ബഹുസ്വരതയും ഏകീകൃത സിവില്‍ കോഡും- വായിച്ചിരിക്കേണ്ട പുസ്തകം

ലോകത്ത് പരശ്ശതം മതങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇസ്‌ലാം. ഒരു മുസ്‌ലിമിന്റെ കാഴ്ചപ്പാടില്‍ ഇസ്‌ലാം അനുശാസിക്കുന്ന കാര്യങ്ങളാണ് അവന്റെ ജീവിതചിട്ടകള്‍. എന്നാല്‍ അവിടെ എങ്ങനെ മറ്റുമതങ്ങളോട് പെരുമാറണമെന്നും ഇസ്‌ലാം കൃത്യമായി വിവരണം നല്‍കുന്നുണ്ട്. ഈ നിയമങ്ങളെയെല്ലാം മാറ്റി വെച്ച് രാഷ്ട്രം മുന്നോട്ട് വെക്കുന്ന ഏകീകൃത നിയമ വ്യവസ്ഥ പാലിച്ച് ജീവിക്കണമെന്ന ആവശ്യത്തെ ഒരു വിശ്വാസിക്ക് ഒരിക്കലും അംഗീകരിക്കാനാവില്ല. അത് കൊണ്ട് തന്നെയാണ്, ഏകീകൃത വ്യക്തിനിയമത്തെ മുസ്‍ലിംകള്‍ എതിര്‍ക്കുന്നതും. ഈ വിഷയം ഏറെ ഭംഗിയായി അവതരിപ്പിക്കുന്ന കൃതിയാണ്, ഹാഫിള് സഈദ് അലി വാഫിയുടെ ബഹുസ്വരതയും ഏകീകൃത സിവില്‍കോഡും. 
 
എന്താണ് ബഹുസ്വരതയെന്നും അതില്‍ മുസ്‌ലിം സമൂഹത്തിന്റെ ഇടം എവിടെയാണെന്നുമുള്ള അടിസ്ഥാനപരമായ വിവരണങ്ങളോടൊപ്പം ഇന്ത്യയില്‍ ഏകീകൃത വൈയക്തിക നിയമം നടപ്പാലിക്കുന്നതിന്റെ പ്രത്യാഘാതങ്ങളെല്ലാം കൃത്യമായ രീതിയില്‍ ഈ കൃതി അവതരിപ്പിച്ചിരിക്കുന്നു.

പഠനവിഭാഗത്തില്‍പെടുന്ന ഈ പുസ്തകത്തില്‍, 113 പേജുകളിലായി 8 അധ്യായങ്ങളാണുള്ളത്. മികവ് പുലര്‍ത്തുന്ന ക്രോഡീകരണ ശൈലിക്ക് പുറമേ, ഈ വിഷയങ്ങളെ കുറിച്ച് പഠിക്കുന്നവര്‍ക്ക് കൃത്യമായ ആമുഖവായന നല്‍കാന്‍ കഴിയുന്നുവെന്നതാണ് ഈ പുസ്തകത്തെ വേറിട്ടുനിര്‍ത്തുന്നത്. 

ഈ പുസ്തകത്തിലെ ആദ്യ രണ്ടു അധ്യായങ്ങള്‍ ഇസ്‌ലാമിക കാഴ്ചപ്പാടിലെ ബഹുസ്വരതയെ വ്യക്തമാക്കുന്നു. തുടര്‍ന്നുള്ള അധ്യായങ്ങള്‍ ഇന്ത്യയിലെ ഏകീകൃത സിവില്‍കോഡിന്റെ ആവശ്യ-അനാവശ്യങ്ങളെ സാഹിതീയമായും വിമര്‍ശനാത്മക രീതിയിലും പ്രതിപാദിക്കുന്നു. അവസാന അധ്യായം ഏറെ വ്യത്യസ്തമായി ഇസ്‌ലാമിലെ അനന്തരാവകാശത്തെ കുറിച്ചാണ് വിശദീകരിക്കുന്നത്.  ഓരോ അധ്യായങ്ങളും പ്രബന്ധരൂപത്തില്‍ ഉള്‍കൊള്ളുന്നതുകൊണ്ട് അടിസ്ഥനപരമായി അറിഞ്ഞിരിക്കേണ്ട അറിവുകളെയാണ് രചയിതാവ് കൂടുതലായും ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

സാഹിതീയമായ വശങ്ങളോ കെട്ടിക്കുടുക്കുള്ള പ്രയോഗങ്ങളോ നടത്തിയിട്ടില്ലെന്നത് ഏതൊരു വായനക്കാരനും ഈ ഗ്രന്ഥത്തെ സുഗ്രാഹ്യമാക്കുന്നു. എന്നാല്‍ ഇസ്‌ലാമിക ചരിത്രങ്ങള്‍, ഹദീസ് വിവര്‍ത്തനം എന്നിവ വേണ്ടത്ര ഉള്‍പ്പെടുത്തിയില്ല എന്നത് വായനക്കാരനെന്ന നിലയില്‍ ഒരു അപര്യാപ്തതയായി തോന്നി. വേറിട്ടൊരു ഘടന രീതി ഉള്‍കൊള്ളിച്ചത് ഏറെ മികവാര്‍ന്നതാണ്. ഈ വിഷയങ്ങള്‍ക്ക് പുറമെ നാം അറിഞ്ഞിരിക്കേണ്ട, ഇവ്വിഷയകമായ വാദങ്ങളും അവയുടെ പ്രതിവാദങ്ങളും ഉള്‍പ്പെടുത്തിയത് വിഷയത്തില്‍ കൂടുതല്‍ ഉള്‍ക്കാഴ്ച നല്കുന്നു. 

ബഹുസ്വരത, ഇസ്‌ലാം, പ്രവാചകന്‍

ഇന്ത്യപോലെ  നാനാത്വത്തില്‍ ഏകത്വം എന്ന ആദര്‍ശമുദ്രയെ ആലിംഗനം ചെയ്യുന്ന ഒരു രാജ്യത്ത് ഇസ്‌ലാമിന് അതിന്റേതായ ബഹുസ്വര സമീപന രീതികളുണ്ട്. പ്രവാചകപാഠങ്ങളില്‍ തന്നെ അതിന് മാതൃകകളുമുണ്ട്. നബിയുടെ സഹിഷ്ണുതയും ഇതരമതസ്ഥര്‍ക്ക് അനുവദിച്ച മതസ്വാതന്ത്ര്യവും മദീനയെ മികച്ച ഒരു രാഷ്ട്രമാക്കിയെടുക്കുന്നതില്‍ വിജയിച്ചതാണ്. ഖൈബറിലെ യുദ്ധതടവുകാരെ നിര്‍ഭയം വിട്ടയച്ചതും അവരുടെ നാട്ടില്‍ ജീവിക്കാനും ജോലിചെയ്യാനും അവസരം നല്‍കിയതും ബഹുസ്വരസമൂഹത്തിലെ ഇടങ്ങളെയാണ് അടയാളപ്പെടുത്തുന്നത്. ഇതേ പ്രത്യയ ശാസ്ത്രവുമായാണ് ഇന്ത്യയിലും മുസ്‌ലിം സമൂഹം ജീവിച്ചുപോരുന്നത് എന്നാണ് ഈ അധ്യായങ്ങള്‍ പറയുന്നത്. 

വിവിധ മതങ്ങളുള്ള ഇന്ത്യയില്‍ അവ അനുവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യവും ഭരണഘടന നല്‍കുന്നു. അനുഛേദം 25-28 മൗലികാവകാശമായി ഉള്‍കൊള്ളിക്കുകയും ചെയ്തിരിക്കുന്നു.  മാത്രമല്ല, പാശ്ചാത്യ രീതിയില്‍ നിന്നും വിഭിന്നമായി ഇന്ത്യന്‍ മതേതര കാഴ്ചപ്പാടും ഇന്ത്യയെ മതങ്ങളുമായി ഏറെ ബന്ധിപ്പിക്കുന്നുണ്ട്.

ഏകീകൃത സിവില്‍ കോഡിന്റെ ഉത്ഭവത്തെയും പരിണാമത്തെയും ബ്രിട്ടീഷ് ഇന്ത്യയുടെ പശ്ചാത്തലത്തിലാണ് രചയിതാവ് വിവരിക്കുന്നത്. അതില്‍ പരാജയപ്പെട്ട ബ്രിട്ടീഷുകാരില്‍നിന്ന് പാഠമുള്‍ക്കൊണ്ട്, സ്വാതന്ത്ര്യാനന്തരം നെഹ്‌റുവും അംബേദ്കറും ഭരണഘടനയിലെ അനുഛേദം 44 ല്‍ നിര്‍ദേശക തത്വമായി അത് പ്രത്യേകം ഉള്‍പ്പെടുത്തുകയായിരുന്നു. 

നിലവില്‍ ഇന്ത്യയെ പോലെ ഒരു ബഹുസ്വര സമൂഹത്തില്‍ എന്തിനാാണ് ഏകസിവില്‍ കോഡ് നടപ്പിലാക്കുന്നത് എന്ന ഒരു ചോദ്യം രചയിതാവ്  ഉന്നയിക്കുന്നുണ്ട്. അതോടൊപ്പം  അനുകൂലിക്കുന്നവരുടെയും  പ്രതികൂലിക്കുന്നവരുടെയും വാദങ്ങളെ കൃതിയില്‍ ഉദ്ധരിക്കുകയും ചെയ്യുന്നു. ഈ ഇരുവാദങ്ങളെയും നമുക്ക് കൃത്യമായി മനസ്സിലാക്കി തരുന്നതില്‍ രചയിതാവ് വിജയിക്കുന്നുവെന്ന് തന്നെ പറയാം.

അവസാന അധ്യായം  അനന്തരാവകാശത്തെ കുറിച്ചാണ്. ഏകസിവില്‍കോഡിനെ അനുകൂലിക്കുന്നവരും ഇസ്‌ലാമിലെ സ്ത്രീ അവകാശത്തെ എതിര്‍ക്കുന്നവരും രണ്ടാണ്. അതിനെ രചയിതാവ് 109 മുതല്‍ 113 വരെയുള്ള പേജുകളിലൂടെ കൃത്യമായി വിവരിക്കുന്നു.

കുറഞ്ഞവാക്കുകളില്‍ കൂടുതല്‍ ആശയങ്ങളെ ഉള്‍കൊള്ളിക്കാനാണ് ഗ്രന്ഥകാരന്‍ ശ്രമിച്ചിട്ടുള്ളത്. പുസ്തകം ആസ്വാദക വായനക്കോ സമയം ചിലവഴിക്കാനുള്ള വായനക്കോ പറ്റിയതല്ല. മറിച്ച് ഈ വിഷയങ്ങളില്‍ ഗവേഷണം നടത്തുന്നവര്‍ക്കും അറിയണമെന്നാഗ്രഹിക്കുന്നവര്‍ക്കുമുള്ളതാണ് ഈ പുസ്തകം. ബഹുസ്വരതയും ഏകീകൃത സിവില്‍കോഡും എന്ന വിഷയം പഠിക്കാന്‍ ആഗ്രഹിക്കുന്നവരെ ഈ പുസതകം നിരാശപ്പെടുത്തില്ലെന്നത് തീര്‍ച്ചയാണ്.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter