നക്ബ: ദുരന്തക്കാഴ്ചക്ക് അറുതി പ്രതീക്ഷിക്കാമോ?

“അന്നെനിക്ക് പതിനൊന്നു വയസ്സുമാത്രമാണ് പ്രായം. ജൂത പട്ടാളത്തിന്റെ ഭീഷണിയില്‍ ആയിരത്തിലേറെ വര്‍ഷങ്ങളായി ഞങ്ങളുടെ കുടുംബം താമസിച്ചിരുന്ന ഫലസ്തീനിലെ ലയ്ദ ടൌണിലെ ആ വീട് വിട്ടിറങ്ങേണ്ടിവന്ന അവസ്ഥ.  ഞങ്ങളുടെ തലക്ക് പിന്നിലേക്ക്‌ നീട്ടിയ തോക്കുകളുമായി അവര്‍ ഞങ്ങളുടെ പിന്നാലെ ഉണ്ടായിരുന്നു. സമീപത്തെ മലഞ്ചെരുവിലേക്കാണ് ഞങ്ങളെ അവര്‍ നയിച്ചത്‌. ജൂത തീവ്രവാദികള്‍ സമീപ പ്രദേശങ്ങളില്‍ നടത്തിയ കൂട്ടക്കശാപ്പിനെ കുറിച്ച് എന്റെ പിതാവ്‌ സംസാരിച്ചിരുന്നത് എന്റെ മനസ്സിനെ പേടിപ്പെടുത്തികൊണ്ടിരിന്നു. ഞങ്ങളുടെ അമ്മായിയുടെ രണ്ടു വയസ്സ് പ്രായമായ കുഞ്ഞിനു വേണ്ടി കരുതിയ പാലും പഞ്ചസാരയും മാത്രമാണ് എടുത്തിരുന്നത്.

ലയ്ദ പട്ടണത്തിന്റെ പുറത്തുള്ള ഒരു ചെറിയ ഗേറ്റിലൂടെ സിയോണിസ്റ്റ് പട്ടാളക്കാര്‍ ഞങ്ങളെ പുറത്തേക്കു നയിച്ചു. കന്നുകാലികൂട്ടങ്ങളെ പോലെ ആയിരക്കണക്കിന് ഫലസ്തീനികളെ ആ ചെറിയ വിടവിലൂടെ അവര്‍ നടത്തി. പേടിപ്പെടുത്താനായി ഞങ്ങളുടെ തലക്ക് മുകളിലൂടെ അവര്‍ വെടിവെച്ചുകൊണ്ടിരുന്നു. അതിനിടയില്‍ പട്ടാളക്കാരുടെ ഒരു കുതിരവണ്ടി ഗേറ്റിനടുത്തെക്ക് നീങ്ങി. ആള്‍ക്കൂട്ടത്തിന്റെ തിരക്കിനിടയില്‍ ഒരു സ്ത്രീ തന്റെ പിഞ്ചോമനയെ പിടിക്കാന്‍ പാടുപെടുന്നണ്ടായിരുന്നു. പെട്ടെന്ന് അവരുടെ കയ്യില്‍ നിന്ന് ആ കുഞ്ഞു താഴെ വീണു. അവര്‍ക്ക്‌ എടുക്കാന് സാധിക്കും മുമ്പ് ആ കുതിരവണ്ടിയുടെ ചക്രം ആ കുഞ്ഞിന്റെ കഴുത്തിലൂടെ കയറിയിറങ്ങി. ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും ദയനീയ കാഴ്ചയായിരുന്നുവത്‌.

ഗേറ്റിനു പുറത്ത്‌ ഞങ്ങളെ തടഞ്ഞു നിറുത്തിയ സിയോണിസ്റ്റ് പട്ടാളം വിലയുള്ള എല്ലാ വസ്തുക്കളും അവിടെ വിരിച്ച ഒരു വിരിപ്പിലേക്ക് ഇടാന്‍ പറഞ്ഞു. വിവാഹം കഴിഞ്ഞു ആറു ആഴ്ച്ചമാത്രം കഴിഞ്ഞ ഞങ്ങളുടെ കുടംബ സുഹൃത്തുക്കള്‍ കൂടിയായ ദമ്പതികള്‍ എന്റെ അടുത്ത് ഉണ്ടായിരുന്നു. തന്റെ കയ്യിലുള്ള പണം നല്‍കാന്‍ അദ്ദേഹം വിസമ്മതിച്ചു. ഉടനെ ഒരു സങ്കോചവും കൂടാതെ അവിടെയുണ്ടായിരുന്ന പട്ടാളക്കാരന്‍ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തു. ആ നവവധു ആര്‍ത്തു കരഞ്ഞുകൊണ്ടിരിക്കെ, നിമിഷങ്ങളെ വേണ്ടി വന്നുള്ളൂ ആ ജീവന്‍ അവസാനിക്കാന്‍.

Also Read:ഫലസ്തീൻ (ഭാഗം -1)

അന്ന് രാത്രി ഞാന്‍ ഒരുപാട് കരഞ്ഞു. ആയിരങ്ങള്‍ക്കൊപ്പം ആ ഗ്രൗണ്ടില്‍ ഉറങ്ങാന്‍ ശ്രമിച്ചു. നേരം വെളുത്തപ്പോഴേക്കും വീണ്ടും വെടിയൊച്ചകള്‍. ഒരു വെടിയുണ്ട എന്റെ അടുത്തുകൂടി കടന്നു പോയി. ആളുകള്‍ തലങ്ങും വിലങ്ങും ഓടാന്‍ തുടങ്ങി. എന്റെ കുടുംബത്തെ നഷ്ടമായി. രാത്രിയായപ്പോള്‍ പട്ടാളക്കാര്‍ ഞങ്ങള്‍ക്ക്‌ നടത്തം അവസാനിപ്പിക്കാന്‍ അനുവാദം നല്‍കിയപ്പോള്‍ കുടംബത്തെതേടി ഞാന്‍ അലമുറയിട്ട് ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നു. എന്റെ ഭാഗ്യമെന്നു പറയട്ടെ ഒരിക്കലും കാണാന്‍ കഴിയില്ലെന്ന് കരുതിയ പിതാവിനെ കണ്ടുമുട്ടി. .... പിറ്റേ ദിവസത്തെ കാഴ്ച അതിഭീകരമായിരുന്നു. മരിച്ചു കിടക്കുന്ന മാതാവിന്റെ മാറിടത്തില്‍ മുലകുടിക്കാന്‍ ശ്രമിക്കുന്ന പിഞ്ചുകുഞ്ഞിന്റെ കാഴ്ച അതിദയനീമായിരുന്നു. ഒട്ടേറെ ഗര്‍ഭിണികളുടെ ഗര്‍ഭം അലസി. പലരുടെയും കുഞ്ഞുങ്ങള്‍ മരിച്ചു. അസഹ്യമായ ചൂടില്‍ എന്റെ പിതാവിന്റെ ബന്ധുവിന്റെ ഭാര്യക്ക്‌ ദാഹിച്ചിട്ടു ഒരടി മുന്നോട്ടു നീങ്ങാനായില്ല. പെട്ടെന്നവര്‍ കുഴഞ്ഞുവീണു. ഉടനെ മരിക്കുകയും ചെയ്തു. അവരെ ചുമക്കാന്‍ സാധ്യമല്ലാത്തതിനാല്‍ ഞങ്ങള്‍ അവരെ ഒരു തുണിയില്‍ പൊതിഞ്ഞു. അന്ത്യകര്‍മ്മങ്ങള്‍ ചെയ്തതിനു ശേഷം അടുത്ത് കണ്ട ഒരു മരത്തിനടുത്ത് ഉപേക്ഷിച്ചു. പിന്നീട് ആ ശവശരീരത്തിനു എന്ത് പറ്റിയെന്ന് എനിക്കറിയില്ല”.

റാമല്ലയില്‍ ക്രിസ്ത്യന്‍ അനാഥാലയം നടത്തുന്ന ഫാദര്‍ ഓദ റണ്തീസി  ഒരു ഫലസ്തീനി ക്രിസ്താനിയുടെ കഥ എന്ന ശീര്‍ഷകത്തില്‍ എഴുതിയ പുസ്തകത്തില്‍ നിന്നുള്ള വിവരണമാണ് ഇവിടെ ചേര്‍ത്തത്. 1948 ജൂലൈ മാസത്തിലെ കരാള രാത്രികളെക്കുറിച്ചുള്ള സ്മരണകളാണ് അവ.  

അനുഭവിച്ച അനീതകളെ കുറിച്ചുള്ള സ്മരണ നിലനിറുത്തുന്നത് നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളില്‍ വളരെ പ്രധാനമാണ്; പ്രത്യേകിച്ചും ഇനിയും പരിഹരിക്കപ്പെടാത്ത മുറിവുകളായി തലമുറകളിലേക്ക്‌ അത് കൈമാറ്റം ചെയ്യപ്പെടുമ്പോള്‍. അത്തരം ചരിത്രങ്ങളെ മാറ്റിനിറുത്താനും മറക്കാനുമാണ് ഫാഷിസ്റ്റ്‌ രീതി അവലംബിക്കുന്നവര്‍ എപ്പോഴും ശ്രമിക്കുക്ക; തലമുറകളായി തങ്ങള്‍ അനുഭവിക്കുന്ന ദുരന്തം അടുത്ത തലമുറയിലേക്ക്‌ കൈമാറാനും ലോകത്തെ ഓര്‍മപ്പെടുത്താനുമാണ് ഓരോ വര്‍ഷവും ഫലസ്തീനികള്‍ മെയ്‌ പതിനഞ്ചു നക്ബ ദിനമായി ആചരിക്കുന്നത്. 1948 മെയ്‌ 14 നാണ് ആഗോള സിയോണിസ്റ്റ് ഓര്‍ഗനൈസേഷന്റെ കാര്‍മികത്വത്തില്‍ ഇസ്രായേല്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്‌. അതിന്റെ മുമ്പും പിമ്പുമായി അരങ്ങേറിയ ചരിത്രത്തിലെ ഏറ്റവുംവലിയ അനീതിയുടെയും കൊടിയ ക്രൂരതകളുടെയും ഉണക്കാനാവാത്ത മുറിവുകളാണ് ‘നക്ബ’ അടയാളപ്പെടുത്തുന്നത്.

കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി മുസ്‌ലിം ലോകവും അമേരിക്കന്‍-യൂറോപ്യന്‍ അച്ചുതണ്ടും തമ്മിലുള്ള ബന്ധം നിര്‍വചിക്കപ്പെടുന്നത് തന്നെ ഫലസ്തീന്‍ പ്രശ്നത്തെ അടിസ്ഥാനപ്പെടുത്തിയാണ്. ഇന്ന് ലോക സമാധാനത്തിന് തന്നെ ഭീഷണിയാകുന്ന രീതിയില്‍ മധ്യ പൗരസ്ത്യ ദേശത്തെ പ്രശ്നങ്ങള്‍ ആഗോള തലത്തില്‍ വളര്‍ന്നുകഴിഞ്ഞു. ബ്രിട്ടീഷ്‌ ചരിത്രകാരനായ ആര്‍നോള്‍ഡ് ടോയന്ബി ഇക്കാര്യം കൃത്യമായി നിരീക്ഷിച്ചിരുന്നു. ‘ഫലസ്തീനികളുടെ ദുരന്തം കേവലം പ്രാദേശികമല്ല; അതൊരു ആഗോള ദുരന്തമാണ്. കാരണം ലോക സമാധാനത്തിനു തന്നെ ഭീഷണിയാവുന്ന അനീതിയാണത്.’

നക്ബ അറബി പദത്തിന്റെ അര്‍ഥം ദുരന്തമെന്നാണ്. ഫലസ്തീനികള്‍ക്ക് ഏല്‍ക്കേണ്ടിവന്നത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമാണ്. പതിട്ടാണ്ടുകളും നൂറ്റാണ്ടുകളുമായി തങ്ങളും തങ്ങളുടെ മുന്‍തലമുറകളും ജീവിച്ചിരുന്ന നാടും വീടും കൃഷിയിടങ്ങളും ഉപേക്ഷിച്ചു അഭയാര്‍ത്ഥികളായി ഗാസ മുനമ്പിലും വെസ്റ്റ്‌ റാമല്ലയിലും സമീപ രാഷ്ട്രങ്ങളിലും മറ്റുമൊക്കെ അഭയംതേടേണ്ടിവന്നു. നാല്തിയെട്ടില്‍ മാത്രം ഏഴുലക്ഷത്തിലധികം ഫലസ്തീനികള്‍ക്ക് നാടും വീടും ഉപേക്ഷിച്ചു പോവേണ്ടി വന്നു. അന്ന് ഫലസ്തീന്‍ പ്രദേശങ്ങളില്‍ താമസിച്ചിരുന്ന എണ്‍പത്‌ ശതമാനം അറബികളും പുറത്താക്കപ്പെടുകയോ ഒഴിഞ്ഞുപോവുകയോ ചെയ്തതായി ഫലസ്തീന്‍ എഴുത്തുകാരന്‍ നൂറുദ്ദീന്‍ മസാലഹ പറയുന്നു. ഓറഞ്ചും ഒലീവും സമൃദ്ധമായി വളര്‍ന്നിരുന്ന നൂറുകണക്കിന് ഫലസ്തീന്‍ ഗ്രാമങ്ങള്‍ തകര്‍ക്കപ്പെട്ടു. ആയിരങ്ങള്‍ കൊല്ലപ്പെട്ടു.

ഫലസ്തീന്‍ അഭയാര്‍ഥികളെ സഹായിക്കാനായി ഐക്യരാഷ്ട്രസഭ സ്ഥാപിച്ച United Nations for Relief and Works Agency for Palestine Refugees in the Near East (UNRWA) കണക്കനുസരിച്ച് 1950-ല്‍ ഏഴര ലക്ഷം അഭയാര്‍ത്ഥികളാനുണ്ടായിരുന്നത്. ജൂണ്‍ 1946 നും മെയ്‌ 1948നും ഇടയില്‍ അറബ്-ഇസ്രായേലീ സംഘര്‍ഷത്തില്‍ വീടും ജീവിതമാര്‍ഗവും നഷ്ടപ്പെട്ടവരെയും അവരുടെ പിന്‍തലമുറയെയുമാണ് ഉണര്‍വ ഫലസ്തീന്‍ അഭയാര്‍ത്ഥികളായി കണക്കാക്കുന്നത്. ഇന്ന് അവരുടെ ഏണ്ണം അഞ്ചു ദശലക്ഷം കവിഞ്ഞതായി ഏജന്‍സി പറയുന്നു. ഇവരില്‍ ഏകദേശം ഒന്നര ദശലക്ഷം ജോര്‍ദാന്‍, ലെബനോന്‍, സിറിയ, ഗാസ, വെസ്റ്റ്‌ ബാങ്ക്, കിഴക്കന്‍ ജറൂസലം തുടങ്ങിയിടങ്ങളില്‍ വിവിധ അഭയാര്‍ത്ഥി ക്യാമ്പുകളിലായി കഴിയുന്നു. ഫലസ്തീന്‍ സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി കണക്കനുസരിച്ച് ഒന്നര ദശലക്ഷത്തിലധികം ഫലസ്തീനികള്‍ നിലവിലുള്ള ഇസ്രായേലി പ്രദേശങ്ങളില്‍ ചിതറിക്കഴിയുന്നു. ഇസ്രായേലി ജനസംഖ്യയുടെ ഇരുപത് ശതമാനം വരുന്ന ഇവര്‍ക്ക്‌ അവിടത്തെ ഭൂമിയിലെ രണ്ടു ശതമാനം മാത്രമാണ് കൈവശമുള്ളത്‌.

Also Read:ശൈഖ് ജറാഹ്: കുടിയൊഴിപ്പിക്കാനാവാത്ത പോരാട്ട വീര്യത്തിന്റെ ചരിത്രം

പതിനൊന്നു ദശലക്ഷത്തോളം വരുന്ന മൊത്തം ഫലസ്തീനികളില്‍ 36.6 ശതമാനം വെസ്റ്റ്‌ ബാങ്കിലും ഗാസയിലും കഴിയുമ്പോള്‍ 46.2 ശതമാനം സമീപ അറബ് രാഷ്ട്രങ്ങളിലാണ് ജീവിക്കുന്നത്. ഇസ്രായേലിലെ ജൂതന്മാരില്‍ ഫലസ്തീനി ജൂതര്‍ 24 ശതമാനം മാത്രമാണ്. നാല്‍പത്‌ ശതമാനം പടിഞ്ഞാറന്‍ നാടുകളില്‍നിന്നും മുപ്പത്തിയാറു ശതമാനം പൗരസ്ത്യ നാടുകളില്‍ നിന്നും ഫലസ്തീന്റെ ജൂതവല്‍ക്കരണത്തിറെ ഭാഗമായി കുടിയേറിയതാണ്.

എന്നെങ്കിലും ഒരിക്കല്‍ മടങ്ങിപ്പോകാനാകുമെന്ന പ്രതീക്ഷയില്‍ തങ്ങളുടെ വീടുകളുടെ താക്കോല്‍ പലരും ഇപ്പോഴും സൂക്ഷിക്കുന്നു. പ്രതീകാത്മകമായി താക്കോല്‍ മാതൃകകളുമായിട്ടാണ് നക്ബ ദിനങ്ങളില്‍ ഫലസ്തീനികള്‍ പ്രകടനം നടത്തുന്നത്.
യാഥാര്‍ത്ഥത്തില്‍ നക്ബയുടെ ചരിത്രം തുടങ്ങുന്നത് 48-ല്‍ നിന്നല്ല. രണ്ടു നൂറ്റാണ്ടിന്റെയെന്ന്കിലും പഴക്കം അതിനുണ്ടാവും. നെപ്പോളിയനോളം പഴക്കമുണ്ടതിനു. 1799-ല്‍, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ വികാസം തടഞ്ഞു നിറുത്താന്‍, ഫലസ്തീനിലെക്ക് കടക്കാന്‍ ശ്രമിച്ച നെപ്പോളിയന്‍, തങ്ങളുടെ വാഗ്ദത്ത ഭൂമി വീണ്ടെടുക്കാന്‍ ഫ്രാന്‍സിനോപ്പം ചേരാന്‍ ജൂതരെ ക്ഷണിച്ചു. ആയിരത്തി എണ്ണൂറിന്റെ അവസാനമായപ്പോഴേക്കും ആസൂത്രിതമായി ഫലസ്തീന്‍ പ്രദേശങ്ങളില്‍ സിയോണിസ്റ്റ് കുടിയേറ്റം ആരംഭിച്ചിരുന്നു. ഉസ്മാനിയ (ഒട്ടോമന്‍) ഭരണാധികാരികളെ കബളിപ്പിച്ചും അവരുടെ മേല്‍ അന്തരാഷ്ട്ര സമ്മര്‍ദ്ദം ചെലുത്തിയും യൂറോപ്പില്‍ നിന്നും മറ്റുമായി ബിസിനസുകാരായും തീര്‍ഥാടകാരയും എത്തി ഫലസ്തീന്‍ ഭൂമി ജൂതര്‍ കൈക്കലാക്കി തുടങ്ങി. ജൂതകയ്യേറ്റം അവസാനിപ്പിക്കാന്‍ ശക്തമായ നിപാടുകള്‍ സ്വീകരിക്കാന്‍ ഉസ്മാനികള്‍ തീരുമാനിക്കുമ്പോഴേക്കും സമയം വൈകിയിരുന്നു. അതിനിടയില്‍ ഉസ്മാനികള്‍ക്കെതിരെ അറബ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ചു നടന്ന വിപ്ലവ ശ്രമങ്ങള്‍ ഖിലാഫതിനെ ദുര്‍ബലപ്പെടുത്തുകയും ഒന്നാം ലോക മഹായുദ്ധത്തോടെ ഫലസ്തീന്‍ ബ്രിട്ടന് കീഴ്പ്പെടുകയും ചെയ്തു.

സിയോണിസ്റ്റ് എഴുത്തുകാരനായ തിയോഡര്‍ ഹെര്‍ല്സിന്റെ ‘ദേര്‍ ജൂതെന്‍സ്താത്’ (ജൂത രാഷ്ട്രം) എന്ന ഗ്രന്ഥവും 1917-ലെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്ന ആര്‍തര്‍ ബാല്ഫോറിന്റെ ബാല്ഫോര്‍ പ്രഖ്യാപനവുമെല്ലാം ഈ ദുരന്തവഴിയിലെ ചില പ്രധാന അടയാളങ്ങളാണ്.  ജര്‍മനിയിലും മറ്റു യൂറോപ്യന്‍ രാഷ്ട്രങ്ങളിലും ജൂതര്‍ക്ക് നേരിടേണ്ടി വന്ന ദുരവസ്ഥക്ക് ബലിയാടേകേണ്ടി വന്നത് പാവം ഫല്സ്തീനികളായിരുന്നു. ഇസ്രായേല്‍ രാഷ്ട്രപ്രഖ്യാപനത്തിനു മുമ്പുള്ള നാളുകളില്‍ ബ്രിട്ടീഷുകാര്‍ സിയോണിസ്റ്റ് മാഫിയകള്‍ക്ക്‌ വ്യപാകമായി ആയുധങ്ങള്‍ വിതരണം ചെയ്തിരുന്നു. ആയുധംകൊണ്ട് നടക്കുന്ന ഫലസ്തീനീ അറബികള്‍ക്ക്‌ വധശിക്ഷയായിരുന്നു വിധി. ഓരോ പ്രഭാതവും അവര്‍ എതിരേറ്റത് വധശിക്ഷക്ക് വിധേയമാക്കൌന്നവരുടെ നീണ്ട നിരകളുമായിട്ടാണ്. ആരാച്ചാര്‍മാരുടെ കൈകള്‍ കുഴഞ്ഞുവെങ്കിലും ഞങ്ങളുടെ പിരടികള്‍ നീണ്ടു തന്നെ നിന്നുവെന്നാണ് അതിനെക്കുറിച്ച് ഫലസ്തീനീ എഴുത്തുകാര്‍ പറയാറുള്ളത്‌. ഫലസ്തീന്‍ ജൂതനമാര്‍ക്ക്‌ സമ്മാനിക്കാനുള്ള ബ്രിട്ടീഷ്‌ നീക്കത്തിനെതിരെ മുന്നില്‍ നിന്ന് പോരാടിയവരാണ് മുഫ്തി അമീന്‍ അല്‍-ഹുസൈനി, അബ്ദുല്‍ ഖാദിര്‍ അല്‍-ഹുസൈനി, ശൈഖ് ഇസ്സുദ്ദീന്‍ അല്‍-ഖസ്സാം തുടങ്ങിയവര്‍.

(2013 ജൂണ്‍ ലക്കം തെളിച്ചം മാസികയില്‍ പ്രസിദ്ധീകരിച്ചത്‌)

തയ്യാറാക്കിയത് ഫൈസല്‍ നിയാസ് ഹുദവി 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter