ഇഖ്റഅ് 14. ഖലീഫ പോലും അതീതനല്ലാത്ത നീതിന്യായം

നാലാം ഖലീഫ അലി(റ) നാട് ഭരിക്കുന്ന കാലം. ഒരു ദിവസം ജനങ്ങള്‍ക്കിടയിലൂടെ നടക്കുകയായിരുന്ന അദ്ദേഹം, തന്റെ അങ്കി ഒരു ജൂതന്റെ കൈകളില്‍ കാണാനിടയായി. ഇത് തന്റേതാണല്ലോ എന്ന് ചിന്തിച്ച അദ്ദേഹം അവകാശവാദം ഉന്നയിച്ചു. ഉടന്‍ ജൂതന്‍ പറഞ്ഞു, അല്ല, ഇത് എന്റേതാണ്. എന്താണ് തെളിവ് എന്ന് ചോദിച്ചപ്പോള്‍, ഇപ്പോള്‍ ഇതുള്ളത് എന്റെ കൈയ്യിലാണ്, കൈയ്യവകാശം തെളിവാണല്ലോ എന്നായിരുന്നു അയാളുടെ മറുപടി. സംശയമുണ്ടെങ്കില്‍ നിങ്ങള്‍ ഖാളിയോട് പരാതി ബോധിപ്പിച്ചോളൂ എന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.

പരാതിയുമായി ഖലീഫ ഖാളി ശുറൈഹിന്റെ സമീപമെത്തി. ഇരു കക്ഷികളെയും കേട്ട ഖാളി, ഇത് താങ്കളുടേത് തന്നെയാണ് തനിക്ക് ഉറപ്പാണ്, പക്ഷേ, അങ്കി ഇപ്പോഴുള്ളത് ജൂതന്റെ കൈയ്യിലാണെന്നതിനാല്‍, താങ്കളുടെ വാദത്തിന് സാക്ഷികളുണ്ടോ എന്ന് ഖലീഫയോട് ചോദിച്ചു. ഖലീഫ തന്റെ വാദത്തിന് സാക്ഷികളായി, തന്റെ സേവകന്‍ ഖന്‍ബറിനെയും മകന്‍ ഹസന്‍(റ)നെയും വിളിച്ചു. ഉടന്‍ ഖാളി പറഞ്ഞു, സേവകന്‍ ഖന്‍ബറിനെ സാക്ഷിയായി അംഗീകരിക്കാം, പക്ഷേ, മകന്‍ പിതാവിന് വേണ്ടി സാക്ഷി നില്‍ക്കുന്നത് ശരീഅത് നിയമപ്രകാരം അംഗീകരിക്കാനാവില്ല. 

ഇവരല്ലാതെ വേറെ സാക്ഷികളില്ല എന്നതിനാല്‍, അധികം വാദിക്കാന്‍ നില്ക്കാതെ അദ്ദേഹം ആ അങ്കി ജൂതനോട് എടുക്കാന്‍ പറഞ്ഞു. ഇത്രയും കണ്ടും കേട്ടും നിന്ന ആ ജൂതസഹോദരന് ഇസ്‍ലാമിലെ നീതിന്യായ വ്യവസ്ഥയുടെ കണിശതയില്‍ അല്‍ഭുതം തോന്നുകയും അദ്ദേഹം സത്യസാക്ഷ്യം മൊഴിയുകയും ചെയ്തു.

നീതിയും ന്യായവുമാണ് എല്ലാത്തിന്റെയും അടിസ്ഥാനം. അതിലൂടെയാണ് ഭൂമിയിലെ ജീവിതം സ്വസ്ഥവും സ്വഛന്ദവുമാവുന്നത്. ഇസ്‍ലാം ലക്ഷ്യമാക്കുന്നതും അത് തന്നെയാണ്. എല്ലാവര്‍ക്കും നീതിയും ന്യായവും ലഭ്യമാവുന്ന സുന്ദരമായ ലോകമാണ് അതിന്റെ പരമമായ ലക്ഷ്യം. ധര്‍മ്മയുദ്ധങ്ങളെല്ലാം അതിലേക്കുള്ള വഴികളാണ്. 

Read More: ഇഖ്റഅ് 13.നോമ്പും റമദാനും പങ്ക് വെക്കലുകളുടേതാണ്

വിശുദ്ധ ഖുര്‍ആനിലെ ഒരു സൂക്തം ഇങ്ങനെ പറയുന്നു, ഒരു ജനവിഭാഗത്തോട് നിങ്ങള്‍ക്കുള്ള വെറുപ്പ്, ഒരിക്കലും അവരോട് നീതിപൂര്‍വ്വം പെരുമാറാനും ന്യായം നടപ്പിലാക്കാനും നിങ്ങള്‍ക്ക് തടസ്സമാവാതിരിക്കട്ടെ. 

എത്രമാത്രം കൃത്യവും കണിശവും മനുഷ്യത്വപരവുമാണ് ഈ സമീപനം. നീതി നിഷേധിക്കപ്പെടുമ്പോഴാണ്, പ്രശ്നങ്ങളെല്ലാം ഉദിക്കുന്നത്. വ്യക്തികളും വീടുകളും നാടുകളും രാഷ്ട്രങ്ങളുമെല്ലാം പരസ്പരം അകലുന്നതും തമ്മില്‍ അടിക്കുന്നതും യുദ്ധങ്ങളും സംഘര്‍ഷങ്ങളുമെല്ലാം ഉണ്ടാവുന്നതും നീതിയും ന്യായവും നഷ്ടപ്പെടുമ്പോഴാണ്. ഇന്നത്തെ ലോകം ഏറ്റവും വലിയ സമാധാര പ്രശ്നമായി കാണുന്ന തീവ്രവാദി അക്രമങ്ങളിലധികവും നിഷേധിക്കപ്പെടുന്ന നീതിയുടെ അനന്തര ഫലങ്ങളാണ്.

നീതിയിലും ന്യായത്തിലും അധിഷ്ഠിതമായ ഒരു നവലോകത്തിന്റെ സൃഷ്ടിക്കായി നമുക്ക് ശ്രമിക്കാം. അത് നമുക്ക് സ്വന്തം ശരീരത്തിലും വീട്ടിലും കുടുംബത്തിലും സുഹൃത് വലയങ്ങളിലും ജോലി സ്ഥലത്തുമെല്ലാം തുടക്കം കുറിക്കാം. ഈ റമദാന്‍ അതിനുള്ള അവസരം കൂടിയായിരിക്കട്ടെ.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter