ഇബ്നു ഹസ്ം: വിജ്ഞാന വീഥിയിലെ പ്രോജ്ജ്വല നാമം
മതപണ്ഡിതൻ, ചരിത്രകാരൻ, കവി, ദാർശനികൻ, മുഹദ്ദിസ് എന്നീ നിലകളിൽ പ്രസിദ്ധനായ ഇബ്നു ഹസ്ം അസ്സാഹിരി, മുസ്‌ലിം സ്പെയിൻ സംഭാവന ചെയ്ത അതുല്യപ്രതിഭകളിലൊരാളായിരുന്നു. അബൂ മുഹമ്മദ് ബിൻ സഈദ് ബിൻ ഹസന്‍ എന്നായിരുന്നു പൂര്‍ണ്ണനാമം. നിരവധി വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വിധേയനായ അദ്ദേഹം, പലതവണ ജയിലിലടക്കപ്പെടുകയും നാട് വിടേണ്ടി വരികയും ചെയ്തിട്ടുണ്ട്.
സ്പെയിനിൽ രാഷ്ട്രീയ അരാജകത്വം നിറഞ്ഞുനിന്ന കാലത്താണ് അമവി രാജവംശവുമായി അടുത്ത ബന്ധമുള്ള ഒരു കുടുംബത്തിൽ AD 994 നവംബർ 7ന് ഇബ്നു ഹസ്ം ജനിക്കുന്നത്. അദ്ദേഹത്തിന്റെ പിതാമഹനും പിതാവും അമവീ ഖലീഫ ഹിഷാം രണ്ടാമന്റെ കൊട്ടാരത്തിൽ ഉയർന്ന സ്ഥാനങ്ങൾ വഹിച്ചവരായിരുന്നു. രാഷ്ട്രീയമായും സാമ്പത്തികമായും പ്രാധാന്യമുള്ള കുടുംബത്തിൽ വളർന്ന ഇബ്നു ഹസ്ം തന്റെ ജീവിതകാലം മുഴുവൻ അധികാരവും സ്വാധീനവുമുള്ള ആളുകളുമായി ഇടകലർന്നാണ് ജീവിച്ചത്. അതുകൊണ്ടുതന്നെ ഉയർന്ന വിദ്യാഭ്യാസം കരഗതമാക്കാൻ സാധിക്കുകയും കൗമാര പ്രായത്തിൽ തന്നെ ഉയർന്ന ഗവൺമെന്റ് തസ്തികകളിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കോർഡോബൻ സിംഹാസനത്തിൽ അമവികളെ നിലനിർത്താൻ വാചാകര്‍മ്മണ അദ്ദേഹം നിരന്തരം പോരാടിക്കൊണ്ടിരുന്നു. 18 വയസ്സുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ പിതാവ് മരണപ്പെടുന്നതും അതോടെ അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയും ചെയ്യുന്നത്. ഒരേസമയം മന്ത്രി, അയൽരാജ്യമായ അന്തലൂസിയന്‍ രാജ്യങ്ങളിൽ നിന്ന് ഒളിച്ചോടി വന്നവൻ, രാഷ്ട്രീയ തടവുകാരൻ എന്നീ നിലകളിൽ ജനങ്ങൾക്ക് അദ്ദേഹം സുപരിചിതനായി. മൂന്ന് തവണ അദ്ദേഹം ജയിലിലടക്കപ്പെടുകയും ചെയ്തു. 32 ആം വയസ്സിൽ അദ്ദേഹം രാഷ്ട്രീയ ജീവിതം ഉപേക്ഷിക്കുകയും പാണ്ഡിത്യത്തിനായി ശിഷ്ടകാലം സ്വയം അർപ്പിക്കുകയും ചെയ്തു.
മാലികീ മദ്ഹബ് പിന്തുടർന്നിരുന്ന ഇബ്നു ഹസ്ം മുപ്പതാം വയസ്സിൽ ഷാഫിഈ മദ്ഹബ് പിന്തുടരാൻ തുടങ്ങി. എന്നാൽ പ്രബലരായ മാലികീ മദ്ഹബിന്റെ പണ്ഡിതർക്കെതിരെയുള്ള തുറന്നുപറച്ചിൽ തനിക്ക് വിമർശകരെയും എതിരാളികളെയും വർധിപ്പിക്കുന്നതിന് ആക്കം കൂട്ടി. സ്പെയിനിൽ പ്രബലമായി കണക്കാക്കപ്പെടുന്ന മാലികീ മദ്ഹബിനോട് എതിർപ്പുള്ള ദാഹിരി മദ്ഹബിന്റെ പ്രമുഖ വക്താക്കളിൽ ഒരാളായിരുന്നു ഇബ്നു ഹസ്ം. അക്കാരണത്താല്‍ തന്നെ, അദ്ദേഹത്തിന്റെ ധാരാളം ഗ്രന്ഥങ്ങൾ കത്തിച്ചുകളയുകയും ജനങ്ങൾക്കിടയിൽ അദ്ദേഹത്തെ കാഫിറായി പ്രഖ്യാപിക്കുകയും വരെ ചെയ്തു. ഇതിലെല്ലാം മനംമടുത്ത്, ജീവിതത്തിന്റെ അവസാനകാലം തന്നെ തേടിയെത്തുന്നവരെ എഴുതാനും വായിക്കാനും പഠിപ്പിച്ചുകൊണ്ട് കുടുംബത്തിന്റെ കൂടെ കഴിച്ചുകൂട്ടി. പാൽ ഉൽപ്പന്നങ്ങൾ അല്ലാതെ മറ്റൊന്നും ഭക്ഷിക്കാതിരുന്ന ഇബ്നു ഹസ്മിന് കുഷ്ഠരോഗം ബാധിച്ചു. 72 ആം വയസ്സിൽ ഹിജ്റ 456 ശഅബാനിൽ (AD 1064 ഓഗസ്റ്റ് 15ന്) ആ വിളക്കുമാടം കെട്ടടങ്ങി. സെവില്ലയിലെ മന്തലിഷം എന്ന പ്രദേശത്താണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്.
വിജ്ഞാനവീഥിയിലൂടെ
ധാർമികത നഷ്ടപ്പെട്ട അവസ്ഥയിലായിരുന്ന സ്പെയിനിൽ അദ്ദേഹത്തിന്റെ പിതാവ് മകനെ പുറത്തുവിട്ട് പഠിപ്പിക്കുന്നത് ഭയന്ന് കൊട്ടാരത്തിനകത്തുവെച്ച് തന്നെ പ്രാഥമിക വിദ്യാഭ്യാസം നൽകാൻ തീരുമാനിച്ചു. കവയത്രികളും ഖുർആൻ ഹദീസ് പഠനങ്ങളിൽ അവഗാഹം നേടിയ ഒരുപാട് വനിതകളും നിറഞ്ഞു കവിഞ്ഞ സ്പാനിഷ് കൊട്ടാരത്തിലെ സ്ത്രീകളുടെയടുത്തായിരുന്നു അദ്ദേഹത്തിന്റെ ബാല്യകാലവും ആദ്യവിദ്യാഭ്യാസവും. ബാല്യം വിട്ടപ്പോൾ പിതാവ് ഇബ്നു ഹസ്മിനെ അബുൽ ഹസൻ ഫാസി എന്ന സൂഫിവര്യനായിരുന്ന ഷെയ്‌ഖിന്റെ കീഴിൽ പഠിക്കാൻ പറഞ്ഞയച്ചു. സ്ത്രീകളും പുരുഷന്മാരും ഇടകലർന്ന് ജീവിക്കുന്ന അന്നത്തെ മോശമായ സാമൂഹ്യാന്തരീക്ഷത്തിൽ നിന്നും സംരക്ഷിക്കുന്നതിന് അത് കാരണമായി. കൊർഡോബയിലെ വലിയപള്ളിയിൽ (The Great Mosque of Cordoba) നിന്ന് മതപഠനങ്ങൾക്ക് പുറമേ ഫിലോസഫി, ഗോളശാസ്ത്രം, ഭാഷ തുടങ്ങിയ അറിവുകളും അദ്ദേഹം കരസ്ഥമാക്കി. അന്ന് സ്പെയിനിന്റെ ഔദ്യോഗിക മദ്ഹബ് മാലികീ മദ്ഹബായിരുന്നതിനാലും അതംഗീകരിക്കാത്തവർക്ക് ഖാദി, മുഫ്‌തി, അധ്യാപകൻ എന്നീ സ്ഥാനങ്ങൾ വഹിക്കാൻ സാധിക്കാത്തതിനാലും മദ്ഹബും അദ്ദേഹം പഠിച്ചെടുത്തു. അതിനിടയിലാണ് പിതാവ് മരണപ്പെടുന്നതും ഫ്രഞ്ചുകാരും ബർബറുകളും ചേർന്ന് ഖിലാഫത്തിനെ തകർക്കുന്നതും. അതോടെ ഇബ്നു ഹസ്ം അൽമരിയ്യയിലേക്ക് നാടുകടന്നു.
കൊർഡോബയിൽ നിന്ന് രക്ഷപ്പെട്ട് ഒരുമിച്ചു കൂടിയ പണ്ഡിതരിൽ നിന്നും അവിടെ വെച്ച് ധാരാളം അറിവുകൾ കരസ്ഥമാക്കി. അമവികളെ പിന്തുണച്ചെന്നാരോപിച്ച് ഇബ്നു ഹസ്മിനെ ജയിലിലടച്ചു. ജയിൽ മോചിതനായ ശേഷം കടൽ കടന്ന് ബാലൻസിയയിലേക്ക് രക്ഷപ്പെടുകയാണ് അദ്ദേഹം ചെയ്തത്. അവിടെവച്ചും വിജ്ഞാനം തേടുകയും ഒരു പ്രശ്നത്തിൽ മാലികീ മദ്ഹബിലെ തന്റെ സ്വന്തം ഗുരുവിന്റെ ഫത്‍വ തൃപ്തികരമല്ലാതാവുകയും ചെയ്തതോടെയാണ് ഷാഫിഈ മദ്ഹബിനെക്കുറിച്ച് അന്വേഷിക്കുന്നതും അത് യുക്തിക്ക് കൂടുതൽ യോജിച്ചതാണെന്ന ധാരണയിലെത്തി ഷാഫിഈ മദ്ഹബ് സ്വീകരിക്കുന്നതും. ഷാഫിഈ മദ്ഹബിനെ കുറിച്ച് ആഴത്തിൽ പഠിച്ച ഇബ്നു ഹസ്ം ഖിയാസ് ശരിയല്ലെന്ന് വാദിച്ചു. അങ്ങനെയിരിക്കെ, ദാഹിരി മദ്ഹബിന്റെ സ്ഥാപകൻ ദാവൂദ് ബിൻ അലിയുടെ മകനായ ഇബ്നു ദാവൂദ് അൽ ഇസ്ഫഹാനിയുടെ ചിന്തകളിലും ആശയങ്ങളിലും അദ്ദേഹം ആകൃഷ്ടനായി.
മുർതസയുടെ കീഴിൽ അലവികളിൽ നിന്നും സ്പെയിൻ തിരിച്ചുപിടിക്കാൻ പോയ സൈന്യത്തിന്റെ കൂടെ ഇബ്നു ഹസ്മും ചേർന്നു. എന്നാൽ വഴിയിൽ വെച്ച് തന്നെ സൈന്യത്തലവൻ മുർതസ വധിക്കപ്പെടുകയും സൈന്യം തോറ്റോടുകയും ചെയ്തതോടെ ഇബ്നു ഹസ്മടക്കമുള്ള നിരവധി പേർ ബന്ധികളാക്കപ്പെട്ടു. മോചിതനായ ശേഷം കൂടുതൽ വിജ്ഞാനം കരസ്ഥമാക്കാൻ കോർഡോബയിലേക്ക് പോയ ഇബ്നു ഹസ്ം ഇബ്നു ദാവൂദിനെ കുറിച്ചും അവരുടെ ആശയങ്ങളെക്കുറിച്ചും കൊർഡോബൻ ലൈബ്രറിയിൽ നിന്ന് കൂടുതൽ വായിച്ചറിഞ്ഞു.
കൊർഡോബയിലെ അധികാരം അമവികൾക്ക് തന്നെ തിരിച്ച് കിട്ടിയതോടെ ഇബ്നു ഹസ്ം മന്ത്രിയായി. തുടർന്നുണ്ടായ ആഭ്യന്തര കലാപത്തിൽ ഖലീഫ വധിക്കപ്പെടുകയും ഇതോടെ ഇബ്നു ഹസ്ം ജയിലിലടക്കപ്പെടുകയും ചെയ്തു. ജയിൽ മോചിതനായ ശേഷം ആളുകൾക്കിടയിൽ നിന്ന് തന്റെ നിലപാടിന്റെ പേരിൽ അക്രമങ്ങൾ നേരിടാൻ തുടങ്ങിയതോടെ അദ്ദേഹം ഖൈറുവാനിലേക്ക് പോകാൻ നിർബന്ധിതനായി. അവിടെ സ്പെയിനിൽ നിന്ന് ഓടി രക്ഷപ്പെട്ട പണ്ഡിതന്മാരോടൊപ്പം കൊർഡോബയിൽ നിന്നു കൊണ്ടുപോയ ഗ്രന്ഥങ്ങളുമായി ഒത്തുകൂടി പഠിപ്പിക്കുന്നതും വാഗ്വാദം നടത്തുന്നതും തുടർന്നു. ഇവിടെ നിന്നാണ് തന്റെ മാസ്റ്റർപീസ് ഗ്രന്ഥമായ 'തൗഖുൽ ഹമാം' രചിക്കുന്നത്. അത് വലിയ കോലാഹലങ്ങൾക്ക് കാരണമായതോടെ ഇബ്നു ഹസ്ം മയൂർഖയില്‍ അഭയം തേടി.
സെവില്ലയിലെ അമീർ അദ്ദേഹത്തെ പിടിച്ചുകൊണ്ടുവരാൻ ഉത്തരവിട്ടെങ്കിലും ജനങ്ങൾ അതിന് വിസമ്മതിക്കാതിരിക്കുകയായിരുന്നു. ഇതിനാലാണ് അമീർ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ നശിപ്പിക്കാൻ ഉത്തരവിടുന്നത്. വൈകാതെ, ഇബ്നു ഹസ്ം മയൂഖയിൽ നിന്നും സെവില്ലയിലെ ഒരു പ്രദേശമായ മന്തലിഷാമിലേക്ക് പോയി. അവിടെ വച്ച് തന്റെ മനസ്സിലുള്ള ജ്ഞാനങ്ങൾ തന്റെ ശിഷ്യർക്ക് പകര്‍ന്നുകൊടുക്കുകയും അവർ അത് രേഖപ്പെടുത്തി വെക്കുകയും ശേഷം ഗ്രന്ഥങ്ങൾ ആക്കി പ്രസിദ്ധീകരിക്കുകയുമായിരുന്നു. ഇവിടെ വെച്ചാണ് ഇബ്നു ഹസ്ം മരണപ്പെടുന്നതും.
തുടക്കത്തിൽ, സ്പെയിനിൽ പൊതുവായി ഉണ്ടായിരുന്ന മാലികീ കർമശാസ്ത്ര രീതിയായിരുന്നു ഇബ്നു ഹസ്ം പിന്തുടർന്നിരുന്നത്. ശേഷം ദാഹിരീ മദ്ഹബില്‍ ആകൃഷ്ടനായി അദ്ദേഹം അതിന്റെ പ്രമുഖ വക്താവായി മാറുകയായിരുന്നു. ഹിജ്റ 220 ൽ ജനിച്ച ഇബ്നുദാവൂദ് അൽഇസ്ബഹാനി എന്ന ദാഹിരീ പണ്ഡിതനയിലൂടെയാണ് ഇബ്നു ഹസ്ം ദാഹിരി മദ്ഹബിനെ അടുത്തറിയുന്നത്. ഖുർആൻ, ഹദീസ്, സ്വഹാബികളുടെ ഏകകണ്ഠമായ അഭിപ്രായം എന്നിവ മാത്രമേ തെളിവുകൾ ആയി പിടിക്കാവൂ എന്നാണ് ഇവരുടെ പ്രധാനവാദം. ഇബ്നു ഹസ്ം ദാഹിരി മദ്ഹബ് സ്വീകരിച്ചിരുന്നുവെങ്കിലും പിന്നീട് അതിൽ നിന്ന് പിന്തിരിഞ്ഞു എന്നും പറയപ്പെടുന്നുണ്ട്.
രചനാജീവിതം
മുഹമ്മദ് ജരീർ അത്തബരിയുടെയും ഇമാം സുയൂഥിയുടെയും കൃതികളെയാണ് കൂടുതലായും സമീപിച്ചത് എന്നതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ കൃതികളുടെ ഭൂരിഭാഗവും സെവില്ലയിൽ രാഷ്ട്രീയ എതിരാളികളാൽ നശിപ്പിക്കപ്പെട്ടു. ഇബ്നു ഹസ്ം 80,000 പേജുകളിലായി 400 ഓളം കൃതികൾ രചിച്ചിട്ടുണ്ട്. അതിൽ 40 കൃതികൾ മാത്രമാണ് അവശേഷിക്കുന്നത്. ഇബ്നു ഹസ്ം അഖീദയെയും കർമശാസ്ത്രത്തെയും ചരിത്രത്തെയും കുറിച്ചുള്ള കൃതികളും പത്തിലധികം വൈദ്യ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
ഇബ്നു ഹസ്ം 'അൽ മുഹല്ല ബിൽ ആസാർ' എന്ന നാമധേയത്തിൽ ഉസൂലുൽ ഫിഖ്‌ഹിൽ വളരെ പ്രശസ്തമായ ഒരു കൃതിയും മുസ്‌ലിം ലോകത്തിന് സംഭാവന ചെയ്തിട്ടുണ്ട്. ദാഹിരി മദ്ഹബിന്റെ പ്രധാന അവലംബവും ഈ ഗ്രന്ഥം തന്നെയാണ്. നിരവധി വാള്യങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള ഈ ഗ്രന്ഥത്തിൽ ഇസ്‍ലാമിലെ അംഗീകൃത തത്വങ്ങൾ അവലംബിച്ച് കൊണ്ട് ഇജ്തിഹാദ് ചെയ്ത് രചന നടത്തി. നുസൂസ് (ആർക്കും സംശയമില്ലാത്ത ഖുർആനിക കല്പനകൾ), ഹദീസ്, ഇജ്മാഅ് എന്നിവയെ അടിസ്ഥനമാക്കിയാണ് ഇബ്നു ഹസ്ം ഇജ്തിഹാദ് പരിശീലിച്ചത്. ആദ്യം ഖുർആനിലേക്കും ശേഷം ഹദീസിലേക്കും ശേഷം സ്വഹാബത്തിലേക്കും നാലാമതായി പരിശോധിക്കാവുന്ന അത്തരം എല്ലാ തെളിവുകളിലേക്കും നോക്കി തെളിവ് പിടിക്കണമെന്നുമഭിപ്രായപ്പെട്ടു. ഖിയാസിന്റെ നിയമസാധുത നിരസിച്ചു. മദീനക്കാർ അനുഷ്ഠിച്ചിരുന്ന കാര്യങ്ങൾ മുസ്‌ലിംകൾ പിന്തുടരുകയോ അനുകരിക്കുകയോ ചെയ്യേണ്ട ആവശ്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രണയത്തെയും പ്രണയിതാക്കളെയും കുറിച്ചുള്ള 'തൗഖ് അൽ ഹമാം '(The Ring of the Dove) എന്ന ഒരു പ്രസിദ്ധമായ ഗ്രന്ഥവും അദ്ദേഹം രചിച്ചിട്ടുണ്ട്. സ്ത്രീ-പുരുഷ സ്നേഹത്തെക്കുറിച്ച് സുന്ദരമായ ശൈലിയിൽ അവതരിപ്പിക്കപ്പെട്ട സാഹിത്യ ഗ്രന്ഥമായിരുന്നു അത്. സ്ത്രീ പുരുഷ സ്നേഹം ഒരു നഗ്നസത്യമാണെന്നും അത് വേർതിരിച്ച് ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കൽ പണ്ഡിതന്മാരുടെ കടമയാണെന്നും അദ്ദേഹം വാദിച്ചു. തുടർന്ന് അന്നത്തെ സ്പെയിനിലുണ്ടായിരുന്ന അതിരുവിട്ട ലൈംഗിക പ്രകടനങ്ങൾക്കുള്ള കാരണങ്ങളും അദ്ദേഹം സമർത്ഥിക്കുന്നുണ്ട്. എങ്ങനെയാണ് സ്ത്രീ പുരുഷ ബന്ധം തുടർത്തിക്കൊണ്ട് പോകേണ്ടതെന്നും അതിരുവിട്ട സ്നേഹപ്രകടനങ്ങളിൽ നിന്നെങ്ങനെ അകന്ന് നിൽക്കാമെന്നും പരലോകത്തുള്ള ശിക്ഷകൾ എന്തൊക്കെയാണെന്നുമെല്ലാം ഇബ്നു ഹസ്ം തന്റെ ഗ്രന്ഥത്തിൽ വ്യക്തമാക്കുന്നു. എന്നാൽ, ജനങ്ങൾ ഇതിനെതിരെ തിരിഞ്ഞു. ഇബ്നു ഹസ്ം അശ്ലീലത പ്രചരിപ്പിക്കുകയാണെന്നും യുവാക്കളുടെ വഴിതെറ്റിക്കുകയാണെന്നുമെല്ലാം പറഞ്ഞ് അനവധി കോലാഹലങ്ങൾ സൃഷ്ടിക്കാൻ അത് കാരണമായി. ഇബ്നു ഹസ്ം ഖൈറുവാനിലായിരിക്കെയാണ് ഈ ഗ്രന്ഥം രചിക്കുന്നത്.
ചരിത്രരചനയിൽ അദ്ദേഹം തന്റേതായ എഴുത്തുശൈലി സ്വീകരിച്ചു. സ്പെയിനിന്റെ ചരിത്രം എഴുതിയപ്പോൾ അന്നത്തെ കർമശാസ്ത്രം, ഹദീസ്, തഫ്സീർ, സാഹിത്യം, ചരിത്രം, എന്നിവയിൽ ഏർപ്പെട്ടിരുന്ന എല്ലാ പണ്ഡിതരെയും പ്രത്യേകം പരാമർശിക്കാന്‍ അദ്ദേഹം ശ്രമിച്ചു. ചരിത്രരചനയിലും അദ്ദേഹം ശ്രദ്ധേയമായ കൃതികൾ രചിച്ചു. തന്റെ ജീവിതത്തിൽ നടന്ന എല്ലാ സംഭവവികാസങ്ങളും അദ്ദേഹം രേഖപ്പെടുത്തി വെച്ചിരുന്നു. വംശാവലിയെക്കുറിച്ചും നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു. അവയിൽ ഏറ്റവും പ്രശസ്തമായ കൃതിയാണ് 'ജംഹറതു അൻസാബിൽ അറബ്'.
സ്പെയിനിന്റെ പ്രത്യേകതകൾ വിളിച്ചോതുന്ന കൃതിയാണ്, അൽ രിസാലത്തു ഫീ ഫദ്‌ലിൽ അന്ദലുസ്. ക്രിസ്ത്യാനികളും ജൂതരും ബൈബിളിൽ നടത്തിയ കൈകടത്തലുകൾ വ്യക്തമാക്കുന്ന കൃതിയാണ്, കിതാബു തബ്‌ദീലിൽ യഹൂദി വന്നസാറ. ഖുർആൻ അവതരണ ചരിത്രവുമായി ബന്ധപ്പെട്ട ഗ്രന്ഥമായ 'അന്നാസിഖ് വൽമൻസൂഖ് ഫിൽഖുർആൻ' തഫ്സീറുൽ ജലാലൈനിയുടെ മാതൃകയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. സ്വഭാവ സംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഗ്രന്ഥമാണ്, കിതാബുൽ അഖ്‌ലാഖ്. ഇങ്ങനെ സർവ്വ മേഖലകളിലും ഇബ്നു ഹസ്ം തന്റേതായ കൊയ്യൊപ്പ് ചാർത്തിയിട്ടുണ്ട്.
അദ്ദേഹം മതഗ്രന്ഥങ്ങളുടെ സാങ്കല്പിക വ്യാഖ്യാനത്തെ എതിർക്കുകയും ഖുർആനിന്റെ നഹ്‌വിയ്യായ വ്യാഖ്യാനത്തിന് മുൻഗണന നൽകുകയും ചെയ്തു. ഭാഷാശാസ്ത്രത്തെയും അദ്ദേഹം അഭിസംബോധനം ചെയ്തു. അറബി, ഹിബ്രു, സുറിയാനി ഭാഷകളെ അടിസ്ഥാനപരമായി ഒരു ഭാഷയെന്നായിരുന്നു അദ്ദേഹം വീക്ഷിച്ചത്. ഗ്രീക്ക് തത്വചിന്തകൾ ഇബ്നു ഹസ്‌മിന്റെ കൃതികളിൽ സ്വാധീനം ചെലുത്തിയിരുന്നു. ആനന്ദം ജീവിതത്തിൽ സന്തോഷം കൊണ്ടുവരുമെന്നും മരണത്തിൽ ഭയപ്പെടേണ്ടതില്ലെന്നും പ്രസ്താവിച്ചു. ഇബ്നു ഹസ്ം ഷിയാ വിഭാഗത്തെ രൂക്ഷമായി എതിർതിരുന്നു. അടിമകളും സ്വതന്ത്രരും അവകാശങ്ങളിൽ തുല്യരാണ്, സ്ത്രീകൾക്ക് ജഡ്ജിയും മുഫ്തിയും പുരുഷന്മാരുടെ മേധാവികളുമാകാം, മഹ്റമില്ലാതെ സ്ത്രീകൾക്ക് സ്വന്തമായി ഹജ്ജിന് പോകാം, അലി(റ) അഹ്‌ലുബൈത്തിൽപ്പെട്ട ആളല്ല, ഒരു മനുഷ്യൻ മരണപ്പെട്ടാൽ കടങ്ങൾ വീട്ടുന്നതിന് മുൻപ് സകാത്ത് കൊടുത്തുവീട്ടേണ്ടതാണ് എന്നെല്ലാം അദ്ദേഹത്തിന്റെ വിവിധ അഭിപ്രായങ്ങളായിരുന്നു.
ഇസ്‌ലാമിന്റെ സുവർണ്ണ കാലഘട്ടത്തിലെ പാണ്ഡിത്യത്തിന്റെയും ബൗദ്ധിക സമ്പന്നതയുടെയും തെളിവായി ഇബ്‌നു ഹസ്മിന്റെ ജീവിതവും പ്രവർത്തനങ്ങളും വിലയിരുത്താവുന്നതാണ്. ദൈവശാസ്ത്രം, തത്ത്വചിന്ത, നിയമശാസ്ത്രം, സാഹിത്യം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ സംഭാവനകള്‍, അദ്ദേഹത്തിന്റെ കാലത്തെ ബൗദ്ധിക ഭൂപ്രകൃതിയിൽ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇബ്‌നു ഹസ്മിന്റെ അറിവ് തേടുന്നതിലുള്ള അചഞ്ചലമായ പ്രതിബദ്ധതയും വിവിധ വിഷയങ്ങളോടുള്ള അദ്ദേഹത്തിന്റെ വിമർശനാത്മക സമീപനവും എക്കാലത്തെയും പണ്ഡിതര്‍ക്ക് പാഠമാണ്. അദ്ദേഹത്തിന്റെ ജീവിതവും സംഭാവനകളും പിന്‍ഗാമികള്‍ക്ക് പ്രചോദനം മാത്രമല്ല, വ്യത്യസ്ത ബൗദ്ധിക പാരമ്പര്യങ്ങൾ തമ്മിലുള്ള സംവാദത്തിനുള്ള പാലം കൂടിയാണ്.
Leave A Comment