ഇഖ്റഅ് 18. വിശ്വാസിക്ക് വാക്കുകള്‍ പാലിക്കാനുള്ളതാണ്

ഹിജ്റ 583, റജബ് 27, മസ്ജിദുല്‍ അഖ്സാ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ കൈകളിലെത്തിയത് അന്നായിരുന്നു. അല്ലാഹുവിന് നന്ദി രേഖപ്പെടുത്തി അദ്ദഹം സുജൂദില്‍ വീണു. ആ കണ്ണുകള്‍ നിറഞ്ഞൊലിക്കുന്നുണ്ടായിരുന്നു, കൂടെയുള്ളവര്‍ക്കും സന്തോഷാശ്രുക്കള്‍ പിടിച്ചുനിര്‍ത്താനായില്ല. 

തുടര്‍ന്ന് അദ്ദേഹം അവിടെയുണ്ടായിരുന്ന ക്രിസ്തീയരോട് സ്വീകരിച്ച സമീപനം ഇന്നും ചരിത്രത്തിലെ പുളകിത രംഗങ്ങളാണ്. യുദ്ധമോ രക്തച്ചൊരിച്ചിലോ അല്‍പം പോലുമില്ലാതെയാവണം ഖുദ്സിന്റെ വിജയമെന്ന് അദ്ദേഹം ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു. സൈനികമായി വിജയം വരിക്കാനുള്ള എല്ലാ സാഹചര്യവുമുണ്ടായിട്ടും, സമാധാന പൂര്‍ണ്ണമായ കൈമാറ്റത്തിനായി അന്നത്തെ ഖുദ്സ് രാജാവുമായി അദ്ദേഹം അനേകം കത്തിടപാടുകള്‍ നടത്തി. അവസാനം, പുരുഷന്മാര്‍ പത്ത് ദീനാര്‍ വീതവും സ്ത്രീകള്‍ അഞ്ച് ദീനാര്‍ വീതവും കുട്ടികള്‍ രണ്ട് ദീനാര്‍ വീതവും മോചന ദ്രവ്യം നല്കുന്ന പക്ഷം, മുസ്‍ലിംകളോട് വിവിധങ്ങളായ ക്രൂരതകള്‍ കാണിച്ച അവിടെ താമസിച്ചിരുന്ന പറങ്കികളെ പോലും സ്വതന്ത്രരായി വിട്ടയക്കാം എന്ന നിബന്ധനയോടെയാണ് അദ്ദേഹം ഖുദ്സിന്റെ നിയന്ത്രണം ഏറ്റെടുത്തത്.

അത് പ്രകാരം, ഭൂരിഭാഗ പേരും, പറഞ്ഞ സമയത്തിനകം തന്നെ മോചനമൂല്യം നല്കി ക്രിസ്ത്യന്‍ നാടുകളിലേക്ക് യാത്രയായി. തങ്ങളുടെ സമ്പാദ്യങ്ങളെല്ലാം എടുത്തായിരുന്നു അവരൊക്കെ പോയത്. കൂട്ടത്തില്‍, കണക്കില്ലാത്ത തന്റെ സമ്പാദ്യവുമായി അവിടത്തെ പാട്രിയാര്‍ക്കും ഖുദ്സ് വിട്ടു പോയി. മോചനതുക നല്കാന്‍ സാധിക്കാതെ നില്ക്കുകയായിരുന്ന തന്റെ ക്രിസ്ത്യന്‍ സുഹൃത്തുക്കളെ മോചിപ്പിക്കാന്‍ ആവശ്യമായത് പോലും അതില്‍നിന്ന് നല്കാന്‍ അയാള്‍ തയ്യാറായില്ല. മനുഷ്യത്വമേതുമില്ലാതെ വലിയ സമ്പാദ്യവുമായി പോവുന്ന അയാളെ നോക്കി, കൂടെയുള്ളവര്‍ അയ്യൂബിയോട് ഇങ്ങനെ പറഞ്ഞു, അയാളെ ആ സമ്പാദ്യമെല്ലാമായി അങ്ങനെയങ്ങ് പോകാന്‍ അനുവദിക്കരുത്. അവയെല്ലാം അദ്ദേഹം ഈ നില്ക്കുന്ന പാവം ജനങ്ങളില്‍നിന്നെല്ലാം പിരിച്ചെടുത്തതാണ്.  അയ്യൂബി ഒട്ടും ചിന്തിക്കാതെ തന്നെ പറഞ്ഞു, ഇല്ല, അദ്ദേഹത്തെ തടയാന്‍ എനിക്കാവില്ല. പുരുഷന്മാര്‍ പത്ത് ദീനാര്‍ തരുന്ന പക്ഷം, സമ്പാദ്യങ്ങളെല്ലാം എടുത്ത് സുരക്ഷിതമായി പുറത്ത് പോകാന്‍ അനുവദിക്കാം എന്ന് ഞാന്‍ അവര്‍ക്ക് വാക്ക് കൊടുത്തതാണ്. അദ്ദേഹം ആ തുക തന്നിട്ടുണ്ട്. എനിക്ക് എന്റെ വാക്ക് പാലിക്കാതിരിക്കാനാവില്ല, അല്ലാത്ത പക്ഷം, പടച്ച തമ്പുരാന് മുന്നില്‍ ഞാന്‍ മറുപടി പറയേണ്ടിവരും.

ഈ വാക്കുകള്‍ കേട്ട് അവിടെയുണ്ടായിരുന്ന ക്രിസ്ത്യന്‍ പറങ്കി സുഹൃത്തുക്കള്‍ക്ക് പോലും അല്ഭുതം അടക്കാനായില്ല. അതിന് ഏകദേശം ഒരു നൂറ്റാണ്ട് സമാനമായ കരാറുകളോടെ മുസ്‍ലിംകള്‍ കീഴടങ്ങിയ സമയത്ത്, എല്ലാ കരാറുകളും കാറ്റില്‍ പറത്തി ക്രിസ്ത്യന്‍ മതനേതാക്കളുടെ അനുമതിയോടെ രാജാക്കന്മാര്‍ മുസ്‍ലിംകളോട് ചെയ്ത് കൂട്ടിയിരുന്ന ക്രൂരതകള്‍ അവര്‍ പോലും മറന്നിട്ടുണ്ടായിരുന്നില്ല.

Read More : ഇഖ്റഅ് 17.ചെലവുകള്‍ക്ക് മാത്രമല്ല, വരവുകള്‍ക്കും മറുപടി പറയേണ്ടിവരും

ഇതാണ്, യഥാര്‍ത്ഥ വിശ്വാസി. മറ്റുള്ളവര്‍ക്ക് നല്കിയ വാക്കും കരാറും കൃത്യമായി പാലിക്കണമെന്നാണ് ഇസ്‍ലാം അവനെ പഠിപ്പിക്കുന്നത്. എത്ര വലിയ ശത്രുവാണെങ്കിലും അവനുമായി കരാറിലേര്‍പ്പെടുകയോ അവന് വാക്ക് നല്കുകയോ ചെയ്താല്‍, അവന്‍ പാലിക്കുന്ന കാലത്തോളം അതിനെ ലംഘിക്കാന്‍ യാതൊരു പഴുതും ഇസ്‍ലാം നല്കുന്നില്ല. വിശുദ്ധ ഖുര്‍ആന്‍ ഒന്നിലധികം ഇടങ്ങളില്‍ ഇത് വ്യക്തമായി പറയുന്നത് കാണാം. കരാര്‍ ചെയ്താല്‍ ലംഘിക്കുന്നത് കപടവിശ്വാസിയുടെ ലക്ഷണമാണെന്ന് ഒന്നിലധികം ഹദീസുകളിലും കാണാം.

ഇതരര്‍ക്ക് നല്കിയ വാക്കിന് പോലും താന്‍ ഉത്തരവാദിയാണെന്നും അത് യഥാവിധി പാലിക്കാത്ത പക്ഷം, നാളെ താന്‍ ചോദ്യം ചെയ്യപ്പെടുമെന്ന ബോധമാണ് അവനെ സദാനയിക്കുന്നത്. ഇത് നമുക്കും ജീവിതത്തില്‍ പാലിക്കാനാവണം. അപ്പോള്‍ മാത്രമാണ് നാം ഇസ്‍ലാമിന്റെ ജീവിക്കുന്ന മാതൃകകളാവുന്നത്. നാം എടുക്കുന്ന നോമ്പുകള്‍ അത്തരം ഒരു പുനരാലോചനക്ക് കൂടി വേദിയാകട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter