ലോകത്ത് കുട്ടികളെ ശിക്ഷിക്കുന്ന ഏക രാഷ്ട്രം ഇസ്റാഈലാണ്
കുഞ്ഞുങ്ങളെ ശിക്ഷിക്കാന്‍ നിയമം അനുവദിക്കുന്ന ലോകത്തെ ഏക രാജ്യമായിരിക്കും ഇസ്രയേൽ. സൈനിക കോടതികളിലൂടെ കാലങ്ങളോളമായി നടമാടിക്കൊണ്ടിരിക്കുന്ന ക്രൂരതകൾ ലോകമനസാക്ഷിയെ മരവിപ്പിക്കുന്നതാണ്. അവയെല്ലാം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു ആഗോള സമൂഹം. ജൂതരാഷ്ട്രത്തിന്റെ അന്യായ നീക്കങ്ങൾക്കെതിരെ ചെറുവിരലനക്കാൻ പോലും ലോക നേതാക്കളിലൊരാളും തുനിയാത്തത് അത്യന്ത്യം ദു:ഖിപ്പിക്കുന്നതായിരുന്നു. ഈയടുത്താണ്, ഹമാസ് തിരിച്ചയച്ച ഇസ്രയേലി പൗരന്മാർക്ക് പകരമായി, ഇസ്രായേൽ അധികാരികൾ ഒരുപറ്റം ഫലസ്തീനി കുട്ടികളെ മോചിപ്പിച്ചത്. ഇനിയും മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ചില മനസ്സുകൾ വളരെ വൈകിയാണെങ്കിലും അതിനിർണായകമായ ആ ചോദ്യം ചോദിച്ചിരിക്കുന്നു. എന്തിനാണ് ഇസ്രായേൽ അസംഖ്യം ഫലസ്തീൻ യുവാക്കളെ ജയിലിലടക്കുന്നത്?
കുട്ടികള്‍ക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര പ്രതിരോധ സംഘടന വ്യക്തമാക്കുന്നത് പ്രകാരം, 2000 ൽ നടന്ന രണ്ടാം ഇൻതിഫാദ മുതൽ ഏകദേശം 13,000 ഫലസ്തീനി കുട്ടികളെയാണ് ഇസ്രായേൽ അധികാരികൾ ചോദ്യം ചെയ്യുകയും ശിക്ഷിക്കുകയും ജയിലിലടക്കുകയും ചെയ്തത്. ഓരോ വർഷവും ഇസ്രായേൽ സൈന്യം 500 മുതൽ 700 വരെ ഫലസ്തീൻ യുവാക്കളെയാണ് പിടികൂടുന്നത്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ കുട്ടികൾ ഉൾപ്പെടെയുള്ള എല്ലാ ഫലസ്തീനികളും 1967 മുതൽ പ്രാബല്യത്തിലുള്ള നിഷ്ഠൂരമായ ഇസ്രായേൽ സൈനിക നയങ്ങളുടെ ഇരകളാണ്. വർണ്ണ വെറിയന്മാരുടെ സമനില തെറ്റിയ സമീപനം കൊണ്ട് ഇസ്രായേലിലെ തന്നെ താഴ്ന്നവിഭാഗങ്ങൾ കൊടിയ ദുരിതം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. കുട്ടികളുൾപ്പെടെയുള്ള സാധാരണക്കാരെ ഒരിക്കലും സൈനിക കോടതികളിൽ കൊണ്ടുവരരുതെന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ലോകത്ത് നിലനിൽക്കുന്നുണ്ട്. അതിനെയെല്ലാം കാറ്റിൽ പറത്തിയാണ് സൈനിക കോടതികളിൽ കുട്ടികളെ ഇസ്രായേൽ ശിക്ഷിക്കുന്നത്.
പീഢനം
കസ്റ്റഡിയിലുള്ള കുട്ടികളിൽ ഭൂരിഭാഗവും 12 മുതൽ 17 വയസ്സു വരെയുള്ള ആൺകുട്ടികളാണ്. ഇസ്രായേലി സൈനിക നിയമപ്രകാരം ക്രിമിനൽ ഉത്തരവാദിത്തമുള്ള പ്രായം 12 ആണ്. അതിനു താഴെയുള്ള കുട്ടികളെ സൈനികർ മണിക്കൂറുകളോളം ആക്രമിക്കുന്ന ദയനീയമായ ദൃശ്യം സമീപകാലത്ത് DCIP പുറത്ത് വിട്ടിരുന്നു. അന്താരാഷ്ട്ര നിയമമനുസരിച്ച്, 18 വയസ്സിന് താഴെയുള്ള ഏതൊരു വ്യക്തിയും കുട്ടിയാണ്.
