വടകര സമ്മേളനം

വടകര സമ്മേളനം

1945-ലെ കാര്യവട്ടം സമ്മേളനത്തില്‍ മര്‍ഹൂം സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ ചെയ്ത പ്രസംഗത്തോടെ സമസ്തയുടെ പ്രവര്‍ത്തന മേഖലയില്‍ പുതിയൊരു അജണ്ടകൂടി കടന്നു വന്നു. 16-10-1949 ന് ബാഫഖി തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ യോഗം പ്രാഥമിക മദ്രസകളും ദര്‍സുകളും സ്ഥാപിക്കുന്നതിനുള്ള പ്രചാരണത്തിന് മര്‍ഹും കെ.പി. ഉസ്മാന്‍ സാഹിബിനെയും എം.കെ. അയമു മുസ്‌ലിയാരെയും മുബല്ലിഗായി നിയമിക്കുകയും ചെയ്തു. അവരുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് പട്ടാമ്പിയില്‍ നിളാ നദിയുടെ തീരത്ത് നടന്ന മഹാസമ്മേളനത്തിലും 1950-ല്‍ വളാഞ്ചേരിയില്‍ നടന്ന സമസ്തയുടെ 18-ാം വാര്‍ഷികത്തിലും മര്‍ഹൂം ബാഫഖി തങ്ങള്‍ ചെയ്ത പ്രസംഗങ്ങള്‍ കേരളത്തില്‍ പ്രാഥമിക മദ്രസകള്‍ നിലവില്‍ വരുന്നതിനും സമസ്തയുടെ നേതൃത്വത്തില്‍ ഒരു പാഠ്യപദ്ധതിക്ക് രൂപം നല്‍കുന്നതിനും ഉല്‍ബോധിപ്പിച്ചുകൊണ്ടു തന്നെയായിരുന്നു.

വടകരയില്‍ 29-12-1950-ന് ചേര്‍ന്ന പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍വെച്ച് സയ്യിദ് മുഹമ്മദ് മുല്ലക്കോയതങ്ങള്‍ പ്രസിഡണ്ടും, എന്‍.പി.കുഞ്ഞാമദ് സാഹിബ് സെക്രട്ടറിയുമായി സ്വീകരണ സംഘം രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിക്കുകയുണ്ടായി. കോഴിക്കോട് ചേര്‍ന്ന മുശാവറ യോഗത്തില്‍ വെച്ച് സമ്മേളന അധ്യക്ഷനായി മദ്രാസ് ചീഫ് ഖാസിയും മുഫ്ത്തിയുമായ മൗലാനാ മുഹമ്മദ് ഹബീബുല്ലാ സാഹിബിനെയും ഉദ്ഘാടകനായി മൗലാനാ ഖലീലുറഹ്‌മാന്‍ ബീഹാറിയെയും ക്ഷണിക്കാന്‍ തീരുമാനിച്ചിരുന്നു. വ്യവസ്ഥാപിതമായ പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ സമ്മേളന സന്ദേശം കേരളത്തിന്റെ എല്ലാ ഭാഗത്തുമെത്തിക്കുന്നതില്‍  സ്വീകരണസംഘത്തിന്റെ പ്രവര്‍ത്തനം വളരെ വിജയമായിരുന്നു. സ്വീകരണ സംഘത്തിന് അവസരോചിതമായി ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നത് ബാഫഖിതങ്ങളും അയനിക്കാട്  ഇബ്‌റാഹിം മുസ്‌ലിയാരും വടകര മുദരിസ് ആയിരുന്ന മൗലാനാ കുഞ്ഞായിന്‍ മുസ്‌ലിയാരും (കൊയപ്പ) ആയിരുന്നു. സമസ്ത ജോ: സെക്രട്ടറിയായിരുന്ന ഒ. അബുദ്‌റഹ്‌മാന്‍ സാഹിബ്, മുദാക്കര ഓഫീസ് സെക്രട്ടറിയായിരുന്ന കെ.പി. ഉസ്മാന്‍ സാഹിബ് എന്നിവരുടെ സജീവ സാന്നിധ്യം സമ്മേളന പ്രവര്‍ത്തനങ്ങള്‍ക്ക് വളരെയധികം ആവേശം നല്‍കിയിരുന്നു. വടകരയിലെ  മൈതാനിയില്‍ സമ്മേളനത്തിന് വിശാലമായ പന്തല്‍ സജ്ജീകരിച്ചിരുന്നു.427 അടി നീളവും 262 അടി വീതിയുമുള്ള പന്തലില്‍ അമ്പതോളം ആളുകള്‍ക്ക് ഇരിക്കാവുന്ന സ്റ്റേജും തയ്യാറാക്കപ്പെട്ടിരുന്നു. 

മാര്‍ച്ച് 22 (വ്യാഴം) വൈകുന്നേരം സ്ഥലം മുദരിസും സമസ്ത വൈസ് പ്രസിഡണ്ടുമായിരുന്ന മൗലാനാ ടി. കുഞ്ഞായിന്‍ മുസ്‌ലിയാര്‍ (കൊയപ്പ) പതാക ഉയര്‍ത്തിയതോടെ തന്നെ സമ്മേളന പരിപാടികള്‍ ആരംഭിച്ചു. 23-ന് വെള്ളിയാഴ്ച ജുമുഅ നിസ്‌കാരാനന്തരം ആരംഭിച്ച മുശാവറ യോഗം 25-ന് ഞായറാഴ്ച എട്ടുമണിവരെ നീണ്ടു നിന്നു. വൈസ് പ്രസിഡണ്ട് മൗലാനാ കുഞ്ഞായിന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയിലാണ് മുശാവറ യോഗം ആരംഭിച്ചത്. കൈപ്പറ്റ മമ്മുട്ടി മുസ്‌ലിയാര്‍, ചെറിയമുണ്ടം കുഞ്ഞപ്പോക്കര്‍ മുസ്‌ലിയാര്‍, ടി.കെ.ഇബ്‌റാഹിം കുട്ടി മുസ്‌ലിയാര്‍,ജനറല്‍ സെക്രട്ടറിയായിരുന്ന പി.വി മുഹമ്മദ് ഹാജി എന്നവരുടെ നിര്യാണം മൂലം മുശാവറയില്‍ വന്ന ഒഴിവുകളിലേക്ക് ശൈഖുനാ ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍, ശൈഖുനാ കോട്ടുമല ടി.അബൂബക്കര്‍ മുസ്‌ലിയാര്‍, സി.പി.ബാവ മുസ്‌ലിയാര്‍ എടക്കുളം, പി.മുഹമ്മദ് ഇമ്പിച്ചി മുസ്‌ലിയാര്‍ എന്നിവരെ തെരഞ്ഞെടുത്തു.

വൈസ് പ്രസിഡണ്ടുമാരില്‍ ഒരാളായിരുന്ന മൗലാനാ പറവണ്ണ കെ. പി.എ. മുഹ്‌യദ്ദീന്‍കുട്ടി മുസ്‌ലിയാരെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത് പ്രസ്തുത മുശാവറയില്‍വെച്ചാണ്. മുശാവറ യോഗത്തില്‍ പല പ്രമേയങ്ങളും ചര്‍ച്ചചെയ്യുകയും പൊതുസമ്മേളന പരിപാടികള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. മഹാത്മാക്കളുടെ പേരില്‍ കഴിച്ചുവരാറുള്ള നേര്‍ച്ചകളിലും മറ്റും നടന്നുവരുന്നതും അഹ്‌ലുസ്സുന്നത്തിവല്‍ ജമാഅത്തില്‍പ്പെട്ട ഉലമാഇന്റെ ദൃഷ്ടിയില്‍ വിരോധിക്കപ്പെട്ടതുമായ എല്ലാ അനാചാരങ്ങളെയും നിറുത്തല്‍ ചെയ്ത് തല്‍സ്ഥനങ്ങളില്‍ സുന്നത്തായ ആചാരങ്ങള്‍ മാത്രം നടപ്പില്‍വരുത്താന്‍ തീരുമാനിക്കുന്നതും പൊതുജനങ്ങളെ ഉപദേശിക്കുന്നതുമായ പ്രമേയം അതില്‍ പ്രധാനപ്പെട്ടതാണ്.

വൈജ്ഞാനിക രംഗത്ത് ഒരു വിപ്ലവത്തിന് തുടക്കം കുറിച്ച സമസ്ത കേരള ഇസ്‌ലാമത വിദ്യാഭ്യാസബോര്‍ഡിന് രൂപം നല്കുന്നതായിരുന്നു ഒന്നാം പ്രമേയം. 'മദ്‌റസകളും ദര്‍സ്സുകളും അഭിവൃദ്ധിപ്പെടുത്തുകയും അവകള്‍ ഇല്ലാത്ത മഹല്ലുകളില്‍ രൂപീകരിക്കുകയും. കേന്ദ്രാടിസ്ഥാനത്തില്‍ അവകളെ ഏകീകരിക്കുന്നതിന് ആവശ്യമായ സിലബസും പാഠപുസ്തകങ്ങളും ഉണ്ടാക്കുന്നതിനായി കെ.പി.എ മുഹ്‌യിദ്ദീന്‍കുട്ടി മൗലവി കണ്‍വീനര്‍ ആയി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാബോര്‍ഡ് എന്ന കമ്മിറ്റി രൂപീകരിക്കുകയും അതിനു സഹായ സഹകരണങ്ങള്‍ നല്‍കാന്‍ എല്ലാവരോടും ആവശ്യപ്പെടുകയും ചെയ്യുന്നു'.ഈ പ്രമേയമാണ് കേരളത്തില്‍ വൈജ്ഞാനിക വിപ്ലവത്തിന് തിരികൊളുത്തിയത്. ഈ പ്രമേയം വിശദീകരിച്ചുകൊണ്ട് മൗലാനാ പറവണ്ണ മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ സമാപന സമ്മേളനത്തില്‍ നടത്തിയ പ്രസംഗം ആവേശോജ്ജ്വലമായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter