ഫറോക്ക് സമ്മേളനം

ഫറോക്ക് സമ്മേളനം

സമസ്ത സമ്മേളന ചരിത്രത്തില്‍ ഏറെ ശ്രദ്ധേയമായ ഒരു അധ്യായമായിരുന്നു 1933 മാര്‍ച്ച് 5ന് ഫറോക്കില്‍ വെച്ചു നടന്ന ആറാം സമ്മേളനം. പ്രസക്തമായ പ്രമേയങ്ങളാലും പ്രസംഗങ്ങളാലും പ്രസ്തുത സമ്മേളനം ചരിത്രത്തില്‍ സ്ഥിരപ്രതിഷ്ഠ നേടി. സമ്മേളനം അലങ്കോലപ്പെടുത്താന്‍ വഹാബികള്‍ ആസൂത്രിത ശ്രമങ്ങള്‍ നടത്തി. സമസ്ത പ്രസിഡന്റിനും സമ്മേളനാധ്യക്ഷനുമെതിരെ വക്കീല്‍ നോട്ടീസയച്ചു. പക്ഷെ അതൊക്കെ പരാജയപ്പെടുകയാണുണ്ടായത്.

സമ്മേളന ദിവസം രാവിലെ 8 മണിക്ക് പുളിയാലി അബ്ദുള്ളകുട്ടി ഹാജിയുടെ ബംഗ്ലാവില്‍ വെച്ചു മുശാവറ യോഗം ചേര്‍ന്നു. സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട പ്രമേയങ്ങള്‍ യോഗമംഗീകരിച്ചു. ഒരു മണിക്ക് മുശാവറ അവസാനിച്ചു. വിശാലമായ പന്തലില്‍ കൃത്യം രണ്ടുമണിക്ക് സമ്മേളന നടപടികളാരംഭിച്ചു. മൗലാന അബുസ്സആദാത്ത് ശിഹാബുദ്ദീന്‍ അഹ്‌മദ്‌കോയശ്ശാലിയാത്തിയായിരുന്നു അധ്യക്ഷന്‍. പ്രാര്‍ത്ഥനാനന്തരം എ. കുഞ്ഞിക്കോയാമുട്ടി മരക്കാര്‍ സാഹിബ് പരപ്പനങ്ങാടിയാണ് ഖിറാഅത്ത് നടത്തിയത്. സ്വീകരണ സംഘം ചെയര്‍മാന്‍ കളത്തില്‍ മമ്മുട്ടി സാഹിബ് ബഹദൂര്‍ (ഏറനാട് താലൂക്ക് ബോര്‍ഡ്)നു വേണ്ടി തയ്യാറാക്കിയ സ്വാഗതപ്രസംഗം ഫറോക്ക് മാപ്പിള സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സൈതാലിക്കുട്ടി സാഹിബ് വായിച്ചു. പിന്നീട് സാരസമ്പൂര്‍ണ്ണമായ അധ്യക്ഷ പ്രസംഗം നടന്നു. ശ്രദ്ധേയമായ പതിനഞ്ച് പ്രമേയങ്ങളവതരിപ്പിക്കപ്പെട്ടു. സമസ്ത പ്രസിഡന്റ് മൗലാന പാങ്ങില്‍ അഹ്‌മദ്കുട്ടി മുസ്‌ല്യാരുടെ സമാപനപപ്രസംഗത്തോടെയാണ് സമ്മേളനം സമാപിച്ചത്. സമ്മേളന വിജയത്തിന് പ്രവര്‍ത്തിച്ച ഉമറാക്കളില്‍ സ്വീകരണ ഭാരവാഹികളായ കെ. മമ്മുട്ടി സാഹിബ്, പി. അബ്ദുള്ള ഹാജി, കെ. കുഞ്ഞീന്‍ സാഹിബ്, കെ. ഹസ്സന്‍ സാഹിബ്, കെ.കെ. ഹാജി തുടങ്ങിയവര്‍ എടുത്തു പറയേണ്ടവരാണ്.

പ്രമേയങ്ങള്‍
1. 1926-ല്‍ സ്ഥാപിച്ച ഇതുവരെ ക്രമപ്രകാരം നടത്തിവരുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആറാം വാര്‍ഷിക യോഗം ഫറോക്കില്‍ വെച്ച് ഈ മാര്‍ച്ച് 5-ന് നടത്തുവാന്‍ മുന്‍കൂട്ടി വേണ്ടുന്ന ഒരുക്കങ്ങള്‍ ചെയ്യുകയും ഫെബ്രുവരി 20ന് നോട്ടീസ് പ്രസിദ്ധപ്പെടുത്തുകയും ചെയ്തതിനു ശേഷം ഈ സംഘത്തിന്റെ സ്ഥിതിക്കും പ്രവര്‍ത്തികള്‍ക്കും വിഘ്‌നം വരുത്തുവാനും മറ്റും എന്‍. മമ്മു മൗലവിയും കൂട്ടുകാരും ചെയ്തിട്ടുള്ള ശ്രമങ്ങളെ ഈ യോഗം വെറുക്കുകയും മേപ്പടി മമ്മു മൗലവിക്കു വേണ്ടി അഡ്വ. കെ.കെ. പോക്കര്‍ മാര്‍ച്ച് 11ന് ശിഹാബുദ്ദീന്‍ അബുസ്സആദാത്ത് അഹ്‌മദ് കോയ മൗലവിക്കെതിരെ അയച്ച രജിസ്റ്റര്‍ നോട്ടീസിനെതിരെ ഈ യോഗം പ്രതിഷേധിക്കുകയും ഈ സംഗതിയില്‍ നിയമാനുസരണം വേണ്ടുന്നത് പ്രവര്‍ത്തിക്കുവാന്‍ താഴെ പറയുന്ന കമ്മിറ്റിയെ തെരഞ്ഞെടുത്ത് അധികാരപ്പെടുത്തുകയും ചെയ്യുന്നു. അവതാരകന്‍: വള. പി. കുഞ്ഞുമൊയ്തു മൗലവി (വാഴക്കാട് ദാറുല് ഉലൂം മദ്‌റസ സെക്രട്ടറി) അനുവാദകന്‍: എ.പി. അഹ്‌മദ് കുട്ടി മൗലവി (താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം മദ്‌റസ മാനേജര്‍ ആന്റ് പ്രിന്‍സിപ്പാള്‍)

മേല്‍ സബ് കമ്മിറ്റി അംഗങ്ങള്‍ താഴെ പറയുന്നവരായിരുന്നു. 1. പി. കുഞ്ഞുമൊയ്തു മുസ്‌ലിയാര്‍. 2. അമ്പായത്തുങ്ങല്‍ മരക്കയില്‍ അബൂബക്കര്‍ കുട്ടി ഹാജി 3. വി.കെ. മുഹമ്മദ് മൗലവി (സമസ്ത സെക്രട്ടറി)4. പി.ടി. അബ്ദു കോഴിക്കോട് 5. എന്‍.എം. മൊയ്തീന്‍കോയ ഹാജി (കോഴിക്കോട്)
മൗലാന അബ്ദുള്‍ ബാരി മുസ്‌ലിയാര്‍ അവതാരകനും വി.കെ. മുഹമ്മദ് മൗലവി അനുവാദകനുമായ രണ്ടാം പ്രമേയം സമസ്തക്കെതിരെ കള്ളനോട്ടീസ് ഇറക്കുന്നവര്‍ക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതായിരുന്നു. ഹീലത്തുറിബാ മുഖേന പലിശ ഹലാലാക്കുകയും ഐക്യത്തിന്റെ ലേബളില്‍ സമുദായത്തില്‍ അനൈക്യമുണ്ടാക്കുകയും ചെയ്യുന്ന വഹാബി മൗലവിമാരുടെയും വക്കീലന്മാരുടെയും ഉള്ളിലിരുപ്പ് തുറന്ന് കാട്ടുന്നതും അന്നത്തെ വഹാബികളുടെ കുതന്ത്രങ്ങള്‍ തുറന്ന് കാട്ടി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതുമായ മൂന്നാം പ്രമേയം അവതരിപ്പിച്ചത് അന്നത്തെ യുവപണ്ഡിതനും പ്രത്ഭ വാഗ്മിയുമായിരുന്ന കണ്ണിയത്ത് ഉസ്താദായിരുന്നു. അനുവാദകന്‍ മഞ്ചേരിയിലെ ഒ. അബ്ദുല്ല മുസ്‌ലിയാരും.

ഖാദിയാനികള്‍ മുസ്‌ലിംകളല്ലെന്ന് വ്യക്തമാക്കുന്നതും അവര്‍ക്ക് പെണ്ണ് കൊടുക്കുവാനോ മുസ്‌ലിംകളുടെ ശ്മശാനത്ത് അവരുടെ മയ്യിത്ത് മറവ് ചെയ്യുകയോ മുസ്‌ലിം പള്ളികളില്‍ അവരെ കയറ്റുകയോ ചെയ്യാന്‍ പാടില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഈയോഗം തീര്‍ച്ചപ്പെടുത്തുകയും അതാതും ദേശത്തെ ഖാസിമാര്‍ ഈ തീര്‍പ്പിനെ തങ്ങളുടെ മഹല്ലുകളില്‍ നിയമാനുസരണം നടപ്പില്‍ വരുത്തേണ്ടതാണെന്നും കേരളത്തിലെ പൊതുജനങ്ങളോട് അപേക്ഷിക്കുകയും ചെയ്യുന്ന നാലാം പ്രമേയം അവതരിപ്പിച്ചത് കണ്ണൂരിലെ പാലോട്ട് മൂസക്കുട്ടി ഹാജിയും പിന്താങ്ങിയത് പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാരുമായിരുന്നു. മദ്‌റസകളില്‍ പുത്തനാശയക്കാരായ മൗലവിമാര്‍ കടന്നു കൂടുന്നതിനെതിരെ മദ്‌റസാ കമ്മിറ്റി ഭാരവാഹികളെ ഉദ്ബുദ്ധരാക്കുന്നതായിരുന്നു അഞ്ചാം പ്രമേയം. ഇബ്‌നു ഹസം, ഇബ്‌നു തീമിയ്യ, ഇബ്‌നു ഖയ്യിം, മുഹമ്മദുബ്‌നു അബ്ദുള്‍ വഹാബ്, അഫ്ഗാനി, മുഹമ്മദ് രിള, മുഹമ്മദ് അബ്ദ് തുടങ്ങിയവരെ സംബന്ധിച്ചു മുന്‍കാല പണ്ഡിതന്മാരുടെ ഫത്‌വകളും തീരുമാനങ്ങളും വ്യക്തമാക്കുന്ന ആറാം പ്രമേയം അവതരിപ്പിച്ചത് വെല്ലൂര്‍ ലത്വീഫിയ്യ കോളേജ് സ്വദ്ര്‍ മുരിസായിരുന്ന ബൈത്താല അഹ്‌മദ് കുട്ടി മുസ്‌ലിയാരും പിന്താങ്ങിയത് പള്ളിപ്പുറം കെ.എം. അബ്ദുള്‍ ഖാദര്‍ ഹള്ഫരിയുമായിരുന്നു. സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമായിരുന്ന മണ്ണാര്‍ക്കാട് കല്ലടി മൊയ്തുട്ടി സാഹിബിന്റെ നിര്യാണത്തില്‍ അനശോചനം രേഖപ്പെടുത്തുന്നതാണ് ഏഴാം പ്രമേയം.

1933-ലെ ഫറോക്ക് സമ്മേളനത്തില്‍ അംഗീകരിച്ച ചരിത്ര പ്രസിദ്ധമായ എട്ടാം പ്രേമേയത്തിന്റെ അവതാരകന്‍ സമ്മേളനാധ്യക്ഷനായ മൗലാന ശിഹാബുദ്ദീന്‍ അഹ്‌മദ് കോയ ശാലിയാത്തി (റ) തന്നെയായിരുന്നു. പരപ്പനങ്ങാടി ജുമുഅത്ത് പള്ളി മുദരിസ് പി. കമ്മു മൗലവി അനുവാദകനുമായിരുന്നു.
പ്രമേയം: 8. കേരളത്തിലെ മുസ്‌ലിംകളില്‍ അനേക കൊല്ലമായിട്ട് നിരാക്ഷേപമായി നടന്നു വന്നതും ഇപ്പോഴും നടത്തുന്നതുമായ താഴെ വിവരിക്കുന്ന കാര്യങ്ങള്‍ അഹ്‌ലുസ്സുന്നത്ത് വല്‍ ജമാഅത്തിന്റെ ഉലമാക്കളാല്‍ മതാനുസരണങ്ങളാണെന്ന് സ്ഥിരപ്പെട്ടവയാണെന്നും അവ മതവിരുദ്ധങ്ങളാണോ അഥവാ ശിര്‍ക്കാണോ എന്നു പറയുന്നവര്‍ സുന്നികളെല്ലെന്നും അവര്‍ ഇമാമത്തിനും ഖതീബ് സ്ഥാനത്തിനും ഖാസി സ്ഥാനത്തിനും കൊള്ളരുതാത്തവരാണെന്നും ഈ യോഗം തീരുമാനിക്കുന്നു.

സംഗതികള്‍ 1) മരിച്ചു പോയ അമ്പിയാ, ഔലിയാ, സ്വാലിഹീന്‍ ഇവരുടെ ദാത്തുകളും ജാഹ്, ഹഖ്, ബര്‍ക്കത്ത് ഇത്യാദി കൊണ്ടും തവസ്സുല്‍ (ഇടതേട്ടം) ചെയ്യലും അവരെ നേരിട്ട് വിളിക്കലും അവരെ വിളിച്ച് സഹായത്തിനപേക്ഷിക്കുകയും അവരുടെ ആസാറുകൊണ്ട് ബര്‍ക്കത്ത് മതിക്കലും.

2) മരിച്ചു പോയ അമ്പിയാ, ഔലിയാ ഇവര്‍ക്കും മറ്റു മുസ്‌ലിമീങ്ങള്‍ക്കും കൂലികിട്ടുവാന്‍ വേണ്ടി ധര്‍മ്മം ചെയ്യലും കോഴി, ആട്, മുതലായവ ധര്‍മ്മം ചെയ്യാന്‍ വേണ്ടി നേര്‍ച്ചയാക്കലും അവര്‍ക്ക് വേണ്ടി ഖുര്‍ആന്‍ ഓതലും ഓതിക്കലും മുസ്‌ലിം മയ്യിത്തുകളെ മറവ് ചെയ്തതിനു ശേഷം ഖബ്‌റിങ്കല്‍ വെച്ച് തല്‍ഖീന്‍ ചൊല്ലിക്കൊടുക്കലും മയ്യിത്തിനു വേണ്ടി ഖബ്‌റിങ്കല്‍ വെച്ചും മറ്റും സ്ഥലത്തു വെച്ചും ഖുര്‍ആന്‍ ഓതലും ഓതിക്കലും.

3) ഖബ്ര്‍ സിയാറത്ത് ചെയ്യലും ഖബ്‌റാളികള്‍ക്കു സലാം പറയലും അവര്‍ക്ക് വേണ്ടി ദുആ ഇരക്കലും ഖബ്ര്‍ സിയാറത്തിനു യാത്ര ചെയ്യലും.

4) ആയത്ത് ഹദീസ് മറ്റു മുഅള്ളമായ അസ്മാഅ് ഇവ കൊണ്ട് മന്ത്രം ചെയ്യലും ഉറുക്ക് എഴുതിക്കെട്ടലും പിഞ്ഞാണം എഴുതികൊടുക്കലും വെള്ളം, നൂല്‍ മുതലായവ മന്ത്രിച്ച് കൊടുക്കലും ബുര്‍ദ ഓതി മന്ത്രിക്കലും.

5) ഖാദിരിയ്യ, ശാദുലിയ്യ, റിഫാഇയ്യ മുതലായ ശരിയായ ത്വരീഖത്തുകളിലെ ശരിയായ ശൈഖുമാരെ കൈ തുടര്‍ച്ചയായും ഒറ്റക്കും യോഗം ചേര്‍ന്നും നടപ്പുള്ള റാത്തീബു ത്വരീഖത്തിലെ ദിക്‌റുകള്‍ ചൊല്ലലും ദലായിലുല്‍ ഖൈറാത്ത്, ഹിസ്ബുന്നബവി, അസ്മാഉന്നബവി, അസ്മാഉല്‍ ബദ്‌രിയ്യീന്‍, ഹിസ്ബുല്‍ ബഹ്ര്‍ മുതലായ വിര്‍ദുകളെ ചട്ടമാക്കലും ദിക്‌റുകള്‍ കണക്കാക്കാന്‍ തസ്ബീഹ് മാല ഉപയോഗിക്കലും.

6) മന്‍ഖൂസ് മുതലായ മൗലിദുകള്‍, ബദ്‌രിയ്യത്തുബൈത്ത് ബദ്ര്‍മാല, മുഹയിദ്ദീന്‍മാല, റിഫാഈ മാല, മുതലായ നേര്‍ച്ചപ്പാട്ടുകള്‍ ചൊല്ലുകയും ചൊല്ലിക്കുകയും ചെയ്യുക.

സമ്മേളനത്തിലെ ഒമ്പതാം പ്രമേയവും സുന്നത്ത് ജമാഅത്തിന്റെ ആശയം വ്യക്തമാക്കുന്നതാണ്. വാഴക്കാട്ടെ പി. കുഞ്ഞുമൊയ്തു മൗലവി അവതരിപ്പിച്ചതും പുളിക്കലെ കൊല്ലോളി അബ്ദുള്‍ ഖാദര്‍ മൗലവി പിന്താങ്ങിയതുമായ പ്രമേയം ഖബ്‌റിലെ ചോദ്യം, ശിക്ഷ പുനര്‍ജീവിതം, മീസാന്‍, സിറാത്ത്, ശഫാഅത്ത് മുതലായ കാര്യങ്ങള്‍ സ്വീകാര്യയോഗ്യമായ രേഖകള്‍ കൊണ്ട് സ്ഥിരപ്പെട്ടതും അഹ്‌ലുസുന്നത്തി വല്‍ ജമാഅത്തിന്റെ ദൃഢവിശ്വാസം ആകയാല്‍ മേല്‍ വിവരിച്ചതില്‍ നിന്ന് ഏതെങ്കിലും ഒന്നിനെ നിഷേധിക്കുന്നവര്‍ അഹ്‌ലുസുന്നത്തിവല്‍ ജമാഅത്തില്‍പെട്ടവനല്ലെന്നും അവരെ ഖാസി, ഖതീബ്, മുദരിസ്, വാഇള് എന്നീ സ്ഥാനങ്ങളില്‍ നിശ്ചയിക്കാന്‍ പാടില്ലെന്നും തീര്‍ച്ചപ്പെടുത്തുന്നതാണ്. പത്താം പ്രമേയം തറാവീഹ് സംബന്ധമായുള്ളതാണ്. 1300 കൊല്ലത്തില്‍ അധികമായി സര്‍വ്വ മുസ്‌ലിംകളും റമളാന്‍ മാസത്തിലെ തറാവീഹ് നിസ്‌കാരം ഇരുപത് റക്അത്ത് മാത്രമേ സുന്നത്തുള്ളൂ എന്ന് പ്രബോധിപ്പിക്കുന്നതിനെ ഈ യോഗം ഖണ്ഡിക്കുകയും ഇരുപത് റക്അത്ത് സുന്നത്തുണ്ടെന്ന് എല്ലാവരെയും ഉപദേശിക്കുകയും ചെയ്യുന്നു.

നിയമലംഘനം മുതലായവയില്‍ നിന്ന് മുസ്‌ലിംകളെ തടയുന്നതും തീവ്രവാദങ്ങളാല്‍ മുസ്‌ലിം സമുദായത്തിനുണ്ടാകുന്ന ആപത്തുകളെ സംബന്ധിച്ച് ബോധവാന്മാരാക്കുന്നതുമാണ് സമ്മേളനത്തിലെ പതിനൊന്നാം പ്രമേയം. സംഘടനയുടെ പ്രസിഡന്റും താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം പ്രിന്‍സിപ്പലുമായിരുന്ന പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍ അവതാരകനും സംഘം വൈസ് പ്രസിഡന്റ് വാഴക്കാട് ദാറുല്‍ ഉലൂം സ്വദ്ര്‍ മുദരിസുമായ പള്ളിപ്പുറം കെ.എം. അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ ഹള്ഫരി അനുവാദകനുമാണ്.

ഖിലാഫത്തിന്റെ പേരില്‍ പാവങ്ങളും പാമരങ്ങളുമായ മുസ്‌ലിംകളെ ലഹളകളിലേക്ക് തള്ളിവിടുക വഴി മുസ്‌ലിംകള്‍ക്കുണ്ടായ സര്‍വ്വ ബുദ്ധിമുട്ടുകള്‍ക്കും ക്ലേശങ്ങള്‍ക്കും ഉത്തരവാദികള്‍ ലഹളക്ക് നേതൃത്വം നല്‍കിയവരും വളഞ്ഞവഴിയിലേക്ക് തിരിച്ചു വിട്ടുവരുമാണെന്ന് വ്യക്തമാക്കുന്നതും ലഹളയില്‍ പങ്കെടുത്ത കുറ്റക്കാരെ മാപ്പ് ചെയ്തുവിട്ടയച്ച ഗവണ്‍മെന്റിനെ അഭിനന്ദിക്കുന്നതാണ് 12-ാം പ്രമേയം. കളത്തിങ്ങല്‍ മമ്മുട്ടി സാഹിബ് അവതാരകനും കെ.പി. മുഹമ്മദ് മീറാന്‍ മൗലവി, പാങ്ങില്‍ അഹ്‌മദ്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ അനുവാദകരുമാണ്.
ബിദഈ പ്രസ്ഥാനങ്ങളെ തടയിടാനായി യഥാര്‍ത്ഥ പണ്ഡിതന്മാരെ വാര്‍ത്തെടുക്കുന്നതിന് പള്ളി ദര്‍സുകള്‍ സ്ഥാപിക്കാനും സജീവമാക്കാനും മഹല്ല് ജമാഅത്തുകളോടഭ്യര്‍ത്ഥിക്കുന്നതാണ് 13-ാം പ്രമേയം.

കോരൂര്‍, ചോറ്റൂര്‍ തുടങ്ങിയ കള്ളത്വരീഖത്തുകളെ സംബന്ധിച്ച് ആരാമ്പ്രത്ത് ചേര്‍ന്ന സ്‌പെഷ്യല്‍ ഉലമാ യോഗത്തിന്റെ തീര്‍പ്പിനെ ബലപ്പെടുത്തുന്നതും അതില്‍ നിന്ന് എത്രയും വേഗം പിന്‍വാങ്ങണമെന്ന് ബന്ധപ്പെട്ടവരോട് ഉപദേശിക്കുന്ന 14-ാം പ്രമേയം കൊയപ്പ ടി. കുഞ്ഞായിന്‍ മുസ്‌ലിയാര്‍ അവതരിപ്പിക്കുകയും മുഹമ്മദ് മീറാന്‍ മൗലവി പിന്താങ്ങുകയും ചെയ്തു. യഥാര്‍ത്ഥ സുന്നികള്‍ക്ക് മാത്രമേ സമസ്തില്‍ അംഗത്വത്തിന് അവകാശമുള്ളൂ എന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്ന 15-ാം പ്രമേയം അവതരിപ്പിച്ചത് സമസ്തയുടെ പ്രസിഡന്റ് മൗലനാ പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍ തന്നെയായിരുന്നു അനുവാദകന്‍ കൊല്ലോളി അബ്ദുള്‍ ഖാദര്‍ മൗലവിയും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter