യഹ്‌യ സിൻവാർ: ചെറുത്തുനിൽപ്പിന്റെ ഒടുവിലത്തെ പോരാളിയല്ല..

"ഞാൻ തറപ്പിച്ചു പറയുന്നു, ഈ ചൊരിക്കപ്പെടുന്ന രക്ത തുള്ളികൾ ഹമാസിന്റെ മുന്നോട്ടുള്ള പാതയിലെ വിളക്കുമാടങ്ങൾ ആയിരിക്കും, അത് കൂടുതൽ ശക്തിയും മനക്കരുത്തും ഊർജ്ജവും പ്രവഹിപ്പിക്കും, ഹമാസിന്റെ ഗമനം അതിന്റെ മുൻകാല നേതൃത്വങ്ങളുടെ പാതയിൽ തന്നെ തുടരും, ഈ ജനതയുടെ സ്വപ്നം സഫലമാകും വരെ, വിമോചനത്തിനായി, മടക്കത്തിനായി, ഖുദുസ് നെ തലസ്ഥാനമാക്കി മുഴുവൻ ഫലസ്തീൻ ഭൂമികയിലും "ഫലസ്തീൻ" എന്ന രാഷ്ട്ര സ്ഥാപനത്തിനായി". 

ഹമാസിന്റെ രാഷ്ട്രീയ തലവൻ യഹ്‌യ സിൻവാറിന്റെ രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ടുള്ള പ്രതികരണത്തിൽ ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ ഡെപ്യൂട്ടി ചെയർമാൻ ഖലീൽ അൽ ഹയ്യയുടെ വികാര നിർഭരമായ വാക്കുകളാണിത്. മുൻതലവൻ ഇസ്മായിൽ ഹനിയ്യയുടെ വധത്തിന് ശേഷം കഴിഞ്ഞ ഓഗസ്റ്റ് ആറിനായിരുന്നു യഹ്‌യ സിൻവാർ ഹമാസിന്റെ രാഷ്ട്രീയ നേതൃത്വസ്ഥാനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സ്ഥാനാരോഹണത്തിന് ശേഷം പൊതുപരിപാടികളിലും മറ്റും പ്രത്യക്ഷപ്പെടാത്ത അദ്ദേഹത്തെ കണ്ടെത്താൻ നാളേറെയായി ഇസ്രായേൽ ശ്രമിച്ചു വരികയായിരുന്നു. തുടർന്നുള്ള രണ്ടുമാസത്തെ പോരാട്ടത്തിനും നീക്കങ്ങൾക്കും ഒടുവിലായിരുന്നു ഇസ്രായേൽ ഇതു വരെ കൊലപ്പെടുത്തിയ ഹമാസ് നേതൃത്തത്തിലെ ഒടുവിലത്തെ കണ്ണിയെന്നോണമുള്ള യഹ്‌യ സിൻവാറിന്റെ രക്തസാക്ഷിത്വവും. 

ദീർഘ കാലമായി അധിനിവേശ ശക്തിക്കെതിരെ യുക്തിഭദ്രമായ നീക്കങ്ങളുടെയും സൈനിക തന്ത്രങ്ങളുടെയും തലച്ചോറായി പറയപ്പെടുന്ന നേതാവിനെയാണ് ഹമാസിന് ഇതോടെ നഷ്ടമായത് എന്നത് യാഥാർഥ്യമാണ്. ഏറ്റവും അവസാനമായി ഹമാസ് മുന്നോട്ട് വെച്ച തൂഫാനുൽ അഖ്സയുടെ സൂത്രധാരനും അദ്ദേഹമായിരുന്നുവെന്നാണ് പറയപ്പെടുന്നത്, ഇസ്രായേലിനെ ഏറെ കുഴക്കിയ ഗസ്സയിലെ ഭൂഗർഭ തുരങ്കങ്ങളും അദ്ദേഹത്തിന്റെ ആശയങ്ങൾ  ആണെന്നാണ് വിലയിരുത്തൽ. ഹമാസ് സ്ഥാപകൻ അഹ്‌മദ്‌ യാസീന്റെ ശിഷ്യഗണങ്ങളിൽ ഇസ്രായേൽ ഏറ്റവും കൂടുതൽ ഭയന്നിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. 

ഇതോടെ, ടെററിസ്റ് ഹിറ്റ്‌ ലിസ്റ്റിലെ ഒന്നാമനെയാണ് ഇസ്‍റാഈല്‍ ഇല്ലായ്മ ചെയ്തതെന്നാണ് അവര്‍ അവകാശപ്പെടുന്നത്. യഹ്‌യ സിൻവാറിന്റെ മരണത്തോടുകൂടി ഹമാസ് ഇല്ലാത്ത ഗാസയുടെ കാലഘട്ടത്തിന് തുടക്കം കുറിക്കപ്പെട്ടുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചതും അത് കൊണ്ട് തന്നെ.
 

ഇസ്രായേൽ തടവറകളിൽ കുരുത്ത സിന്‍വാര്‍

ഇസ്റാഈല്‍ തടവറകളില്‍ ചെലവഴിച്ച 22 വർഷക്കാലം അദ്ദേഹത്തിന്റെ ജീവിതത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഘട്ടം കൂടിയായിരുന്നു. ജയിലിൽ വച്ചാണ് ഇസ്രയേൽ സൈനികരോട് സംസാരിച്ചും വഴക്കിട്ടും അദ്ദേഹം പൂർണമായും ഹിബ്രു ഭാഷയിൽ സംസാരിക്കാനും വായിക്കാനും എഴുതാനുമെല്ലാം പഠിച്ചെടുക്കുന്നത്. തടവറയിലെ ഹമാസ് പ്രവർത്തകരുടെയെല്ലാം നേതാവായിരുന്നു അദ്ദേഹം. അവിടുന്ന് കൂടുതൽ നിർദ്ദേശങ്ങളും നീക്കങ്ങളും നടത്തിക്കൊണ്ടേയിരുന്നു. ജയിലിൽ ആയിരിക്കെ തന്നെ ഹമാസ് നേതാക്കളുമായി അദ്ദേഹം നിരന്തരം ബന്ധപ്പെടുകുയും പുതിയ മുന്നേറ്റങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുന്നുണ്ടായിരുന്നു. പുതിയ സംഭവങ്ങളും സന്ദേശങ്ങളും വിവരങ്ങളും അറിഞ്ഞും അറിയിച്ചും കൊണ്ടേയിരുന്നു.

ഈ കാലയളവിൽ തന്നെ അദ്ദേഹം സ്വന്തമായ രചനയിലും തർജ്ജമകളിലും ഏർപ്പെട്ടു. അഞ്ചോളം പുസ്തകങ്ങൾ എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇസ്രയേലിന്റെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻബറ്റിനെ (Shin Bet) പറ്റിയുള്ള കാർമി ഗില്ലോൺന്റെ പുസ്തകം അറബിയിലേക്ക് പരിഭാഷപ്പെടുത്തിയ (അശ്ശാബാക്കു ബൈനൽ അഷ്‌ല) യാണ് അതിൽ ഒന്ന്. "അൽ അഹ്‌സാബ് അൽ ഇസ്രാഈലിയ്യ" എന്ന ഇസ്രായേലിലെ രാഷ്ട്രീയ പാർട്ടികളെക്കുറിച്ചും അതിന്റെ താല്പര്യങ്ങളെ കുറിച്ചും പ്രതിപാദിക്കുന്ന പുസ്തകമാണ് മറ്റൊന്ന്. 2004ൽ പ്രസിദ്ധീകരിച്ച "അശ്ശൗകു വൽ ഖറൻഫുൽ" എന്ന ആത്മകഥയാണ് മറ്റൊന്ന്. ഖാൻ യൂനുസിലെ അഭയാർത്ഥി ക്യാമ്പിലും ഇസ്രായേൽ ജയിലറകളിലും അനുഭവിച്ച തീക്ഷ്ണമായ വിശപ്പിന്റെയും പട്ടിണിയുടെയും ശിക്ഷാ മുറകളുടെയും മുറിവുണങ്ങാത്ത ഓർമ്മകളെയാണ് അദ്ദേഹം ഒരു നോവലായി ചിത്രീകരിക്കുന്നത്. ഇതിനുപുറമേ "അൽമജ്ദ്", ഹമാസ് അത്തജ്‌രിബ വൽ ഖത്ത" എന്നീ പുസ്തകങ്ങളും അദ്ദേഹത്തിന്റേതായുണ്ട്.

ജീവിതം, പോരാട്ടം, നിലപാട്

പല തവണകളിലായി ഇസ്റാഈല്‍ അറസ്റ്റ് ചെയ്യുകയും വര്‍ഷങ്ങളോളം ജയിലിടക്കുകയും ചെയ്തതിന്റെ ഭാഗമായി, ആ നീണ്ട വർഷങ്ങളില്‍ ഉണ്ടായ തിക്താനുഭവങ്ങളാണ് യഹ്‌യ സിൻവാറിനെ ഇത്രമേൽ അപകടകാരിയാക്കി മാറ്റിയത്. മതകീയ ചിട്ടയിൽ അധിഷ്ഠിതമായ ഹമാസിന്റെ ആത്മ ശക്തി അദ്ദേഹമടങ്ങുന്ന ഓരോ ഹമാസ് പോരാളികളുടെ സിരകളിലും അലിഞ്ഞു ചേർന്നത് കാണാം. മനസ്സില്‍ വിശ്വാസമുള്ള ആരെയും ജ്വലിപ്പിക്കുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെ അതിന്റെ ഏറ്റവും വലിയ തെളിവാണ്. "എന്റെ ശത്രുവിന് എനിക്ക് വേണ്ടി നൽകാൻ കഴിയുന്ന ഏറ്റവും നല്ല സമ്മാനം എന്നെ വധിക്കുക എന്നതും അവരുടെ കരങ്ങളാൽ ഒരു ശഹീദായി അല്ലാഹുവിലേക്ക് ഉയർത്തപ്പെടലുമാണ്. ഇന്നെനിക്ക് 59 വയസ്സായിട്ടുണ്ട്. സത്യമായും വല്ല f-16വിമാനമോ മിസൈലോ വന്നു എന്നെ കൊല്ലുന്നതാണ് കോവിഡോ മറ്റ് രോഗങ്ങളോ വന്നോ മറ്റ് ഏത് തരത്തിലോ ഉള്ള മരണത്തേക്കാൾ എനിക്കിഷ്ടം.. നിങ്ങൾക്കറിയാം 60 മരണത്തോടടുത്ത വയസ്സാണല്ലോ, അപ്പോൾ സാധാരണ മരണമല്ലാതെ ഒരു ശഹീദായി മരണപ്പെടാനാണെന്റെ ആഗ്രഹം" ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

 
ഹമാസിന്റെ ഉരുക്കുമനുഷ്യന്‍

2011 ലെ വഫാഉൽ അഹ്‌റാർ എന്നറിയപ്പെട്ട ഗിലാഡ് ശാലിത് എക്സ്ചേഞ്ചിന്റെ ഭാഗമായി മോചിപ്പിക്കപ്പെട്ട 1027 ഫലസ്തീനി ബന്ദികളിൽ അദ്ദേഹവുമുണ്ടായിരുന്നു. തുടർന്ന് ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ സജീവമായി. ബ്യൂറോയിലെ കോർഡിനേഷൻ ചുമതലകളും അൽ ഖസ്സാം ബ്രിഗേഡിന്റെ നേതൃത്വവും ഏറ്റെടുത്തു. ബ്രിഗേഡിന്റെ റെപ്രെസെന്റേറ്റീവ് ആയും നിലകൊണ്ടിരുന്നു. 2014 ലെ ഇസ്രായേലിന്റെ ഗാസ ആക്രമണത്തിന് ശേഷം ഹമാസിൽ ഊർജിത അന്വേഷണം നടത്തുകയും പല നേതാക്കളെയും അഴിച്ചു പണിയുകയും താഴെയിറക്കുകയും ചെയ്തു. 2015 സെപ്റ്റംബറിലാണ് അമേരിക്ക, അൽ ഖസ്സാം ബ്രിഗേഡ് കമ്മന്റിങ് ജനറൽ മുഹമ്മദ് ദൈഫ്, റൗഹി മുഷ്തഹാ എന്നവരോട് കൂടെ യഹ്‍യാ സിന്‍വാറിനെയും ഇന്റർനാഷണൽ ടെററിസ്റ്റുകളുടെ ബ്ലാക്ക് ലിസ്റ്റിൽ ചേർത്തത്. 

2017 ഫെബ്രുവരി 13 ന് ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോയുടെ തലവനായി വന്നു. അതേ സമയം ഖലീൽ ഹയ്യ ഡെപ്യൂട്ടി ആയും ചുമതലയേറ്റു. വീണ്ടും അദ്ദേഹം 2021 ൽ ഇതേ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മാർച്ചിൽ വെസ്റ്റ് ബാങ്കിലും ഫലസ്തീന് പുറത്തുമായി നടന്ന തെരെഞ്ഞെടുപ്പിൽ ഖാലിദ് മിഷ്അലിന്റെ പിൻഗാമിയായി ഇസ്മാഈൽ ഹനിയ്യ ഹമാസ് തലവനായി. ഹമാസിലേക്കുള്ള സിൻവാറിന്റെ വരവ് ഹമാസിലെ ആഭ്യന്തര രാഷ്ട്രീയ സൈനിക സംഘട്ടനങ്ങൾ കുറക്കുമെന്നും സിൻവാറിന്റെ നീക്കങ്ങൾ ഗസ്സക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നതായിരിക്കുമെന്നും ഗാർഡിയൻ (TheGuardian) പത്രം പോലും വിലയിരുത്തിയിരുന്നു.

2021 മെയ് 15ന് ഇസ്രായേൽ അദ്ദേഹത്തിൻറെ വസതി ആക്രമിച്ചിരുന്നു. തുടർന്ന് ഒരാഴ്ചക്ക് ശേഷം പൊതു വാർത്ത കോൺഫെറെൻസിൽ പങ്കെടുത്തു കൊണ്ട് ഇസ്രായേലിനെ വെല്ലുവിളിച്ചു വീട്ടിലേക്ക് കാൽനടയായി നടന്ന് പോകുകയും, സെൽഫി എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.
 
ഒക്ടോബർ 17 എന്ന ദിനം

ഈ കഴിഞ്ഞ ഒക്ടോബർ 17 നാണ് ലോകം ഒന്നടങ്കം അമ്പരപ്പോടെ കേട്ട ആ വിവരം ഇസ്രായേൽ പുറത്ത് വിടുന്നത്. ഹമാസിന്റെ രാഷ്ട്രീയ തലവനെ കൊന്നു എന്ന വാദം ഇസ്രായേൽ ആണ് ആദ്യം പുറത്ത് വിടുന്നത്. റഫായിലെ തൽഅൽസുൽത്താനിലെ ഒരു കെട്ടിടത്തിൽ യാദൃച്ഛികമായാണ് ഐഡിഎഫ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. സൈനിക വേഷത്തിൽ കെഫിയ്യ കൊണ്ട് മുഖം മറച്ചിരുന്ന സിൻവാറിനെ ഇസ്രായേൽ സൈനികര്‍ പോലും തിരിച്ചറിഞ്ഞിരുന്നില്ല. സൂക്ഷ്മമായ ഇന്റലിജിൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുള്ള ഒരക്രമണമായിരുന്നില്ല അത് എന്നര്‍ത്ഥം. മരണത്തോട് മല്ലിടുന്ന തന്റെ അവസാന വേളയിലും ഇസ്രായേൽ ഡ്രോണിനു നേരെ വടിക്കഷ്ണം എറിഞ്ഞു നേരിടാൻ ശ്രമിക്കുന്ന യഹ്‌യ സിൻവാറിന്റെ വീഡിയോകളും കെട്ടിടവശിഷ്ടങ്ങൾക്കിടയിൽ മരണപ്പെട്ടു കിടക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളും ഇസ്രായേൽ തന്നെ പുറത്ത് വിട്ടിരുന്നു.

തുടർന്ന്, പല്ലുകൾ വിരലടയാളങ്ങൾ എന്നിവയുടെ പരിശോധനയിലൂടെയും ഫോറെൻസിക് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുമാണ് ഐഡിഎഫ് സിൻവാറിന്റെ മരണം സ്ഥിരീകരിക്കുന്നത്. മരണവുമായി ബന്ധപ്പെട്ടു കൂടുതൽ വിശദീകരണങ്ങൾ പിന്നീടാണ് മാധ്യമങ്ങൾ പുറത്ത് വിടുന്നത്.

രാവിലെ കൃത്യം 10 മണിക്കാണ് സംഭവം ആരംഭിക്കുന്നത്, ഐഡിഎഫിന്റെ 450 ബ്രിഗേഡിലെ ഒരു സൈനികൻ തൽഅൽസുൽത്താനിലെ കെട്ടിടങ്ങൾക്കിടയിൽ ഒന്നിലേക്ക് സംശയാസ്പദമായി ഒരു ഹമാസ് സൈനികൻ കടന്നു പോകുന്നതായി ശ്രദ്ധിച്ചു. ഉടനെ സൈനിക തലവന് വിവരം കൈമാറുകയും ചെയ്തു. ഉച്ചക്ക് മൂന്ന് മണിക്ക് ഇസ്രായേൽ സൈനിക ഡ്രോൺ മൂന്ന് ഹമാസ് സൈനികരെ ശ്രദ്ദിക്കുകയും തുടർന്ന് സൈനികരുള്ള കെട്ടിടത്തിന് നേരെ ടാങ്കർ ഉപയോഗിച്ച് അക്രമണം നടത്തുകയും ചെയ്തു. ഇതിലൂടെ സിൻവാറിന്റെ കയ്യിനും മറ്റും പരിക്കുകൾ പറ്റിയിരുന്നു. ഇതിനു ശേഷവും ഇസ്രായേൽ സൈനികർക്കു നേരെ രണ്ട് ഗ്രെനേഡുകള്‍ അദ്ദേഹം എറിഞ്ഞിരുന്നു. ഇതിനിടയിലാണ് ഒരു ഡ്രോൺ കെട്ടിടത്തിനുള്ളിൽ വന്നു ദൃശ്യങ്ങൾ പകർത്തിയത്. വലതുകൈ തകർന്നതിനാൽ ഇടതു കൈ കൊണ്ട് ഒരു വടി അതിനു നേരെ എറിയാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്. പിന്നീട് മരണപ്പെട്ടവരില്‍ യഹ്‌യ സിൻവാറുമായി സാദൃശ്യമുള്ളയാളെ കണ്ടതോടെയാണ് ഇസ്റാഈല്‍ ആ വിവരം പുറത്തുവിടുന്നത്.
 
അനന്തരഫലങ്ങൾ

വീഡിയോ ദൃശ്യങ്ങളും മറ്റും പുറത്ത് വിട്ടത് ഇസ്രായേലിന് തന്നെ അന്താരാഷ്ട്ര തലത്തിൽ മാനക്കേടാണുണ്ടാക്കിക്കിയിരിക്കുകയാണ്. സിൻവാർ ധീരനായ പോരാളി ആണെന്നും ഈ ദൃശ്യങ്ങൾ ഇനി വരാനിരിക്കുന്ന ഒരായിരം തലമുറകൾക്ക് ഊർജം നൽകുമെന്നുമാണ് ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഖിർ കലിബാഫ് പ്രതികരിച്ചത്. സംഭവത്തെ തുടർന്ന് ഉടനെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അഭിനന്ദനമറിയിച്ച് നെതന്യാഹുവിനെ ഫോണിൽ വിളിക്കുകയും ഇസ്രായേലിൽ ആകമാനം ആഘോഷ പരിപാടികൾ നടത്തപ്പെടുകയും ചെയ്തു.

ധീരോദാത്തമായ ഈ മരണത്തോടെ, യഹ്‌യ സിൻവാർനെതിരെ അമേരിക്കൻ-ഇസ്രായേൽ മാധ്യമങ്ങള്‍ നിരന്തരം തൊടുത്ത് വിട്ട പൊള്ള വാദങ്ങൾ വീണുടയുകയാണുണ്ടായത്. നിരന്തരമായി ഇസ്രായേൽ സൈന്യം ഹൈ ഡെവലപ്പ്ഡ് ചേസിങ് ടെക്നോളജികളും അന്വേഷണങ്ങളും നടത്തിയിട്ടും പിടി കിട്ടാത്ത സിൻവാർ ഗാസയിലെ ഭൂഗർഭ തുരങ്കങ്ങളിൽ നിന്നു കൊണ്ട് യുദ്ധം നിയന്ത്രിക്കുന്നുവെന്നും ജീവനറ്റ് മരിച്ചു വീഴുന്ന പോരാളികളെ മറയാക്കി ഭൂഗർഭ അറകളിൽ അദ്ദേഹം സുഖമായി ജീവിക്കുന്നുവെന്നും അടക്കമുള്ള വാദങ്ങളുടെ പൊളിച്ചെഴുത്തായിരുന്നു ഇത്. തന്റെ അവസാന ശ്വാസം വരെ അധിനിവേശ ശക്തിയോട് യുദ്ധം ചെയ്തും തന്റെ സഹപോരാളികളോടൊപ്പം മുൻനിരയിൽ നിന്നും പോരാണ്ടിക്കൊണ്ടിരുന്ന നിസ്വാർത്ഥ പോരാളിയായിരുന്നുവദ്ദേഹം എന്ന് ഇതോടെ ലോകം സാക്ഷ്യം വഹിച്ചിരിക്കുകയാണ്. 

അതേ സമയം, സഊദി, യു.എ.ഇ അടക്കമുള്ള മുസ്‍ലിം നാടുകളിലെ ചിലര്‍ ജോ ബൈഡനെ പോലും നാണിപ്പിക്കും വിധം രംഗത്ത് വന്നത് ഏറെ സങ്കടകരവും അതിലേറെ ലജ്ജാകരവുമാണെന്ന് പറയാതെ വയ്യ. പല രാജ്യങ്ങളും മൗനം അവലംബിക്കുന്നതും പ്രതിഷേധാര്‍ഹം തന്നെ. ഏറ്റവും ഒടുവിൽ അമേരിക്കയിലെ ടൈം മാഗസിന്റെ മുഖചിത്രത്തില്‍ യഹ്‌യ സിൻവാറിനെയും അഡോൾഫ് ഹിറ്റ്ലറിനെയും താരതമ്യപ്പെടുത്തി രണ്ടു പേരുടെയും ഫോട്ടോയിൽ ചുവന്ന "x" ചിഹ്നം വെച്ചത് സോഷ്യൽ മീഡിയ കളിലും മറ്റും വലിയ ബഹളം ഉണ്ടാക്കിയിരുന്നു.

സിൻവാറിന്റെ മരണ ശേഷം ഹമാസിന്റെ ബലഹീനതയും അറബ് രാജ്യങ്ങളുടെ മൗനവും ചൂഷണം ചെയ്ത് ഗാസ മുഴുവനായി ഒഴിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ഇസ്രായേൽ. എന്നാല്‍ ശക്തമായ ചെറുത്തു നിൽപ്പാണ് ഇപ്പോഴും ഗസ്സയും ഹമാസും നടത്തിക്കൊണ്ടിരിക്കുന്നത്. തൂഫാനുല്‍അഖ്സയുടെയും ഹമാസിന്റെയും നിയന്ത്രണം ആരുടെ കൈകളിലായിരിക്കുമെന്നും വരുംദിനങ്ങള്‍ എങ്ങനെയായിരിക്കുമെന്നും നമുക്ക് കാത്തിരുന്ന് കാണാം.
 

References:
അൽജസീറ ന്യൂസ് 
ബിബിസി ലൈവ് 
https://www.aljazeera.net/encyclopedia
വിക്കിപീഡിയ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter