റിച്ചാർഡ് മക്കിന്നി: വിദ്വേഷത്തിന്റെ ഇരുളില്‍ നിന്ന് വിശ്വാസത്തിന്റെ വെളിച്ചത്തിലേക്ക്
മുൻ യുഎസ് മറൈൻ കോർപ്‌സ് സൈനികനായ റിച്ചാർഡ് മക്കിന്നിയുടെ ജീവിതം, വിദ്വേഷത്തിൽ നിന്ന് ഇസ്‌ലാമിലേക്കുള്ള പരിവർത്തനത്തിന്റെ കഥയാണ്. തെറ്റിദ്ധാരണകളാണ് പലരെയും നയിക്കുന്നതെന്നും നിഷ്പക്ഷമായി കാര്യങ്ങളെ വിലയിരുത്തിയാല്‍ പല വിദ്വേഷങ്ങളും സ്നേഹത്തിന് വഴിമാറുമെന്നും ആ ജീവിതം ലോകത്തോട് പറയുന്നു. ഈ യാഥാർത്ഥ്യം പിന്നീട് 'സ്‌ട്രേഞ്ചർ അറ്റ് ദി ഗേറ്റ്' (Stranger at the Gate) എന്ന സിനിമയ്ക്കും 'ഫ്രം ഹേറ്റ് ടു അണ്ടർസ്റ്റാൻഡിംഗ്' എന്ന പ്രസ്ഥാനത്തിനും പ്രചോദനമായതും അത് കൊണ്ട് തന്നെ.
കാലിഫോർണിയയിൽ ജനിച്ച് സിൻസിനാറ്റിയിൽ വളർന്ന മക്കിന്നി, കൗമാരത്തിലെ ലഹരി ഉപയോഗത്തിൽ നിന്ന് രക്ഷപ്പെടാനായാണ്, 18-ാം വയസ്സിൽ മറൈൻ കോർപ്‌സിൽ ചേരുന്നത്. പനാമ, ഡെസേർട്ട് ഷീൽഡ്, ഡെസേർട്ട് സ്റ്റോം, സൊമാലിയ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ച അദ്ദേഹം, സൈനിക ജീവിതത്തിൽ നിന്നുള്ള ഇടവേളക്ക് ശേഷം ആർമിയിലും ചേർന്നു. 2006-ൽ ഇറാഖിലെ റമാദിയിൽ ഒരു ഐഇഡി (IED) സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്നാണ് അദ്ദേഹം വിരമിക്കുന്നത്. ക്രിസ്ത്യൻ പഠനങ്ങളിലൂടെയാണ് വളർന്നതെങ്കിലും മതത്തിൽ വിശ്വാസമില്ലാതിരുന്ന മക്കിന്നിക്ക്, ഈ സൈനികാനുഭവങ്ങൾ, പ്രത്യേകിച്ച് സ്ഫോടനം, ഇസ്‌ലാമിനോട് കടുത്ത വിദ്വേഷം വളർത്താൻ കാരണമായി. തന്നെ കൊല്ലാൻ ശ്രമിക്കുന്നത് "ഈ മുസ്‌ലിംകളാണ്" എന്ന ചിന്ത അദ്ദേഹത്തിൽ ആഴത്തിൽ വേരൂന്നിയിരുന്നു.
ഈ വിദ്വേഷചിന്തകൾ മൂലം പ്രതികാരത്തിനായി, സ്വന്തം പട്ടണത്തിലെ ഇസ്‌ലാമിക് സെന്റർ തകർക്കാൻ അദ്ദേഹം ഒരു പദ്ധതി ആസൂത്രണം ചെയ്തു. അതിനായി, ബോംബ് നിർമ്മിക്കാനുള്ള ഘടകങ്ങൾ ശേഖരിച്ചു. ഏറ്റവും കൂടുതൽ ആളുകൾ വരുന്ന റമദാൻ മാസത്തിലെ വെള്ളിയാഴ്ച ജുമുഅ സമയത്ത് പള്ളി തകർക്കാനായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. താൻ പിടിക്കപ്പെടുമെന്നും വധശിക്ഷ ലഭിക്കുമെന്നും അറിഞ്ഞിട്ടും, പിന്നീട് ആളുകൾ തന്നെ ഒരു വീരനായി കണക്കാക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം.
ഈ പദ്ധതി നടപ്പിലാക്കുന്നതിന് തൊട്ടുമുമ്പ് അദ്ദേഹത്തിന്റെ മകൾ കാരണം ജീവിതത്തിൽ ഒരു വഴിത്തിരിവുണ്ടായി. സ്‌കൂളിലെ ഒരു മുസ്‌ലിം കുട്ടിയെ പ്രശംസിച്ച് മകൾ സംസാരിച്ചപ്പോൾ, അദ്ദേഹം കടുത്ത വംശീയ അധിക്ഷേപങ്ങൾ നടത്തിയാണ് അതിനോട് പ്രതികരിച്ചത്. ആ സംഭാഷണം കഴിഞ്ഞതോടെ, താന്‍ മുസ്‍ലിംകള്‍ക്കെതിരെ നടത്തിയ വംശീയ അധിക്ഷേപങ്ങള്‍ കാരണം, താന്‍ ഏറെ സ്നേഹിക്കുന്ന മകൾക്ക് തന്നോടുള്ള സ്നേഹത്തെ ബാധിക്കുന്നുണ്ടോ എന്ന ചിന്ത അദ്ദേഹത്തെ അലട്ടാന്‍ തുടങ്ങി. മകളോ ബോധിപ്പിക്കാന്‍, മുസ്‌ലിംകൾ തിന്മയുള്ളവരാണെന്ന് തെളിയിക്കാൻ തക്കതായ തെളിവുകൾ തന്റെ കയ്യിലില്ലെന്ന് തിരിച്ചറിഞ്ഞ മക്കിന്നി, അത് നേടാനായി ലക്ഷ്യമിട്ട് പള്ളിയിൽ പോകാൻ തീരുമാനിച്ചു.
ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാളായി പള്ളിയിലെത്തിയ അദ്ദേഹത്തെ അവിടെയുള്ളവർ ഊഷ്മളമായി സ്വാഗതം ചെയ്തു. വെള്ളിയാഴ്ചത്തെ പ്രഭാഷണത്തിനുശേഷം, വീട്ടിൽ കൊണ്ടുപോയി വായിക്കാനായി അവർ അദ്ദേഹത്തിന് ഒരു ഖുർആൻ നൽകി. 'തിന്മയുടെ വിശുദ്ധ ഗ്രന്ഥം' ലഭിച്ചതിൽ സന്തോഷവാനായി വീട്ടിലെത്തിയ മക്കിന്നി, ഖുർആൻ വായിക്കാൻ തുടങ്ങി. അദ്ദേഹം പതിവായി സംശയങ്ങൾ ചോദിക്കാൻ പള്ളിയിൽ തിരികെ വന്നു. ഖുർആനിലെ കാര്യങ്ങൾ താൻ കണ്ട ഭീകരപ്രവർത്തനങ്ങളുമായി ഒത്തുപോവുന്നതായിരുന്നില്ല. ഇന്ത്യാനയിലെ ഈ ആളുകൾ പിന്തുടരുന്നത് ശരിയായ ഇസ്‌ലാമാണ് എന്നും, തന്റെ വിദ്വേഷത്തിന്റെ കാരണം മോശമായ മാതൃകകളായിരുന്നു എന്നും അദ്ദേഹം വൈകാതെ തിരിച്ചറിഞ്ഞു.
"ഒരു മനുഷ്യനെ കൊന്നാൽ അത് മനുഷ്യസമൂഹത്തെ മുഴുവൻ കൊന്നതിന് തുല്യമാണ്" (5:32) എന്ന ഖുർആൻ വാക്യവും, "പരസ്പരം പഠിക്കാനും മനസ്സിലാക്കാനും വേണ്ടിയാണ് അല്ലാഹു നമ്മെ വിവിധ രാജ്യക്കാരും ഗോത്രങ്ങളുമാക്കി തിരിച്ചത്, അല്ലാതെ വെറുക്കാനല്ല" എന്ന സന്ദേശവും അദ്ദേഹത്തെ ആഴത്തിൽ സ്വാധീനിച്ചു. വൈകാതെ, ഒരു മുസ്‌ലിം ആകണമെന്ന ആഗ്രഹം അദ്ദേഹത്തില്‍ മുളപൊട്ടി. എട്ട് ആഴ്ച നീണ്ട പരിവർത്തനമായിരുന്നു ഇത്. ഇസ്‍ലാമിനെ കുറിച്ചും മുസ്‍ലിംകളെ കുറിച്ചും നല്ല ചിന്തകള്‍ മനസ്സില്‍ വന്നതോടെ, അത് വരെ തന്നെ വരിഞ്ഞ് മുറുക്കിയിരുന്നതെല്ലാം വിട്ടൊഴിയുന്നതായും മനസ്സ് ഏറെ ശാന്തമാകുന്നതായും അദ്ദേഹത്തിന് തോന്നി. വൈകാതെ അദ്ദേഹം സത്യസാക്ഷ്യം ഉരുവിട്ട് ഇസ്‍ലാം ആശ്ലേഷിച്ചു. ശഹാദ ചൊല്ലിയപ്പോൾ ഒരു വലിയ ഭാരം എടുത്തുമാറ്റിയതുപോലെ തോന്നി എന്നും അത് ഒരു പുതുജീവിതമായിരുന്നു എന്നും മക്കിന്നി വിശദീകരിക്കുന്നു.
വർഷങ്ങൾക്ക് ശേഷം കോളേജിൽ വെച്ച് ഒരു പ്രൊഫസറുമായി സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം തന്റെ പഴയ ബോംബ് പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്തുന്നത്. കഥ പൊതുസമൂഹവുമായി പങ്കുവെച്ചതിനെത്തുടർന്ന് എഫ്.ബി.ഐ. വിവരം അറിഞ്ഞ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു. പള്ളിയുടെ സ്ഥാപക കുടുംബങ്ങളിലൊരാളുടെ വീട്ടിൽ വിരുന്നിന് ക്ഷണിക്കപ്പെട്ടപ്പോൾ, അവിടെയുണ്ടായിരുന്ന ബിബി ബഹ്‌റാമി എന്ന സ്ത്രീ കാരണമാണ് അന്ന് താന്‍ ആ കൊടുംക്രൂരത ചെയ്യാതെ പോയതെന്നും അവിടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്ന അവരാണ് തനിക്ക് മനുഷ്യത്വം എന്താണെന്ന് കാണിച്ചുതന്നതെന്നും അതിലൂടെ അന്ന് പള്ളിയില്‍ കൂടിയവരുടെയെല്ലാം ജീവൻ രക്ഷിക്കുകയാണ് അവര്‍ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. വൈകാതെ, അദ്ദേഹത്തിന്റെ ഭാര്യയും മകളും ഇസ്‌ലാം സ്വീകരിച്ചു.
തന്റെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, താൻ ചെയ്ത കാര്യങ്ങൾ കാരണം സ്വയം വെറുത്തിരുന്നെന്നും ആത്മഹത്യ ചെയ്യാൻ പോലും പലപ്പോഴും തോന്നിയിരുന്നുവെന്നും മക്കിന്നി പറയുന്നു. അല്ലാഹു തനിക്ക് ഒരു ലക്ഷ്യവും ദൗത്യവും നൽകാൻ വേണ്ടിയാണ് ഈ വഴികളിലൂടെയെല്ലാം കടത്തിവിട്ടതെന്നാണ് ഇപ്പോള്‍ അദ്ദേഹം വിശ്വസിക്കുന്നത്. 'ഫ്രം ഹേറ്റ് ടു അണ്ടർസ്റ്റാൻഡിംഗ്' എന്ന പ്രസ്ഥാനത്തിലൂടെ വിദ്വേഷം മാറ്റാൻ ആളുകളെ സഹായിക്കുകയും അതിന് വേണ്ടി നിലകൊള്ളുകയും ചെയ്യുകയാണ് മക്കിന്നി ഇപ്പോള്‍. മുസ്‌ലിം അല്ലാത്തവരോട് അദ്ദേഹം നൽകുന്ന സന്ദേശം ഇതാണ്: "ഒന്ന് ശ്വാസം എടുക്കുക, ഇസ്‍ലാമിനെ കുറിച്ച് നിങ്ങള്‍ കൊണ്ട് നടക്കുന്ന ഈ ചിന്തകളും ധാരണകളും യഥാർത്ഥമല്ല. ഒരു പക്ഷേ, മുസ്‍ലിം പേരുള്ള പലരും പല തെറ്റുകളും ചെയ്യുന്നുണ്ടാവാം. അത് കൊണ്ടൊന്നും ഇസ്‍ലാമിന്റെ സുന്ദരമായ ആശയങ്ങളെ നിങ്ങള്‍ തെറ്റിദ്ധരിക്കുന്നത്. അങ്ങനെ തെറ്റിദ്ധരിച്ചാല്‍ അതിന്റെ നഷ്ടം നിങ്ങള്‍ക്ക് തന്നെയാണ്. ഖുർആൻ മനസ്സിരുത്തി വായിക്കുക. തീര്‍ച്ചയായും നിങ്ങള്‍ക്ക് സത്യം കണ്ടെത്താനാവും, ഇന്‍ ശാ അല്ലാഹ്".
ലോകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരുമിച്ച് മാത്രമേ കഴിയൂ എന്നും വിദ്വേഷമില്ലാതെ അയൽക്കാരെയും മുഴുവന്‍ സമസൃഷ്ടികളെയും സമീപിക്കണമെന്നുമാണ് ഇപ്പോള്‍ അദ്ദേഹത്തിന് എല്ലാവരോടും പറയാനുള്ളത്. അങ്ങനെയായാല്‍, മനുഷ്യജീവിതം തന്നെ സമാധാനപൂര്‍ണ്ണമാവും, അതിലുപരി നിങ്ങളുടേതും.



Leave A Comment