വറുതിക്കാലങ്ങളോട് പടപൊരുതാന്‍ റമദാനില്‍  ഉറുദിക്കുപോകുന്നവര്‍

രണ്ടുവര്‍ഷങ്ങള്‍ക്കുമുമ്പൊരു നോമ്പിന്റെ ഒന്നാം പക്കം. പാനൂരിനടുത്തൊരു പള്ളിയില്‍ ളുഹ്‌റ്‌നമസ്‌കാരം കഴിഞ്ഞിരിക്കുമ്പോള്‍ ഒരു നാടന്‍ മുസ്ലിയാര്‍ അടുത്തുവന്നിരുന്നു. സലാം പറഞ്ഞുതുടങ്ങിയ അദ്ദേഹം സ്വയം പരിചയപ്പെടുത്തി. അടുത്ത വഖ്തിന് നിസ്‌കാര ശേഷം ഉറുദിപറയാന്‍ അവസരമുണ്ടോയെന്നു ചോദിച്ചുവന്നതാണ്. മലപ്പുറത്തെ മലയോരപ്രദേശങ്ങളിലൊന്നായ വണ്ടൂരില്‍ നിന്നാണ് വരുന്നതെന്നു പറഞ്ഞു.  മദ്രസാധ്യാപകനാണ്. നിത്യജീവിത വൃത്തിക്ക്‌മൊത്തം വിലകുതിച്ചുകയറുന്ന കാലത്ത് മിനിമം ജീവിത ബജറ്റുമായിക്കഴിയുന്ന നാലുമക്കളുടെ പിതാവായ അദ്ദേഹം ഇത്തരമൊരു വേളയില്‍ അങ്ങു വടക്കിനു വണ്ടിപിടിച്ചതിനു പലതുണ്ട് കാരണങ്ങള്‍. ഏറ്റവുമടിയന്തിരമായി റമദാനിലെ ചിലവ് കാണണം. അതുകഴിഞ്ഞ് പെരുന്നാളിന് അയല്‍പക്കത്തെ കുഞ്ഞുങ്ങളൊക്കെ പുത്തനുടുത്ത് ചമഞ്ഞൊരുങ്ങി നില്‍ക്കുമ്പോള്‍ തന്റെ കുട്ടികളെ കരച്ചിലുകളില്ലാതെ നിര്‍ത്തണം. അതിനൊക്കെപ്പുറമെ, തകര്‍ന്നു വീഴാനിരിക്കുന്ന ഓലമേഞ്ഞവീട് എങ്ങനെയെങ്കിലും ഓടിട്ട്, മഴനനഞ്ഞും മുഷിഞ്ഞും അന്തിയുറങ്ങുന്ന ഭാര്യക്കും മക്കള്‍ക്കും ആശ്വാസം നല്‍കണം....അങ്ങനെ നീണ്ടുപോകുന്നു അദ്ദേഹത്തിന്റെ അവസാനിക്കാത്ത പായാരങ്ങളും പൂര്‍ണമാകാത്ത ജീവിതബജറ്റുകളും.

***********************

രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ വേറെ രണ്ടു ഉസ്താദുമാര്‍ വന്നു. രണ്ടുനേരങ്ങളിലായി. രണ്ടുപേരും വയനാട്ടുനിന്നാണ്. കടംകേറിവലഞ്ഞായിരുന്നു രണ്ടുപേരുടെയും വരവ്. ഒരാള്‍ക്ക് വീട് നിര്‍മിച്ചതിലും പെങ്കുട്ട്യാളെ കെട്ടിച്ചയച്ചതിലും മിച്ചം നില്‍ക്കുന്ന ഭീമന്‍കടം. മറ്റെയാള്‍ക്ക് ഭാര്യയുടെ രണ്ടുപേറില്‍നിന്നും നിത്യരോഗിയായ പിതാവിന്റെ ചികിത്സയില്‍ നിന്നും വന്നുപെട്ടിരിക്കുന്ന അതിലും വലിയ കടം. ദിനംകൂടുംതോറും ഉസ്താദുമാരുടെയും മുതഅല്ലിമുകളുടെയും വരവും അവരിറക്കിവെക്കുന്ന ജീവിതപ്രാരാബ്ധങ്ങളുടെ പരാതിക്കെട്ടും എനിക്കുമുമ്പില്‍ കുമിഞ്ഞുകൂടുകയല്ലാതെ വിട്ടൊഴിയുന്ന ഭാവമേയുണ്ടായിരുന്നില്ല. പലതും കേട്ടതിലും ഭീകരമായിരുന്നു അവസ്ഥകള്‍. കരളലിയിപ്പിച്ചു, പലരും. ശരിക്കും കരയിപ്പിച്ചു ചിലര്‍.

***********************

“ഇത്തവണ മൊയ്‌ല്യാരുട്ടികളുടേം ഉസ്താദുമാരുടേം വരവു കുറവാണ്. മലപ്പുറത്തും വയനാട്ടിലും ഉസ്താദുമാരുടെ ശമ്പളം കൂട്ടിക്കൊടുത്തോ...ന്താവോ”ന്ന്...പരിഭവപ്പെടുകയാണ് അതേപള്ളിക്കു പരിസരത്ത് ജീവിക്കുന്ന പ്രായമായൊരു കാരണോര്‍. പലരും നോമ്പുതുറവിക്ക് മുതഅല്ലിമുകളെ കിട്ടാനില്ലാഞ്ഞിട്ട് വേവലാതിപ്പെടുന്നതും കണ്ടു.

********************** ‌

റമദാന്‍ മുപ്പതുനാളും മലബാറിലെ അഥിതിസുപ്രകളില്‍ പറയാതെ കടന്നുവരുന്ന ആ അഥിതികള്‍ക്കും വിഭവങ്ങള്‍ നിരത്തിവെച്ചിട്ടുണ്ടാകും. ഒരര്‍ഥത്തില്‍ അല്ലാഹുവിന്റെ തന്നെ അഥിതികളായി അവര്‍ കരുതുന്നവരെ തിരഞ്ഞ് അസറിനും മഗ്രിബിനും പള്ളിയില്‍ മത്സരമായിരിക്കും. കുറച്ചുകാലങ്ങള്‍ക്കു മുമ്പൊക്കെ മലപ്പുറത്ത് തന്നെ സാധാരണമായിരുന്ന ഈ റമദാന്‍ അനുഭവം ഇന്നും മാറ്റമില്ലാതെ തുടരുന്നുണ്ട്, കോഴിക്കോടിന്റെ വടക്കു  ഭാഗങ്ങളിലും കണ്ണൂരും കാസര്‍ഗോഡുമടങ്ങുന്ന വടക്കന്‍ കേരളത്തില്‍. റമദാന്‍ പകരുന്ന പ്രത്യേകമായ ആത്മീയലഹരിയില്‍ പുറത്തുനിന്നു വരുന്ന ഉസ്താദുമാരുടെ വഖ്ത് വഖ്ത്വിനുള്ള ഉറുദിപറച്ചിലും അതുകഴിഞ്ഞുള്ള നോമ്പുതുറപ്പിക്കലും മുത്താഴവും അത്താഴമൂട്ടും വരും. അതില്‍ വരുന്ന ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് അവരുടെ റമദാനിലും വരും കുറവും മാറ്റങ്ങളും. റമദാനില്‍ ഉറുദിക്ക് വരുന്ന ഉസ്താദുമാര്‍ക്കും മുതഅല്ലിമുകള്‍ക്കുമുള്ള പണംപിരിവ് ശഅ്ബാനില്‍ തന്നെ മുന്‍കൂട്ടിപിരിച്ചെടുത്തിരിക്കും മിക്കയിടങ്ങളിലും. ശഅ്ബാനില്‍ റമദാനെ മാത്രമല്ല, റമദാന്‍ തങ്ങള്‍ക്ക് കൊണ്ടുവരുന്ന അന്യനാട്ടിലെ അഥിതികളെകൂടി അവര്‍ പ്രതീക്ഷിക്കുന്നുണ്ട്. റമദാനോടൊപ്പം അതേ അഥിതികളെ കൂടി സ്വീകരിക്കാനുള്ള തയ്യാറെടുപ്പ്  അവര്‍ തുടങ്ങുന്നു. ഉറുദിപറയാന്‍ വന്നിട്ട് അവസരമില്ലാതെ നിരാശരായിപ്പോകാന്‍ ഒരാളെയുമനുവതിക്കില്ല അവര്‍. 

ഉറുദിപറയുന്നയാള്‍ക്ക് പ്രത്യേകമായും ബാക്കിവരുന്നവര്‍ക്ക് നിശ്ചിതമായൊരു തുകയും നല്‍കിവിടും. മൊത്തത്തില്‍ എല്ലാവര്‍ക്കും സന്തോഷം. അവര്‍ക്കതിലേറെ ആനന്ദം. ഉറപ്പ്, ഉപദേശം എന്നൊക്കെയുള്ള പദങ്ങളില്‍ നിന്ന് മാപ്പിളമലയാളത്തിലേക്ക് കടന്നുവന്ന പദമാണ് ഉറുദി. ഖുര്‍ആന്‍, ഹദീസ് പാഠങ്ങള്‍, റസൂലിന്റെയും സ്വഹാബത്തിന്റെയും കഥകള്‍, അവര്‍ പറഞ്ഞുപോയ ധര്‍മോപദേശങ്ങള്‍ തുടങ്ങിയവയൊക്കെയാണ് മാപ്പിളമാര്‍ അതുകൊണ്ട് അര്‍ഥമാക്കുന്നത്. ദിവസങ്ങളോളം നീണ്ടുനീണ്ടുപോയിരുന്ന രാപ്രഭാഷണങ്ങളില്‍ നിന്ന് പലതുകൊണ്ടും വ്യത്യസ്തമാണത്. നിസ്കാര സമയങ്ങളെ ചുറ്റിപ്പറ്റിയാണ് ഉറുദികള്‍ ഉണ്ടാകുക. പൊതുവെ സരളമായ വിഷയങ്ങളും ചെറിയ ചെറിയ ഉപദേശങ്ങളും മിനിറ്റുകള്‍ മാത്രം നീളുന്നതുമായിരിക്കുമത്. സ്വതവേ പ്രസംഗത്തില്‌‍ തുടക്കക്കാര്‍ക്കുമാത്രം പറഞ്ഞതാണ് ഈ ശൈലി. പലപ്പൊഴം “മ്മടെ പള്ളീ ഉറുദി പറ്യാന് വന്നിരുന്നോനാണ് ഒാനെന്ന്” നാടുകളിലെ കാരണോമ്മാര് പുതിയ കാലത്തെ പ്രസംഗപീഠങ്ങളിലെ “വെളളി നക്ഷത്രങ്ങളെ” ചൂണ്ടിപ്പറയുന്നത് പലവുരു കേട്ടിട്ടുണ്ട്. വര്‍ഷാവര്‍ഷം വരുന്ന ഉറുദി ഉപദേശങ്ങള്‌‍ തരുന്ന അറിവിന്റെ ബലത്തില് പളളിയില്‍ ഇമാം നില്ക്കാന് വരുന്ന ഉസ്താദുമാരെ തിരുത്തുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നിടത്തേക്കു വരെ ഉറുദിയുടെ ജ്ഞാനോല്പാദനം എത്തിച്ചേരുന്നുണ്ട്.

റമദാനിലെ ഒാരോ പത്തും അതിന്റെ പുണ്യങ്ങളും വിശദീകരിച്ചുകൊണ്ടുള്ളവ മുതല്, അഞ്ച് വഖ്ത് നിസ്കാരത്തിന്റ ഗൌരവം, മരണം, മാതാപിതാക്കളോടുളള കടമയും പുണ്യറസൂലിനോടുള്ള സ്നേഹമൊക്കെ കടന്നുവരും ആ അല്പനേരത്തെ വഅദിനകത്ത്. ഖുബൈബി(റ)ന്റെ പ്രവാചകസ്നേഹം മുതല് മാതാപിതാക്കളൊടുളള കടമ വിശദീകരിക്കുമ്പോള് പറയുന്ന ജുറൈജി (റ)ന്റെ കഥയും  ആയിരം പേരെ കൊന്ന ബനൂ ഇസ്രയേലുകാരന്റെയും ആയിരം വര്‌‍‌ഷം അല്ലാഹുവിന്റെ ആരാധനയില് ഏകാന്തനായി ഗുഹാ ജീവിതം നയിച്ച് ഒടുവില് ഇബ്ലീസിന്റെ വിദുരോപദേശത്തില് എലിയെ തോളില് ചുമന്ന് നിസകരിക്കുന്ന ഹതഭാഗ്യന്റെ കഥവരെ പഴയ കാരണവന്മാര്ക്കൊക്കെ കാണാപാഠമായിരിക്കും. തഖ് വക്കും തൌബക്കുമപ്പുറത്തേക്കൊരു അങ്ങാടിനിലവാരവിവരണങ്ങളും(പൊതു സാമൂഹിക വിഷയങ്ങളെ കുറിച്ചുളള ഉല്പതിഷ്ണുക്കളുടെ സംസാരത്തെ കുറിച്ച് അങ്ങനെയാണ് കാരണവന്മാര് പറയാറ്) ഇവിടെ പറ്റൂല്ലാന്നായിരുന്നു കാരണവന്മാര്ക്ക്. എന്നാല് മാറിയ കാലത്തിനും തലമുറക്കുമസരിച്ച് ഉറുദിയുടെ വിഷയങ്ങളിലും കാതലായ മാറ്റങ്ങള് വന്നുകഴിഞ്ഞിട്ടുണ്ട്. കാലികമായ വിഷയങ്ങള് ഉറുദിക്ക് പാത്രീഭൂതമാകാന് തുടങ്ങി. പ്രത്യേകിച്ചും വിചിത്രകരമായ വാര്ത്തകള്.

ഇപ്രാവശ്യത്തെ ഉറുദികളില് അങ്ങനെ ബ്രസീല് ഫുട്ബാള് ലോകക്കപ്പും മലേഷ്യയിലെ കാണാതായ വിമാനവുമൊക്കെ ഒരു വലിയ മുതല്ക്കൂട്ടായി. ലോകക്കപ്പിനു പിറകിലുള്ള ജൂതരഹസ്യങ്ങളൊക്കെ വെളിപ്പെടുത്തുന്നതു കണ്ടു ചില മുതഅല്ലിമുകള്. ചിലര് കടന്നുപറഞ്ഞു..ബറാഅത്ത് രാവില് തുടങ്ങി ലൈലത്തുല് ഖദറിന്റെ ഇരുപത്തെട്ടാം രാവില് അവസാനിക്കുന്ന തരത്തില് ലോകക്കപ്പ് ഷെഡ്യൂള് ചെയ്തത് ജൂതലോബിയാണു പോലും!!! ഖാലല്ലഹു അസ്സവജല് എന്ന നീട്ടിവിളിക്കും ഉറുദിപറയുന്നയാള്. അതുകേട്ട് സുബ്ഹാനഹു വതആലാ ലാ ഇലാഹ ഇല്ലാഹൂവെന്ന് സദസ്സ്യര് ഉച്ചത്തില്‍ താളത്തില്‍ മറുപടിചൊല്ലിക്കഴിഞ്ഞാല് ഉറുദി തുടങ്ങുകയായി.  പ്രസംഗത്തിനിടക്ക് പൊന്തിയും താന്നും വീണ്ടും വീണ്ടും ഖാലല്ലാഹു കടന്നുവരും. ചുവടുപിടിച്ച് സദസ്സില് നിന്ന് സുബഹാനയും. ഇടക്ക് ഖാല റസൂലുല്ലാഹിയായത് മാറിവരും.

കൂട്ടിന് തഴവയുടെ മലയാളത്തിലുള്ള സാരോപദേശക്കവിതകളും ഇമാം ശാഫിയുടെയും മറ്റു സ്വൂഫിഗുരുക്കളുടെയൊക്കെ കവിതാശകലങ്ങളും നീട്ടിയും കുറുക്കിയും  പാടിയാലേ ഉറുദി ജോറാകൂ. കേട്ടവര്ക്കൊരു ഉറുദി കേട്ടൊരു അനുഭവവും. ഇപ്പൊ പക്ഷെ, ആ നാടന് വഅദ് ശീലുകളുടെ കാലമൊക്കെ പുതുകാലത്തിനൊത്ത് മാറ്റംകൊണ്ടിട്ടുണ്ട്. കുഞ്ചന് നമ്പ്യാരുടെ മലയാളം ശ്ലോകങ്ങളും ബര്ണാഡ് ഷായുടെ ഇംഗ്ലീഷ് ക്വട്ടേഷനും അല്ലാമാ ഇഖ്ബാലിന്റെ ഉറുദു കവിതകളും പള്ളി മിഹ്റാബിലേക്ക് കടന്നു വരുന്നത് അങ്ങനെയാണ്. വഅദ് രംഗവും ന്യൂജനറേഷന് തരംഗങ്ങള്ക്ക് വഴിമാറിയതോടെ ഇപ്പൊ എല്ലാം കൈവിട്ട പോലെയാണ്. പ്രഭാഷകന് എന്തുമാകാമെന്ന തരത്തിലേക്ക് കാര്യങ്ങളെത്തിയിട്ടുണ്ട്. ഉറുദു കാവ്യങ്ങളുടെയും ഇംഗ്ലീഷ് ക്വട്ടേഷനുകളുടെയും കാലം കഴിഞ്ഞ് സിനിമാപ്പാട്ടും ആല്ബം പാട്ടുകളും മധുരതരമായി പ്രഭാഷകര്‍ പാടിയാഘോഷിക്കുന്ന അത്യന്തം ആഘോഷഛായ മതപ്രഭാഷണങ്ങള്‍ക്ക് കൈവന്നിട്ടുണ്ട്. അതുകൊണ്ടാണ്, നാട്ടില്‌ ആട്ടും പാട്ടും കാരാക്കൂസും ഗാനമേളയുമായി നടക്കുന്ന തലമുറയും ക്ലബുകളും ജോറുജോറായി നാടുതോറും മതപ്രഭാഷണ പരമ്പരകള്‍‌ സമുചിതമായി സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നത്.

സംഭാവനകള്‍ കൂമ്പാരമാകുമ്പോള് മാത്രം പ്രഭാഷകനും സംഘാടകനും ഒരുപോലെ ഗംഭീരമാകുന്ന പരിപാടികളാണിപ്പോള് മതപ്രഭാഷണങ്ങള്. കേള്ക്കുന്നവര്ക്കൊരു ഗാനമേള കഴിഞ്ഞ അനുഭവമണ് ബാക്കിയാകുന്നതെന്ന് പലപ്പോഴും പല സുഹൃത്തുക്കളും തമാശയായിട്ടാണെങ്കിലും പറയാറുണ്ട്. സത്യത്തില് അങ്ങനെത്തന്നെയാണ് സംഗതികളും. അതുവഴി പറയാന്‍ നിന്നാല്‍ കാര്യമായിത്തന്നെ പറയേണ്ടതുണ്ട്. ഇത് അതിനു പറ്റിയ തക്കമല്ലെന്നോര്ത്ത് തല്കാലം അത് വിടാം. “തട്ടത്തിന്മറയത്തെ”ന്ന് ചിലരെല്ലാം രസകരമായിപ്പറയുന്ന  ഈ ന്യൂജനറേഷന്‍ വഅദുകള് മൊബൈല് റിംഗ്ടോണായി കൊണ്ടു നടക്കുന്ന തലമുറക്കു മുന്നില് ഉറുദിക്കാര്ക്കു മാത്രം മാറാതിരിക്കാനാവില്ലല്ലോ..പലയിടത്തും പരമ്പരാഗത ഉറുദിക്കാര്ക്ക് പിടിച്ചുനില്ക്കാന് വലിയ പാടായിട്ടുണ്ടെന്ന് അത്തരത്തിലൊരു ഉസ്താദ് അടുത്തിടെ വേവലാതിപ്പെടുന്നത് കാണുകയുണ്ടായി. ഉറുദി പറയാന് വരുന്ന മുതഅല്ലിമുകളെ കുറിച്ച് പല തമാശകളും ഇതിനോടൊപ്പം ഒാടുന്നുണ്ട്. ഹദീസ് അര്‍ഥംവെച്ച് ചുഴിയില് പെട്ട മുതഅല്ലിമിന്റെ കഥ അതിലൊന്നാണ്.

ആയിടെയായി ദര്‍സില്‍ കിതാബോതാന് ചെന്നിട്ടേയുള്ളൂ പാവം. ഇബാറത്തും അര്ഥംവെക്കലും ശരിയായിവരുന്നേയുള്ളൂ. ഇല്ലായ്മയുടെ പഴയ ദര്സുകാലത്ത് നവാഗതര്ക്കു പഠിപ്പിക്കപ്പെടുന്ന ആദ്യ പാഠങ്ങളിലൊന്നായിരുന്നു അധികം മുട്ടില്ലാതെ ജീവിക്കാന്‍‍‌ വകനല്കുന്ന ഉറുദികള്‍. ആ അഭ്യാസം കഴിഞ്ഞുവരുന്നയാളാണ് പുള്ളി. വഅദ് തുടങ്ങി തട്ടിയും മുട്ടിയും ഒരു ഭാഗത്തെത്തിയിട്ടുണ്ട്. അതിനിടക്കൊരു ഹദീസോതി അര്‍ഥംവെക്കാന്‍ തുടങ്ങി. ഖാല റസൂലുല്ലയൊക്കെക്കഴിഞ്ഞ്...മന്‍ ഖാല ലാ ഇലാഹ ഇല്ലല്ലാഹ്..ആരെങ്കിലും ലാഇലാഹ ഇല്ലല്ലായെന്നു പറഞ്ഞാല് അവന് സ്വര്ഗത്തില് പ്രവേശിച്ചു....ദഖലല്‍ ജന്ന....!!!!! അര്ഥംകിട്ടാതെ കുട്ടി ആകെ പരിഭ്രമിച്ചു. ദഖലല് ജന്നയുടെ അര്ഥം കൂടി നേരത്തേതിനൊപ്പം കൂട്ടിവെച്ചതായിരുന്നു. അര്ഥംകിട്ടാതെ പരുങ്ങുന്നതു കണ്ട ചില നാട്ടുകാര് അതിനു കൂടി അര്ഥം പറയാതെ വിടില്ല എന്നായി.

ആകെ വിയര്ത്തുകുളിച്ച മുതഅല്ലിമിനെ സംഗതി മനസ്സിലായൊരു കാരണവര് വന്ന് രക്ഷപ്പെടുത്തുകയായിരുന്നുവത്രെ. കിട്ടിയ കാശും മടക്കി പോക്കറ്റിലിട്ട് മുതഅല്ലിം തിരിഞ്ഞുനോക്കാതെ വണ്ടികയറുന്നിടത്തു തീരുന്നു ആ കഥ. അങ്ങനെ പല തമാശക്കഥകളും ഇതുപോലെ പറയപ്പെടുന്നു. ഉറുദിയുടെ ഇസ്ലാമികമാനവും സാമൂഹികമാനവുമൊക്കെ കാണുമ്പോഴൊക്കെ  ആരും കാണാതെ പോകുന്ന  ഭാഗം അതിനകത്തെ വറുതിനിറഞ്ഞ സാമ്പത്തികമാനമാണ്. ആദ്യ ഭാഗത്ത് കുറിച്ച അനുഭവങ്ങളത്രയും സൂചിപ്പിക്കുന്നത് അതേയൊരു യാഥാര്‍ഥ്യത്തിലേക്കാണ്. വിവേചനങ്ങളൊന്നുമില്ലാതെ എല്ലാവര്‍ക്കും എല്ലാ നന്മക്കും  ഈ മാസത്തില്‍ എഴുപതോ എഴുപതിനായിരമോ ഇരട്ടിയായി പടച്ചോന്‍ പ്രതിഫലം നല്കുമ്പോഴും “റമദാന്‍ മൊയ്ല്യാക്കന്മാരുടെ മാസമാണെ”ന്നു പരക്കെ എല്ലാരും പറയുന്നതിന് ഒരൊറ്റ അര്ഥം മാത്രമേയുള്ളൂ. മറ്റുമാസങ്ങളൊന്നും അവരുടേതല്ല എന്നു തന്നെ. റമദാനില് നിന്ന് സംഭരിച്ചിട്ടുവേണം അവര്ക്ക് ഒരുകൊല്ലത്തെ ജീവിത ബജറ്റിന് തുക വകയിരുത്താന്‍.

ചെയ്ത്കൂട്ടിയ പാപങ്ങള്‍ പൊറുപ്പിക്കാനും ജീവിതത്തിലിതുവരെയുള്ളതിനേക്കാളേറെ കൂടതല് സാമ്പത്തികഭദ്രത കൈവരാനും ഉസ്താദുമാരെ വസീലയാക്കി പടച്ചവനോട് ഇരക്കുന്നവര്‍ തന്നെയാണ് ഉറുദിക്കപ്പുറം പലപ്പൊഴും അന്തസ്സുപോലും കളഞ്ഞ് ആരാന് മുമ്പില് ഇരക്കുന്നവരാക്കി ഉസ്താദുമാരെ മാറ്റിയത്. മറ്റു പതിനൊന്നു മാസവും ജീവിതനിലവാരത്തോടു പോലും ഒത്തുപോകാത്ത തുഛം വരുന്ന ശമ്പളം നല്കി സമൂഹത്തിലെ ഏറ്റവും ബഹുമാന്യരായ ഒരു വിഭാഗത്തെ മാനംകെടുത്തുന്ന സമുദായം റമദാനില്‍ മാത്രം അവരെ ഇരു കൈയ്യും നീട്ടി ആദരിക്കുന്നതിലും സഹായം ചൊരിയുന്നതിലും അത്രവലിയ കാര്യമുണ്ടെന്നു തോന്നുന്നില്ല. ഒരു റമദാനില് നിന്ന് മറ്റൊരു റമദാനിന്‍റെ കണക്കുകൂട്ടലുകളിലേക്ക് അവരെ കൂടതല്‍ പ്രേരിതരാക്കുന്നുവെന്നല്ലാതെ അവരുടെ പ്രശ്നങ്ങള്‍ക്കൊരു ശാശ്വത പരിഹാരമുണ്ടാകുന്നില്ലല്ലോ എവിടെയും (മുഅല്ലിമുകള്‍ക്ക് മാന്യമായ ശമ്പളം നല്‍കുന്ന തുരുത്തുകള്‍ സമുദായത്തിനകത്ത് അവിടവിടെയായുണ്ട്. അവരെ ഇതോടൊപ്പം നന്മയോടെ സ്മരിക്കുന്നു ഇവിടെ)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter