ജെന്‍ഡര്‍ ന്യൂട്രാലിറ്റിയും ഒളിച്ചുകടത്തലിന്റെ രാഷ്ട്രീയവും
കേരളത്തിലെ സ്‌കൂള്‍ സംവിധാനങ്ങളില്‍ സര്‍ക്കാര്‍ നടപ്പില്‍ വരുത്തുന്ന ജന്‍ഡര്‍ നൂട്രല്‍ പാഠ്യപദ്ധതിയെ വിമര്‍ശനാത്മകമായി അവലോകനം ചെയ്യുന്ന പഠന പരമ്പര (സുപ്രഭാതം ദിനപത്രത്തില്‍ പ്രസിദ്ധീകൃതമായത്)
സംസ്ഥാനത്തെ സ്‌കൂളുകളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നീക്കം പുതിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഇടം നല്‍കിയിരിക്കുകയാണല്ലോ. ആണ്‍-പെണ്‍ വ്യത്യാസങ്ങളെ പൂര്‍ണമായും അപ്രസക്തമാക്കുന്ന ലിംഗ നിഷ്പക്ഷത എന്ന ലിബറല്‍ ചിന്ത പുതു തലമുറയില്‍ സന്നിവേശിപ്പിക്കാനുള്ള ഗൂഢ തന്ത്രമാണ് ഈയൊരു നീക്കത്തിലൂടെ ഇടതു സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്.
സ്ത്രീയും പുരുഷനും തമ്മിലുള്ള സ്വാഭാവികവും പ്രകൃതിപരവുമായ വ്യതിരിക്തതകളെ ഇല്ലായ്മ ചെയ്യാനും അതുവഴി ജെന്‍ഡര്‍ കണ്‍ഫ്യൂഷനുള്ള ഒരു സര്‍വ തന്ത്ര സ്വതന്ത്ര സമൂഹത്തെ രൂപപ്പെടുത്താനുമുള്ള സര്‍ക്കാര്‍ നീക്കം സമൂഹത്തെ അധാര്‍മികതയിലേക്കും അരാജകത്വത്തിലേക്കും നയിക്കുമെന്ന കാര്യം നിസ്സംശയമാണ്.
കേവലമൊരു യൂണിഫോം വിഷയമാക്കി ഇതിനെ ചുരുക്കാനാവില്ല. വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായ വസ്ത്രം ധരിക്കാനുളള അവസരമൊരുക്കയാണെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. അങ്ങനെയെങ്കില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്നതിനു പകരം കംഫര്‍റ്റബ്ള്‍ യൂണിഫോം എന്നാണ് പേര് നല്‍കേണ്ടിയിരുന്നത്. എതിര്‍വര്‍ഗ ലൈംഗികതയാണ് സ്വാഭാവികമെന്നും അല്ലാത്തവയെല്ലാം അസ്വാഭാവികവുമാണെന്ന നമ്മുടെ സാമൂഹിക-കൗടുംബിക പൊതുബോധത്തെ തകര്‍ക്കുക, ലിബറല്‍ ജെന്‍ഡര്‍ പൊളിറ്റിക്‌സ് വ്യാപകമായി പ്രചരിപ്പിക്കുക എന്നിവയാണ് ഇതുവഴി സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്.
ജെന്‍ഡര്‍ എന്നതിനു യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്നും ഏതൊരാള്‍ക്കും അനുഭവപ്പെടുന്നതിനെ അവന്റെ ലിംഗത്വമായി അംഗീകരിച്ചു സ്വത്വപരികല്‍പന നല്‍കണമെന്നുമാണ് ജെന്‍ഡര്‍ പൊളിറ്റിക്‌സ് മുന്നോട്ടുവെക്കുന്ന ആശയം. ധാര്‍മികമായി സര്‍വ അതിര്‍വരമ്പുകളെയും ഇല്ലാതാക്കി ആര്‍ക്കും ആരോടും എന്തിനോടും ലൈംഗിക വേഴ്ചയിലേര്‍പ്പെടാന്‍ അവസരമൊരുക്കന്ന ഈ പ്രകൃതിവിരുദ്ധ ആശയം എങ്ങനെ നമുക്ക് അംഗീകരിക്കാനാവും?
സൃഷ്ടിപരവും പ്രകൃതിപരവുമായ ജീവിതക്രമത്തെ ഇല്ലാതാക്കിയും ധാര്‍മിക മൂല്യങ്ങളെ നിഷ്‌കാസനം ചെയ്തും സ്വതന്ത്ര ചിന്തകരും മതരഹിതരുമായ തലമുറയെ കാലക്രമേണ വളര്‍ത്തിയെടുക്കാനുള്ള ഹിഡന്‍ അജണ്ട മാത്രമാണ് ഈ നീക്കത്തിനു പിന്നിലുള്ളത്. സ്‌കൂള്‍ കരിക്കുലത്തിലും ഇത്തരം ആശയയങ്ങള്‍ തിരുകിക്കയറ്റാനുള്ള ശ്രമങ്ങളാരംഭിച്ചിട്ടുണ്ട് എന്നത് അപകടകരമാണ്.
പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ പരിഗണിക്കേണ്ട 25 വിഷയങ്ങള്‍ സംബന്ധിച്ച് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആര്‍.ടി) തയ്യാറാക്കിയ സമൂഹ ചര്‍ച്ചക്കായുള്ള കുറിപ്പില്‍ ലിംഗസമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം പ്രത്യേകം ചര്‍ച്ചക്കുവെച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. ലിംഗഭേദം പരിഗണിക്കാതെ കുട്ടികളെ വിദ്യാലയത്തിലെത്തിക്കാനും ക്ലാസ് മുറികളില്‍ സമത്വത്തോടെ പ്രവര്‍ത്തിക്കാനും എന്തെല്ലാം ചെയ്യേണ്ടതുണ്ടെന്ന ചോദ്യം കരടുരേഖയില്‍ മുന്നോട്ടുവെക്കുന്നു. വിദ്യാസമ്പന്നരായ ഒരു പ്രദേശത്തിനു ചേരാത്ത പല പ്രവണതകളും ഇപ്പോഴും നിലനില്‍കുന്നുണ്ടെന്നും ലിംഗനീതി, ലിംഗസമത്വം, ലിംഗാവബോധം എന്നിവ ഉണ്ടാകാനാവശ്യമായ അംശങ്ങള്‍ പാഠ്യപദ്ധതിയില്‍ വലിയ തോതില്‍ ഉണ്ടാകേണ്ടതുണ്ടെന്നും സമൂഹ ചര്‍ച്ചക്കായുള്ള കുറിപ്പിന്റെ ഒന്നാം ഭാഗത്ത് പറയുന്നുണ്ട്. ലിംഗതുല്യത, ലിംഗനീതി എന്നിവ സംബന്ധിച്ച കേരളീയ സമൂഹത്തിന്റെ പൊതുബോധം വിമര്‍ശനാത്മകമായി പരിശോധിക്കേണ്ടതുണ്ടെന്നും കറിപ്പില്‍ പറയുന്നു. ഒരു വശത്ത് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കില്ല എന്ന് വിദ്യാഭ്യാസ മന്ത്രി പ്രസ്താവനയിറക്കുമ്പോഴും മറുവശത്ത് ആസൂത്രിതമായ നീക്കങ്ങളിലൂടെ പൊതു വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ വരെ ഇത്തരം ആശയങ്ങള്‍ ഉള്‍പെടുത്തുന്നുണ്ടെന്ന യാഥാര്‍ഥ്യം നാം തിരിച്ചറിയേണ്ടതും രക്ഷാകര്‍ത്താക്കളെയും ബഹുജനങ്ങളെയും ബോധവത്കരിക്കേണ്ടതുമുണ്ട്.
ലിംഗ വിവേചനത്തിനും അനീതിക്കുമെതിരെ ശക്തമായി പോരാടേണ്ടതുണ്ടെന്നാണ് ഇസ്‌ലാമിക കാഴ്ചപ്പാട്. എന്നാല്‍ സമത്വവും നീതിയും നടപ്പിലാക്കേണ്ടത് ആണ്‍-പെണ്‍ വര്‍ഗങ്ങളെ ഒരുപോലെയാക്കിയല്ലെന്ന് മാത്രം. മനുഷ്യന്‍ എന്നതിന്റെ രണ്ടു ഭാഗങ്ങളാണ് പുരുഷനും സ്ത്രീയും. സ്ത്രീയും പുരുഷനും വൈരുധ്യാത്മക ദ്വന്ദ്വമല്ല; അനുപൂരക യുഗ്മമാണ്. അതായത് ഒന്ന് മറ്റേതിന് എതിരല്ല; ഒന്നില്ലാതെ മറ്റേതതിനു അസ്തിത്വവുമില്ല. ഈ പ്രൃകൃതി യാഥാര്‍ഥ്യം നാം ഉള്‍കൊള്ളേണ്ടതുണ്ട്. ഇവ രണ്ടും ചേര്‍ന്നുനിന്നാലേ സമൂഹത്തിനു മുന്നോട്ടുപോകാനാവൂ. അതാണ് പ്രകൃതി നിയമം. ഒന്ന് മികച്ചതും മറ്റേത് താഴ്ന്നതും എന്ന ചര്‍ച്ച തന്നെ അപ്രസക്തമാണ്. സ്ത്രീയും പുരുഷനും സമൂഹ നിര്‍മിതിയില്‍ തങ്ങളുടേതായ ഭാഗധേയം നിര്‍വഹിക്കുന്നുണ്ട്. അവ യഥാവിധി പ്രയോഗവത്കരിക്കപ്പെടുമ്പോള്‍ സമൂഹത്തില്‍ സുഗമത കൈവരുന്നു. അസന്തുലിത്വമുണ്ടാകുമ്പോഴാണ് വിള്ളലും തകര്‍ച്ചയുമുണ്ടാവുക.
ലിംഗ നീതി അനിവാര്യമാണെന്നു തന്നെയാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. സ്ത്രീ ആയതിന്റെ പേരില്‍/ പുരുഷനായതിന്റെ പേരില്‍ ഒരാളുടെയം സ്വാതന്ത്ര്യം നിഷേധിക്കാന്‍ പാടില്ല. എന്നാല്‍ ലിംഗ നീതി ഉറപ്പാക്കാന്‍ മുന്നോട്ടുവെച്ച ലിംഗ സമത്വം എന്ന ആശയത്തെ ഇസ്‌ലാം എതിര്‍ക്കുന്നു. സൃഷ്ടിപരവും സാമൂഹികവുമായി ഒരിക്കലും സമമല്ലാത്തെ രണ്ടു വിഭാഗങ്ങളെ സമന്മാരാക്കുക എന്നത് തന്നെ അശാസ്ത്രീയവും അയുക്തികവും പ്രകൃതിവിരുദ്ധവുമാണ്. പൗരുഷം, സ്‌ത്രൈണത എന്നീ പ്രകൃതിദത്തമായ പ്രത്യേകതകള്‍ എങ്ങനെ നമുക്ക് ഇല്ലാതാക്കാന്‍ കഴിയും? ഇത്തരം പ്രകൃതി യാഥാര്‍ഥ്യങ്ങളെ വിസ്മരിക്കുന്നതും അവഗണിക്കുന്നതുമെല്ലാം സ്വത്വനിരാസമാണ്.
Read More: ലിംഗശങ്കയും സ്വയം നിര്‍ണയവും
വ്യത്യസ്തതകള്‍ നിറഞ്ഞതാണ് സമൂഹമെന്നും സ്ത്രീകളും പുരുഷരും സമൂഹനിര്‍മിതിയുടെ അടിസ്ഥാന സ്തംഭങ്ങളാണെന്നും പഠിപ്പിക്കേണ്ട വിദ്യാലയങ്ങളില്‍ സ്വത്വപ്രതിസന്ധി അനുഭവിക്കുന്ന തലമുറയെ സൃഷ്ടിച്ചെടുക്കാനും അതുവഴി മതം, ധാര്‍മികത എന്നിവക്കു അന്യംനില്‍ക്കുന്ന ഒരു സമൂഹത്തെ നിര്‍മിച്ചെടുക്കാനുമുള്ള പുതിയ നീക്കത്തിനെതിരെ ശക്തമായി പ്രതികരിക്കാന്‍ മാനുഷിക മൂല്യങ്ങള്‍ക്കു വിലകല്‍പിക്കുന്ന എല്ലാ വിഭാഗങ്ങളും രംഗത്തിറങ്ങേണ്ടതുണ്ട്. പാശ്ചാത്യന്‍ നാടുകളില്‍ പരീക്ഷിക്കുകയും വന്‍ പരാജയമാണെന്നു വിലയിരുത്തുകയും ചെയ്ത ജെന്‍ഡര്‍ ന്യൂട്രാലിറ്റി ആശയം കേരളത്തില്‍ നടപ്പിലാക്കുക വഴി ഇടതുപക്ഷം ലക്ഷ്യമാക്കുന്നത് മത-മാനുഷിക മൂല്യങ്ങള്‍ക്കു പരിഗണന നല്‍കാത്ത ഒരു തലമുറയെ സജ്ജമാക്കുക എന്നതു മാത്രമാണ്. അമേരിക്കയിലും യൂറോപ്യന്‍ രാഷ്ട്രങ്ങളിലും താന്‍ ആണോ പെണ്ണോ എന്ന് തിരിച്ചറിയാത്ത, അല്ലെങ്കില്‍ അതില്‍ സംശയമുള്ള കൗമാരക്കാരുടെ എണ്ണം ക്രമാതീതമയി വര്‍ധിക്കുന്നുണ്ടെന്ന ആധികാരിക പഠനങ്ങളെ കണ്ടില്ലെന്നു നടിക്കരുത്.
സാമൂഹികവിരുദ്ധരും അരാജക്ത്വവാദികളുമായി ഒരു തലമുറ വളര്‍ന്നുവന്നാല്‍ തങ്ങളുടെ ആശയങ്ങളും ആദര്‍ശങ്ങളും അതിവേഗം നടപ്പിലാക്കാന്‍ കഴിയുമെന്ന മൂഢ ചിന്തയാണ് ഇടതുപക്ഷത്തിനുള്ളത്. അതിനായി ഏതു പ്രത്യയശാസ്ത്രങ്ങളെയും പുല്‍കാനും ബലഹീന ആശയങ്ങളെ ആവാഹിക്കാനും അവര്‍ തയ്യാറാകും. അതുകൊണ്ടാണ് സാമ്രാജ്യത്വത്തിന്റെ ഉല്‍പന്നമായ ലിബറലിസത്തെയും അവര്‍ മുന്നോട്ടുവെക്കുന്ന ജെന്‍ഡര്‍ ന്യൂടല്‍ ആശയത്തെയും കേരളത്തില്‍ നടപ്പിലിക്കാന്‍ പദ്ധതിയിടുന്നത്.
കമ്യൂണിസം വലിയ അപകടമാണെന്ന വസ്തുത ഇനിയും നാം തിരിച്ചറിയാതെ പോകരുത്. മതങ്ങളെ നശിപ്പിക്കുക എന്ന തങ്ങളുടെ അടിസ്ഥാന ലക്ഷ്യം അവര്‍ക്കു സാര്‍ത്ഥകമാക്കേണ്ടതുള്ളതിനാല്‍ ഒളിഞ്ഞും പതിഞ്ഞും കരുക്കള്‍ നീക്കിക്കൊണ്ടേയിരിക്കും. മത-സാംസ്‌കാരിക-വിദ്യാര്‍ത്ഥി-രാഷ്ട്രീയ സംഘടനകള്‍ കരുതലോടെ നീങ്ങിയാല്‍ ഇവിടെയും നമുക്ക് അതിജയിക്കാനാകും.
Leave A Comment