ഹമാസിന് മുമ്പിൽ മുട്ടുമടക്കുന്ന ഇസ്രയേൽ

ഹമാസിനെ തുടച്ച് നീക്കുക എന്നതായിരുന്നു ഒക്ടോബർ 7 മുതൽ  ഊണിലും ഉറക്കിലും ഇസ്രായേൽ അധികാരികൾ ഉരുവിട്ടുകൊണ്ടിരുന്നത്. "നിങ്ങൾക്ക് സമാധാനം വേണമെങ്കിൽ, ഹമാസിനെ നശിപ്പിക്കൂ. ഇസ്രായേലിനും ഫലസ്തീനിനും  മിഡിൽ ഈസ്റ്റിനും  ഭാവിയെ പറ്റി ചിന്തിക്കണമെങ്കിൽ, ഹമാസിനെ നശിപ്പിക്കൂ ", ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  യുദ്ധാരംഭത്തിൽ തുറന്നു പറഞ്ഞതാണിത്. അന്നുമുതൽ ഹമാസിനെ  പിഴുതെറിയാനായി  പാശ്ചാത്യ രാജ്യങ്ങളോടൊപ്പം  അമേരിക്കയും ഇസ്രായേലിന് കുടപിടിക്കാൻ രംഗത്തെത്തി. തൂഫാനുല്‍അഖ്സ വലിയൊരു ആയുധമാക്കി, സ്വയം പ്രതിരോധാവകാശം എന്ന വാദം ഉന്നയിച്ച് ഹമാസിനെ തേജോവധം  ചെയ്യാനായി സർവ്വ സന്നാഹത്തോടെ കച്ചകെട്ടിയിറങ്ങി. ആദ്യമൊക്കെ ലോകജനതയില്‍ നല്ലൊരു ഭാഗത്തിന് ഇത് ശരിയെന്ന് മാത്രമല്ല, ഏതാനും ദിവസങ്ങള്‍ക്കകം ഹമാസ് നാമാവശേഷമാവുന്ന് പോലും തോന്നുകയും ചെയ്തിരുന്നു. എന്നാല്‍ പോരാട്ടം മൂന്ന് മാസം പിന്നിടാനിരിക്കുമ്പോഴും ഹമാസിനെ ഒന്നും ചെയ്യാനാവാതെ ഇസ്റാഈല്‍ വിയര്‍ക്കുന്നതാണ് ലോകം കാണുന്നത്. ഒരു പ്രമുഖ പത്രപ്രവര്‍ത്തകന്‍ പറഞ്ഞത് പോലെ, ഹമാസിനെ നശിപ്പിക്കാനിറങ്ങി, അവസാനം ഇസ്റാഈല്‍ തന്നെ നശിക്കുന്നിടത്താണ് കാര്യങ്ങളെത്തി നില്ക്കുന്നത്.

മൂന്നു തരത്തിലുള്ള സമീപനങ്ങൾ ആയിരുന്നു  ഹമാസിനെ നശിപ്പിക്കാനായി ഇസ്രായേൽ കൈക്കൊണ്ടത്. ഹമാസ് നേതാക്കളെ  കൊല്ലുകയോ പിടികൂടുകയോ ചെയ്യുക, ഫലസ്തീനിലെ എതിർപക്ഷ വിഭാഗത്തെ പിന്തുണച്ച്  ഹമാസിന്റെ  അധികാരപരിധി വെട്ടി കുറക്കുക, ഹമാസിന്റെ  അക്രമണാത്മക പ്രതിരോധത്തിന് അറുതി വരുത്തുക എന്നിവയായിരുന്നു അവ. എന്നാല്‍, തൊണ്ണൂറ് ദിവസം പിന്നിടുമ്പോഴും, ഇവയില്‍ ഒന്ന് പോലും നേടാനായില്ലെന്ന് എല്ലാവരേക്കാളുമധികം ഇസ്റാഈല്‍ മേധാവികള്‍ തന്നെ തിരിച്ചറിയുകയാണ്.

 ഹമാസ് നേതാക്കളെ വകവരുത്തൽ

 90 ദിവസമായി ഹമാസിനെ തകർക്കാൻ ഉദ്ദേശിച്ചുള്ള അനൽപ്പം   വ്യോമാക്രമണങ്ങളും കര ഓപ്പറേഷനുകളും ഇസ്രായേൽ നടത്തി. ഡിസംബർ വരെയുള്ള കണക്കുകൾ വിലയിരുത്തുമ്പോൾ, ഏകദേശം 30,000 അംഗങ്ങളുള്ള   സൈനിക സേനയിലെ   5,000-ത്തിലധികം ഹമാസ് പോരാളികളെ  കൊല ചെയ്തതായി ഇസ്രായേൽ സൈനിക മേധാവി അവകാശപ്പെടുന്നു. എന്നാല്‍, ഹമാസിനെ പൂർണ്ണമായും നശിപ്പിക്കാൻ കഴിയുമെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടോയെന്നും ഇസ്രായേൽ ഈ ലക്ഷ്യവുമായി മുന്നോട്ടു പോവുകയാണെങ്കിൽ  യുദ്ധത്തിന് വിരാമമിടാൻ ചുരുങ്ങിയത്  10 വർഷമെങ്കിലും എടുക്കുമെന്ന്  ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തുറന്നടിച്ചത് ഇതിനെ മറ്റുള്ളവര്‍ എങ്ങനെ കാണുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്. അതേസമയം, ഫലസ്തീൻ ആരോഗ്യ ഉദ്യോഗസ്ഥരുടെ അഭിപ്രായമനുസരിച്ച്, ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) ഹമാസ്  ഭടന്മാരെ  കൊന്നതിന്റെ മൂന്നിരട്ടി ഫലസ്തീനികളെ കൊന്നിരിക്കുന്നു. അതിൽ കൂടുതലും കുട്ടികളായിരുന്നു. ഇതെല്ലാം ഐഡിഎഫിന്റെ പ്രാഥമിക ലക്ഷ്യത്തെ കളങ്കപ്പെടുത്തുകയും ഇസ്റാഈലിന് ലോക തലത്തില്‍ ഏറെ അപമാനം വരുത്തുകയും ചെയ്തിരിക്കുന്നു.

 പ്രാദേശിക പ്രതിരോധ സംഘങ്ങളെ  തൂത്തെറിയാൻ  ശ്രമിച്ച അധിനിവേശരാജ്യങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോൾ, മാക്രോണിന്റെ വാക്കുകളെ  ശരി വെക്കാതെ വയ്യ. അഫ്ഗാനിസ്ഥാനില്‍നിന്ന് താലിബാനെ തുടച്ച് നീക്കാന്‍ 20 വര്‍ഷം ചെലവഴിച്ച അമേരിക്ക തന്നെയാണ് നമ്മുടെ മുമ്പിലുള്ള അവസാനത്തെ ഏറ്റവും നല്ല ഉദാഹരണം. അതേക്കാള്‍ ശക്തമായ സ്വാധീനമാണ് ഫലസ്തീനിൽ ഹമാസിനുള്ളത്. രണ്ടാം ഇൻതിദിഫാദയുടെ സമയത്ത്  സ്ഥാപക നേതാവിനെ നഷ്ടപ്പെട്ടിട്ടും  അതിനെയെല്ലാം തരണം ചെയ്ത് ഗസ്സയിൽ അവർ തലയുയർത്തി നിൽക്കുന്നുണ്ടെങ്കിൽ  അവരുടെ മനോധൈര്യവും സംഘടന വേരും ഊഹിക്കാവുന്നതിലപ്പുറമാണ്. 2007-ൽ ഗസ്സയുടെ നെടുനായകത്വം ഔദ്യോഗികമായി ഏറ്റെടുക്കുന്നതിന്  മുമ്പുതന്നെ, ഹമാസ് മുനമ്പിലുടനീളം   സാമൂഹിക, മത, വിദ്യാഭ്യാസ മേഖലകളിൽ ശക്തമായ സംഭാവനകൾ നൽകിയിരുന്നു. 15 വർഷത്തെ ഭരണം അതിന്റെ സാന്നിധ്യം കൂടുതൽ വർധിപ്പിച്ചു. അതുകൊണ്ടുതന്നെ,  എത്ര പോരാളികളെ നഷ്ടപ്പെട്ടാലും ഗസ്സയിൽ നിന്നും പുതിയൊരു സംഘത്തെ വാർത്തെടുക്കുകയെന്നത്  ഹമാസിനെ സംബന്ധിച്ചിടത്തോളം  വളരെ എളുപ്പമായിരിക്കും. നേതാക്കന്മാരെയെല്ലാം കൊന്നൊടുക്കിയാല്‍ പോലും ഹമാസ് എന്നത് ഫലസ്തീനികളുടെ മനസ്സില്‍ എന്നെന്നും ജീവിക്കുമെന്നും അതൊരു ആശയമാണെന്നും അതിനെ ഇല്ലാതാക്കാന്‍ ഒരിക്കലും സാധിക്കില്ലെന്നും ബുദ്ധിയുള്ള പലരും ഇതിനകം ഇസ്റാഈലിനെ ഉപദേശിച്ചതും അത് കൊണ്ട് തന്നെ.

 അധികാരപരിധി വെട്ടിക്കുറുക്കുക

 സൈനികമായി  ഹമാസിനെ  പരാജയപ്പെടുത്തൽ അസാധ്യമാണെന്ന ചിന്ത മുളപൊട്ടിയത് മുതലാണ്,  രാഷ്ട്രീയപരമായ അവരുടെ സ്വാധീനം വെട്ടിക്കുറക്കാൻ  ഇസ്രായേൽ മുന്നോട്ടുവരുന്നത്. പൊതുജനങ്ങളുമായി ആഴത്തിലുള്ള ഹമാസിന്റെ ബന്ധം കണക്കാക്കുമ്പോൾ, ഇസ്രായേലിന്റെ  ഈയൊരു നീക്കവും ഒരിക്കലും ഫലം കാണാനിടയില്ല എന്നത് തീർച്ചയാണ്. സാധാരണക്കാരായ ജനങ്ങളുടെ മനം കവരാതെ  ഹമാസിനെ  തറ പറ്റിക്കാൻ ഏതൊരു എതിരാളിക്കും സാധിക്കില്ല. അതോടൊപ്പം തന്നെ, ഹമാസിനെ  പടിയിറക്കാൻ മാത്രം  സൈനിക  ശക്തി കൂടി പ്രതിയോഗികൾ കൈവരിക്കേണ്ടതുണ്ട്.  പ്രധാന പ്രതിപക്ഷ പാർട്ടിയായ ഫലസ്തീൻ അതോറിറ്റി സംഘടനാപരമായി വളരെ ദുർബലമാണെന്നതോടൊപ്പം അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയുമാണ്. പൊതുജനങ്ങള്‍ക്ക് അവരില്‍ വലിയ പ്രതീക്ഷയൊന്നുമില്ല. ഇസ്രായേൽ അധിനിവേശത്തെ മുച്ചൂടും പിന്താങ്ങുന്നുവെന്നതിനാല്‍  ഫലസ്തീനികൾ അവരെ വെറുക്കുകയും അത് കൊണ്ട് തന്നെ വെസ്റ്റ് ബാങ്കിൽ മാത്രമായി അവരുടെ നാമമാത്ര അധികാരം ഇതിനകം തന്നെ പരിമിതമാവുകയും ചെയ്തിരിക്കുന്നു.

 അതേ സമയം, ഹമാസുമായി അനുരഞ്ജനത്തിലെത്തി പൊതുജന സമ്മിതി വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ അവരെന്ന് പറയാം. ഹമാസ് ഒരിക്കലും പരാജയപ്പെടില്ല, ഭാവിയിൽ അവർ ഫലസ്തീനിന്റെ ഒരു ഭാഗമായി  മാറും എന്ന് പറഞ്ഞ് പ്രധാനമന്ത്രി മുഹമ്മദ് ഷ്‍തയ്യ അവസാനം നടത്തിയ അഭിപ്രായ പ്രകടനം അതാണ് സൂചിപ്പിക്കുന്നത്. ഇസ്രായേലും അമേരിക്കയും ഇതിനെതിരെ ശക്തമായി ആഞ്ഞടിച്ചതും നാം കണ്ടതാണ്. അവസരം മുതലെടുത്ത്, ഗസ്സയിൽ അധികാരം നേടാൻ ഈജിപ്തും അറ്റകൈ പ്രയോഗം നടത്തുന്നുണ്ട്. ഹമാസിന്റെ നീക്കങ്ങളെ എതിർക്കുന്നുവെങ്കിലും അവരും ഒരിക്കലും ഇസ്രയേൽ അധിനിവേശത്തെ അംഗീകരിക്കുന്നില്ല.

 ഹിംസാത്മക നടപടിയെ പ്രതിരോധിക്കൽ

 മേൽപ്രസ്താവിത  നീക്കങ്ങളെല്ലാം ഫലം കാണാതെ പോയപ്പോൾ ഇസ്രായേൽ പുറത്തിറക്കിയ പതിനെട്ടാമത്തെ അടവായിരുന്നു  ഹമാസിന്റെ ഹിംസാത്മക പ്രത്യയശാസ്ത്രത്തിന് അള്ള് വെക്കുകയെന്നുള്ളത്. പൊളിറ്റിക്കൽ ഇസ്‍ലാമും ഫലസ്തീൻ ദേശീയതയും  തുന്നി ചേർത്തതായിരുന്നു അവരുടെ പ്രത്യയശാസ്ത്രത്തിന്റെ  കാതലായ  ഒരു വശം. സൈനികമായി ഇസ്രായേലിനെ പരാജയപ്പെടുത്തുക എന്നതായിരുന്നു അവരുടെ പ്രത്യയശാസ്ത്രത്തിന്റെ  മറ്റൊരു വശം. കഴിഞ്ഞ കാലത്ത്  ഇസ്രായേൽ ഒട്ടേറെ സായുധ വിഭാഗങ്ങളെ അടിച്ചമർത്തിയിട്ടുണ്ട്. ഉദാഹരണത്തിന് അൽ സൈക്കയെയും ഫലസ്തീൻ ലിബറേഷൻ ഫ്രണ്ടിനെയും അവർ പരാജയപ്പെടുത്തിയിരുന്നു. എന്നിരുന്നാലും ഫലസ്തീനികൾ  ഇത്തരം ഗ്രൂപ്പുകളെ പിന്തുണച്ചു കൊണ്ടേയിരുന്നു. ഇപ്പോൾ ഹമാസിന് ലഭിച്ചുകൊണ്ടിരിക്കുന്നതും ആ ഒരു  പിന്തുണയാണ്.

 ഒക്‌ടോബർ 7-ന് മുമ്പ് ഗസ്സയിൽ ഹമാസിന് വലിയ ജനപ്രീതി ഉണ്ടായിരുന്നില്ലെങ്കിലും അതിന് എതിരാളികൾ വളരെ കുറവായിരുന്നു. പ്രതിരോധമെന്ന പ്രത്യയശാസ്ത്രം  ഫലസ്തീനികൾക്കിടയിൽ വളരെ പ്രസക്തമായ ഒന്നായിരുന്നു. ഒക്‌ടോബർ 7-ന് ശേഷം നടത്തിയ വോട്ടെടുപ്പിൽ ഹമാസിന് ജന പിന്തുണ കൂടിയെന്ന്  തെരഞ്ഞെടുപ്പ് വിദഗ്ധൻ  ഖലീൽ ഷിക്കാക്കി പ്രഖ്യാപിക്കുന്നതിലൂടെ അത് ഹമാസിന്റെ  ഹിംസാത്മക പ്രതിരോധത്തിനുള്ള അംഗീകാരമായാണ് വായിക്കപ്പെടുന്നത്. നിരന്തരമായ ഇസ്രായേൽ അധിനിവേശത്താൽ അപമാനിതരായ ഫലസ്തീനികൾക്കു മുന്നിൽ പ്രതിരോധത്തിന്റെ പുതിയൊരു മാതൃക തുറന്നുവെച്ചിരിക്കുകയാണ് ഹമാസ്.

 ഇതിനെല്ലാം വലിയ വില നൽകേണ്ടി വരുമെന്ന് പൊതുജനങ്ങളെ  ഭീഷണിപ്പെടുത്തി ഹമാസിന്റെ ഹിംസാത്മക നടപടിയെ  ചെറുക്കാന്‍ ഇസ്റാഈല്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും, ഇസ്റാഈലിന്റെ തനിനിറം അറിയാവുന്ന ഫലസ്തീനികള്‍ ഒരിക്കലും അതിന് ചെവി കൊടുക്കുന്നേയില്ല. കാരണം, ഹമാസ് ഉണ്ടെങ്കിലും ഇല്ലെങ്കിലും അവരുടെ പീഢനങ്ങളും അക്രമങ്ങളും ഇടതടവില്ലാതെ തുടരുമെന്നും അവരുടെ മുന്നില്‍ തങ്ങള്‍ കൂടുതല്‍ അപമാനിതരാവുമെന്നും ഇന്ന് ഓരോ ഫലസ്തീനിയും തിരിച്ചറിയുന്നു. അത് കൊണ്ട് തന്നെയാണ്, ഹമാസ് ഉള്ള ഇസ്റാഈല്‍ തന്നെയാണ് തങ്ങളെ സംബന്ധിച്ചിടത്തോളം കൂടുതല്‍ അഭിമാനകരമെന്ന് അവര്‍ മനസ്സിലാക്കുന്നത്. അപമാനത്തോടെ ജീവിക്കുന്നതിനേക്കാള്‍ അഭിമാനത്തോടെ മരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഫലസ്തീനികള്‍. ലോകം, അല്‍ഭുതപ്പെട്ട് നില്ക്കുന്നതും ആ നിശ്ചയ ദാര്‍ഢ്യത്തിന് മുന്നിലാണ്. നാഥന്റെ സഹായം അവര്‍ക്കുണ്ടാവട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter