റമദാന്‍ ചിന്തകള്‍ - നവൈതു..10. അന്നം തേടി ഇറങ്ങുന്നതും ആരാധന തന്നെ

വിശുദ്ധ ഖുര്‍ആനിലെ എഴുപത്തിയെട്ടാം അധ്യായത്തിലെ പത്ത്, പതിനൊന്ന് സൂക്തങ്ങളെ ഇങ്ങനെ മനസ്സിലാക്കാം, രാത്രിയെ (നിങ്ങള്‍ക്ക്) നാമൊരു വസ്ത്രമാക്കുകയും പകലിനെ നാം ജീവിതസന്ധാരണ സമയമാക്കുകയും ചെയ്തിരിക്കുന്നു.

തനിക്കും തന്റെ ആശ്രിതര്‍ക്കും ആവശ്യമായ ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്നതും ഏറെ പുണ്യകരമായ ആരാധനായായാണ് ഇസ്‍ലാം പരിചയപ്പെടുത്തുന്നത്. ഭാര്യയും മക്കളുമടങ്ങുന്ന തന്റെ കുടുംബത്തിനും വൃദ്ധരായ മാതാപിതാക്കള്‍ക്കുമെല്ലാം ഭക്ഷണവും പാര്‍പ്പിടവും അടക്കമുള്ല അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കേണ്ടത് ഏതൊരു വ്യക്തിയുടെയും ഉത്തരവാദിത്തമാണ്. വിശ്വാസിയായ ഒരു വ്യക്തി, കുടുംബത്തോടോ സമൂഹത്തോടോ യാതൊരു വിധ കടപ്പാടും ബന്ധവുമില്ലാതെ ഏകനായി സ്വന്തം കാര്യം നോക്കി ജീവിക്കേണ്ടവനല്ല. മറിച്ച്, ഉത്തരവാദിത്തബോധമുള്ള, കര്‍ത്തവ്യങ്ങളെല്ലാം യഥാവിധി നിര്‍വ്വഹിക്കുന്നവനായിരിക്കണം അവന്‍. 

അത് കൊണ്ട് തന്നെ, ഇതരരുടെ കടമകളോ ബാധ്യതകളോ മാനിക്കാതെ, മുഴുസമയവും ആരാധനയുമായി കഴിഞ്ഞ് കൂടുന്നത് പോലും ഇസ്‍ലാം അംഗീകരിക്കുന്നില്ല. ഭാര്യയുടെ കാര്യത്തിലും മറ്റും വേണ്ടവിധം ശ്രദ്ധിക്കാതെ, ഭൂരിഭാഗ സമയവും ആരാധനകളില്‍ കഴിച്ച് കൂട്ടിയിരുന്ന തന്റെ അന്‍സ്വാരീ സുഹൃത്ത് അബുദ്ദര്‍ദാഅ്(റ)നെ, സല്‍മാനുല്‍ഫാരിസി ഉപദേശിച്ചത് ഇങ്ങനെയായിരുന്നു, എന്നും നോമ്പെടുക്കേണ്ട കാര്യമൊന്നുമില്ല, ആരോഗ്യത്തിന് ആവശ്യമാവുന്ന വിധം ഭക്ഷണം കഴിക്കുക, രാത്രി ഉറങ്ങേണ്ട സമയം ഉറങ്ങുക, എല്ലാവര്‍ക്കും അവരുടേതായ അവകാശങ്ങളുണ്ട്, നിന്റെ നാഥനും സ്വശരീരത്തിനും അതിഥിക്കും ഭാര്യക്കുമെല്ലാം. എല്ലാ ബാധ്യതകളും നിറവേറ്റുമ്പോഴാണ് പൂര്‍ണ്ണമാവുന്നത്. 

Read More:റമദാന്‍ ചിന്തകള്‍ - നവൈതു 9. സുബ്ഹിയോടെ തുടങ്ങുന്ന സമൂഹത്തിന്റെ ദിവസം

അതേ സമയം, ഏത് മാര്‍ഗ്ഗത്തിലൂടെയും പണം നേടാനോ സമ്പാദിക്കാനോ ഇസ്‍ലാം അനുവദിക്കുന്നുമില്ല. ഹലാലും ത്വയ്യിബും ആയിരിക്കണം സമ്പാദ്യം എന്നാണ് അതിന്റെ കാഴ്ചപ്പാട്. അഥവാ, എല്ലായിടത്തുമെന്ന പോലെ, സമ്പാദന രംഗത്തും കൃത്യമായ മൂല്യങ്ങള്‍ പാലിച്ചിരിക്കണം എന്നര്‍ത്ഥം. അപരനെ ചതിച്ചോ വഞ്ചിച്ചോ കളവ് പറഞ്ഞോ നേടുന്ന പണം കൊണ്ട് വയറ് നിറക്കുന്നതിനേക്കാള്‍ നല്ലത്, ക്ഷമയോടെ പട്ടിണി കിടക്കുന്നതാണ് എന്നാണ് ഇസ്‍ലാം പഠിപ്പിക്കുന്നത്.

തനിക്കും കുടുംബത്തിനും അന്നം നേടാനുള്ള ഈ പ്രേരണയിലൂടെ, സമൂഹത്തിന്റെ സൃഷ്ടിപരമായ വളര്‍ച്ച കൂടിയാണ് സാധ്യമാവുന്നത്. വല്ലതും തരണമെന്ന് പ്രവാചക സന്നിധിയിലെത്തിയ അനുചരന്ന്, ഉള്ളത് വിറ്റ് രണ്ട് ദിര്‍ഹം വാങ്ങിക്കൊടുത്ത് ഒന്ന് കൊണ്ട് അത്യാവശ്യമായ ഭക്ഷണം വാങ്ങാനും ബാക്കി കൊണ്ട് ഒരു മഴു വാങ്ങി വിറക് വെട്ടി ഭാവി ജീവിതം സ്വയം പര്യപ്തമാക്കാനും പ്രവാചകര്‍ ആവശ്യപ്പെട്ടത് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്.

അഥവാ, ഒരു വിശ്വാസി, സമൂഹത്തെ ആശ്രയിക്കുന്നതിന് പകരം, സമൂഹത്തില്‍ ആവുംവിധം സൃഷ്ടിപരമായി ഇടപെടേണ്ടവനും തന്നെ കൊണ്ട് ആവുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടവനുമാണ് എന്നര്‍ത്ഥം. അന്നം തേടിയുള്ള പുറപ്പാട് പോലും പുണ്യമാണെന്ന് പറയുന്നതും അത് കൊണ്ട് തന്നെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter