ഇഖ്റഅ് 16. ഇനിയും ശേഷിക്കുന്ന ജാഹിലിയ്യതുകള്‍
പ്രസിദ്ധ ഹദീസ് നിവേദകനായ മഅ്റൂര്ബിന്സുവൈദ്(റ) പറയുന്നു, ഞാനൊരിക്കല്‍ പ്രമുഖ സ്വഹാബി വര്യനായ അബൂദര് അല്ഗിഫാരി(റ)നെ കണ്ടു. അദ്ദേഹത്തോടൊപ്പം ഒരു സേവകനുമുണ്ടായിരുന്നു. രണ്ട് പേരും ധരിച്ചിരുന്നത് ഒരു പോലെയുള്ള മേല്‍വസ്ത്രമായിരുന്നു. ഒരേ വസ്ത്രത്തിന്റെ രണ്ട് ഭാഗങ്ങളെപോലെയാണ് അത് തോന്നിച്ചത്. അത് കണ്ട ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, ഇത് രണ്ടും താങ്കള്‍ തന്നെ ധരിച്ചിരുന്നെങ്കില്‍ നല്ല ഭംഗിയുണ്ടാവുമായിരുന്നു, സേവകന് ഉടുക്കാന്‍ മറ്റൊരു വസ്ത്രം നല്കിയാല് മതിയല്ലോ.
ഇത് കേട്ട അദ്ദേഹം പറഞ്ഞു, ഇതിന് പിന്നിലൊരു കഥയുണ്ട്. ഇവന്റെ ഉമ്മ അനറബിയായ ഒരു സ്ത്രീയാണ്. ഒരിക്കല്‍ എന്തോ കാര്യത്തിന് അവനോട് ദേഷ്യപ്പെട്ട ഞാന്‍, അറിയാതെ അവന്റെ ഉമ്മയെ ആക്ഷേപിച്ച് അത് പറഞ്ഞുപോയി. മനസ്സ് വേദനിച്ച അവന് പ്രവാചകരോട് പരാതി പറഞ്ഞു. അത് കേട്ട പ്രവാചകര്‍ എന്നോട് ദേഷ്യപ്പെടുകയും, നിന്റെയുള്ളില്‍ ഇപ്പോഴും പഴയ ജാഹിലിയ്യത് (അന്ധകാരകാലം) ശേഷിക്കുന്നുവല്ലേ എന്ന് ചോദിക്കുകയും ചെയ്തു. ശേഷം, സേവകരോടും അടിമകളോടും നല്ല നിലയില്‍ പെരുമാറാനും നാം കഴിക്കുന്നതും ധരിക്കുന്നതും തന്നെ അവര്‍ക്കും നല്കാന് അവിടുന്ന് എന്നോട് ഉപദേശിച്ചു. അതിന് ശേഷം, ഞാന്‍ ധരിക്കുന്നത് തന്നെ പാതിയാക്കി അവന് നല്‍കുകയാണ് എന്റെ പതിവ്.
ഒന്ന് ആലോചിച്ചാല്‍, നമുക്കൊക്കെ പലപ്പോഴും അത്ര സാരമായി തോന്നാത്ത ഒരു പദപ്രയോഗമാണ് ആ സ്വഹാബി വര്യന് നടത്തിയത്. അതും ന്യായമായ എന്തോ കാര്യത്തിന് ദേഷ്യം പിടിച്ച വേളയില്‍. എന്നിട്ടും പ്രവാചകര്‍ അവരോട് പറഞ്ഞ ആ വാക്കുകള്‍ ഏറെ ചിന്തനീയമാണ്.
നമ്മിലും ഇതുപോലെ പല ജാഹിലിയ്യതുകളും ശേഷിക്കുന്നുണ്ട് എന്നതല്ലേ സത്യം. സമ്പത്തിലോ സൗകര്യങ്ങളിലോ കുടുംബമഹിമയിലോ നമ്മുടെയത്ര ഉയര്ന്നവരെല്ലെന്ന് തോന്നുന്നവരോട്, നമ്മുടെ നാട്ടുകാരല്ലാത്ത പുറത്ത് നിന്ന് വരുന്നവരോട്, തൊലിയുടെ നിറത്തിലോ മുഖസൗന്ദര്യത്തിലോ ശരീരവിശേഷണങ്ങളിലോ നമ്മുടെ അത്ര കേമന്മാരല്ലെന്ന് നമുക്ക് തോന്നുന്നവരോട്, ഇങ്ങനെ സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവരോട് എപ്പോഴെങ്കിലും നമുക്ക് പുഛം തോന്നുകയോ അവര്‍ക്ക് വേണ്ടത്ര പരിഗണന നല്‍കാതെ പോവുകയോ ചെയ്തിട്ടുണ്ടോ. നമ്മുടെ വീടുകളില്‍ ജോലിക്ക് വരുന്ന വേലക്കാര്‍, വല്ലതും തരണേ എന്ന് പറഞ്ഞ് നമ്മുടെ വീട്ട് പടിക്കലെത്തുന്ന യാചകര്‍, വിവിധ ആവശ്യങ്ങളുമായി നമ്മെ സമീപിക്കുന്ന പാവങ്ങള്‍, ഇവരോടൊക്കെയുള്ള നമ്മുടെ പെരുമാറ്റങ്ങള്‍ എല്ലാം ഉള്ളവരോട് പോലെയാണോ. ചിലപ്പോഴെങ്കിലും അങ്ങനെ അല്ലെന്നാണ് നമ്മുടെ മറുപടിയെങ്കില്‍, നമ്മിലും ചില ജാഹിലിയ്യതുകള്‍ ബാക്കിയുണ്ടെന്ന് അര്‍ത്ഥം.
Read More: ഇഖ്റഅ് 15.അവകാശങ്ങള്‍ നൽകാൻ ഒന്നും തടസ്സമാവാതിരിക്കട്ടെ
ദൈവത്തോടുള്ള ഭയഭക്തിയും പരമമായ സമര്പ്പണവുമല്ലാതെ മറ്റൊന്ന് കൊണ്ടും തരം തിരിക്കപ്പെടേണ്ടവരല്ല മനുഷ്യരെന്ന ഏറ്റവും വലിയ സമത്വത്തിന്റെ സന്ദേശമാണ് ഇസ്ലാം ഉയര്‍ത്തിപ്പിടിക്കുന്നത്. അതിന് വിരുദ്ധമായ ചിന്തകളെയെല്ലാം ജാഹിലിയ്യതെന്നാണ് അത് വിശേഷിപ്പിക്കുന്നത്. ആ ജാഹിലിയ്യതുകളെയെല്ലാം ഉഛാടനം ചെയ്യുകയായിരന്നു പ്രവാചകനിയോഗത്തിന്റെ ലക്ഷ്യവും.
ആത്മവിചാരണയുടെ ഈ നാളുകളില്‍ നമ്മുടെ ഇത്തരം ചിന്തകള്‍ കൂടി വിചാരണക്ക് വിധേയമാവട്ടെ. എവിടെയെങ്കിലും ജാഹിലിയ്യതുകള്‍ ശേഷിക്കുന്നുവെങ്കില്‍ അവ ഇല്ലായ്മ ചെയ്ത് യഥാര്‍ത്ഥ വിശ്വാസികളാവാന്‍ ശ്രമങ്ങളുണ്ടാവട്ടെ. ഈ റമദാന് അതിന് കൂടിയുള്ള അവസരമായി മാറട്ടെ.



Leave A Comment