ഇറാൻ യുദ്ധം: അമേരിക്കൻ പതനത്തിന്റെ വേഗം കൂട്ടുന്നോ?

രണ്ട് പതിറ്റാണ്ടിലേറെയായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഒരു ദൗത്യത്തിലാണ്, ഇക്കാലമത്രയും അയാൾ മെനഞ്ഞുണ്ടാക്കി, മുന്നറിയിപ്പ് നൽകി, വാഷിംഗ്ടൺ മുതൽ ഐക്യരാഷ്ട്ര സഭ വരെ ഊതിവീർപ്പിച്ച് കൊണ്ട് നടന്ന ആ ദൗത്യത്തിൽ ഇന്ന് അയാൾ വിജയം കണ്ടിരിക്കുകയാണ്.

അനിവാര്യമെന്ന് അയാൾ കാലമേറെയായി വാദിച്ചുകൊണ്ടിരിക്കുന്ന, ഇറാനുമായി നേരിട്ടുള്ള ആ യുദ്ധ സാഹചര്യം ഇന്ന് വന്നെത്തിയിരിക്കുകയാണ്, അതും അമേരിക്കയുടെ പൂർണ്ണ പിന്തുണയോടെ.

ഒരു പരിമിത സാഹചര്യമുള്ള ഏറ്റുമുട്ടലായോ ഒരു രാജ്യത്തിന്റെ ശക്തിപ്രകടനമായോ ഈ ആക്രമണങ്ങളെ കാണാനാവില്ല. മറിച്ച് ഇത്തരം ആക്രമണങ്ങളിലെ തന്നെ ഏറ്റവും അപകടകരവും വീണ്ടുവിചാരമില്ലാത്തതുമായ ഒരു ഏറ്റുമുട്ടലാണിത്. ഇത് ഒരിക്കലും ഒരു അമേരിക്കൻ ആശയമല്ല, ആസന്നമായ വല്ല ഭീഷണിയാലോ നിർബന്ധിതമല്ല, അമേരിക്കൻ കോൺഗ്രസോ ഐക്യരാഷ്ട്രസഭയോ അതിന് അനുവാദം നൽകിയിട്ടൂമില്ല, മറിച്ച് പശ്ചിമേഷ്യയെ പുനർനിർവചിക്കണമെന്ന  ഇസ്രായേലീ കാഴ്ചപ്പാടിനാൽ മാത്രം നയിക്കപ്പെടുന്ന ഒരു യുദ്ധമാണ് ഇത്.

വർഷങ്ങളായി നെതന്യാഹുവും  അനുയായികളും പശ്ചിമേഷ്യയെ ഉടച്ചുവാർക്കുന്നതിനെ പറ്റി പരസ്യമായി തന്നെ സംസാരിക്കാറുണ്ട്. ഇസ്രായേലിന്റെ ആശയ, നയതന്ത്ര താൽപര്യങ്ങൾക്കനുസരിച്ച് പുനസംഘടിപ്പിക്കാനുള്ള ഒരു ചതുരംഗക്കളം മാത്രമാണ് അവർക്ക് പശ്ചിമേഷ്യ.

അന്താരാഷ്ട്ര രാഷ്ട്രീയ വ്യവഹാരങ്ങളുടെ അരികിൽ മാത്രമുണ്ടായിരുന്ന “വിശാല ഇസ്രായേൽ" അപശബ്ദങ്ങൾ ഇന്ന് മുഖ്യധാരയിലേക്കും പടർന്നുകൊണ്ടിരിക്കുകയാണ്. മുസ്‍ലിം ലോകം ഒന്നടങ്കം തങ്ങളുടെ ഊഴം കാത്തിരിക്കുന്ന അറവുമൃഗങ്ങളാണെന്ന മട്ടിലാണ് ഇസ്രായേൽ വൃത്താന്തങ്ങളും അവയെ ഏറ്റുപിടിക്കുന്ന അമേരിക്കൻ ഭാഷ്യവും ശിയാ തീവ്രവാദത്തെ കുറിച്ചും സുന്നി തീവ്രവാദത്തെക്കുറിച്ചുമെല്ലാം സംസാരിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കൻ പിന്തുണ പൂർണ്ണമായുള്ള ഈ സാഹചര്യത്തിൽ തന്റേതായ ചരിത്രം കുറിക്കാമെന്ന് നെതന്യാഹു ഉറച്ച് തന്നെ വിശ്വസിക്കുന്നുണ്ട്.

ആണവായുധങ്ങളും അമേരിക്കയുടെ ദേശീയ സുരക്ഷയുമെല്ലാമാണ് ഈ യുദ്ധത്തിന്റെ ഉള്ളടക്കമെന്ന് നമ്മെ പറഞ്ഞു വിശ്വസിപ്പിക്കുകയാണ് അമേരിക്ക. അവരുടെ സ്റ്റേറ്റ് സെക്രട്ടറി അടക്കമുള്ള വൃത്താന്തങ്ങൾ ഇറാൻ ആണവായുധങ്ങളുടെ പണിപ്പുരയിലാണെന്നും അവർ ലോക സമാധാനത്തിന് ഭീഷണിയാണെന്നും നിരന്തരം ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. എന്നാൽ ഈ തിരക്കഥകളെല്ലാം ലോകം മുമ്പും ഒരുപാട് കേട്ടതാണ്. വർഷങ്ങൾക്ക് മുമ്പ് ജോർജ് ബുഷും ടോണി ബ്ലെയറും സദ്ദാം ഹുസൈന്റെ മാരകായുധങ്ങളെക്കുറിച്ച് പറഞ്ഞ അതേ തിരക്കഥകൾ. കെട്ടിച്ചമച്ച മൂലകാരണങ്ങളുമായി തുടങ്ങിയ ആ ദൗത്യം ഒടുക്കം നിരന്തര അധിനിവേശങ്ങളിലൂടെ ഇറാഖെന്ന ഒരു പരമാധികാര രാജ്യത്തെ  ഒന്നടങ്കം നശിപ്പിക്കുന്നത് ലോക ജനത കണ്ടതാണ്.  ആ അധിനിവേശങ്ങളുടെ പരിണിതഫലങ്ങൾ ഒരിക്കലും സൈദ്ധാന്തികം മാത്രമായിരുന്നില്ല, മറിച്ച് ആയിരങ്ങളുടെ ജീവനും പ്രാദേശിക അരാജകത്വവും പാശ്ചാത്യരുടെ വിശ്വാസ്യതക്കേറ്റ തീരാ കളങ്കവും കൂടിയായിരുന്നു.

പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായാണ്, ഇസ്രായേലും യുഎസും തുടർച്ചയ്ക്ക് പ്രാപ്തിയുള്ള, ഒരു രാഷ്ട്രീയ സംവിധാനത്തിനുള്ളിൽ പൂർണ്ണമായും സംയോജിപ്പിച്ച, സംഘടിതമായ ഒരു സൈനിക ശക്തിയെ നേരിടുന്നത്. അതിനായി ആ പഴയ തിരക്കഥ അവർ വീണ്ടും പൊടിതട്ടിയെടുത്തിരിക്കുന്നു. ഒമാനിലും ജനീവയിലുമായി നടന്ന ചർച്ചകളിൽ യുറേനിയം സമ്പുഷ്ടീകരണം കുറയ്ക്കാനും സമഗ്രമായ മേൽനോട്ടം സ്വീകരിക്കാനുമുള്ള സന്നദ്ധത ഇറാൻ അറിയിച്ചതാണ്. അതിലൂടെ സംഘർഷം ലഘൂകരിക്കാനുള്ള ഇടവുമുണ്ടായിരുന്നു.

എന്നാൽ ചർച്ചകൾ അവർക്ക് വെറും നാടകവേദികൾ മാത്രമായിരുന്നു. നയത്രഞ്ജർ സമാധാനത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങുമ്പോഴേക്കും അവരുടെ കപ്പൽ പടകൾ ഇന്ത്യൻ സമുദ്രത്തിലും ഗൾഫ് പ്രദേശങ്ങളിലുമായി സഞ്ചരിച്ചു തുടങ്ങിയിരുന്നു. സമാധാന ചർച്ചയെന്ന പുകമറയ്ക്ക് പിറകിൽ പടയൊരുക്കങ്ങൾ തകൃതിയായിത്തന്നെ നടന്നു. തിരക്കഥയിപ്പോഴും പഴയതു തന്നെയാണ്, സമാധാനത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുക, കൂടെത്തന്നെ യുദ്ധങ്ങൾക്ക് കോപ്പ്‌ കൂട്ടുകയും ചെയ്യുക.

അങ്ങനെയാണ് ആ ആക്രമണമുണ്ടാവുന്നത്, അതിൽ ഇറാനിന്റെ പരമോന്നത നേതാവ് വധിക്കപ്പെടുന്നു, ഉന്നത ഉദ്യോഗസ്ഥർ ലക്ഷ്യം വെക്കപ്പെടുന്നു, നഗരങ്ങളെ അശാന്തമാക്കുന്നു, എല്ലാത്തിനും പുറമെ ഒരു പരമാധികാര രാജ്യം പ്രകോപനങ്ങളേതുമില്ലാതെ ബോംബിടപ്പെടുന്നു. പക്ഷേ പാശ്ചാത്യരുടെ തിരക്കഥയിലിപ്പോഴും വില്ലന്റെ റോളിൽ ഇറാൻ തന്നെയാണ്!

അറബ് രാജ്യങ്ങളുമായുള്ള യുദ്ധങ്ങളിൽ വിജയം വരിച്ചിരുന്നതിനാൽ ഇസ്രായേൽ സൈന്യം അജയ്യരാണെന്നാണ് പതിറ്റാണ്ടുകളായുള്ള ലോകത്തിന്റെ വെപ്പ്. പക്ഷേ, ചരിത്ര രേഖകൾ പറയുന്നത് മറ്റൊരു ചിത്രമാണെന്നതാണ് യാഥാർഥ്യം.

1948 ലെ അറബ് സഖ്യം പറയത്തക്ക നിലകളിലൊന്നും തന്നെ ഐക്യപ്പെട്ടതോ പരമാധികാരമുള്ളതോ ആയിരുന്നില്ല, മാത്രമല്ല പല അറബ് രാജ്യങ്ങളും കൊളോണിയൽ ഭരണങ്ങളിൽ നിന്ന് മുക്തി നേടുന്നേ ഉണ്ടായിരുന്നുള്ളൂ. ഫലസ്തീൻ ഭരിച്ചിരുന്ന അതേ ബ്രിട്ടീഷ് സാമ്രാജ്യം തന്നെയാണ് ട്രാൻസ്ജോർദാനിലെ അറബ് സേനയെ പരിശീലിപ്പിക്കുകയും ആയുധങ്ങൾ നൽകുകയും ഫലപ്രദമായി നയിക്കുകയും ചെയ്തിരുന്നത്. അതിന്റെ കമാൻഡർ ഒരു ബ്രിട്ടീഷ് ഓഫീസറായിരുന്നു - ഗ്ലബ് പാഷ. ഈ മേഖലയിലെ ഏറ്റവും പ്രാപ്തിയുള്ള അറബ് സൈന്യം പോലും സ്വതന്ത്രവും ഏകീകൃതവുമായ ഒരു അറബ് കമാൻഡ് ഘടനയ്ക്ക് കീഴിൽ പ്രവർത്തിച്ചിരുന്നില്ലെന്നർത്ഥം.

ജോർദാനിലെ അബ്ദുല്ല രാജാവാകട്ടെ ഫലസ്തീൻ മുഴുവനും സുരക്ഷിതമാക്കുക എന്നതിലുപരി വെസ്റ്റ് ബാങ്കിന്റെ അധികാരം പിടിച്ചെടുക്കുക എന്ന താൽപര്യക്കാരനായിരുന്നു, അദ്ദേഹത്തിൻ്റെ ഈ സമീപനം അന്നത്തെ രാഷ്ട്രീയ ഇടപെടലുകളെ പരിമിതപ്പെടുത്തിയതായും കാണാം. സയണിസ്റ്റ് താൽപര്യങ്ങളോട് എതിർത്തു നിൽക്കുമ്പോഴും ഏകീകൃത അറബ് താൽപര്യങ്ങൾക്കപ്പുറം ജോർദാൻ സൈന്യത്തിന്റെ ശ്രദ്ധ ഏറെയും പ്രാദേശിക നേട്ടങ്ങളിലായിരുന്നു.

1948-ലെ ഈജിപ്തിന്റെ പ്രകടനവും സമാനമായിരുന്നു. ഫാറൂക്ക് രാജാവിന്റെ കീഴിലെ മോശം നേതൃത്വവും മോശം തയ്യാറെടുപ്പും സൈന്യത്തെ കാര്യമായിത്തന്നെ ബാധിച്ചു. ക്രമരഹിതമായ കമാൻഡും ഏകോപനമില്ലായ്മയും സൈന്യത്തെ വല്ലാതെ പിന്നോട്ടടിപ്പിച്ചു. രാജവാഴ്ചയിലുള്ള ആത്മവിശ്വാസം ഇല്ലാതാക്കുകയും 1952-ലെ സ്വതന്ത്ര ഓഫീസർമാരുടെ അട്ടിമറിയിലേക്ക് നയിക്കുകയും ചെയ്ത കുപ്രസിദ്ധ ആയുധ അഴിമതി ഈ വസ്തുതകളെ വരച്ചു കാട്ടുന്നുണ്ട്.

എന്നാൽ ഫലസ്തീന്‍ പോരാളികളുടെ അവസ്ഥ തീർത്തും വ്യത്യസ്തമായിരുന്നു. 1948 ഏപ്രിലിലെ അൽഖസ്തൽ യുദ്ധത്തിന് മുന്നെയടക്കം പലതവണയാണ് സേനാ നായകൻ അബ്ദുൽ ഖാദർ അൽഹുസൈനി അറബ് നേതൃത്വത്തോട് സഹായാഭ്യർത്ഥന നടത്തിയത്, ആ അഭ്യർത്ഥനകളൊക്കെയും പക്ഷെ വ്യർത്ഥമായിരുന്നു. തന്റെ മരണത്തിന് ദിവസങ്ങൾ മാത്രം മുമ്പ് അറബ് നേതൃത്വത്തെ അദ്ദേഹം രൂക്ഷമായി വിമർശിച്ചതായിക്കാണാം. വലിയൊരളവോളം അവരുടെ പോരാട്ടങ്ങളൊക്കെയും ഒറ്റക്കായിരുന്നെന്ന് വേണം കരുതാൻ.

യഥാർത്ഥത്തിൽ ഒരു ഏകീകൃത അറബ് സേനയെയായിരുന്നില്ല ഇസ്രായേൽ അന്ന് കീഴടക്കിയത്, മറിച്ച് കൊളോണിയൽ ഭരണത്തിന്റെ നിഴലുകളുണ്ടായിരുന്ന, ഒട്ടും പ്രാപ്തമല്ലാതിരുന്ന ഒരു അറബ് ലോകത്തെയായിരുന്നു, അതും മികച്ച അന്താരാഷ്ട്ര പിന്തുണയോടെ.

1967 ലാകട്ടെ ഈജിപ്തിന്റെ വ്യോമാധിപത്യം തകർക്കുന്നതിലൂടെ ഇസ്രായേൽ യുദ്ധം തങ്ങളുടെ വരുതിയിലാക്കുകയായിരുന്നു. അവിടെയും തുല്യരായ രണ്ട് ശക്തികളായിരുന്നില്ല കളത്തിലുണ്ടായിരുന്നതെന്നാണ് വാസ്തവം.  

ഇസ്രായേലി അജയ്യതയെന്ന മിത്തിനെ 1973 ലെ യുദ്ധം പിന്നെയും സങ്കീർണ്ണമാക്കുന്നുണ്ട്. ആ വർഷം ഒക്ടോബറിൽ സൂയസ് കനാൽ മുറിച്ചുകടന്ന്, ബാർ ലെവ് രേഖയും ലംഘിച്ച് സീനായിലേക്ക് മുന്നേറിയ ഈജിപ്ഷ്യൻ സൈന്യം ഇസ്രായേലി കമാൻഡിനെ അമ്പരപ്പിക്കുകയും 1967-ൽ സ്ഥാപിതമായ ആ അജയ്യതയുടെ പ്രഭാവലയത്തെ പൂർണമായും തകർക്കുകയും ചെയ്യുന്നുണ്ട്. അമേരിക്കയുടെ വലിയ തോതിലുള്ള പിന്തുണയാണ് ഇസ്രയേലിനെ പിന്നീട് നേരെ നിർത്തുന്നത്. അമേരിക്കയുടെ ഇടപെടലോടെ രാഷ്ട്രീയമായി ഒത്തുതീർപ്പ് ആഗ്രഹിച്ച് അൻവർ സാദത്ത് ഉടനെ ചർച്ചയ്ക്ക് തയ്യാറാവുകയായിരുന്നു. അങ്ങനെ ഇസ്രേലി സൈന്യത്തെ വിറപ്പിച്ചു തുടങ്ങിയ ആ മുന്നേറ്റം ക്യാമ്പ് ഡേവിഡ് ഉടമ്പടിയോടെ ഒരു നയതന്ത്ര പുനഃസംഘടനത്തിൽ അവസാനിക്കുകയാണുണ്ടായത്.

അന്നുമുതൽ, ഇസ്രായേലിന്റെ തത്വാധിഷ്ഠിത ഏറ്റുമുട്ടലുകളൊക്കെയും രാഷ്ട്രേതര സംഘടനകളോടായിരുന്നു. ലെബനനിൽ ഹിസ്ബുല്ലയെ നേരിടുകയും പിൻവാങ്ങാൻ നിർബന്ധിതരാകുകയും ചെയ്തു. ഗസ്സയിലാവട്ടെ, ഇത്രയും അമേരിക്കൻ പിന്തുണയുണ്ടായിട്ടും ഹമാസിനെ തുടച്ചുനീക്കാൻ അവർക്ക് സാധിച്ചിട്ടില്ലെന്ന്, അത് സാധിക്കുമെന്ന് അവര്‍ പോലും വിശ്വസിക്കുന്നുമില്ല.

ഏകീകൃത രാഷ്ട്ര നേതൃത്വമുള്ള സംഘടിത സേനകൾക്ക് പകരം ഇസ്രായേലിന്റെ നിലവിലെ യുദ്ധങ്ങളൊക്കെയും ദുർബലരായ എതിരാളികൾക്കുമേൽ ശക്തമായ വ്യോമാക്രമണം നടത്തിക്കൊണ്ടാണ്. ഇറാഖിലും ലിബിയയിലും സൊമാലിയയിലുമായി അമേരിക്കയും ഇതേ പാത പിന്തുടരുന്നത് കാണാം. ദുർബല രാഷ്ട്രങ്ങളോട് ഏറ്റുമുട്ടി വിജയം പ്രഖ്യാപിക്കുന്ന പ്രവണതയാണ് ഇന്നുവരെയും അമേരിക്കയുടേത്.

എന്നാൽ ഇത്തവണ കര്യങ്ങൾ ഒരല്പം വ്യത്യസ്തമാണ്. ആദ്യമായാണ് അമേരിക്ക ഒരു സംഘടിത ശക്തിയോട് ഏറ്റുമുട്ടുന്നത്, 2003 ലെ ഇറാഖിനെപോലെയോ 2001 ലെ അഫ്ഗാനെപ്പോലെയോ അല്ല ഇന്നത്തെ ഇറാൻ എന്നതാണ് സത്യം.

ഭൂമിശാസ്ത്രപരമായ വ്യാപ്തി, ജനസംഖ്യാപരമായ പ്രാതി6നിധ്യം, ഉറച്ച സൈനിക സ്ഥാപനങ്ങൾ, മേഖലയിലെ ഏറ്റവും വലിയ മിസൈൽ ആയുധ ശേഖരങ്ങളിലൊന്ന് എന്നിവയെല്ലാം ഈ ഇറാന് കൂടെയുണ്ട്. തങ്ങളെ ശ്വാസം മുട്ടിക്കേണ്ടിയിരുന്ന ഉപരോധങ്ങൾക്കിടയിൽ തന്നെ ആഭ്യന്തര ആയുധ വ്യവസായങ്ങൾ, ഡ്രോൺ സാങ്കേതികവിദ്യ, പ്രതിരോധ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ പതിറ്റാണ്ടുകളായി അവർ നിക്ഷേപം നടത്തിയിട്ടുണ്ട്.

ശക്തമായ ആൻ്റികൊളോണിയൽ വികാരത്തിന്റെ സൃഷ്ടിയാണ് യഥാർത്ഥത്തിൽ ഇന്നത്തെ ഇറാൻ. അമേരിക്കൻ പിന്തുണയുണ്ടായിരുന്ന ഒരു രാജഭരണത്തെ തകർത്തെറിഞ്ഞാണ് അതിന്റെ ജനനം. ഉപരോധങ്ങൾക്കിടയിലും സ്വന്തമായി ആയുധ നിർമാണങ്ങളുള്ള ഒരു പരമാധികാര രാജ്യമായി വളർന്നതാണ് ഇന്നത്തെ ഇറാൻ. മുല്ലകളെന്ന് വിളിച്ച് ആ നേതൃത്വത്തെ അപഹസിക്കുന്നത് ശരിയായ പഠനങ്ങളുടെ അടിസ്ഥാനത്തിലൊന്നുമല്ല, മറിച്ച് തങ്ങൾക്ക് മനസ്സിലാക്കിയെടുക്കാനാവാത്ത സമുദായങ്ങളെ വിലകുറച്ചു കാണുന്ന അമേരിക്കൻ പ്രവണത മാത്രമാണ്.

ഇറാനിയൻ നേതൃത്വത്തെ ഭ്രാന്തമെന്നും മറ്റും വിശേഷിപ്പിക്കുന്ന പെൻ്റഗൺ വാർത്താ സമ്മേളനങ്ങൾ ബൈബിൾ വാഹനങ്ങളെ ദേശാധിപത്യങ്ങൾക്ക് ഉപയോഗിക്കുന്ന ക്രിസ്റ്റ്യൻ സയണിസ്റ്റ് ശൈലിയുടെ ബാക്കിപത്രം മാത്രമാണ്.

ഇസ്രായേലിനെ ഒറ്റപ്പെട്ട ഒരു എതിരാളിയായിട്ടല്ല, മറിച്ച് യുഎസ് മേധാവിത്വത്തിന്റെ വിശാല ഘടനയിലെ ഏറ്റവും ശക്തമായ കണ്ണിയായിട്ടാണ് ടെഹ്‌റാൻ കാണുന്നത്. ആ ശക്തിയുടെ രേഖ ഒരിക്കലും ടെൽ അവീവിൽ അവസാനിക്കുന്നതല്ല, അത് നേരിട്ട് വാഷിംഗ്ടണിന്റെ സൈനിക വ്യാപ്തി നിലനിർത്തുന്ന ബഹ്‌റൈൻ മുതൽ കുവൈറ്റ്, യുഎഇ, ഇറാഖ് അടക്കമുള്ള അമേരിക്കൻ താവളങ്ങളുടെ ശൃംഖലയിലേക്ക് നയിക്കുന്നതാണ്.

ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സാന്നിധ്യങ്ങൾക്ക് നേരെയുള്ള ഇറാൻ തിരിച്ചടികളിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്,  ഒരു ഏക വിഭാഗ സൈന്യത്തെയല്ല മറിച്ച് ഒരു ആഗോള നയതന്ത്ര സാന്നിധ്യത്തെയാണ് അവർ ലക്ഷ്യം വെക്കുന്നത്. ഒരു പരമ്പരാഗത യുദ്ധമല്ല ഇറാന് ഇത്. മറിച്ച് പെട്രോ-ഡോളർ സംവിധാനത്തെ അസ്ഥിരപ്പെടുത്താനുള്ള തന്ത്രപരമായ നീക്കങ്ങളാണ്.

ഒട്ടും തിരിച്ചറിവില്ലാത്ത ഒരു പ്രസിഡൻ്റിന്റെ എടുത്ത് ചാട്ടമായി ഒരുപക്ഷേ ഈ അമേരിക്കൻ ഇടപെടൽ പിന്നീട് വിലയിരുത്തപ്പെട്ടേക്കാം. ഇസ്രായേലിന്റെ സ്വപ്നങ്ങളിലെ ഒരു മിഡിൽ ഈസ്റ്റിന് ജന്മം നൽകാൻ ഈ നീക്കത്തിന് സാധിക്കണമെന്നില്ല, മറിച്ച് സൈനികക്കരുത്താണ് നയതന്ത്ര വിജയമെന്ന് തെറ്റിദ്ധരിച്ച് ചരിത്രം തിരുത്തിക്കുറിക്കാനൊരുങ്ങുന്ന സാമ്രാജ്യത്വത്തിന്റെ പിഴവെന്ന പതിവു ചിത്രത്തിലേക്കാവും ഈ സംഭവങ്ങളുടെയെല്ലാം പോക്ക്. സാമ്രാജ്യങ്ങൾ തകരുന്നത് പലപ്പോഴും ദുർബലമാവുമ്പോഴല്ല, മറിച്ച് തങ്ങളുടെ ശക്തിയെ സ്വയം പെരുപ്പിച്ച് കാണുമ്പോഴാണ്.

1956-ൽ ബ്രിട്ടൻ ഈ പാഠം പഠിച്ചതാണ്. തങ്ങളുടെ നിലനിൽക്കുന്ന അധികാരത്തിൽ ഉറച്ചുനിൽക്കുന്നതോടൊപ്പം അതിർത്തികൾക്കപ്പുറത്തും സംഭവങ്ങളെ നിയന്ത്രിക്കാനാകുമെന്ന് വിശ്വസിച്ച അവർ സൂയസ് എന്ന സാഹസികതയിലേക്ക് കടന്നു: ഒരു ധിക്കാരിയായ പ്രാദേശിക നേതാവിനെ ശിക്ഷിക്കാനും സാമ്രാജ്യത്വ പ്രതാപം പുനഃസ്ഥാപിക്കാനും ഉദ്ദേശിച്ചുള്ള ഒരു ശക്തിപ്രകടനമായിരുന്നു അവർ ലക്ഷ്യമിട്ടത്. എന്നാൽ അത് ബ്രിട്ടീഷ് ശക്തിയുടെ പരിമിതികളെയാണ് വെളിപ്പെടുത്തിയത്. സാമ്പത്തിക സമ്മർദ്ദം വർദ്ധിച്ചു. അന്താരാഷ്ട്ര എതിർപ്പ് ശക്തമായി. നിയന്ത്രണമെന്ന മിഥ്യാധാരണ ഇല്ലാതായി. അങ്ങനെ ശക്തിപ്രകടനമായി ഉദ്ദേശിച്ചത് ഒരു തന്ത്രപരമായ പിൻവാങ്ങലിന്റെ തുടക്കമായി.

സൂയസ് ഒറ്റരാത്രികൊണ്ട് ബ്രിട്ടന്റെ സാമ്രാജ്യം തകർത്തുവെന്നല്ല പറയുന്നത്, വളരെ പ്രാധാന്യമുള്ള ഒരു സത്യത്തെ അത് തുറന്ന് കാട്ടുകയാണ് ചെയ്തത്. രാഷ്ട്രീയ നിയമസാധുതയില്ലാത്ത സൈനിക ശേഷിയും നിയന്ത്രണങ്ങളില്ലാത്ത ബലപ്രയോഗങ്ങളും തകർച്ചയെ തടയുന്നതിനുപകരം ത്വരിതപ്പെടുത്തുമെന്ന സത്യം.

ചരിത്രം ഒരിക്കലും അതിന്റെ പൂർണ്ണ രൂപത്തിൽ ആവർത്തിക്കില്ല, എങ്കിലും അതിന്റെ പ്രധാന സംഗതികൾ ആവർത്തിച്ചുകൊണ്ടേയിരിക്കും. ഒരുനാൾ ഇറാൻ അമേരിക്കയുടെ സൂയസായിരുന്നെന്ന് ലോകം വിലയിരുത്തിയേക്കാം..

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter