ഫലസ്തീനിലെ എണ്ണഭൂമികൾ കൂടിയാണ്  ഇസ്‍റാഈലിന്റെ ലക്ഷ്യം

തൂഫാനുല്‍അഖ്സയുടെ പേര് പറഞ്ഞ്, ഗസ്സ ജനതക്കെതിരെ ഇസ്റാഈലിന്റെ നരനായാട്ട് തുടങ്ങിയിട്ട് ആറ് മാസം തികയാനായി. ഇസ്റാഈലിന്റെ തന്നെ ആവശ്യപ്രകാരം, അഭയാര്‍ത്ഥികളായെത്തിയ റഫയിലും അവരെ സ്വസ്ഥമായി നില്‍ക്കാന്‍ അനുവദിക്കാതെ അക്രമണത്തിന് ഉന്നം പാര്‍ത്ത് കഴിയുകയാണ് അവര്‍. ഹമാസ് പ്രവര്‍ത്തകര്‍ മാത്രമല്ല, ഗസ്സയിലെ ജനങ്ങളെ ഒന്നടങ്കം കൊന്നൊടുക്കുകയാണ് അവരുടെ ലക്ഷ്യമെന്ന് ഇതില്‍നിന്ന് തന്നെ വ്യക്തം. അഥവാ, വേറെയും എന്തൊക്കെയോ ലക്ഷ്യങ്ങള്‍ ഇസ്റാഈലിന് ഗസ്സയിലുണ്ടെന്നര്‍ത്ഥം.  ഗസ്സയിലെ പ്രകൃതി വാതകം കൂടിയാണ് ഇസ്റാഈലിന്റെ ലക്ഷ്യമെന്ന് പലരും അഭിപ്രായപ്പെടുന്നത് ഇതിന്റെ വെളിച്ചത്തിലാണ്.  

ഫലസ്തീനികളെ  നിർബന്ധപൂർവ്വം തെക്ക് ഭാഗത്തേക്ക്  മാറ്റിപ്പാർപ്പിച്ചുള്ള ഒരു സമ്പൂർണ്ണ നിഷ്കാസന പദ്ധതിയാണ് യുദ്ധാരംഭം മുതൽ ഇസ്റാഈൽ പ്രധാനമന്ത്രി നെത്യന്യാഹു കൈക്കൊള്ളുന്നതെന്ന് ആർക്കും മനസ്സിലാകുന്ന കാര്യമാണ്. ഫലസ്തീനിലെ പ്രകൃതി വാതക-എണ്ണ  സമ്പാദ്യങ്ങളെ  തട്ടിയെടുക്കുന്ന ഇസ്റാഈലിന്റെ ചൂഷക കണ്ണ് ഇവിടെ കാണാതെ പോകരുത്. ഈ വിഭവങ്ങളുടെ മേലുള്ള  നിയന്ത്രണം ഫലസ്തീൻ രാഷ്ട്രത്തിന്റെ നിലനിൽപ്പിന്  ഒഴിച്ചുകൂടാൻ ആവാത്ത ഒന്നാണെന്ന് കൂടി ചേര്‍ത്ത് വായിക്കണം.

സമീപ രാജ്യങ്ങളെല്ലാം  ആശ്രയിക്കത്തക്ക രീതിയിലുള്ള  പ്രകൃതി വാതകങ്ങളുടെ  ഒരു ഹബ്ബ് ആയി മാറണമെന്ന, ഇസ്റാഈലിന്റെ ദീർഘകാല സ്വാർത്ഥ മനസ്സാണ് ഒരിക്കലും ന്യായീകരിക്കാനാകാത്ത  നിലവിലെ പെരുമാറ്റത്തിൽ തെളിഞ്ഞു കാണുന്നത്. മറ്റു ഏത് സാമ്രാജ്യത്വ രാജ്യങ്ങളെയും പോലെ, അധിനിവിഷ്ടഭൂമിയിലെ പ്രകൃതി ധാതുക്കൾ കൊള്ളയടിക്കാനുള്ള മറയാണ്, ഇസ്റാഈലിനെയും സംബന്ധിച്ചിടത്തോളം ഇപ്പോൾ അവർ നടത്തിക്കൊണ്ടിരിക്കുന്ന കുടിയൊഴിപ്പിക്കലും കൂട്ടക്കൊലയും.

1999-ൽ, ഗസ്സ തീരത്ത് നിന്നും 17 മുതൽ 21 നോട്ടിക്കൽ മൈൽ വരെ നീണ്ടുകിടക്കുന്ന പ്രകൃതി വാതക  ഭൂമിയിൽ, ബ്രിട്ടീഷ് ഗ്യാസ് ഗ്രൂപ്പ് (ബിജി) പര്യവേഷണം ആരംഭിച്ചതോടെയാണ്, ഫലസ്തീനിലെ പ്രകൃതി വാതക സ്രോതസ്സുകളുടെ പ്രശ്നം മുഖ്യധാരയിലേക്കെത്തുന്നത്. ഗാസ മറൈൻ എന്നറിയപ്പെടുന്ന ഈ ഭൂമി, 1995-ലെ ഓസ്ലോ  ഉടമ്പടി പ്രകാരം ഫലസ്തീൻ അതോറിറ്റിക്ക് (പിഎ) അനുവദിക്കപ്പെട്ട, 20-മൈൽ വിസ്തൃതിയുള്ള ഭൂപ്രദേശത്തിന്റെ അതിരുകൾക്കുള്ളിലാണ്. ആ വർഷം  പിഎ നേതാവ് യാസർ അറാഫത്ത്, കൺസോളിഡേറ്റഡ് കോൺട്രാക്ടേഴ്‌സ് ലിമിറ്റഡ് (സിസിസി), ബ്രിട്ടീഷ് ഗ്യാസ് ഗ്രൂപ്പ് (ബിജി), ഫലസ്തീൻ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) എന്നീ രാജ്യാന്തര കമ്പനികൾക്ക് 25 വർഷത്തെ പര്യവേഷണ ലൈസൻസ് അനുവദിച്ചിരുന്നു. ഒരു വർഷത്തിനുശേഷം, 2000 ൽ, നിരന്തര പരിശ്രമങ്ങളുടെ ഫലമെന്നോണം, ഗാസ മറൈനിൽ ആകെ 1.4 ട്രില്യൺ ക്യുബിക് അടി കരുതൽ ശേഖരമുള്ള രണ്ട് ഫീൽഡുകളുണ്ടെന്ന് BG കണ്ടെത്തുകയുണ്ടായി.

2001 ൽ പ്രധാനമന്ത്രിയായുള്ള ഏരിയൽ ഷാരോണിന്റെ കടന്നുവരവ് ഫലസ്തീനികളെ കൂടുതൽ പ്രതിസന്ധിയിലാക്കി. അക്കാലത്ത് ഫലസ്തീനിലെ സാഹചര്യങ്ങൾ കൂടുതൽ പ്രക്ഷുബ്ധമായി മാറി. ഇസ്റാഈൽ  സുപ്രീംകോടതിയുടെ ഒത്താശയോടെ, ഫലസ്തീനിൽ നിന്നുള്ള എണ്ണ വാങ്ങലിന് തടയിടാനും, പ്രകൃതി വാതക പര്യവേഷണവും ഉൽപ്പാദനവുമായി ബന്ധപ്പെട്ട വീറ്റോ കരാറുകൾ ബഹിഷ്കരിക്കാനും ഷാരോൺ കച്ചകെട്ടിയിറങ്ങി. ഒടുവിൽ, സ്വന്തം വിഭവങ്ങളിൽ നിന്ന് പ്രയോജനം നേടാനുള്ള ഫലസ്തീനികളുടെ  അവകാശത്തെ അറുത്തു മാറ്റുന്നതിൽ  ഷാരോൺ വിജയിച്ചു എന്ന് വേണം പറയാൻ.

രണ്ടാം ഇൻതിഫാദയുടെ തുടക്കം മുതൽ,  പ്രദേശത്തെ പ്രകൃതി വാതകങ്ങളുടെ നീതിപൂർവമായ  വിതരണം തടയുന്ന ഒരുതരം അറു വഷളൻ സമീപനമായിരുന്നു ഫലസ്തീനികളോട് ഇസ്രായേൽ സ്വീകരിച്ചു പോന്നത്. വല്ലവിധേനയും  രമ്യതയിൽ എത്തിച്ചേരണമെന്ന ഇരു രാജ്യങ്ങളുടെയും ഉപബോധമനസ്സിൽ അള്ളിപ്പിടിച്ചിരുന്ന  സമാധാന ബോധത്തെ തല്ലിക്കെടുത്തിയതും ഷാരോൺ ഗവൺമെന്റിന്റെ ഈ നടപടി  തന്നെയായിരുന്നു. തുടർന്നങ്ങോട്ട് ഹമാസിന്റെ മേൽ ഇല്ലാ കഥകൾ ചമഞ്ഞ്, പി എ ക്ക് നൽകിയിരുന്ന സകല ഫണ്ടിങ്ങും ഇസ്റാഈൽ അധികാരികൾ നിർത്തലാക്കി. അന്നുമുതൽ ഇന്നുവരെ കൈകൊണ്ട ഏകാധിപത്യ നീക്കത്തിലൂടെ ഗാസ മറൈനിലെ പ്രകൃതി വാതക ശേഖരത്തിലും, വെസ്റ്റ് ബാങ്ക്-ഇസ്റാഈൽ അതിർത്തിയിലെ എണ്ണ ശേഖരത്തിലും, ഇസ്റാഈൽ നിയന്ത്രണം കടുപ്പിച്ചു. സ്വാഭാവികമായും വലിയ വിള്ളലുകളാണ് ഫലസ്തീൻ സമ്പദ് വ്യവസ്ഥയിൽ ഇത് സൃഷ്ടിച്ചത്. സ്വതന്ത്രരാജ്യമെന്ന ഫലസ്തീനികളുടെ നീണ്ടകാല സ്വപ്നങ്ങളുടെ ചിറകുകളെയാണ് ഇതിലൂടെ അരിഞ്ഞുവീഴ്ത്തിയത്. കൈവശം വന്നുചേർന്ന കുത്തക നഷ്ടപ്പെടാതിരിക്കാനായി, ഇസ്‍റാഈൽ മനപ്പൂർവം ചർച്ചകളിൽ എതിർ നിലപാട് സ്വീകരിക്കുകയായിന്നു. നിസ്സഹകരണം ചോദ്യം ചെയ്യപ്പെടുമ്പോൾ, പലപ്പോഴും ഹമാസിനെ അവിശ്വാസത്തിനും അരക്ഷിതാവസ്ഥയ്ക്കും കാരണമായി ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞവർഷം ഒക്ടോബർ 7 ന് നടന്ന ഹമാസ് തിരിച്ചടിയെ  ഇതിനായി വേണ്ടതിലുപരി മുതലെടുക്കുകയാണ് ഇപ്പോള്‍ ഇസ്‍റാഈല്‍ ചെയ്യുന്നത്. കൂട്ടക്കുരുതിയുടെ തുടക്കത്തിൽ ഗസ്സാ നിവാസികളെ സീനായ് ഉപദ്വീപിലേക്ക് കടത്തി വിട്ടാലോയെന്ന ആലോചനയുമായി ഇസ്‍റാഈൽ രഹസ്യന്വേഷണ മന്ത്രി ഒരു മുഴം മുന്നേ നടന്നിരുന്നു. മരുഭൂമിയിലേക്കുള്ള ഗസ്സക്കാരുടെ വൻതോതിലുള്ള കുത്തൊഴുക്കിന് പച്ചക്കൊടി കാട്ടാന്‍ ഈജിപ്തിനെ പ്രേരിപ്പിക്കണമെന്ന്, യൂറോപ്യൻ യൂണിയനോട്‌ നെതന്യാഹു നിരന്തരം ആവശ്യപ്പെട്ടിരുന്നു.

യുദ്ധം ആരംഭിച്ച് മൂന്നാഴ്ച പിന്നിട്ടപ്പോൾ, ഗാസയുടെ തീരപ്രദേശത്തോട് ചേർന്നുള്ള ജി സോണിലെ പ്രകൃതി വാതക ശേഖരം പര്യവേഷണം ചെയ്യുന്നതിനായി, ബിപിയും ഇഎൻഐയും ഉൾപ്പെടെ ആറ് കമ്പനികൾക്ക്, ഇസ്‍റാഈൽ പുതിയ ലൈസൻസ് നൽകി. എന്നാൽ, ഈ പ്രദേശത്തിന്റെ 62 ശതമാനവും 1982 ലെ യുണൈറ്റഡ് നേഷൻസ് കൺവെൻഷൻ ഓൺ ദി ലോ ഓഫ് ദി സീ (UNCLOS) പ്രകാരം  ഫലസ്തീനിന്റെ സമുദ്രാതിർത്തിയോട് ചേർന്നു നിൽക്കുന്ന ഭാഗമാണ് എന്നത് പ്രത്യേകം ഓര്‍ക്കേണ്ടതാണ്.

ഫലസ്തീനികളുടെ വികസനത്തിനും രാഷ്ട്രനിർമ്മാണത്തിനും ആവശ്യമായ എത്രമാത്രം സമ്പത്താണ് ഇസ്‍റാഈൽ ഇത് വരെ അധിനിവേശത്തിലൂടെ കീശയിലാക്കിയതെന്ന്, UNCTAD-ന്റെ 2019-ലെ റിപ്പോർട്ടിൽ വളരെ വ്യക്തമായി പറയുന്നുണ്ട്. റിപ്പോർട്ടിൽ പ്രസ്താവിക്കുന്നതായി കാണാം  "1999 ലാണ് മറൈൻ 1, മറൈൻ 2 കരുതൽ ശേഖരങ്ങൾ കണ്ടെത്തുന്നത്. തൊട്ടടുത്ത വർഷം  BGG വാതകത്തിനായി ഡ്രില്ലിംഗ് ആരംഭിച്ചു. 18 വർഷത്തേക്ക് 4.592 ബില്യൺ ഡോളറിന്റെ മൊത്ത മൂല്യം നിക്ഷേപിച്ചതിനെ തുടര്‍ന്ന് ഈ മേഖലകളിൽ നിന്നും ധനസമ്പാദനം നടത്തുന്നത്, ഫലസ്തീനികൾ പതിവായി ചെയ്യുന്ന കാര്യമായിരുന്നു.  അന്താരാഷ്ട്ര നിയമപ്രകാരമുള്ള 2.5 ശതമാനത്തിന്റെ യഥാർത്ഥ റിട്ടേൺ നിരക്ക് മാനിച്ചു, ഇസ്റാഈലിന്റെ  മർക്കട മുഷ്ടിപ്രയോഗത്തിൽ, ഫലസ്തീനികൾക്ക് ഇതിനകം ഏകദേശം 2.570 ബില്യൺ ഡോളറിന്റെ നഷ്ടമാമുണ്ടായിരിക്കുന്നത്".

ഫലസ്തീനികളെ ഒന്നടങ്കം ഉന്മൂലനം ചെയ്യാനുള്ള നീക്കത്തിൽ നിന്നും ഇസ്റാഈൽ  ഇതുവരെ ഒരു അടി പിന്നോട്ട് വെച്ചിട്ടില്ല. ബ്രിട്ടനെ പോലോത്ത സഖ്യകക്ഷികൾ വരെ താക്കീത് നൽകിയിട്ടും, ഒരു കൂസലുമില്ലാതെ റഫയിലേക്ക് ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ് ഇസ്റാഈൽ. വംശീയ ഉന്മൂലനത്തിൽ ഇസ്റാഈൽ വിജയിച്ചിരുന്നെങ്കിൽ, ഫലസ്തീനിലെ എണ്ണപ്പാടങ്ങളെല്ലാം അവരുടെ കാൽക്കീഴിൽ ആകുമായിരുന്നു.  മിഡിൽ ഈസ്റ്റ്-യൂറോപ്പ്  ഇടനാഴിയിലെ  പ്രകൃതിവാതകങ്ങളുടെ കേന്ദ്ര ഹബ്ബ് ആകാനും,  ഉക്രൈൻ യുദ്ധത്തെ തുടർന്ന് തകർന്നടിഞ്ഞ യൂറോപ്പ്യൻ മാർക്കറ്റുകളിലേക്ക് വാതകങ്ങൾ വിതരണം ചെയ്യുന്ന  റഷ്യൻ കമ്പനികൾക്ക് ബദലാകാനുമുള്ള  അതിയായ ത്വരയാണ് ഫലസ്തീനികൾക്കുമേൽ  നിരന്തരം ബോംബ് വർഷിക്കാനും മിസൈലുകൾ തൊടുക്കാനും അവരെ പ്രേരിപ്പിക്കുന്ന കാരണങ്ങളിലെ പ്രധാനപ്പെട്ട ഒന്ന് എന്ന് ഇതില്‍നിന്നെല്ലാം വ്യക്തമാണ്.

അവിചാരിതമായി  ലഭിച്ച അവസരത്തെ, സ്വയം പ്രതിരോധമെന്ന മറ പിടിച്ച് പരമാവധി മുതലെടുക്കാൻ ഇസ്റാഈൽ ശ്രമിക്കുന്നുണ്ട്. വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റക്കാർക്ക് ആയുധവും പ്രോത്സാഹനവും നൽകുന്നതോടൊപ്പം പ്രകൃതിവാതകങ്ങളെ ലക്ഷ്യമിട്ട്  ഗസ്സയിലേക്ക് പട്ടാളത്തെ അയക്കുന്ന ഇസ്റാഈലിന്റെ ഇരട്ടമുഖം പകൽ പോലെ വ്യക്തമായി തുടങ്ങിയിരിക്കുന്നു. എന്നാല്‍, നെതന്യാഹു കണക്ക് കൂട്ടിയ രീതിയിൽ കാര്യങ്ങൾ നടക്കുന്നില്ല എന്നാണ് സമീപകാല സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ഹമാസിനെ തുരത്തി കളയാൻ  സാധിക്കാത്ത മനോവിഷമം പ്രകൃതി വാതക  വേട്ടയിൽ നിന്നും  ഇസ്റാഈലിനെ പിന്തിരിപ്പിക്കുന്നുണ്ട്. ഇസ്റാഈലിന്റെ നിർബാധം തുടരുന്ന  മനുഷ്യത്വ വിരുദ്ധ പ്രവർത്തനങ്ങളിൽ ആഗോള സമുദായം ആകുലത രേഖപ്പെടുത്തുന്ന വേളയിൽ, യൂറോപ്പിലെയും അമേരിക്കയിലെയും  കാമ്പസകങ്ങൾ പോലും  തിളച്ചു മറിയുകയാണ്.

യുദ്ധം അവസാനിപ്പിക്കാൻ സാധിച്ചില്ലെങ്കിലും,ഈ അവസരത്തിൽ ആഗോള സമുദായത്തിന്  അവകാശപ്പെട്ട   സമ്പാദ്യങ്ങൾ തിരിച്ചെടുക്കാനായി ഫലസ്തീനികൾക്ക് വേണ്ടി നിലകൊള്ളാൻ  ആയേക്കാം. അനധികൃത  പ്രദേശങ്ങളെ കവരാനുള്ള ഇസ്റാഈലിന്റെ ആർത്തിയിൽ നിന്നും ഫലസ്തീനികൾക്ക് കവചമൊരുക്കാനും എന്തുകൊണ്ടും അനുകൂലമായ സാഹചര്യമാണിത്.

Source : TRT world

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter