‍ സമസ്തയുടെ കര്‍മ്മപരിപാടിയുടമായി യുവാക്കള്‍ രംഗത്തിറങ്ങുന്നതിനെ സംബന്ധിച്ച് പ്രത്യേകിച്ച് ഊന്നിപറഞ്ഞിരുന്നു. പ്രസ്തുത പ്രസംഗങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മര്‍ഹും ബി കുട്ടിഹസ്സന്‍ ഹാജി തുടങ്ങിയ പ്രവര്‍ത്തകര്‍ യുവജന പ്രസ്ഥാനത്തിന് രൂപം നല്‍കാനായി അടുത്ത മാസം തന്നെ കോഴിക്കോട് അന്‍സാറുല്‍ മുസ്‌ലിമീന്‍ ഓഫീസില്‍ ഒരു പ്രത്യേക കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ക്കുകയുണ്ടായി. സമസ്തയുടെ ജോയിന്റ് സെക്രട്ടറിയും കോഴിക്കോട് മൂദാക്കരപള്ളി ഖത്തീബുമായിരുന്ന ഒ. അബ്ദുറഹിമാന്‍ മുസ്ല്യാരുടെ അദ്ധ്യക്ഷതയില്‍ അന്ന് ചേര്‍ന്ന കണ്‍വെന്‍ഷനില്‍ വെച്ചാണ് സമസ്ത കേരള സുന്നി യുവജന സംഘം (എസ്.വൈ.എസ്) ജന്മമെടുത്തത്.
Leave A Comment