അബ്ബാസ് ഇബ്‌നു ഫര്‍നാസ്, ലോകം കണ്ട ആദ്യവൈമാനികന്‍
ലോകം കണ്ട എക്കാലത്തെയും മികച്ച ശാസ്ത്രജ്ഞന്മാരിലൊരാളാണ് ഒമ്പതാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ ജീവിച്ച അബ്ബാസ് ഇബ്‌നു ഫര്‍നാസെന്ന യൂഗപുരുഷന്‍. യൂറോപിന്റെ അന്ധകാരമെന്ന് പലപ്പോഴും ചരിത്രം വിശേഷിപ്പിക്കാറുള്ള മിഡീവല്‍ കാലഘട്ടത്തിലെ, മുസ്‍ലിം ലോകത്തിന്റെ അല്‍ഭുതാവഹമായ സംഭാവനകളായിരുന്നു ഇത്തരം ഒരു പിടി ശാസ്ത്രപടുക്കള്‍. മോഡേണ്‍ സര്‍ജറിയുടെ പിതാവെന്ന് ചരിത്രം വായ്ത്തുന്ന അബുല്‍ ഖാസിം സഹ്‌റാവിയും ബോട്ടണിയുടെ പഠനങ്ങളില്‍ എക്കാലവും മികച്ചുനില്‍ക്കുന്ന ഇബ്‌നു അവ്വാമും Tables of Toledo അടക്കം ഗോളശാസ്ത്രത്തില്‍ എന്നുമോര്‍ക്കപ്പെടുന്ന അനവധിസംഭാവനകള്‍ നല്‍കിയ ഇമാം അബൂ ഇസ്ഹാഖ് അല്‍ സര്‍ഖലിയുമെല്ലാം ലോകത്തിന് വഴി കാണിച്ച ചരിത്രപുരുഷന്മാരില്‍ ചിലരാണ്. യൂറോപ്പിന്റെ ഭാഗമായ സ്പെയ്ന്‍ ആണ് ഇവക്കെല്ലാം കളമൊരുക്കിയത്.
ആദ്യമായി വിമാനം കണ്ടെത്തിയെന്ന് നമ്മളിന്ന് വിശ്വസിക്കുന്ന റൈറ്റ് സഹോദരങ്ങള്‍ക്കും നൂറ്റാണ്ടുകള്‍ മുന്നേ ചരിത്രത്തിലാദ്യമായി മനുഷ്യന് പറക്കാന്‍ കഴിയുമെന്ന് അബ്ബാസ് ബിന്‍ ഫര്‍നാസ് തെളിയിച്ചിരുന്നു. തന്റെ രണ്ടുകൈയ്യിലും ചിറകുപോലെയൊന്ന് ഘടിപ്പിച്ച് എത്രയോ ഉയരങ്ങളില്‍ നിന്ന് താഴേക്ക് ചാടി, അല്‍പസമയം അന്തരീക്ഷത്തിലൂടെ പാറി നടന്ന് അദ്ദേഹം ചരിത്രത്തിലിടം പിടിച്ചു. അപ്രകാരം മനുഷ്യചരിത്രത്തില്‍ തന്നെയാദ്യമായി മനുഷ്യന്റെ പറക്കലെന്ന സ്വപ്‌നത്തിന് അയള്‍ ചിറക്മുളപ്പിച്ചു.
AD 810 - ല്‍ ഇസ്‍ലാമിക് സ്‌പൈനിലാണ് അബ്ബാസ് ഇബ്‌നു ഫര്‍നാസ് പിറവികൊള്ളുന്നത്. വെറുമൊരു ശാസ്ത്രജ്ഞാനിയെന്നതിലപ്പുറം എഞ്ചിനീയറും കവിയും ഫിസിഷനുമെല്ലാമായിരുന്നു അദ്ദേഹം. എക്കാലത്തേയും സകലകലാവല്ലഭന്മാരിലൊരാള്‍. പറക്കുകയെന്നുള്ള തന്റെ തീവ്രാഭിലാശത്തിനപ്പുറം ആ കാലത്ത് അജ്ഞമായ പല കണ്ടെത്തലുകളും അദ്ദേഹം നടത്തിയിരുന്നു. അദ്ദേഹം കണ്ടുപിടിച്ച പല ആശയങ്ങളും ഇന്നും ശാസ്ത്രജ്ഞന്മാര്‍ പഠനവിധേയമാക്കുന്ന ഒന്നാണ്. പഴയ കാലത്ത് സമയമറിയിക്കാനുള്ള അലാറമായി ഉപയോഗിച്ചിരുന്ന ജലഘടികാരം (Water clock) ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തമായിരുന്നു. കാഴ്ചയുടെ പരിമിധികള്‍പ്പുറം മനുഷ്യന്റെ നഗ്നനേത്രങ്ങള്‍ക്ക് സഹായകമായി ഉപയോഗിച്ചിരുന്ന വായനാകല്ലിന് (Reading stone) പിന്നിലെ കൈകളും ഇദ്ദേഹത്തിന്റേത് തന്നെ.
വളരെ ചുരുങ്ങിയ ആയുഷ്‌കാലം കൊണ്ടുതന്നെ ശാസ്ത്രത്തിന്റെ നിഖിലമേഖലകളിലും കൈയ്യൊപ്പു ചാര്‍ത്തിയ അദ്ദേഹം തന്റെ അവസാന സമയത്താണ് മനുഷ്യരാശിക്ക് പറക്കാന്‍ കഴിയുമെന്ന ആശയത്തിന് ചിറകുകൊടുക്കുന്നത്. പക്ഷെ ഈയൊരു ശ്രമം പൂര്‍ണ്ണമായും വിജയം കണ്ടെന്ന് നമുക്ക് പറയാന്‍ സാധിക്കില്ല. ഒരു പരിധിവരെ ഈയൊരാശയത്തെ ഉയര്‍ത്തിയെടുക്കാന്‍ സാധിച്ചുവെന്നേ ചരിത്രരേഖകളില്‍ നമുക്ക് കാണാനാകൂ.
അന്ന് സ്‌പൈനില്‍ നിലവിലുണ്ടായിരുന്ന അത്യാവശ്യം വലിപ്പമുള്ള ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടിയാണ് അദ്ദേഹം തന്റെ പരീക്ഷണം നടത്തിയത്. പരീക്ഷണം ഒരു പരിധിവരെ വിജയം കണ്ടെങ്കിലും അവസാനം ലാന്‍ഡിങ്ങില്‍ വന്ന പിഴവുകാരണം തന്റെ കൈകളില്‍ ഘടിപ്പിച്ച നിര്‍മിതച്ചിറകുകളുടെ നിയന്ത്രണം നഷ്ടമാവുകയും താഴേക്കുപതിക്കുകയുമായിരുന്നു. ഉയരക്കൂടുതലുണ്ടായതു കൊണ്ട് തന്നെ താഴെവീണ അദ്ദേഹത്തിന്റെ നട്ടെല്ലിന് സാരമായിതന്നെ പരിക്കേല്‍ക്കുകയും ഈയൊരു രോഗത്തില്‍ അദ്ദേഹം മരണപ്പെടുകയും ചെയ്തു. AD 887 ലായിരുന്നു അത്.
Leave A Comment