ഇഖ്റഅ് 28- മനുഷ്യശരീരം സമ്പൂര്‍ണ്ണ ഗ്രന്ഥം തന്നെ..
_സൃഷ്ടിച്ച നാഥന്റെ നാമത്തില്‍....
മനുഷ്യശരീരം സമ്പൂര്‍ണ്ണ ഗ്രന്ഥം തന്നെ..
ഒരു പണ്ഡിതന്‍ ശിഷ്യന്മാര്‍ക്ക് ക്ലാസ് എടുത്തുകൊണ്ടിരിക്കുകയാണ്. അല്ലാഹുവിന്റെ സൃഷ്ടിപ്പിനെ കുറിച്ചായിരുന്നു അന്നത്തെ ക്ലാസ്. ഇടക്ക് അദ്ദേഹം സദസ്യരോട് ഇങ്ങനെ ചോദിച്ചു, നിങ്ങളുടെ ശരീരത്തില്‍, കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനായി എന്തെങ്കിലും മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാനുണ്ടോ. ഏതെങ്കിലും ഒരു അവയവത്തിന്റെ സ്ഥാനം മാറ്റണമെന്നോ രൂപം മാറ്റണമെന്നോ ഒന്ന് കുറക്കുകയോ കൂട്ടുകയോ ചെയ്യണമെന്നോ.. അങ്ങനെ വല്ലതും. എല്ലാവരും മുഖത്തോട് മുഖം നോക്കി. ആര്‍ക്കും ഒന്നും പറയാനായില്ല. അല്‍പനേരം കാത്ത് നിന്ന പണ്ഡിതന്‍ തുടര്‍ന്നു, ആര്‍ക്കും ഒന്നും പറയാനാവുന്നില്ല അല്ലേ. സാധിക്കില്ല, അതാണ് അല്ലാഹുവിന്റെ സൃഷ്ടിയുടെ പൂര്‍ണ്ണത.
നിശ്ചയമായും മനുഷ്യനെ നാം ഏറ്റവും നല്ല രൂപത്തില്‍ സൃഷ്ടിച്ചിരിക്കുന്നു എന്ന പരാമര്‍ശം സൂചിപ്പിക്കുന്നതും അത് തന്നെയാണ്. പതിറ്റാണ്ടുകളോളം നീളുന്ന ഭൂമിയിലെ വാസത്തിന് അനുയോജ്യമാവുന്ന വിധം ആവശ്യമായതെല്ലാം ഏറ്റവും വ്യവസ്ഥാപിതവും സുന്ദരവുമായാണ് മനുഷ്യശരീരം സംവിധാനിക്കപ്പെട്ടിരിക്കുന്നത്.
ഖലീഫ മന്‍സൂറിന്റെ ചരിത്രത്തില്‍ ഇങ്ങനെ കാണാം. അദ്ദേഹത്തിന്റെ സദസ്യരിലെ ഒരു പ്രമുഖന്‍ ഒരിക്കല്‍ ഭാര്യയോട് തമാശയായി ഇങ്ങനെ പറഞ്ഞു, എന്റെ ഭാര്യയായ നീ ചന്ദ്രനേക്കാള്‍ സുന്ദരിയല്ലെങ്കില്‍ നീ വിവാഹമോചിതയാണ്. ഭാര്യയുടെ സൌന്ദര്യം ആസ്വദിക്കുകയായിരുന്നു ലക്ഷ്യമെങ്കിലും ശേഷം അദ്ദേഹത്തിന്, വിവാഹമോചനം സംഭിവിച്ചുവോ എന്ന ആധിയായി. ചന്ദ്രനേക്കാള്‍ ഒരിക്കലും സുന്ദരമല്ലല്ലോ മനുഷ്യന്‍ എന്നതായിരുന്നു ആശങ്കക്ക് കാരണം.
Read More: റമളാൻ ഡ്രൈവ് (ഭാഗം28) നവൈതു
ആശങ്ക കാരണം ആ രാത്രി രണ്ട് പേരും ഉറങ്ങിയത് പോലുമില്ല. തൊട്ടടുത്ത ദിവസം ഖലീഫയുടെ സദസ്സിലെത്തിയതും അദ്ദേഹം കാര്യം ഉണര്‍ത്തി. ഖലീഫ പണ്ഡിതരെ വിളിച്ച് ചേര്‍ത്ത് അഭിപ്രായം ആരാഞ്ഞു. ഭൂരിഭാഗ പണ്ഡിതരും വിവാഹ മോചനം സംഭവിച്ചിരിക്കുന്നു എന്ന് തന്നെ അഭിപ്രായപ്പെട്ടു. കൂട്ടത്തില്‍ പ്രായം ചെന്ന ഒരു പണ്ഡിതന്‍ ഒന്നും പറയാതെ നിശബ്ദനായി ഇരിക്കുന്നത് കണ്ട ഖലീഫ അദ്ദേഹത്തോട് പ്രത്യേകം ചോദിച്ചു. ഉടനെ അദ്ദേഹം സൂറതുത്തീന്‍ പാരായണം ചെയ്ത് ഇങ്ങനെ പറഞ്ഞു, ഏറ്റവും നല്ല രൂപത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് എന്നാണ് അല്ലാഹു പറയുന്നത്. അത് കൊണ്ട് തന്നെ, മനുഷ്യനേക്കാള്‍ സുന്ദരമായ ഒരു സൃഷ്ടിയും വേറെ ഇല്ലെന്ന് പറയാം. ചന്ദ്രനും സൌന്ദര്യത്തില്‍ മനുഷ്യനേക്കാള്‍ താഴെയേ വരൂ. അത് കൊണ്ട് തന്നെ, ആ വാക്ക് കൊണ്ട് വിവാഹമോചനം സംഭവിക്കില്ല. ഇത് കേട്ടതും എല്ലാവരും അദ്ദേഹത്തെ ശരി വെച്ചു.
മനുഷ്യശരീരവും അതിലൊരുക്കപ്പെട്ട സംവിധാനങ്ങളും അവയുടെ എണ്ണവും വണ്ണവും രൂപവും ആകൃതിയുമെല്ലാം ഏറ്റവും നല്ല സൃഷ്ടികള്‍ തന്നെ. ആലോചിക്കും തോറും നമുക്കും അത് ബോധ്യപ്പെടാതിരിക്കില്ല, കൂടെ നാമും അറിയാതെ പറഞ്ഞുപോവും, മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത് ഏറ്റവും നല്ല രീതിയില്‍ തന്നെയാണ്. നാഥാ, നിന്റെ സൃഷ്ടി വിലാസങ്ങള്‍ അല്‍ഭുതാവഹം തന്നെ. നിനക്കാണ് സര്‍വ്വ സ്തുതിയും.
നമുക്ക് വായന തുടരാം... നാഥന്റെ നാമത്തില്‍...
Leave A Comment