ഇമാം ദാവൂദ് അൽളാഹിരി: ജീവിതവും കർമശാസ്ത്ര ചിന്തകളും
ഇസ്ലാമിക കർമശാസ്ത്രത്തിന്റെ ചരിത്രം വ്യത്യസ്ത വൈജ്ഞാനിക സമീപനങ്ങളുടെയും ഗവേഷണ രീതികളുടെയും വികാസത്തിന്റെ ചരിത്രം കൂടിയാണ്. ഈ പാരമ്പര്യത്തിൽ സവിശേഷ സ്ഥാനം വഹിക്കുന്ന വ്യക്തിയാണ് ഇമാം ദാവൂദ് അൽളാഹിരി(റ). ഖുർആനിലെയും സുന്നത്തിലെയും പ്രമാണങ്ങളുടെ പ്രത്യക്ഷാർഥത്തിന് പ്രാധാന്യം നൽകുകയും ഖിയാസിനെ നിരാകരിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ സമീപനം കർമശാസ്ത്രലോകത്ത് ശ്രദ്ധേയമായ ചർച്ചകൾക്ക് വഴിവെച്ചു.[1] അദ്ദേഹം സ്ഥാപിച്ച ളാഹിരീ മദ്ഹബ് മറ്റു സുന്നീ മദ്ഹബുകളിൽനിന്ന് വ്യത്യസ്തമായ രീതിശാസ്ത്രമാണ് മുന്നോട്ടുവെച്ചത്.
ജീവിതവും വൈജ്ഞാനിക പശ്ചാത്തലവും
ഇമാം ദാവൂദ് ബിൻ അലി അൽഇസ്ഫഹാനി അൽളാഹിരി എന്നാണ് അദ്ദേഹത്തിന്റെ പൂർണനാമം. അബൂ സുലൈമാൻ എന്ന പേരിലും അറിയപ്പെട്ടു. കുടുംബത്തിന്റെ ഉത്ഭവം ഇസ്ഫഹാനുമായി ബന്ധപ്പെട്ടതിനാൽ അൽഇസ്ഫഹാനി എന്ന് പേര് ചേര്ത്താണ് അദ്ദേഹം അറിയപ്പെടുന്നത്. ജന്മസ്ഥലമായി കൂഫയാണ് ജീവചരിത്രഗ്രന്ഥങ്ങൾ പൊതുവെ പരാമർശിക്കുന്നത്. ഹിജ്റ 200-ലോ 202-ലോ ആണ് അദ്ദേഹം ജനിച്ചതെന്ന് ചില സ്രോതസ്സുകൾ രേഖപ്പെടുത്തുന്നു. ഹിജ്റ 270-ൽ (ക്രി.വ. 884) ബഗ്ദാദിൽവെച്ചാണ് അദ്ദേഹം മരണപ്പെടുന്നത്.[2]
അക്കാലത്ത് ബഗ്ദാദ് ഇസ്ലാമിക ലോകത്തെ പ്രധാന വൈജ്ഞാനിക കേന്ദ്രങ്ങളിലൊന്നായിരുന്നു. ഹദീസ്, കർമശാസ്ത്രം, ഭാഷാശാസ്ത്രം, ദൈവശാസ്ത്രം തുടങ്ങിയ വിജ്ഞാനശാഖകളിൽ ഗൗരവപൂർവ്വമായ പഠനങ്ങളും ചർച്ചകളും അവിടെ നടന്നിരുന്നു. ഈ അന്തരീക്ഷത്തിലാണ് ദാവൂദ് ളാഹിരിയുടെ ചിന്തകൾ രൂപപ്പെടുന്നത്. അബൂ ഥൗർ അൽകല്ബി, ഇസ്ഹാഖ് ബിൻ റാഹവൈഹ് തുടങ്ങിയ പ്രമുഖ പണ്ഡിതന്മാരിൽനിന്ന് അദ്ദേഹം ഹദീസിലും കർമശാസ്ത്രത്തിലും അവഗാഹം നേടി.[3]
ആദ്യകാലത്ത് ഇമാം ദാവൂദ്(റ) ശാഫിഈ മദ്ഹബിനോട് ആഭിമുഖ്യം പുലർത്തിയിരുന്നതായും ഇമാം ശാഫിഈയുടെ മഹത്ത്വത്തെക്കുറിച്ച് ഗ്രന്ഥരചന നടത്തിയതായും ചരിത്രസ്രോതസ്സുകൾ പരാമർശിക്കുന്നു.[4] ഹി. 204-ൽ ഇമാം ശാഫിഈ(റ) മരണപ്പെടുമ്പോൾ ദാവൂദ് ശൈശവത്തിലായിരുന്നതിനാൽ അദ്ദേഹത്തെ നേരിൽ കണ്ടിരുന്നില്ല. ആ പാരമ്പര്യത്തിലെ പണ്ഡിതന്മാരിലൂടെയായിരുന്നു ബന്ധം. പിന്നീടാണ് അദ്ദേഹം സ്വന്തമായ രീതിശാസ്ത്രം രൂപപ്പെടുത്തിയത്. ബഗ്ദാദിലെ അദ്ദേഹത്തിന്റെ പഠനസദസ്സുകളിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തിരുന്നു. വിജ്ഞാനത്തോടുള്ള പ്രതിബദ്ധതയും സ്വതന്ത്രമായ കർമശാസ്ത്ര നിലപാടുകളും അദ്ദേഹത്തെ അക്കാലത്തെ മറ്റു പണ്ഡിതന്മാരിൽനിന്ന് വ്യത്യസ്തനാക്കി.
ളാഹിരീ മദ്ഹബിന്റെ രൂപീകരണം
ദാവൂദ് അൽളാഹിരിയുടെ ഏറ്റവും പ്രധാന സംഭാവന ളാഹിരീ മദ്ഹബിന്റെ രൂപീകരണമാണ്. അറബിയിലെ ളാഹിർ (ظاهر) എന്ന പദത്തിന് പ്രത്യക്ഷമായത്, വ്യക്തമായി മനസ്സിലാകുന്നത് എന്നിങ്ങനെയാണ് അർഥം. പ്രമാണങ്ങളുടെ പ്രത്യക്ഷാർഥത്തെ അടിസ്ഥാനമാക്കി വിധികൾ കണ്ടെത്തിയതിനാലാണ് ഈ മദ്ഹബ് ളാഹിരീ എന്ന പേരിൽ അറിയപ്പെട്ടത്. പ്രമാണത്തിൽ വ്യക്തമായി സ്ഥാപിക്കപ്പെടാത്ത വിധികൾ സ്വതന്ത്രമായ അനുമാനങ്ങളിലൂടെ നിർണയിക്കുന്നതിനെ ഈ സമീപനം ചോദ്യം ചെയ്തു.
എന്നാൽ ഇതിനെ വെറും അക്ഷരാർഥവാദമായി മാത്രം മനസ്സിലാക്കുന്നത് ശരിയല്ല. പ്രമാണങ്ങളുടെ ഭാഷ, പൊതുവായതും പ്രത്യേകവുമായ പ്രയോഗങ്ങൾ, പ്രമാണങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ വിഷയങ്ങളും ഈ സരണിയിലെ ചർച്ചകളുടെ ഭാഗമായിരുന്നു. വ്യക്തമായ പ്രമാണമില്ലാതെ ഒരു കാര്യം നിർബന്ധമെന്നോ നിരോധിതമെന്നോ സ്ഥാപിക്കരുതെന്നതും, പ്രമാണം മൗനം പാലിച്ച വിഷയങ്ങളിൽ മനുഷ്യൻ ബാധ്യതയിൽനിന്ന് മുക്തനാണെന്നതും (ബറാഅത്തുൽ അസ്ലിയ്യ) ഈ രീതിയുടെ അടിസ്ഥാന തത്ത്വങ്ങളായിരുന്നു.
പ്രമാണങ്ങളോടും ഖിയാസിനോടുമുള്ള സമീപനം
ഖുർആനും സുന്നത്തും അടിസ്ഥാന പ്രമാണങ്ങളാണെന്ന കാര്യത്തിൽ മുസ്ലിം പണ്ഡിതന്മാർക്കിടയിൽ പൊതുവായ യോജിപ്പുണ്ട്. അവയിൽനിന്ന് പുതിയ വിധികൾ എങ്ങനെ കണ്ടെത്തണം എന്നതിലാണ് സമീപനങ്ങൾ വ്യത്യസ്തമാകുന്നത്. ദാവൂദ്(റ) ഖുർആനിന്റെയും സുന്നത്തിന്റെയും പ്രത്യക്ഷാർഥത്തിന് പ്രാധാന്യം നൽകി. സ്വഹാബിമാരുടെ ഇജ്മാഅ് പ്രമാണമായി അംഗീകരിച്ചു. എന്നാൽ ഖിയാസ്, വ്യക്തിപരമായ അഭിപ്രായം (റഅ്യ്), ഇസ്തിഹ്സാൻ എന്നിവയെ സ്വതന്ത്ര പ്രമാണങ്ങളായി അംഗീകരിച്ചില്ല.[5] അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും ചേർത്തുപറയുന്ന വിധികൾക്ക് വ്യക്തമായ പ്രമാണാടിത്തറ വേണമെന്നതായിരുന്നു ഈ നിലപാടിന്റെ കേന്ദ്രബിന്ദു. ഇജ്തിഹാദിനെ പൂർണമായി ഉപേക്ഷിക്കണമെന്നതായിരുന്നില്ല അതിന്റെ സാരം; അംഗീകരിക്കാവുന്ന രീതികളുടെ പരിധിയെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
ദാവൂദ്(റ) പ്രമാണങ്ങളുടെ വ്യക്തമായ അർഥത്തിന് പുറത്തുള്ള വ്യക്തിപരമായ അഭിപ്രായത്തെ അടിസ്ഥാനമാക്കിയുള്ള നിയമനിർണയത്തെ വിമർശിച്ചു. ഒരു നിയമപരമായ തെളിവിനേക്കാൾ വ്യക്തിപരമായ മുൻഗണനയ്ക്ക് പ്രാധാന്യം നൽകുന്ന ഇസ്തിഹ്സാനെയും അദ്ദേഹം അംഗീകരിച്ചില്ല. ഒരു പ്രവൃത്തിയെ അനുവദനീയമോ നിരോധിതമോ ആയി പ്രഖ്യാപിക്കാൻ വ്യക്തമായ ശരീഅത്ത് പ്രമാണം ആവശ്യമായിരുന്നു. മനുഷ്യന്റെ വ്യക്തിപരമായ ഇഷ്ടങ്ങളോ അനുമാനങ്ങളോ മാത്രം അടിസ്ഥാനമാക്കി ദൈവിക വിധി നിർണയിക്കുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇതിലൂടെ പ്രമാണങ്ങളുടെ അധികാരവും മനുഷ്യന്റെ നിയമനിർണയശേഷിയുടെ പരിധിയും സംബന്ധിച്ച പ്രധാന ചർച്ചയ്ക്ക് അദ്ദേഹം രൂപം നൽകി. ശരീഅത്തിന്റെ വിധികൾ കണ്ടെത്തുന്നതിൽ മനുഷ്യബുദ്ധിയുടെ പങ്ക് എന്താണ്, പ്രമാണങ്ങളുടെ അർഥം എത്രത്തോളം വികസിപ്പിക്കാം, പുതിയ വിഷയത്തിൽ എന്തെല്ലാം രീതികൾ സ്വീകരിക്കാം തുടങ്ങിയ ചോദ്യങ്ങൾ ഈ ചർച്ചയുടെ ഭാഗമായിരുന്നു.
ഒരു വിഷയത്തിൽ പ്രമാണത്തിലൂടെ സ്ഥാപിക്കപ്പെട്ട വിധി, അതേ കാരണം നിലനിൽക്കുന്ന മറ്റൊരു വിഷയത്തിലേക്ക് വ്യാപിപ്പിക്കുന്ന രീതിയാണ് ഖിയാസ്. ഭൂരിപക്ഷം സുന്നീ പണ്ഡിതന്മാരും ഇതിനെ സ്വീകരിക്കുന്നുണ്ട്. ദാവൂദ്(റ) ഇതിനെ സ്വതന്ത്ര നിയമനിർണയപ്രമാണമായി അംഗീകരിച്ചില്ല; വെറും സാമ്യമോ മനുഷ്യന്റെ അനുമാനമോ മതിയാകില്ലെന്നും, വ്യക്തമായ പ്രമാണങ്ങൾക്കാണ് മുൻഗണനയെന്നും അദ്ദേഹം കരുതി. ഖിയാസിന്റെ നിരാകരണം പ്രമാണങ്ങളോടുള്ള പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നുവെന്ന് ളാഹിരീ സമീപനം വിലയിരുത്തിയപ്പോൾ, പുതിയ സാഹചര്യങ്ങളിൽ വിധികൾ കണ്ടെത്താൻ ഇത്തരം രീതികൾ അനിവാര്യമാണെന്ന് മറ്റു പണ്ഡിതന്മാർ വാദിച്ചു. അതിനാൽ ഈ തർക്കം കേവലം സാങ്കേതിക അഭിപ്രായവ്യത്യാസമായിരുന്നില്ല, പ്രമാണങ്ങളിൽനിന്ന് വിധികൾ കണ്ടെത്തേണ്ട രീതി സംബന്ധിച്ച അടിസ്ഥാനപരമായ ചർച്ചയായിരുന്നു. ഖിയാസിനോടുള്ള ഇമാം ദാവൂദിന്റെ നിലപാടിന്റെ കൃത്യമായ വ്യാപ്തിയെക്കുറിച്ച് പിൽക്കാല പണ്ഡിതന്മാർക്കിടയിൽ ചർച്ചകൾ നടന്നിട്ടുണ്ട്.[6]
ആരാധനാകർമങ്ങളിലെ നിലപാടുകൾ: ചില ഉദാഹരണങ്ങൾ
ഇമാം ദാവൂദ്(റ)ൻ്റെ സ്വന്തം കൃതികൾ ലഭ്യമല്ലാത്തതിനാൽ ഈ നിലപാടുകൾ പിൽക്കാല ഗ്രന്ഥങ്ങളിലെ ഉദ്ധരണികളെ ആശ്രയിച്ചുള്ളവയാണ്, ചില വിഷയങ്ങളിൽ നിവേദനങ്ങൾ വ്യത്യസ്തവുമാണ്. വുദൂഇൽ തല തടവുന്നതിനെക്കുറിച്ചുള്ള ഖുർആനിക നിർദേശത്തിൽനിന്ന് തല മുഴുവൻ തടവണമെന്ന നിബന്ധന അദ്ദേഹം നിർബന്ധമായി കണ്ടില്ല. ശരീരത്തിൽനിന്ന് രക്തം പുറത്തുവരുന്നതുകൊണ്ടുമാത്രം വുദൂഅ് മുറിയുമെന്ന് വ്യക്തമാക്കുന്ന പ്രമാണമില്ലെന്ന നിലപാടും അദ്ദേഹത്തിനുണ്ടായിരുന്നു.[7] ആരാധനാകർമങ്ങളിൽ ഒരു നിബന്ധനയോ നിരോധനമോ സ്ഥാപിക്കാൻ വ്യക്തമായ ശറഈ പ്രമാണം ആവശ്യമായിരുന്നു എന്ന രീതിശാസ്ത്രമാണ് ഇത്തരം അഭിപ്രായങ്ങൾ വ്യക്തമാക്കുന്നത്.
നായയുടെ ശുദ്ധിയെക്കുറിച്ചുള്ള നിലപാടും ഇതിന്റെ ഉദാഹരണമായി പരാമർശിക്കപ്പെടാറുണ്ട്. നായ നക്കിയ പാത്രം ഏഴുതവണ കഴുകണമെന്ന ഹദീസ്, നായയുടെ ശരീരം മുഴുവൻ അശുദ്ധമാണെന്ന് തെളിയിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം. ഹദീസിൽ വ്യക്തമായി പരാമർശിച്ച പ്രവൃത്തിയുടെ വിധി ഖിയാസിലൂടെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനെ അദ്ദേഹം അംഗീകരിച്ചിരുന്നില്ല. മദ്യത്തിന്റെ കാര്യത്തിലും, സൂറത്തുൽ മാഇദയിലെ തൊണ്ണൂറാം വചനത്തിലെ രിജ്സ് എന്ന പദം ഭൗതികമായ അശുദ്ധിയെ മാത്രമല്ല, മതപരമായ നിന്ദ്യതയെയും സൂചിപ്പിക്കാമെന്ന് അദ്ദേഹം വ്യാഖ്യാനിച്ചു. ഒരു വസ്തുവിന്റെ ഉപയോഗം നിരോധിക്കപ്പെട്ടതുകൊണ്ട് അതിന്റെ ഭൗതിക അശുദ്ധി സ്വയം അനുമാനിക്കരുതെന്ന സമീപനമാണ് ഇവിടെ ശ്രദ്ധേയം.[8]
ഇതോടൊപ്പം, ഇമാം ദാവൂദിന്റെ ചിന്തയിൽ പ്രധാന സ്ഥാനമുണ്ടായിരുന്ന മറ്റൊരു തത്ത്വമാണ് മൂലാനുവദനീയത (അൽഇബാഹതുൽ അസ്ലിയ്യ). വ്യക്തമായ പ്രമാണം ലഭ്യമല്ലാത്തിടത്ത് നിരോധനം സ്വമേധയാ കൽപ്പിക്കരുതെന്ന സമീപനം. പ്രമാണം വ്യക്തമാക്കുന്ന പരിധിക്കപ്പുറം ഖിയാസിലൂടെ നിയമം വ്യാപിപ്പിക്കുന്നതിനെക്കാൾ, ലഭ്യമായ പ്രമാണത്തിന്റെ അർഥത്തിലും പരിധിയിലും ഉറച്ചുനിൽക്കുന്നതിനായിരുന്നു അദ്ദേഹത്തിന്റെ മുൻഗണന. പ്രമാണങ്ങളുടെ അർഥവും പരിധിയും എങ്ങനെ നിർണയിക്കണം എന്നതിനെക്കുറിച്ചുള്ള വ്യത്യസ്തമായ കർമശാസ്ത്ര സമീപനത്തെയാണ് അവ പ്രതിനിധീകരിക്കുന്നത്.
ളാഹിരീ മദ്ഹബിന്റെ വ്യാപനവും പിൽക്കാല വികാസവും
ഇമാം ദാവൂദിന്റെ ജീവിതകാലത്തുതന്നെ അദ്ദേഹത്തിന്റെ രീതി ബഗ്ദാദിലും പരിസരത്തും ശ്രദ്ധ നേടി. മരണശേഷം മകൻ മുഹമ്മദ് ബിൻ ദാവൂദ് ഉൾപ്പെടെയുള്ളവർ ഈ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോയി. ഇറാഖ്, മധ്യേഷ്യയിലെ ചില പ്രദേശങ്ങൾ, ഉത്തരാഫ്രിക്ക, അൻഡലൂസ് തുടങ്ങിയ മേഖലകളിൽ ഈ രീതിശാസ്ത്രത്തിന് അനുയായികളുണ്ടായിരുന്നു.[9]
ഈ പാരമ്പര്യത്തിലെ ഏറ്റവും ശ്രദ്ധേയനായ പിൽക്കാല പണ്ഡിതനാണ് ഇബ്നു ഹസം അൽഅൻദലുസി. അൽഇഹ്കാം ഫീ ഉസൂലിൽ അഹ്കാം, അൽമുഹല്ലാ തുടങ്ങിയ കൃതികളിലൂടെ അദ്ദേഹം ളാഹിരീ ചിന്തയെ വിശദമായ സൈദ്ധാന്തിക ചർച്ചകളിലൂടെ വികസിപ്പിച്ചു. ഇവ ഇന്നും ളാഹിരീ രീതിശാസ്ത്രത്തെക്കുറിച്ചുള്ള പഠനങ്ങൾക്ക് പ്രധാന സ്രോതസ്സുകളാണ്. എന്നാൽ ഇമാം ദാവൂദ്(റ)ൻ്റെ എല്ലാ നിലപാടുകളും ഇബ്നു ഹസമിന്റേതിന് തുല്യമാണെന്ന് കരുതാനാവില്ല. അതിനാൽ ളാഹിരീ മദ്ഹബിന്റെ ആദ്യകാല രൂപീകരണത്തെയും പിൽക്കാല വികാസത്തെയും വേർതിരിച്ചറിയേണ്ടതുണ്ട്.
കാലക്രമേണ ളാഹിരീ മദ്ഹബിന്റെ സ്ഥാപനപരമായ സ്വാധീനം കുറഞ്ഞു. മറ്റു സുന്നീ മദ്ഹബുകൾ വിദ്യാഭ്യാസ-ന്യായവ്യവസ്ഥാ മേഖലകളിൽ ശക്തമായ സ്ഥാപനങ്ങൾ വികസിപ്പിച്ചതും വിവിധ പ്രദേശങ്ങളിൽ അവയ്ക്ക് സ്ഥിരമായ പിന്തുണ ലഭിച്ചതും ഇതിന്റെ പശ്ചാത്തലമാണ്.[10] എന്നിരുന്നാലും, ഒരു മദ്ഹബിന്റെ ചരിത്രപരമായ പ്രാധാന്യം അതിന്റെ സ്ഥാപനപരമായ വളർച്ചകൊണ്ടുമാത്രം നിർണയിക്കാനാവില്ല.
ദാവൂദ് അൽളാഹിരിയുടെ വൈജ്ഞാനിക പൈതൃകം
പ്രമാണങ്ങളുടെ പ്രത്യക്ഷാർഥത്തിനും വ്യക്തമായ തെളിവുകൾക്കും അദ്ദേഹം നൽകിയ പ്രാധാന്യം ഇസ്ലാമിക നിയമചിന്തയിൽ ഒരു പ്രത്യേക രീതിശാസ്ത്രത്തെ ശക്തമായി മുന്നോട്ടുവെച്ചു. അതേസമയം, ഖിയാസിനെ നിരാകരിക്കുന്നതിലൂടെ പുതിയ സാഹചര്യങ്ങളിൽ വിധികൾ കണ്ടെത്താനുള്ള സാധ്യതകൾ പരിമിതപ്പെടുമെന്ന വിമർശനം മറ്റു പണ്ഡിതന്മാർ ഉന്നയിച്ചു. പ്രമാണങ്ങളുടെ പ്രത്യക്ഷാർഥം എങ്ങനെ നിർണയിക്കണം, അവയുടെ പൊതുവായ അർഥം പുതിയ സാഹചര്യങ്ങളിൽ എങ്ങനെ പ്രയോഗിക്കണം തുടങ്ങിയ വിഷയങ്ങളിലും വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിന്നു.
ഇമാം ദാവൂദ്(റ)ൻ്റെ പേരിൽ നിരവധി ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടതായി ചരിത്രസ്രോതസ്സുകൾ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ അവയൊന്നും ഇന്ന് പൂർണരൂപത്തിൽ ലഭ്യമല്ല. ഇബ്നു നദീമിന്റെ അൽഫിഹ്രിസ്ത് ഉൾപ്പെടെയുള്ള സ്രോതസ്സുകൾ ഖിയാസ്, തഖ്ലീദ്, ഖബറുൽവാഹിദ്, ഇജ്മാഅ് തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ പേരിൽ രചനകളുടെ പട്ടിക നൽകുന്നുണ്ട്.[11] അതിനാൽ അദ്ദേഹത്തിന്റെ ചിന്തകളെക്കുറിച്ചുള്ള നമ്മുടെ അറിവ് പ്രധാനമായും ജീവചരിത്രഗ്രന്ഥങ്ങൾ, പിൽക്കാല പണ്ഡിതന്മാരുടെ രേഖകൾ, ഉദ്ധരണികൾ എന്നിവയെ ആശ്രയിച്ചാണ് രൂപപ്പെടുന്നത്; സ്രോതസ്സുകളുടെ വിശ്വാസ്യതയും പിൽക്കാല വ്യാഖ്യാനങ്ങളുടെ സ്വാധീനവും ശ്രദ്ധിക്കേണ്ടതുണ്ട്.
ഇമാം ദാവൂദ് അൽളാഹിരി (റ) ഇസ്ലാമിക കർമശാസ്ത്രചരിത്രത്തിലെ സവിശേഷമായ ഒരു വൈജ്ഞാനിക വ്യക്തിത്വമാണ്. പ്രമാണങ്ങളുടെ പ്രത്യക്ഷാർഥത്തിന് നൽകിയ പ്രാധാന്യവും ഖിയാസിനോടുള്ള വിയോജിപ്പും ളാഹിരീ മദ്ഹബിനെ മറ്റു പാരമ്പര്യങ്ങളിൽനിന്ന് വ്യത്യസ്തമാക്കി. അദ്ദേഹത്തിന്റെ രീതിശാസ്ത്രം വിമർശനങ്ങൾക്ക് വഴിവെച്ചെങ്കിലും, പ്രമാണങ്ങളുടെ അധികാരം, വിധികളുടെ അടിത്തറ, ഇജ്തിഹാദിന്റെ പരിധി തുടങ്ങിയ വിഷയങ്ങളിലെ വൈജ്ഞാനിക സംവാദങ്ങളെ സമ്പന്നമാക്കാൻ അത് സഹായിച്ചു.
ഒരു മദ്ഹബിന്റെ പ്രാധാന്യം അനുയായികളുടെ എണ്ണത്തിൽ മാത്രം ഒതുങ്ങുന്നില്ല; അത് ഉയർത്തിയ ചോദ്യങ്ങൾക്കും മുന്നോട്ടുവെച്ച രീതിശാസ്ത്രത്തിനും അതിൽ സ്ഥാനമുണ്ട്. ഈ അർഥത്തിൽ ഇമാം ദാവൂദ് അൽളാഹിരിയുടെ ജീവിതവും കർമശാസ്ത്രചിന്തകളും ഇസ്ലാമിക വിജ്ഞാനപാരമ്പര്യത്തിലെ ചിന്താവൈവിധ്യം മനസ്സിലാക്കാൻ സഹായിക്കുന്ന പ്രധാന പഠനവിഷയമാണ്.
ലേഖകനെ കുറിച്ച്
ദാറുല്ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി വിദ്യാര്ത്ഥിയാണ് ലേഖകന്. ഇസ്ലാമിക കര്മ്മശാസ്ത്രം, ബൗദ്ധിക പാരമ്പര്യം എന്നിവയാണ് താല്പര്യ മേഖലകള്. ഇസ്ലാമിക ലോകത്തെ പണ്ഡിതരുടെ സംഭാവനകളെയും അവരുടെ ചിന്താരീതികളെയും വെളിച്ചത്ത് കൊണ്ടുവരുകയാണ് അദ്ദേഹം എഴുത്തിലൂടെ ലക്ഷ്യം വെക്കുന്നത്.
Reference
[1]Amr Osman, The Zahiri Madhhab (3rd/9th–10th/16th Century): A Textualist Theory of Islamic Law (Doctoral thesis, Princeton University, 2010), p. 27.
[2]Al-Khatib al-Baghdadi, Tarikh Baghdad, vol. 8, p. 244; Ibn Khallikan, Wafayat al-A'yan wa Anba' Abna' al-Zaman, vol. 2.
[3]Al-Dhahabi, Siyar A'lam al-Nubala', vol. 12, p. 72; vol. 11, p. 372.
[4]Al-Subki, Tabaqat al-Shafi'iyya al-Kubra, vol. 1; Siham al-Ghrisi Alawi, Madhhab al-Zahiriyya fi Bilad al-Gharb al-Islami (2018), p. 31.
[5]Nur al-Din al-Khadimi, Al-Dalil 'inda al-Zahiriyya (Beirut: Dar Ibn Hazm, 1993), pp. 41–43, 49; Osman, The Zahiri Madhhab, p. 27.
[6]Al-Subki, Tabaqat al-Shafi'iyya al-Kubra, vol. 2, p. 290; Ibn Abd al-Barr, Jami' Bayan al-'Ilm wa Fadlih, vol. 2, pp. 63–64; Salam Madkur, Manahij al-Ijtihad fi al-Islam, p. 700.
[7]Al-Nawawi, Al-Majmu' Sharh al-Muhadhdhab, vol. 1, p. 386; vol. 2, p. 54.
[8]Al-Nawawi, Al-Majmu' Sharh al-Muhadhdhab, vol. 1, pp. 581, 583, 597.
[9]Muhammad Abu Zahra, Tarikh al-Madhahib al-Islamiyya, p. 511; Ghrisi, Madhhab al-Zahiriyya, pp. 44–48.
[10]Ghrisi, Madhhab al-Zahiriyya, pp. 45–46; Abu Zahra, Tarikh al-Madhahib al-Islamiyya, p. 511.
[11]Ibn al-Nadim, Kitab al-Fihrist, pp. 303, 305.



Leave A Comment