എം ടിവിയിൽ നിന്ന് മക്കയിലക്ക് – ക്രിസ്റ്റീന ബെക്കര്‍ കഥ പറയുന്നു
ഹാംബര്‍ഗ് റേഡിയോയില്‍ തുടങ്ങി അതിപ്രശസ്തമായ യൂറോപ് എം.ടിവി ചാനല്‍ അവതാരിക വരെ ആയി മാറിയ, ക്രിസ്റ്റീന ബെക്കറിന്റെ ആത്മ കഥയാണ് ഫ്രം എം.ടിവി ടു മക്ക.
ജർമ്മനിയിലെ ഹാംബർഗിലെ മനോഹരമായ തുറമുഖ നഗരത്തിലാണ് ക്രിസ്റ്റീന ബക്കർ ജനിക്കുന്നത്. ഇരുപത്തൊന്നാം വയസ്സില്‍ റേഡിയോ ജേണലിസ്റ്റായി ജോലി ഏറ്റെടുത്തതോടെ, വിവിധ രാഷ്ട്രീയ-കായിക താരങ്ങളുമായി അഭിമുഖം തയ്യാറാക്കുന്നതായിരുന്നു അവരുടെ പ്രധാന ജോലി. ശേഷം, ജർമ്മനി, സ്കാൻഡിനേവിയ, ബെനെലക്സ് തുടങ്ങി യൂറോപ്യന്‍ രാജ്യങ്ങളിലെങ്ങും പ്രശസ്തമായ എം.ടിവി ചാനലിലെത്തിയപ്പോള്‍ ആ ബന്ധങ്ങള്‍ ഒന്ന് കൂടി വളര്‍ന്നു. സ്വൂഫീ സംഗീതത്തെ ബെക്കര്‍ പരിചയപ്പെടുന്നതും അതിന്റെ ഭാഗമായി തന്നെയായിരുന്നു.
കേവലം ജോലിക്ക് വേണ്ടിയുള്ള ഒരു അഭിമുഖം എന്നതിനപ്പുറത്തേക്ക് ആ ബന്ധം വളര്‍ന്നു. സ്വൂഫി സംഗീതത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയ അവര്‍ പല ഇസ്‍ലാമിക പൈതൃക കേന്ദ്രങ്ങളും സന്ദര്‍ശിക്കുക കൂടി ചെയ്തു. അതോടെ, അഭ്രപാളികളുടെ ഭൌതിക പളപളപ്പുകള്‍ക്കപ്പുറത്ത്, ശാന്തിയും സമാധാനവും കളിയാടുന്ന വേറൊരു ആത്മിക ലോകമുണ്ടെന്ന് അവര്‍ തിരിച്ചറിയുകയും ഇസ്‍ലാമാശ്ലേഷിക്കുകയും ചെയ്തു. 2006ല്‍ ഹജ്ജ് ചെയ്യാനായി മക്കയിലെത്തിയ അവര്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ അതുമായി ലയിച്ച് ചേര്‍ന്ന് സമത്വസുന്ദരമായ ആ ലോകമഹാസംഗമം ആവോളം ആസ്വദിക്കുന്നതാണ് ലോകം കണ്ടത്.
തിരിച്ചെത്തിയ അവര്‍, തന്റെ ജീവിതയാത്ര ലോകത്തിന് പരിചയപ്പെടുത്താനായി ആത്മകഥ എഴുതാന്‍ തുടങ്ങി. അവസാനം, 2009 മെയ് മാസത്തിൽ അത് 'വോൺ എംടിവി നാച്ച് മെക്ക' എന്ന പേരില്‍ ജർമ്മന്‍ ഭാഷയില്‍ പ്രസിദ്ധീകരിച്ചു. 2012ല്‍ പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പും ‘From MTV to Mecca: How Islam Inspired My Life’ എന്ന പേരില്‍ വിപണിയിലെത്തി.
ഇസ്‌ലാമിലേക്കുള്ള യാത്രയിൽ അനുഭവിച്ച പരീക്ഷണങ്ങളെയും ഒരു ജർമ്മൻ സ്ത്രീ എന്ന നിലയിൽ നേരിടേണ്ടി വന്ന നിരവധി ബുദ്ധിമുട്ടുകളെയും ഈ കൃതി ചിത്രീകരിക്കുന്നുണ്ട്. പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്ററും നിലവില്‍ രാഷ്ട്രീയ നേതാവുമായ ഇംറാന്‍ ഖാനുമായി പരിചയപ്പെട്ടതും ഇതില്‍ പരാമര്‍ശിക്കുന്നു. പാകിസ്ഥാന്‍ രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള തന്റെ ദീർഘകാല അഭിലാഷം ഇംറാന്‍ ഖാന്‍ പങ്ക് വെച്ചതും പാകിസ്ഥാനില്‍ രാഷ്ട്രീയപ്രവേശം അപകടകരമല്ലേ എന്നും ജീവന് വരെ ഭീഷണിയായേക്കാവുന്ന തീരുമാനമല്ലേ അതെന്നും തിരിച്ച് ചോദിച്ചതും അവര്‍ ഈ കൃതിയില്‍ പങ്ക് വെക്കുന്നുണ്ട്.
സംഗീതലോകത്തുള്ളവരെ കുറിച്ച് ബെക്കർ പറയുന്നത് ഇങ്ങനെയാണ്, അവർ അതിരുകടന്ന ജീവിതമാണ് നയിക്കുന്നത്. കൂവിയാര്‍ക്കുന്ന ആരാധകർക്ക് മുന്നിൽ സ്റ്റേജുകളിലാണ് അവരുടെ രാത്രികള്‍. എന്നാല്‍ ശേഷമുള്ള സമയങ്ങളെല്ലാം ഏതോ ഹോട്ടലുകളില്‍ തനിച്ച് കഴിച്ചുകൂട്ടുന്നത് ഏറെ വിഷാദത്തോടെയാണ്. അവരുടെ ജീവിതം തന്നെ ഒരു കളിപ്പാട്ടം പോലെയാണെന്ന് പറയാം. പലരും അമിതമായി മദ്യപിക്കുകയും മയക്കുമരുന്നിലേക്ക് തിരിയുകയും ചെയ്യുന്നത് ഇതിന്റെ പരിണിത ഫലമായാണ്.
ഇസ്‌ലാമിലെ സ്വൂഫിസം സമ്മാനിക്കുന്നത് എന്തെന്നില്ലാത്ത സന്തോഷവും സമാധാനവുമാണ്. ഊർജ്ജസ്വലവും ആത്മാവുള്ളതുമായ ഒരു ജീവിതമാണ് അത് സമ്മാനിക്കുന്നത്. എല്ലാവരെയും സ്നേഹിക്കാനും ആരോടും വിദ്വേഷമോ പകയോ വെച്ച് പുലര്‍ത്താതെ എല്ലാവര്‍ക്കും നല്ലത് മാത്രം കാംക്ഷിക്കാനുമാണ് അത് ആവശ്യപ്പെടുന്നത്. യഥാര്‍ത്ഥ ഇസ്‍ലാം തന്നെ അതാണല്ലോ.
ഇസ്‍ലാമിനോട് പാശ്ചാത്യ ലോകം സ്വീകരിക്കുന്ന നിലപാടില്‍ ബെക്കര്‍ സങ്കടപ്പെടുന്നുണ്ട്. പരസ്പരമുള്ള തിരിച്ചറിവിലൂടെ അത് മാറിവരുമെന്ന പ്രത്യാശയും അവര്‍ ഈ കൃതിയില്‍ പങ്ക് വെക്കുന്നുണ്ട്. അതിന് ഈ കൃതി വഴിയൊരുക്കുമെന്ന് തന്നെയാണ് അവരുടെ പ്രതീക്ഷയും.
Leave A Comment