2016 നും 2022 നും ഇടയിൽ, ഇസ്രായേൽ സൈന്യം തടവിലാക്കിയ 766 ഫലസ്തീൻ കുട്ടികളിൽ നിന്നും DCIP അടുത്തിടെ സത്യവാങ്മൂലം ശേഖരിച്ചിരുന്നു. സൈനിക കോടതികളിൽ സേനയുടെ മോശമായ പെരുമാറ്റത്തെയും പീഢനത്തെയും എങ്ങനെയാണ് അവർ തരണം ചെയ്തതെന്നും പ്രസ്തുത സംഘടനയുടെ റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. പഠനം വ്യക്തമാക്കുന്നതു പ്രകാരം ജയിലുകളിൽ അടിസ്ഥാന അവകാശങ്ങൾ പോലും അവർക്ക് നിഷേധിച്ചിരുന്നു. ഡിസിഐപി ശേഖരിച്ച രേഖകൾ പ്രകാരം ഈ കുട്ടികളിൽ അഞ്ചിൽ മൂന്ന് പേരെ അർദ്ധരാത്രിയിലായിരുന്നു വീടുകളിൽ നിന്ന് തടങ്കലിലേക്ക് മാറ്റിയിരുന്നത്. മിക്ക ദിവസവും 75 ശതമാനം കുട്ടികളും ഇസ്രായേൽ സൈനികരുടെ ഏതെങ്കിലും തരത്തിലുള്ള ശാരീരിക അതിക്രമങ്ങൾക്ക് വിധേയരായിരുന്നു. അനധികൃത പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ചോദ്യം ചെയ്യൽ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനു മുമ്പ് കുട്ടികളുടെ കണ്ണുകെട്ടുകയും കൈകൾ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യും. കുട്ടിയുടെ മാതാപിതാക്കൾക്ക് എവിടേക്കാണ് കൊണ്ടുപോകുന്നതെന്നോ അവൻ ഇനി വീട്ടിലേക്ക് തിരിച്ചു വരുമെന്നോ യാതൊരു ധാരണയും നല്കിയിരുന്നുമില്ല.
ചോദ്യം ചെയ്യൽ കേന്ദ്രത്തിൽ എത്തിക്കുന്ന കുട്ടികളെ ഇസ്രായേൽ പട്ടാളം കണിശമായ പരിശോധനയ്ക്ക് വിധേയരാക്കും. തുടർന്ന് അറബിയിൽ നിപുണനായൊരു ഇസ്രായേലി യുവാവ് കുടുംബാംഗങ്ങളുടെയോ അഭിഭാഷകന്റെയോ സാന്നിധ്യമില്ലാതെ കുട്ടിയെ ചോദ്യം ചെയ്യും. ഇസ്രായേൽ സൈനിക നിയമപ്രകാരം ചോദ്യം ചെയ്യൽ നടക്കുന്ന വേളയിലൊരു അഭിഭാഷകനും ഇടപെടാൻ അവകാശമില്ല. ഫലസ്തീനിലെ മൂന്നിൽ രണ്ട് കുട്ടികൾക്കും അവരുടെ അവകാശങ്ങളെക്കുറിച്ച് ശരിയായ ബോധ്യമില്ലാത്തവരാണ്. കൂടാതെ 55 ശതമാനം പേരും അവർക്ക് മനസ്സിലാകാത്ത ഭാഷയായ ഹീബ്രുവിലുള്ള രേഖകളിൽ ഒപ്പിടാൻ നിർബന്ധിക്കപ്പെടുകയാണ്.
കുറ്റം ചുമത്താതെ ജയിലിലടക്കുന്നു
സ്വയം കുറ്റസമ്മതം നടത്താനായി വിചാരണയ്ക്ക് മുമ്പ് ഓരോ കുട്ടിയെയും ഏകാന്ത തടവിലാക്കും. ഐക്യരാഷ്ട്രസഭയുടെ കണ്ണിലിത് മാപ്പർഹിക്കാത്ത പീഢനമാണ്. കോടതിയിൽ സൈനികർ നടത്തുന്ന വിചാരണയ്ക്ക് മുമ്പാണ് ഇതെല്ലാം സംഭവിക്കുന്നത്. കോടതി പുറപ്പെടുവിക്കുന്ന ശിക്ഷാ നിരക്ക് 95 ശതമാനത്തേക്കാൾ കൂടുതലാണ്. ഇതിൽ നിന്നും ഇസ്രായേൽ സൈന്യത്തിന്റെ നീതിയിലുള്ള താൽപ്പര്യത്തെ നമുക്ക് അനായാസം മനസ്സിലാക്കാനാകും.
കുട്ടികൾക്കെതിരെ വ്യാപകമായി ചുമത്തുന്ന കുറ്റം അവരുടെ സ്വയം പ്രതിരോധ അവലംബമായ കല്ലെറിയലാണ്. ഇതിനാകട്ടെ 20 വർഷം വരെ തടവ് ആണ് പലപ്പോഴും വിധിക്കുന്നത്. ഭൂരിഭാഗം പലസ്തീനികളെയും ഒരു കുറ്റവും ചാർത്താതെയാണ് തുറുങ്കലിലടച്ചിരിക്കുന്നത്. അതായത് നിഷ്കളങ്കരായ എത്രയോ പേരെ ഇരുട്ടു മുറിയിൽ വെറുതെ അടച്ചിരിക്കുന്നു. അധികാരികളുടെ ധാർഷ്ട്യത എന്നല്ലാതെ ഇതിനെ എന്ത് വിശേഷിപ്പിക്കാം?. ഒരു വർഷത്തിലേറെയായി അന്യായ തടങ്കൽ അനുഭവിക്കുന്ന ഫലസ്തീനിയൻ കുട്ടികളുടെ കേസുകൾ ഡിസിഐപി രേഖപ്പെടുത്തിയിരുന്നു.
ഇസ്രായേൽ സൈനിക തടങ്കൽ സംവിധാനം, എല്ലാ അർത്ഥത്തിലും, ഫലസ്തീൻ കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും മേൽ പൂർണ്ണ നിയന്ത്രണം ചെലുത്തുന്ന കേന്ദ്രമായിട്ടാണ് നിലകൊള്ളുന്നത്. അർദ്ധരാത്രിയിൽ ഇസ്രായേൽ പട്ടാളക്കാർ തങ്ങളുടെ വീട്ടിൽ അതിക്രമിച്ചു കയറുന്ന പക്ഷം, മാതാപിതാക്കൾക്ക് ഒരിക്കലും തങ്ങളെ സംരക്ഷിക്കാനാവില്ലെന്ന് ഫലസ്തീനിലെയോരോ കുട്ടിക്കും നന്നായറിയാം.
കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ഫലസ്തീൻ കുട്ടികളെ മോചിപ്പിച്ചിട്ടുണ്ടെങ്കിലും, അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളം എല്ലാ രാത്രിയും റെയ്ഡുകളും അറസ്റ്റുകളും നടത്തിക്കൊണ്ടിരിക്കുകയാണ് ഇസ്രായേൽ സേന. ലോകം മുഴുവൻ വീക്ഷിക്കുമ്പോഴും ഇസ്രായേൽ നരമേധം നിർഭയം തുടരുകയാണ്. ഇതിനകം തന്നെ ഗാസയിൽ 6,000-ലധികം ഫലസ്തീൻ കുട്ടികളെ അവർ കൊന്നൊടുക്കിയിരിക്കുന്നു. വിരലിലെണ്ണാവുന്ന ലോക നേതാക്കൾ മാത്രമാണ് ഇതിനെതിരെ സ്വരമുയർത്തിയത്. മറ്റുള്ളവരുടെ നിശബ്ദതയാണ് ഇസ്രായേലിന് ഊർജ്ജം പകരുന്നത്.
Source: middle east eye
വിവർത്തനം: സുഹൈൽ കോടിയമ്മൽ
Leave A Comment